Sunday, January 20, 2008

സെക്കന്റ് മദര്‍ഹുഡ്

2006,ജനുവരി
അമ്മയുടെ പൊന്നു മോള്‍ക്ക്,
കണ്ണടച്ചാല്‍ നിന്റെ മുഖമാണ് തെളിയുന്നത്. മിക്കാവാറും എല്ലാ ദിവസവും നിന്നെ സ്വപ്നം കണ്ട് ഞെട്ടി ഉണരും. ഇവിടെ നിന്റെ മുല്ല പൂത്തു. അതില്‍ നിന്നും രണ്ടെണ്ണം ഈ കത്തിന്റെ കൂടെ വയ്ക്കുന്നു. നിന്റെ മുറിയിലെ പല്ലികുട്ടന്‍ എപ്പോഴും എന്നോട് ചോദിക്കും നീ എവിടെയാണെന്ന്? നീ ഇനി എന്നാണ് വരുന്നത്? എന്നാണ് അമ്മയ്ക്കൊന്നു കാണാന്‍ പറ്റുക.നീ പോയ ശേഷം ഒന്നിനും ഒരു ഉഷാറില്ല. മിനിയ്ക്ക് ഡേറ്റ് പറഞ്ഞിരിക്കുന്നത് മാര്‍ച്ച് മാസം അവസാനമാണ്. നീ പ്രാര്‍ത്ഥിക്കണം.ഞാറാഴ്ച നിനക്ക് ഒഴിവല്ലേ ചാറ്റ് ചെയ്യാന്‍ വരുമോ?
ഉമ്മകളോടെ മോളുടെ അമ്മ.
******************

2006, ജൂണ്‍
അമ്മയുടെ പൊന്നുമോള്‍ക്ക്,
ഇന്നു നമ്മുടെ വീട്ടിലുണ്ടായ ആദ്യത്തെ ഉണ്ണിയുടെ മാമോദീസയായിരുന്നു. നീയില്ലായിരുന്ന സങ്കടം ഒഴിച്ചാല്‍ ബാക്കിയെല്ലാം സന്തോഷകരമായി തീര്‍ന്നു.അപ്പച്ചന്റെ പേര് ഉണ്ണിമോന്റെ പള്ളിയിലെ പേരായിട്ടു. ഇനി നിന്റെ മോള്‍ക്ക് വേണം എന്റെ പേരിടാന്‍. നീയെന്നാണു വരുന്നത്? നീ കണ്ണില്‍ കിടന്ന് മറിയുന്നു. ഉണ്ണിമോനുള്ളത് കൊണ്ട് നേരം പോണതറിയില്ല. ഈ ഞാറാഴ്ച മാമോദീസ കാരണം ചാറ്റില്‍ വരാന്‍ പറ്റിയില്ല. അടുത്ത ആഴ്ച നീ ചാറ്റില്‍ വരുമോ?
ഉമ്മകളോടെ മോളുടെ അമ്മ.
*******************

2007, ജനുവരി
അമ്മയുടെ പൊന്നുമോള്‍ക്ക്,
ഇവിടെ എല്ലാവര്‍ക്കും സുഖം. നിനക്കു സുഖമെന്നു കരുതുന്നു.ഉണ്ണിമോനുള്ളത് കൊണ്ട് ഒന്നിനും നേരം തികയുന്നില്ല. അവന്‍ അപ്പച്ചനോടും കൂട്ടൊക്കെയാണ്. പക്ഷേ എന്നെ കണ്ടാല്‍ പിന്നെ ഒക്കത്തു നിന്നും ഇറങ്ങില്ല. മിനി ഇടയ്ക്കൊക്കെ വഴക്കു പറയുന്നതുകൊണ്ടാണെന്ന് തോന്നുന്നു അവളേക്കാള്‍ അടുപ്പം എന്നോടാണ്. ഞാന്‍ കമ്പ്യൂട്ടറില്‍ ഇരുന്നാല്‍ ഉണ്ണിമോന് ഉടന്‍ മടിയില്‍ കയറി ഇരിക്കണം. അവനുള്ളപ്പോള്‍ സമാധാനമായി സംസാരിക്കാന്‍ കഴിയില്ല. അതുകൊണ്ട്.ഇനി കുറച്ച് നാളത്തേയ്ക്ക് ചാറ്റില്‍ വരാന്‍ പറ്റില്ല.
ഉമ്മകളോടെ മോളുടെ അമ്മ.
******************

2008, ജനുവരി
ഹലോ.. അമ്മേ ഇതെന്താണു കുറേ കാലായിട്ട് കത്തൊന്നുമില്ലല്ലോ. ഒന്നു ഫോണെങ്കിലും ചെയ്തൂടെ?
അയ്യോ. മോളെ ഞാന്‍ പറഞ്ഞിരുന്നില്ലേ. മിനി പ്രസവത്തിനു പോയെടീ. ഉണ്ണിമോന്‍ ഇവിടെണ്ട്. അവന്റെ കാര്യം ഒന്നും പറയണ്ടാ. ഒന്നിനും സമയം കിട്ടിലാ. അവന്റെ പുറകെ എപ്പോഴും നടക്കണം. വല്യേ വാശിയൊന്നുമില്ല. പക്ഷേ എപ്പോഴും ഒരാള് ശ്രദ്ധിക്കണം. ഭയങ്കര കുസൃതിയാണെടീ. അവന്റെ അപ്പനെ പോലെ തന്നെ.ഭക്ഷണം കഴിപ്പിക്കലാണു ഒരു വലിയ പണി. ഇപ്പോള്‍ പുറത്തേയ്ക്കിറങ്ങിയാല്‍ അപ്പോ അക്രീം അക്രീം എന്നും പറഞ്ഞ് ബഹളമാ.എല്ലാ വാക്കുകളുടേം ആദ്യത്തെ അക്ഷരം പറയും. പാലിനു പാ. ചിക്കുനു ചി. ബ്ലാക്കിനെ ചൊക്ലീന്നാ പറയാ. അണ്ണാന്‍ന്ന് നീട്ടി പറയും..ദേ അവനു ഫോണ്‍ വേണംന്ന് ഞാന്‍ അവന്റെ കയ്യില്‍ കൊടുക്കാട്ടാ.

Thursday, January 17, 2008

ബൊക്കെ

പാലസ് റോട്ടില്‍, പൂക്കാരി മുക്കില്‍, യശ്വന്ത്പുരയില്‍, ശിവാജി നഗറില്‍,സീവില്‍ പൂക്കളും ബൊക്കെകളും നിരന്നിരിക്കുമ്പോള്‍ ഒരെണ്ണെമെങ്കിലും ആരെങ്കിലും വാങ്ങി തരണമെന്ന് ആഗ്രഹിച്ചിരുന്നു. നിരവധി തവണ പൂക്കള്‍ വാങ്ങി ബൊക്കെയുണ്ടാക്കി. കല്യാണങ്ങള്‍ക്ക്, ജന്മദിനങ്ങള്‍ക്ക്, സന്തോഷം കൊണ്ട് പലര്‍ക്കും സമ്മാനിച്ചു.തിരിഞ്ഞു നോക്കുമ്പോള്‍ അതിശയിക്കപ്പെടാന്‍ പോലും തോന്നുമാറ് ഒന്നു പോലും തിരിച്ച് കിട്ടിയില്ല. കല്യാണ സമയത്തെ ഫാഷന്‍ ഉണങ്ങിയ പൂക്കള്‍ കൊണ്ടുള്ള ബൊക്കെയായിരുന്നു. പിന്നീടൊരിക്കല്‍ വെളുത്ത പൂക്കളും നിറയെ ഇലകളും നിറഞ്ഞ ഒരു വലിയ ബൊക്കെ എനിക്കയച്ചു കിട്ടി. പക്ഷേ അന്നു ഞാന്‍ വെള്ളയും പച്ചയും തിരിച്ചറിയാനാവാതെ ഉറക്കത്തിലായിരുന്നത്രേ! ബൊക്കെയിലെ പൂക്കള്‍ നാറിതുടങ്ങിയിട്ടും ഞാന്‍ ഉറക്കമുണരാഞ്ഞതിനാല്‍ ഞാന്‍ കാണാതെ തന്നെ അവ ചവറ്റു കൂട്ടയിലെറിയപ്പെട്ടു. ഇപ്പോള്‍ സീവില്‍ നിരന്നിരിക്കുന്ന ബൊക്കെകള്‍ എന്റെ ഉറക്കത്തെ ഉണര്‍ത്തുന്നു.