Friday, October 12, 2007

സിസ്റ്റര്‍ അന്ന ബാരറ്റിന്റെ സാരി

റോസി മോളേ,

നിന്റെ നാഗവള്ളി ഓട്ടുമ്പുറം നിറയെ പൂത്തുകിടക്കുന്നു. മഴ ഉള്ളത് കൊണ്ട് അവ പെട്ടെന്ന് കൊഴിയുന്നു.എപ്പോഴുമതേ നാഗവള്ളി പൂക്കുമ്പോള്‍ ഒരു മഴയുണ്ട്. അതോടെ അതിന്റെ തിളക്കമൊക്കെ പോയി ചാ‍ഞ്ഞ് കിടക്കും. ഇനി വെയിലുദിക്കണം എല്ലാം തലപ്പൊക്കണമെങ്കില്‍. ഈ ആഴ്ചയും നീ വന്നില്ലെങ്കില്‍ ഇത്തവണയും നിന്റെ പൂക്കളെ കാണാന്‍ പറ്റില്ല. വള്ളി റോസായില്‍ ഇത്തവണ അമ്പത്തിമൂന്ന് പൂക്കളുണ്ടായി. പള്ളിയില്‍ പോണോരുടെ കയ്യീന്ന് അവയെ സംരക്ഷിക്കാനാണ് പാട്. ആ‍ ...പള്ളിടെ കാര്യം പറഞ്ഞപ്പോഴാ ഓര്‍ത്തെ, നമ്മുടെ അന്ന സിസ്റ്ററ് കേസ് ജയിച്ചു. ഇന്നലെ പള്ളിയില്‍ കണ്ടിരുന്നു, സാരിയുടുത്ത് തന്നെ. നീ വന്നാല്‍ മഠം വരെ ചെല്ലണമെന്ന് പറഞ്ഞു...

“നമ്മുടെ അന്ന സിസ്റ്ററ് കേസ് ജയിച്ചു.“ അമ്മയുടെ കത്തിലെ വരി റോസ്‌ലാന്റ് പിന്നേയും പിന്നേയും വായിച്ചു. സഭാവസ്ത്രത്തിനു പകരം സാരി ധരിക്കാന്‍ അനുവദിക്കണമെന്ന അപേക്ഷയ്ക്ക് ഉത്തരം കിട്ടാന്‍ സിസ്റ്റര്‍ക്ക് നടക്കേണ്ടി വന്നത് അഞ്ചുവര്‍ഷത്തിന്റെ ദൂരം! സൌമ്യഭാവത്തിന്റെ ദൃഢത എന്തെന്ന് മനസ്സിലാക്കിതരുന്ന മുഖത്ത് ശാന്തതയില്ലാ‍ത്ത കണ്ണുകള്‍. കാണരുതാത്തത് കാണുന്നു എന്ന ഭാവമായിരുന്നു എന്നും അവയ്ക്ക്. കാവി നിറമുള്ള ശിരോവസ്ത്രം മറയ്ക്കാത്ത ഭാഗത്തെ ചുരുണ്ട മുടി നരച്ച് തുടങ്ങിയിരിക്കുന്നു. കാവി സാ‍രിയില്‍, നീളന്‍ ബ്ലൌസില്‍ ഒരു കന്യാസ്ത്രീ രൂപം. റോസ്‌ലാന്റിന് ഉടന്‍ തന്നെ സിസ്റ്റര്‍ അന്ന ബാരറ്റിനെ കാണണം എന്ന് തോന്നി.

ട്രെയിന്‍ സമയം കഴിഞ്ഞിരിക്കുന്നു. അല്ലെങ്കിലും ഏകാന്തത ആഗ്രഹിക്കുന്ന ഇത്തരം യാത്രകളില്‍ സ്കൂട്ടറാണ് നല്ലത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ റോസ്‌ലാന്റിന്റെ ഏറ്റവും നല്ല സുഹൃത്തും ആ സ്കൂട്ടറായിരുന്നു; ഏറ്റവും കൂടുതല്‍ സംസാരിക്കുന്നതും അതിനോട് തന്നെ. സമയവും കാലവും നോക്കാതെയുള്ള അവളുടെ യാത്രകളില്‍ ഇതില്‍ കൂടുതല്‍ വിശ്വസ്തത മറ്റൊരു സുഹൃത്തിനും കാണിക്കാനാവില്ല. കവലകളിലെ കമന്റടികളേയും ഇരുണ്ടമൂലകളിലെ ഭയപ്പാടുകളേയും കുറിച്ച് സഹപ്രവര്‍ത്തകള്‍ ആകുലപ്പെടുമ്പോള്‍ റോസിയ്ക്കൊന്നും പറയാനില്ലാ‍തിരുന്നതിന് കാരണവും സ്കൂട്ടറായിരുന്നു. എങ്കിലും സൈക്കളില്‍ പോകുന്ന കൊച്ച് ആണ്‍‌കുട്ടി, സ്ത്രീയോടിക്കുന്ന സ്കൂട്ടറിനെ മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ അവളറിയാതെ ചിരിച്ച് പോകും. ആരെയാണ് ഈ ആണ്‍കുട്ടികള്‍ക്ക് തോല്‍പ്പിക്കേണ്ടത്? സ്ത്രീയേയോ? സ്കൂട്ടറിനേയോ? അതോ സ്കൂട്ടര്‍ ഓടിക്കുന്ന സ്ത്രീയേയോ? അന്ന സിസ്റ്ററിനോട് ഒരു സ്കൂട്ടര്‍ വാങ്ങാന്‍ പറയണം. നേരത്തെ ഇരുട്ട് വീഴുന്ന ഒക്ടോബര്‍ വൈകുന്നേരങ്ങളില്‍ കാണരുതെന്ന് ആഗ്രഹിക്കുന്ന കാഴ്ചകളും, കാതില്‍ വീഴരുത് എന്നാഗ്രഹിക്കുന്ന ചോദ്യങ്ങളും വളവുകളിലെ കലുങ്കില്‍ നിന്നും ഉയരുന്നുവെന്ന് കഴിഞ്ഞ തവണ കണ്ടപ്പോള്‍ സിസ്റ്റര്‍ വ്യാകുലപ്പെട്ടിരുന്നു. ചേരിയിലെ ജീവിതങ്ങള്‍ കഴുകിയെടുക്കാന്‍ പോയ കന്യാ‍സ്ത്രീ അവരിലൊരാളാവാന്‍ ഉടുപ്പിന്റെ വെണ്മ ഉപേക്ഷിച്ച് സാരി വേണമെന്ന് ആഗ്രഹിക്കുന്നതിന്റെ സാംഗത്യം മനസ്സിലാക്കാന്‍ കഴിയാത്ത ഇടവക കുഞ്ഞാടുകളെ കേട്ടില്ലെന്ന് നടിക്കൂ എന്ന് പറഞ്ഞ് സമാധാനിപ്പിച്ചു. കേട്ടില്ല എന്ന് നടിക്കുന്നതിനേക്കാള്‍ എളുപ്പം കേള്‍ക്കാതിരിക്കുന്നതാണ്.

റോസ്‌ലന്റിന്റെ പ്രീഡിഗ്രി അദ്ധ്യാപിക ആയിരുന്നു സിസ്റ്റര്‍ അന്ന ബാരറ്റ്. ബര്‍ണാഡ് ഷായേയും സില്‍‌‌വിയാപ്ലാത്തിനേയും പഠിപ്പിക്കുനതിനു പകരം പെണ്‍കുട്ടികള്‍ ‍ജീവിതത്തെ എങ്ങിനെ നേരിടണം എന്ന് സിസ്റ്റര്‍ പഠിപ്പിച്ചു. അന്ന് മുതലുള്ള പരിചയം സൌഹൃദമായത് വേദപാഠസ്കൂളിലെ അദ്ധ്യാപികയായി റോസിയും ചേര്‍ന്നതു മുതലാണ്. എട്ടാം ക്ലാസ്സില്‍ സഭാചരിത്രം പഠിപ്പിക്കുന്ന റോസിയും ഒന്നാം ക്ലാസ്സില്‍ വിശ്വാസത്തിന്റെ അടിസ്ഥാനങ്ങള്‍ പഠിപ്പിക്കുന്ന അന്ന സിസ്റ്ററും. കുഞ്ഞു മനസ്സിന്റെ നിഷ്കളങ്കതയിലേയ്ക്ക് അടിസ്ഥാനമില്ലാത്ത വിശ്വാസങ്ങള്‍ കോരിയൊഴിച്ച് കൊടുക്കുന്ന സിസ്റ്ററെ കാത്തിരിക്കുന്നത് നരകമാണെന്ന് റോസി തമാശ പറഞ്ഞപ്പോള്‍ അടിസ്ഥാനമിട്ട് പഠിപ്പിച്ച വിശ്വാസങ്ങള്‍ക്ക് മേല്‍ സഭാചരിത്രത്തിലെ സംശയവിത്തുകള്‍ പാകി അവരെ ചെകുത്താനും കടലിനും ഇടയിലാക്കുന്നവരെ കാത്തിരിക്കുന്നതും നരകം തന്നെ എന്ന് സിസ്റ്റര്‍ തിരിച്ചടിച്ചു. പക്ഷേ നരകത്തിലും ദൈവത്തെ കുറിച്ച് പഠിപ്പിക്കാനായിരിക്കും ശിക്ഷ എന്ന പറഞ്ഞ് നടന്നകന്ന സിസ്റ്ററുടെ സാരി ഞൊറിവുകള്‍ക്കിടയില്‍ ഒളിച്ചിരുന്ന ചോദ്യങ്ങള്‍ റോസിയെ നോക്കി തലയാട്ടി.

വടക്കെ ഇന്ത്യയിലെ മഠത്തിലേയ്ക്ക് പോകണ്ടി വന്ന സാഹചര്യത്തിലാണ് അന്ന സിസ്റ്റര്‍ സഭാവസ്ത്രമായ ഉടുപ്പ് മാറ്റി കാവി സാരിയണിഞ്ഞത്. സിസ്റ്ററുടെ ചേരിപ്രവര്‍ത്തനങ്ങളെ അസഹിഷ്ണുതയോടെ നോക്കിയ മഠത്തിന്റെ ശിക്ഷാനടപടിയായിരുന്നു സ്ഥലം മാറ്റം. പ്രാര്‍ത്ഥനയാണ് പ്രവര്‍ത്തനം എന്ന് പറയുന്നൊരു കോണ്‍ഗ്രിഗേഷനില്‍ പ്രവര്‍ത്തനമാണ് പ്രാര്‍ത്ഥന എന്ന് പറയുന്നൊരു കന്യാസ്ത്രീ അധികപറ്റായിരുന്നു. എന്നാല്‍ തിരിച്ചു വന്ന സിസ്റ്റര്‍ ചേരി പ്രവര്‍ത്തനം നിര്‍ത്തിയില്ല എന്ന് മാത്രമല്ല സാരിയുപേക്ഷിക്കാനും തയ്യാറായില്ല.

സഭാവസ്ത്രത്തോടൊപ്പം തദ്ദേശവസ്ത്രവും ധരിക്കാന്‍ വത്തിക്കാന്‍ അനുവദിക്കുന്നുണ്ടെന്നായിരുന്നു സിസ്റ്ററുടെ വാദം. വെളുത്ത ഉടുപ്പിട്ട് മാലാഖയെപ്പോലെ വരുന്ന കന്യാസ്ത്രീകളോട് ഉള്ളതിനേക്കാള്‍ വളരെ കൂടുതല്‍ അടുപ്പം തങ്ങളുടെ വേഷമിട്ട് തങ്ങളില്‍ ഒരുവളെ പോലെ വരുന്നവരോട് സാധാരണ ജനത്തിനുണ്ടാകുമെന്ന് സിസ്റ്റര്‍ വിശ്വസിച്ചു. മദര്‍ തെരെസ കൊല്‍ക്കൊത്താ തെരുവുകളില്‍ പ്രവര്‍ത്തിക്കാന്‍ തോട്ടികളുടെ വേഷം തിരഞ്ഞെടുത്തുവെന്നത് സിസ്റ്ററുടെ വിശ്വാസങ്ങളെ സാധൂകരിച്ചു. എന്നാല്‍ സാധാരണ ജനങ്ങളുടെ ഇടയില്‍ കൂടി കലരാനല്ല തങ്ങള്‍ മഠത്തില്‍ വന്നതെന്ന് ഉറച്ച് വിശ്വസിച്ച മഠാധിപകള്‍ സിസ്റ്ററെ എതിര്‍ത്തു. സഭാകോടതിയില്‍ കേസിനു പോകാന്‍ പ്രേരിപ്പിച്ചത് റോസ്‌ലാന്റാണ്. പക്ഷേ പകുതി വഴിയില്‍ സിസ്റ്ററെ ഉപേക്ഷിച്ച് അവള്‍ ഉപരിപഠനത്തിനു പോയി. കേസിനിടയ്ക്ക് വച്ച് തന്നെ സഭാവസ്ത്രം ധരിക്കാന്‍ സിസ്റ്റര്‍ നിര്‍ബന്ധിതയായിരുന്നു. ഇന്നിപ്പോള്‍ അഞ്ച് വര്‍ഷം നീണ്ടു നിന്ന നിയമയുദ്ധം അവസാനിച്ചിരിക്കുന്നു. പള്ളിയില്‍ സാരിയുടുത്ത സിസ്റ്ററെ കണ്ടു എന്ന വാചകം ഓര്‍ത്ത് അവള്‍ നെടുവീര്‍പ്പിട്ടു.

കേസുകൊടുക്കാന്‍ പ്രേരിപ്പിച്ച്, അന്ന സിസ്റ്ററുടെ ആശയങ്ങ‍ളെ സ്നേഹിച്ച്, കൂടെ ഉണ്ടായിരുന്ന കാലമത്രയും വലിയൊരു താങ്ങായി നിന്ന റോസ്‌ലാന്റ് പക്ഷേ ഏറ്റവും വെറുത്തിരുന്ന വേഷമായിരുന്നു സാരി. അഞ്ചര മീറ്ററിന്റെ തടവറ എന്നാണ് അവള്‍ സാരിയെ വിശേഷിപ്പിച്ചത്. വേദപാഠക്ലാസ്സില്‍ ചുരിദാറിട്ട് വന്നിരുന്ന ഏക അദ്ധ്യാപിക റോസ്‌ലാന്റായിരുന്നു.

“എന്നുമുതലാണ് സാരി തദ്ദേശ വസ്ത്രമായത്? എന്ന് മുതലാണ് കേരള നസ്രാണികള്‍ സാരി ധരിക്കാന്‍ തുടങ്ങിയത്? മുണ്ടും കുപ്പായവും ആയിരുന്നു ഇന്നും നസ്രാണി വേഷമെങ്കില്‍ സിസ്റ്ററ് സഭാവസ്ത്രത്തിനു പകരം മുണ്ടും കുപ്പായവും ധരിക്കണമെന്ന് വാശി പിടിക്കുമായിരുന്നോ?“

സിസ്റ്റര്‍ അന്ന ചിരിച്ചതേയുള്ളൂ. അല്ലെങ്കിലും അത്തരം ചോദ്യങ്ങള്‍ക്കൊന്നും ഒരു മറുപടി റോസ്‌ലാന്റും പ്രതീക്ഷിച്ചിരുന്നില്ല. എത്ര അടക്കിപിടിച്ചാലും എന്നെങ്കിലും പുറത്തുവരുമായിരുന വാക്കുകള്‍ മാത്രമായിരുന്നു അവ.

റോസ്‌ലാന്റിന്റെ മനസ്സില്‍ സാരി മരണത്തേയും അസ്വാതന്ത്ര്യത്തേയും പ്രതീകവത്കരിച്ചു. സ്കൂട്ടര്‍ ചക്രങ്ങള്‍ക്കിടയില്‍ സാരി കുരുങ്ങി അപകടമരണപ്പെട്ട വല്യമ്മയും വല്യപ്പനും, സ്വന്തം സാരിയില്‍ തൂങ്ങി ജീവിതം തീര്‍ത്ത ചേച്ചി, അടിപ്പാവടയുടുത്ത് കയ്യില്‍ ചുരുട്ടി കിട്ടിയ സാരിയുമായി തിരക്കുള്ള ബസ്സില്‍ നിന്നറങ്ങി വരുന്ന നിസ്സഹായയായ യുവതി, ആദ്യമായി സാരിയുടുത്തപ്പോള്‍ രണ്ട് ഡസന്‍ സേഫ്റ്റിപിന്നുപയോഗിച്ചു എന്ന് പറഞ്ഞ ക്ലാസ്മേറ്റ് തുടങ്ങി അനേകം ചിത്രങ്ങള്‍ ഉപബോധമനസ്സില്‍ തീര്‍ത്ത കൊളാജ് അവളുടെ ബോധമനസ്സിനെ വല്ലാതെ സ്വാധീനിച്ചിരുന്നു. അയഞ്ഞു തൂങ്ങിയ ചുരിദാറില്‍ അവള്‍ തന്റെ സ്വാതന്ത്ര്യം കണ്ടെത്തി.

കഴിഞ്ഞ തവണ കണ്ടപ്പോള്‍ സിസ്റ്റര്‍ അന്ന കൂടുതല്‍ വികാരപരമായി സംസാരിച്ചിരുന്നു.

“ഉത്തരേന്ത്യയില്‍ കന്യാസ്ത്രീ കൂട്ടങ്ങള്‍ ഒറ്റപ്പെട്ട് പോകാതിരിക്കാന്‍ ഉടുപ്പിനു പകരം സാരി ധരിക്കേണ്ടത് അത്യാവശ്യമായിരുന്നു. ശിരോവസ്ത്രം പോലും ഇടാതെയാണ് അവിടെ ജീവിച്ചിരുന്നത്.“ തന്നോട് തന്നെ സംസാരിക്കുകായിരുന്നവര്‍.

“തിരിച്ചു വന്നപ്പോള്‍ നാട്ടിലെ പ്രവര്‍ത്തനത്തിലും ഉടുപ്പിന്റെ ദിവ്യത്വം ഒഴിവാക്കി സാധാരണ സ്ത്രീയെ പോലെ ആയി കൂടെ എന്ന ചോദ്യമായിരുന്നു.“ സിസ്റ്റര്‍ ശബ്ദം പതറാതിരിക്കാന്‍ പാടുപെടുന്ന പോലെ.

“കന്യാസ്ത്രീ ഒരു സാധാരണ സ്ത്രീ!!“ റോസ്‌ലാന്റ് ആശ്ചര്യം മറച്ച് വയ്ക്കാതെ പിറുപിറുത്തു. എന്നെങ്കിലും സമൂഹത്തിനങ്ങനെ കരുതാനാകുമോ? കന്യാസ്ത്രീയ്ക്ക് ആര്‍ത്തവമുണ്ടാകില്ല, ഭാഗ്യവതികള്‍ എന്ന് വിശ്വസിച്ചിരുന്ന ഒരമ്മയുടെ മകളായ താന്‍ എത്രയോ കാലം വിശ്വസിച്ചിരുന്നു കന്യാത്രീകള്‍ക്ക് മുലകളില്ലെന്ന്. ഒരുപക്ഷേ പഴയ കാരണവമനസ്സുള്ള അപ്പാപ്പന്‍ മാത്രമാവും കന്യാസ്ത്രീകളെ സാധാരണസ്ത്രീകളായി കാണാന്‍ ആഗ്രഹിച്ചത്, “കന്യാസ്ത്രികള്‍ക്കെന്തിനാടോ പോക്കറ്റുള്ള ഉടുപ്പ്“ എന്നത് അപ്പാപ്പന്റെ പ്രശസ്തമായ ചോദ്യമായിരുന്നു.

“പിന്നീട് കേസ് കൊടുക്കാന്‍ തീരുമാനിച്ചപ്പോള്‍ സാരിയിലൂടെ തിരിച്ചു കിട്ടാന്‍ പോകുന്ന സ്ത്രീത്വമായിരുന്നു എന്റെ സ്വപ്നം.“ സ്വപ്നം ചോര്‍ന്ന് പോകാതിരിക്കാനെന്നോണം സിസ്റ്റര്‍ കണ്ണുകള്‍ ഇറുകെ അടച്ചു.

“നിങ്ങളുടേതൊരു വിഡ്ഢിസ്വപ്നമാണ്. ഒരു സാരികൊണ്ടൊന്നും തിരിച്ചു കിട്ടാന്‍ പോകുന്നതല്ല സ്ത്രീത്വം. അഥവാ ഒരു സാരിയിലൂടെ സ്ത്രീത്വ പ്രതിഛായ പതിച്ചു തരാന്‍ സമൂഹം തയ്യറായാല്‍ തന്നെ ഒരു സാധാരണ സ്ത്രീയില്‍ നിന്നും സമൂഹം ആവശ്യപ്പെടുന്ന വലിയൊരു വില നിങ്ങള്‍ കൊടുക്കേണ്ടി വരും. "നിങ്ങള്‍ക്ക് സാരി വേണ്ടാ, ഉടുപ്പ് തന്നെയാണ് നല്ലത്.“

ഗേറ്റില്‍ നിന്നും ഏറെ ഉള്ളിലായി സമീപത്തെ എല്ലാ ഒച്ചയനക്കങ്ങളില്‍ നിന്നും ഒറ്റപ്പെട്ട് കിടക്കുന്ന മഠം. മുള്ള് കമ്പികളും കുപ്പിചില്ലുകളും പാകിയ പൊക്കമുള്ള മതില്‍ എല്ലാക്കാലത്തും ഒരു തടവറയെ ഓര്‍മ്മിപ്പിച്ചു. ഒരിക്കലും തുറന്ന് കണ്ടിട്ടില്ലാത്ത വലിയ ഗേറ്റും തുറന്നു കിടക്കുന്ന നൂണ്ടിറങ്ങാന്‍ പാകത്തിലുള്ള ‍സൈഡ് ഗേറ്റും. കനത്ത താഴിട്ട് പൂട്ടിയ ആ ഗേറ്റ് കാണുമ്പോള്‍ വലിയ ഗേറ്റിലൂടെ മാത്രം കടക്കാനാവുന്ന വലിയൊരു കള്ളന്‍ ആര് എന്ന ചോദ്യമാണ് റോസിയുടെ മനസ്സില്‍. മഠത്തില്‍ സിസ്റ്റര്‍ എത്തിയിരുന്നില്ല.

റോസ്‌ലാന്റ് സ്ലം സര്‍വീസ് സെന്ററില്‍ എത്തുമ്പോള്‍ സിസ്റ്റര്‍ തിരിച്ച് പോരാന്‍ ഒരുങ്ങുകയായിരുന്നു.

“ഇന്നെങ്കിലും റോസിയെ കണ്ടിരുന്നെങ്കില്‍ എന്ന് ഞാന്‍ വെറുതെ ഓര്‍ത്തിരുന്നു.“ സ്കൂട്ടറില്‍ കയറുമ്പോള്‍ സിസ്റ്റര്‍ പറഞ്ഞത് വെറുംവാക്കല്ലെന്ന് റോസ്‌ലാന്റിനു തോന്നി.“റോസീ, നിന്റെ വാക്കുകള്‍ക്ക് എപ്പോഴുമൊരു പ്രവചനഭാവമാണ്.“ അകത്തെ ശ്യൂന്യത മറച്ച് വയ്ക്കാത്ത സ്വരത്തില്‍ അവര്‍ പറയാന്‍ തുടങ്ങുന്നതെന്തെന്ന് റോസിയ്ക്ക് മന്നസ്സിലായില്ല.

“സാരിയില്‍ സ്ത്രീത്വം പതിച്ചു തന്ന സമൂഹം ഇപ്പോള്‍ അതിന്റെ വില ആവശ്യപ്പെട്ട് തുടങ്ങിയിരിക്കുന്നു. വളവിലെ കലുങ്കിന്റെ ഇരുണ്ട മൂലകളെ കുറിച്ച് ഞാന്‍ പറഞ്ഞിരുന്നില്ലേ? അത്തരം ഇരുണ്ട മൂലകള്‍ ചേരിക്കകത്തും ഉണ്ടായി കൊണ്ടിരിക്കുന്നു. “

“അത് പ്രവചനമായിരുന്നില്ല, അനുഭവം പറയിച്ചതായിരുന്നു. സാധാരണ സ്ത്രീയാകാന്‍ ആഗ്രഹിച്ചവള്‍ സാധാരണ സ്ത്രീയുടെ പ്രശ്നങ്ങളും അഭിമുഖീകരിക്കണം.“ റോസിയുടെ സ്വരം നിര്‍വികാരമായിരുന്നു.

സിസ്റ്ററുടെ കണ്ണുകളിലെ അശാന്തത ഇപ്പോ‍ള്‍ വ്യക്തമായി തിരിച്ചറിയാം. ഇതുവരെ കണ്ടിട്ടില്ലാത്ത, ഇനി ഒരിക്കലും കാണരുതായിരുന്ന, മുക്കുകളും മൂലകളും ജീവീതത്തില്‍ മറ നീക്കി വെളിച്ചപ്പെട്ടുകൊണ്ടിരിക്കുന്നു. അവരെ അത് പേടിപ്പിക്കുന്നത് പോലെ.

വേദന കല്ലിച്ച സ്വരത്തില്‍ സിസ്റ്റര്‍ പിറുപിറുക്കുന്നുണ്ട്. വണ്ടികള്‍ കടന്ന് പോകുന്ന ഇരമ്പലിനിടയിലെ ശാന്തതയില്‍ കുറച്ച് വാക്കുകള്‍ മാത്രം റോസി കേട്ടു.പകല്‍ സമായത്തും പൊതുസമൂഹത്തിലും തന്നിലെ സ്ത്രീത്വം അംഗീകരിക്കുന്നവര്‍ ഇരുളിന്റെ മറവില്‍ സൃഷ്ടിക്കപ്പെടുന്ന കലുങ്കുകളില്‍ ഇരുന്ന് അതേ സ്ത്രീത്വത്തിനെതിരെ ചോദ്യങ്ങളെറിയുന്നതും സ്ത്രീകള്‍ തങ്ങളുടെ സ്വകാര്യ സംഭാഷണങ്ങളില്‍ തന്റെ സാരിയെ കുറിച്ച് കുശുകുശുക്കുന്നതുമെല്ലാം സിസ്റ്റര്‍ക്കുള്ളില്‍ ഇതുവരെയില്ലതിരുന്ന അപകര്‍ഷതാബോധത്തിനു ഹേതുവായതുപോലെ. സമൂഹം തരുന്ന സ്ത്രീത്വം ഇത്ര വലിയ ഭാരമാണെന്ന് സിസ്റ്ററൊരിക്കലും ചിന്തിച്ചിട്ടില്ലായിരിക്കാം.

ഒരാള്‍ കന്യാസ്ത്രീയാവാന്‍ തീരുമാനിക്കുമ്പോള്‍ അവരെ ഭരിക്കുന്നതെന്തൊക്കെ വികാരങ്ങളായിരിക്കും? തന്നോട് തന്നെയുള്ള ചോദ്യങ്ങളില്‍ മുഴുകി റോസി വളരെ പതിയെ സ്കൂട്ടര്‍ ഓടിച്ചു. ഉറക്കെ കേട്ട ഹോണ്‍ ആണ് അവളുടെ ശ്രദ്ധയെ തിരിച്ചത്. പുത്തന്‍ ബൈക്കില്‍ ഒരു കൊച്ച് പയ്യന്‍ തിരിഞ്ഞ് നോക്കി കടന്ന് പോയി. മഠം എത്തുന്നവരെ രണ്ട് പേരും അവരവരുടെ ലോകത്ത് ചോദ്യങ്ങള്‍ ചോദിച്ചു. റോസിയുടെ ഒതുക്കിക്കെട്ടിയിരുന്ന മുടിയില്‍ നിന്ന് ചില ഇഴകള്‍ മാത്രം കാറ്റില്‍ പാറിച്ചെന്ന് അന്ന ബാരറ്റിന്റെ വലത്തേക്കവിളില്‍ മൃദുവായി തൊട്ടു കൊണ്ടിരുന്നു.

മഠത്തിന്റെ ഗേറ്റില്‍ റോസ്‌ലാന്റ് സ്കൂട്ടര്‍ നിറുത്തി.

“ഒരു സ്കൂട്ടര്‍ വാങ്ങാന്‍ പറയണം എന്ന് വഴിയില്‍ വച്ച് ഞാന്‍ ഓര്‍ത്തിരുന്നു.“

“നൂറ്റമ്പത് രൂപ മാസബത്തയുള്ള കന്യാസ്ത്രീ സ്കൂട്ടര്‍ വാങ്ങുക“, വലിയൊരു തമാശ പറഞ്ഞിട്ടെന്ന പോലെ സിസ്റ്റര്‍ അന്ന പൊട്ടിച്ചിരിച്ചു. സിസ്റ്റര്‍ പൊട്ടിച്ചിരിക്കുന്നത് കാണുന്നത് ആദ്യമാണ്! നിര്‍ത്തിയ സ്കൂട്ടറില്‍ ചാരി ചിരി നിര്‍ത്താതെ സിസ്റ്റര്‍ പറയുകയാണ്.

“റോസി, പുറത്തുള്ള സമൂഹത്തേക്കാള്‍ ഇരുണ്ടതാണ് അകത്ത്.“

റോസിയ്ക്കത് പുതിയ അറിവല്ല. കന്യാസ്ത്രീകള്‍ ഭയങ്കര പിശുക്കികളാണ് എന്ന് കൂട്ടുകാര്‍ പറയുമ്പോള്‍ റോസി വേദനിച്ചിരുന്നു. ശമ്പളപുസ്തകത്തില്‍ ഒപ്പിടുകയല്ലതെ ആ ശമ്പളം ഒരിക്കലും കണ്ടിട്ടില്ലാത്ത, നൂറ്റമ്പത് രൂപയുടെ മാസബത്തയില്‍ യാത്രാചിലവും, സോപ്പും, ചെരുപ്പും, വസ്തവുമടക്കം എല്ലാം ഉള്‍ക്കൊള്ളിച്ച് അറ്റം മുട്ടിക്കാന്‍ ശ്രമിക്കുന്ന, ഏറ്റവുമധികം അസമത്വം അനുഭവിക്കുന്ന കുറേ ജന്മങ്ങള്‍. വലിയൊരു ശതമാനത്തിനും പ്രാര്‍ത്ഥനയും, സേവനവും സമൂഹനിരാസത്തിനെടുക്കുന്ന പുറംപൂച്ചുകള്‍. ഇതിനിടയില്‍ നൂറ്റാണ്ടിലെപ്പോഴെങ്കിലും ഒരു മദര്‍തെരേസ ഉണ്ടാകുന്നു.

“പള്ളിയില്‍ കുര്‍ബാന ചൊല്ലാന്‍ സൌകര്യത്തിനു ചെന്നെത്താന്‍ അച്ചന്മാര്‍ക്ക് ഒരു ബൈക്ക് സ്വപ്നം കാണാം റോസി. പക്ഷേ ഒരു കന്യാസ്ത്രീയ്ക്ക് സ്വപ്നങ്ങളെല്ലാം വിലക്കപ്പെട്ട കനിയാണ്.“

റോസിയുടെ മനസ്സ് ശ്യൂന്യമായിരുന്നു. ഒന്നും പറയാതെ അവള്‍ അന്നയെ നോക്കി നിന്നു.

“എങ്കിലും ആ ഇരുണ്ട അകത്തേയ്ക്ക് തിരിച്ച് നടക്കുകയാണ് ഞാന്‍. ഒരു മുഴുവന്‍ സമൂഹത്തെ താങ്ങനുള്ള പക്വതയോ ഒരു സാധാരണ സ്ത്രീയാവാന്‍ വേണ്ട മനകരുത്തോ ഇനിയും എനിക്കായിട്ടില്ല. അതുണ്ടായിരുന്നെങ്കില്‍ ഞാനൊരിക്കലും ഒരു കന്യാസ്ത്രി ആകില്ലായിരുന്നു.“ ഇതു തന്നെയാണല്ലോ താനും ഇപ്പോള്‍ ചിന്തിച്ചത്. അന്നയെ കെട്ടിപിടിയ്ക്കണം എന്ന് തോന്നിയെങ്കിലും മഠത്തിന്റെ മതിലിനകത്തെ ഉറക്കം തൂങ്ങി മരങ്ങളിലേയ്ക്ക് നോക്കുകയാണ് റോസി ചെയ്തത്.

“ഇന്നത്തോടെ സാരി ഞാന്‍ ഉപേക്ഷിക്കുകയാണ്. സഭാവസ്ത്രത്തിന്റെ ദിവ്യത്വത്തിനെങ്കിലും എന്നെ രക്ഷിക്കാനായെങ്കില്‍..“

സൈഡ് ഗേറ്റ് നൂണ്ട് കടന്ന് സിസ്റ്റര്‍ അന്ന ബാരറ്റ് മഠത്തിലേയ്ക്കുള്ള വഴിയില്‍ നടക്കുന്നത് വലിയ ഗേറ്റിന്റെ ഇരുമ്പ് തീര്‍ത്ത കളങ്ങളിലൂടെ റോസ്‌ലാന്റ് നോക്കി നിന്നു.

വര: പരാജിതന്‍

26 comments:

ഗുപ്തന്‍ said...

സിസ്റ്റര്‍ അന്ന അത്രവേഗം തോല്‍ക്കുമോ...

പക്ഷേ കഥ വളരെ നന്നായി.

ദൈവമാതാവിന്റെ വീട് മാത്രമല്ല തിരുവസ്ത്രങ്ങളും ... അല്ലേ..

വിഷ്ണു പ്രസാദ് said...

ഡാലീ കഥ നന്നായിട്ടുണ്ട്;കഥാകൃത്തിന്റെ ആശയങ്ങളോട് യോജിപ്പില്ലെങ്കിലും.ഇതിനോട് കൂട്ടി വായിക്കാന്‍ഇവിടെഒരു സാധനമുണ്ട്.

Pramod.KM said...

കഥ നന്നായി.:)
പക്ഷേ‘ഒരു മുഴുവന്‍ സമൂഹത്തെ താങ്ങാനുള്ള പക്വതയും ഒരു സാധാരണ സ്ത്രീയാവുന്നതിലും അധികം മനകരുത്തും’ ഒക്കെ ഉള്ളതുകൊണ്ടാണ് ഒരാള്‍ കന്യാസ്ത്രീ ആകുന്നതെന്നായിരുന്നു എന്റെ വിചാരം.

ശ്രീ said...

കഥ വളരെ നന്നായിട്ടുണ്ട്.

ഉപാസന || Upasana said...

വിഷ്ണുമാഷുടെ ബ്ലോഗില്‍ നിന്ന് ഇങ്ങോട്ടേക്ക്
സാരി തന്നെ വിഷയം.
കഥ തരക്കേടില്ല.
:)
ഉപാസന

Inji Pennu said...

എക്സലന്റ് തീം ഡാലി! ഉഗ്രന്‍!

പക്ഷെ കഥപറച്ചിലില്‍ ഇടക്ക് പ്രീച്ചിങ്ങിലേക്ക് കടന്നോ എന്നൊരു സംശയം. അത് കഥയുടെ ശക്തി ചോര്‍ത്തിയെന്നും തോന്നുന്നു.

simy nazareth said...

ഡാലി,

കഥ നന്നായിട്ടുണ്ട്. കുറെക്കൂടി നന്നാക്കാമായിരുന്നു എന്നൊരു തോന്നല്‍. കലുങ്കിനെയും ഇരുണ്ട മൂലകളെയും പറ്റി സംസാരിക്കുന്നതിനെക്കാള്‍ അവിടെ നിന്നും വരുന്ന എന്തെങ്കിലും അനുഭവം - ഒരു ചൂളംവിളി, എങ്കിലും എടുത്ത് ഇട്ടെങ്കില്‍.. സംഭാഷണങ്ങള്‍ കുറഞ്ഞ് ചിന്തകള്‍, അനുഭവങ്ങള്‍ ഒക്കെ കൂടുതല്‍ ആയെങ്കില്‍, എന്നൊക്കെ തോന്നുന്നു.

ആശയങ്ങളോട് യോജിപ്പില്ല. കന്യാസ്ത്രികള്‍ സ്വന്തം പാത സ്വയം തിരഞ്ഞെടുക്കുന്നു എന്നുപോലും ഞാന്‍ വിശ്വസിക്കുന്നില്ല. പക്ഷേ കഥയുടെ ആസ്വാദനത്തില്‍ അതു പ്രസക്തമല്ല.

പരാജിതാ: വരയും കലക്കന്‍!

തമനു said...

നന്നായി..:)

എതിരന്‍ കതിരവന്‍ said...

തീര്‍ച്ചയായും സാരി ചില അസ്വാതന്ത്ര്യങ്ങള്‍ നല്‍കും. പക്ഷേ കന്യാസ്ത്രീയ്ക്ക് യോജിച്ച തരത്തില്‍ അത് ഉടുക്കാനും പറ്റും. സിസ്റ്റര്‍ അന്ന ഒന്നു കൂ‍ൂടി ശ്രമിക്കുമെന്നു കരുതുന്നു.
കേരളത്തിന്റേയോ ഭാരതത്തിന്റേയോ കാലാവസ്ഥയ്ക്ക് അനുയോജ്യമായ സഭാ വസ്ത്രം സാരി തന്നെയാകണമെന്നു നിര്‍ബ്ബന്ധമില്ല. പുതിയത് ഡിസൈന്‍ ചെയ്യേണ്ട കാലം കഴിഞ്ഞു.

സാരംഗി said...

കഥ ഇഷ്ടമായി.എല്ലാ വസ്ത്രങ്ങള്‍ക്കും അതിന്റേതായ ഭംഗിയുണ്ട്, അവരവര്‍ക്ക് കംഫര്‍ട്ടബ്‌ള്‍ ആയത് ധരിക്കട്ടെ എല്ലാവരും. ചുരിദാര്‍ ആണ്‌ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഏറ്റവും നല്ല വസ്ത്രം എന്നാണ്‌ എനിയ്ക്ക് തോന്നുന്നത്..കല്യാണസാരി എന്നൊക്കെ പറയുന്നപോലെ കല്യാണ ചുരിദാര്‍ എന്നൊക്കെ കേക്കണ കാലം വരട്ടെ. കന്യാസ്ത്രീകള്‍ക്കും വെള്ള/ബ്രൗണ്‍/ഗ്രേ ചുരിദാര്‍ ഇടാനുള്ള അനുവാദം സഭ കൊടുക്കട്ടെ. മഴക്കാലത്ത് സാരി ഉടുത്തുകൊണ്ട് ചെളിവെള്ളം കെട്ടിക്കിടക്കണ റോഡിലൂടെ നടന്നുപോകുന്ന കാര്യം മാത്രം ഓര്‍ത്താല്‍ മതി സാരിയെ വെറുക്കാന്‍.

പരാജിതന്റെ വരയും നന്നായിട്ടുണ്ട്.

ബിന്ദു said...

കഥ നന്നായിട്ടുണ്ട്.

nalan::നളന്‍ said...

നാട്ടില്‍ മുഴുവന്‍ കള്ളന്മാരായതു കൊണ്ടു നമുക്ക് പോയി ജയിലില്‍ കിടക്കാം എന്നു പണ്ട് ചന്ദ്രക്കാറന്‍ പറഞ്ഞപോലെയായല്ലോ സിസ്റ്ററ് അന്നയുടെ സാരിയുപേക്ഷിക്കല്‍
എന്നാലും എഴുത്തിഷ്ടപ്പെട്ടു

കണ്ണൂസ്‌ said...

ഈയിടക്ക് തിരുസഭ കേന്ദ്രമായ ഒരുപാട് വിവാദങ്ങളുണ്ടായപ്പോള്‍ ഞാന്‍ വെറുതെ ഓര്‍ത്തിരുന്നു, സഭയുടെ തൊണ്ണൂറ് ശതമാനം വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും തലപ്പത്ത് കന്യാസ്ത്രീയമ്മമാരായിരിക്കേ, അവര്‍ക്കൊന്നും ഈ വിഷയങ്ങളില്‍ ഒന്നും പറയാനുണ്ടായിരിക്കില്ലേ എന്ന്!

ഒരു നൂറ്റാണ്ടില്‍ ഒരു മദര്‍ തെരേസയെങ്കിലും ഉണ്ടാവുന്നുണ്ടോ ഡാലീ? ഓര്‍ത്തെടുക്കാന്‍ ഇരുപത് നൂറ്റാണ്ടുകളിലായി എനിക്ക് വേറൊരു പേരു പോലും കിട്ടുന്നില്ല!!

ശാലിനി said...

ഡാലി, എനിക്കു മനസിലാവും അന്ന സിസ്റ്ററിനെ. “ഒരു മുഴുവന്‍ സമൂഹത്തെ താങ്ങാനുള്ള പക്വതയും ഒരു സാധാരണ സ്ത്രീയാവുന്നതിലും അധികം മനകരുത്തും“ - അതൊരിക്കലും ആ കന്യാസ്ത്രീക്ക് നേടാനാവില്ല. കാരണം പുറത്തെ ഇരുണ്ട മൂലകളെമാത്രമല്ല അവര്‍ നേരിടേണ്ടത്, അതിലും ഭീകരമാണ് അകത്തളങ്ങള്‍. എന്റെ ഇളയമ്മയെ ഓര്‍ത്തു, ഒരുപാടുകാലം കൂടി. ആ ശിരോവസ്ത്രത്തിനുള്ളില്‍ ഒതുക്കി വച്ചിരുന്ന ചുരുണ്ട മുടി! വീട്ടില്‍ വരുമ്പോഴൊക്കെ ഞാന്‍ ആ ചുരുണ്ടമുടിയൊന്നുകാണാന്‍ വേണ്ടി പുറകേനടക്കുമായിരുന്നു. തേഞ്ഞ പ്ലാസ്റ്റിക് ചെരുപ്പും, നരച്ച കുടയും വസ്ത്രങ്ങളും!

അതേ ആ സഭാവസ്ത്രത്തിനുള്ളില്‍ അവര്‍ കൂടുതല്‍ സുരക്ഷിതയാണ്. മദര്‍ തേരേസ കല്‍ക്കട്ടയിലായിരുന്നു, കേരളത്തിലല്ലായിരുന്നു! ഡാലി നന്ദി, ഈ കഥയ്ക്ക്. കണ്ണൂസിന്റെ കമന്റും നന്നായി.

ചുരിദാറോ സാരിയോ അല്ല മനുഷ്യന്റെ മനസാണ് മാറേണ്ടത്. കന്യാസ്ത്രീക്ക് നമ്മള്‍ സമൂഹം ചിലതൊക്കെ കല്‍പ്പിച്ചുകൊടുത്തിട്ടുണ്ട്, (അവര്‍ മനുഷ്യരല്ലല്ലോ) അതിനുമപ്പുറം കടന്നാല്‍ പിന്നെയവര്‍ “വെറും സ്ത്രീ“!

“ഒരുപക്ഷേ പഴയ കാരണവമനസ്സുള്ള അപ്പാപ്പന്‍ മാത്രമാവും കന്യാസ്ത്രീകളെ സാധാരണസ്ത്രീകളായി കാണാന്‍ ആഗ്രഹിച്ചത്,“ എന്റെ ഇളയമ്മയെ ഞാനെന്നെങ്കിലും ഒരു സ്ത്രീയായി കരുതിയിരുന്നോ?

സു | Su said...

നല്ല കഥ.

കന്യാസ്ത്രീകള്‍ എന്നാല്‍, വലിയ വലിയ മഠങ്ങളില്‍ എല്ലാ സുഖസൌകര്യത്തിലും ജീവിക്കുന്നവര്‍ എന്നൊരു ധാരണയുണ്ട്. അവര്‍ക്ക്, അവരുടെ, യൂനിഫോമും ഇട്ടുനടന്നാല്‍ മതി എന്നും കരുതും. അവരെ ബഹുമാനിക്കുകയും ചെയ്യും. എന്നാലും അവര്‍, തങ്ങളെപ്പോലെ സ്ത്രീകള്‍ തന്നെയാണെന്നും, ചട്ടക്കൂടുകളും, നിയന്ത്രണങ്ങളും, ചിലരുടെ ഇടപെടലുകളും, മറ്റു സ്ത്രീകളെപ്പോലെ, അവര്‍ക്കും അസൌകര്യം ഉണ്ടാക്കിയേക്കാം എന്നൊരു തോന്നലൊന്നും ആര്‍ക്കും ഉണ്ടാവുമെന്ന് തോന്നുന്നില്ല.

വാളൂരാന്‍ said...

ഡാലീ...വളരെ വളരെ നല്ല കഥ..
ഇനി പറഞ്ഞു പഴകിയ ഒരു കാര്യം വീണ്ടും പറയട്ടേ, നല്ല കഥകള്‍ക്ക്‌ ഇപ്പോഴും ബൂലോകത്തില്‍ വേണ്ടത്ര വായന കിട്ടുന്നില്ല, സങ്കടമുണ്ട്.

ടി.പി.വിനോദ് said...

നന്നായി എഴുതിയിരിക്കുന്നു..
പുറമേക്ക് ഉടുത്തിരിക്കുന്ന ഒന്നിന്റെ വെളിവു മറവുകള്‍ അകമേക്ക് കയറി ഇരിപ്പാവുന്നത് നമ്മുടെ നാടിന്റെ മാത്രം കുഴപ്പമോ അതോ മനുഷ്യന്റെ മൊത്തം കുഴപ്പമോ?

Sapna Anu B.George said...

ഡാലി, കഥ നന്നായി, ഏറെ താമസിച്ചു വായിക്കാന്‍ എങ്കിലും!!!

നിലാവര്‍ നിസ said...

കാണാത്ത കാഴ്ചകള്‍..

മിന്നാമിനുങ്ങുകള്‍ //സജി.!! said...

നന്നായിരിക്കുന്നു ഇപ്പോഴാ ഇത് കാണുന്നെ എന്നാലും വന്നത് വെറുതെയായില്ലാ ..
നാടും നാട്ടാരും ആരേയും കുറ്റം പറയാന്‍ പറ്റുകേലാ അത് അങ്ങനായിപ്പോയി എന്തു ചെയ്യാനാ..?

രാജീവ് സാക്ഷി | Rajeev Sakshi said...

innaa vaayikkunnathu.
ishtapettuttO. :)

Jo said...

Saw this blog only now. Nice post Dals! :-)

ഞാന്‍ ഇരിങ്ങല്‍ said...

കഥാകാരീ,

ഈ കഥ ഒരു പാട് നല്ല കഥ എന്നെനിക്ക് തോന്നി. ഒരു പക്ഷെ മുമ്പേ വായിക്കേണ്ടിയിരുന്ന കഥ ഇന്ന് വായിച്ചപ്പോഴും എന്നും വായിക്കാവുന്ന കഥയായും തോന്നി. അഭിനന്ദനങ്ങള്‍.

കഥയും ഭാഷയും നന്നായി. സംഭാഷണങ്ങളും സംഭവങ്ങളും അനുഭവത്തിന്‍റെ തീക്ഷണത തന്നു.
സത്യത്തില്‍ ഇവിടെ എത്തിച്ചത് ബഹറൈനിലെ തന്നെ ‘ സജി’ എന്ന പുതിയ ബ്ലോഗര്‍ ആണ്. അദ്ദേഹം ഈ കഥ വായിച്ചിട്ട് ഒരു പാട് ഇഷ്ടപ്പെട്ടു എന്നും നിര്‍ബന്ധമായും വായിക്കണം എന്നും പറഞ്ഞു. പ്രതീക്ഷ തെറ്റിയില്ല.

ഇനിയും കൂടുതല്‍ എഴുതിയോ എന്നൊന്നും ബ്ലോഗില്‍ കയറി നോക്കിയില്ല. നോക്കാം അല്ലെങ്കില്‍ നോക്കും.

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

:: niKk | നിക്ക് :: said...

Nice

Sapna Anu B.George said...

നല്ല കഥ ഡാലി.......പാവം സിസ്റ്റര്‍

aneel kumar said...

.