Thursday, December 14, 2006

ഒരു ഭൌതീക ഹയ്ക്യു (A physics Haiku)

error 404: A Physics Haiku

Your page is in a
Quantum superpostion
Of "here" and "not here"

ഇത് എന്റെ മേശയ്ക്കു മുകളില്‍ ഒരു വര്‍ഷമായി തൂങ്ങി കിടക്കുന്ന കടലാസില്‍ പ്രിന്റ് ചെയ്ത് ഇട്ടിരിക്കുന്നു.മുന്‍പില്‍ നടന്നവരാരോ കോറിയിട്ട് പോയത്. എന്നും കാണും ഒരു പ്രത്യേകതയും തോന്നാറില്ല. ഇന്നെന്തൊ ഇതു കല്ലുസ്ലേറ്റില്‍ എഴുതി പഠിക്കാന്‍ തോന്നി. ഇതു കവിത പൂക്കും കാലമാണല്ലോ!

എന്റെ വക ഒരു തര്‍ജ്ജമ

എറര്‍ 404: ഒരു ഭൌതികശാസ്ത്ര ഹൈക്യു

നിങ്ങള്‍ തിരയുന്ന താള്‍
“ഇവിടെയുണ്ട്” “ഇവിടെയില്ല” എന്ന
ക്വാണ്ടം സൂപ്പര്‍പൊസിഷ്യനിലാണ്

എറര്‍ എന്നതിന്റെ മലയാളം എന്താ?

ക്വണ്ടം തിയറി അറിയാത്തവര്‍ക്കായി: ഊര്‍ജ്ജം വികിരണം ചെയ്യപ്പെടുന്നത് തുടര്‍ച്ചയായല്ല, ഊര്‍ജ്ജത്തിന്റെ നിശ്ചിത അളവുകളുള്ള പൊതികള്‍ അഥവാ ക്വണ്ടം ആയാണ് എന്നതാണ് ക്വണ്ടം മെക്കാനിക്സിന്റെ അടിസ്ഥാനം. അതായത് ഒരു ഊര്‍ജ്ജപൊതി 1 ആണെങ്കില്‍ ഊര്‍ജ്ജവികിരണം1, 2, 3, 4 തുടങ്ങിയ ഊര്‍ജ്ജപൊതികളായാണ് നടക്കുക. അര, മുക്കാല്‍, ഒന്നര, രണ്ടര എന്നീ രീതിയില്‍ വികിരിണം നടക്കില്ല. ഇതാണ് സംഭവ്യത നിയമത്തിന്റെ കാതല്‍. ഇലക്ട്രോണുകള്‍ ഈ 1, 2, 3 തുടങ്ങിയ ഊര്‍ജ്ജ നിലകളില്‍ കാണാനുള്ള സാദ്ധ്യതയുണ്ട് എന്നാല്‍ അര, മുക്കാല്‍, ഒന്നര, രണ്ടര എന്നിവിടെയൊന്നും തീര്‍ച്ചയായും കാണില്ല. ഇതൊക്കെ അറിയുന്നവര്‍ ക്വാണ്ടം സൂപ്പര്‍പൊസിഷ്യന്‍ ഇവിടെ വായിക്കുക. നല്ലൊരു പടം കൂടി ഉണ്ട് ഇവിടുത്തെ കടലാസില്‍. ഗൂഗ്ലില്‍ നോക്കിയിട്ട് പറ്റിയ ഒരു പടം കണ്ടില്ല. എപ്പൊഴെങ്കിലും കണ്ടാല്‍ എടുത്തിടാം.

Thursday, December 07, 2006

മനുഷ്യത്വം എന്ന തന്മാത്ര

തനിമയുടെ ഒരു ചോദ്യത്തിനും സീയെസ്സിന്റെ കമന്റിനും ഉള്ള മറുപടിയാണ് ഈ പോസ്റ്റ്

ചോദ്യം ഇതാണ്
ഒന്നിന്റെ എല്ലാ ഗുണങ്ങളുമുള്ള
ഏറ്റവും ചെറിയ കണികയാണത്രേ തന്മാത്ര.
അപ്പോള്‍..........ഞാന്‍?
മനുഷ്യന്റെ ഒരു തന്മാത്രപോലുമല്ലേ?

ഇതാണ് സീയെസ്സിന്റെ കമന്റ്

ഒരു ആള്‍ക്കൂട്ടത്തിന്റെ എല്ലാ സ്വഭാവവും കാണിക്കുന്ന അടിസ്ഥാന ഘടകമാണ് വ്യക്തി എന്നു പറയാമോ? ഒരു ആള്‍ക്കൂട്ടത്തിന്റെ എല്ലാ സ്വഭാവത്തിനും കാരണമായ അടിസ്ഥാന ഘടകമാണ് വ്യക്തി എന്നു പറയുന്നതല്ലേ ശരി. H2O, ഒരു തന്മാത്രയും സംയുക്തവുമാണ്. H2 ഒരു തന്മാത്രയാണ്, സംയുക്തമല്ല. ഒരു H2O തന്മാത്ര മാത്രമായെടുത്താല്‍ അത് ഹൈഡ്രജന്‍ ബന്ധനം കാണിക്കില്ലല്ലോ. അതിന് രണ്ട് H2O തന്മാത്ര എങ്കിലും കുറഞ്ഞത് വേണ്ടേ? എന്നാല്‍ ഒരു H2O തന്മാത്രയില്‍ ഹൈഡ്രജന്‍ ബന്ധനത്തിലേക്ക് നയിക്കുന്ന എല്ലാ സ്വഭാവവിശേഷങ്ങളും ഉണ്ട് താനും. അതിനാല്‍ ഒരു പദാര്‍ത്ഥത്തിന്റെ എല്ലാ സ്വഭാവങ്ങള്‍ക്കും കാരണമായ അടിസ്ഥാനഘടകമാണ് തന്മാത്ര എന്നു പറയുന്നാതാണ് ശരി.

സീയെസ്സ്,

"ഒരു പദാര്‍ഥത്തിന്റെ രാസ-ഭൌതിക ഗുണങ്ങള്‍ നിലനിര്‍ത്തുന്ന, ആ പദാര്‍ഥത്തിന്റെ ഏറ്റവും ചെറിയ കണികയാണ് തന്മാത്ര എന്നാണ് നിര്‍വ്വചിക്കപ്പെടുന്നത്"
ഇതാണല്ലോ തന്മാത്രയുടെ നിര്‍വചനം

പദാര്‍ഥത്തിന്റെ നിര്‍വചനത്തിലാണ് സീയേസ്സിന്റെ (തനിമയുടേയും) പ്രശ്നം കിടക്കുന്നത് എന്ന് തോന്നുന്നു. ഒരു പദാര്‍ഥത്തിന്റെ വിവിധ അവസ്ഥകളാണ് ഖരം, ദ്രാവകം, വാതകം എന്നീ മൂന്നു അവസ്ഥകള്‍. ദുര്‍ലഭമായി കാണുന്ന നാ‍ലാമത്തെ അവസ്ഥ പ്ലാസ്മ. ഒരു പദാര്‍ഥം എന്ന് പറഞ്ഞാല്‍ വിവിധ താപ മര്‍ദ്ദ വ്യതിയാനങ്ങളില്‍ ഈ നാല് അവസ്ഥകളിലൂടെ കടന്ന് പോകുന്ന ഒന്നാണ്. അപ്പോള്‍ ജലം എന്ന പദാര്‍ഥം എന്നാല്‍ സാധാരണം താപ മര്‍ദ്ദങ്ങളില്‍ വെള്ളമായും, 100 ഡിഗ്രി, ഒരു അറ്റ്മോസ്ഫിയര്‍ മര്‍ദ്ദത്തില്‍ നീരാവിയായും, പൂജ്യം ഡിഗ്രി, ഒരു അറ്റ്മോസ്ഫിയര്‍ മര്‍ദ്ദത്തില്‍ ഐസായും മാറുന്ന പദാര്‍ഥമാണ്. അതിന്റെ ഭൌതിക ഗുണങ്ങളില്‍ പെടുന്നതാണ് ഇതെല്ലാം.മൂലക തന്മാത്രകളും സംയുക്ത തന്മാത്രകളും ഈ അവസ്ഥകളിലൂടെ വിവിധ താപ,മര്‍ദ്ദ വ്യതിയാനങ്ങളില്‍ കടന്നു പോകും. സംയുക്ത തന്മാത്രകള്‍ അവയിലുള്ള പലതരം രാസബന്ധനങ്ങള്‍ കൊണ്ട് കൂടുതല്‍ സങ്കീര്‍ണ്ണമാണ്. മൂലക തന്മാത്രയിലെ ഒരു തരം രാസബന്ധനമേ സാധാരണ ഗതിയില്‍ ഉണ്ടാകൂ.

മനുഷ്യരായ തന്മാത്രകളുടെ കാര്യവും ഇത്ര തന്നെ. ഒരോ മനുഷ്യനും നിലനില്‍ക്കുന്ന താപ, മര്‍ദ്ദങ്ങള്‍ വ്യത്യസ്ഥമായിരിക്കും. അപ്പോള്‍ മനുഷ്യന്‍ എന്ന പദാര്‍ഥത്തിന്റെ എതെന്തിലും ഒരു അവസ്ഥയിലായിരിക്കും ഒരോ മനുഷ്യനും. ഓരേ താപ, മര്‍ദ്ദവ്യവസ്ഥകള്‍ മനുഷ്യസമൂഹത്തിനു മൊത്തമായി കൊടുക്കാനവില്ലല്ലോ. അങ്ങനെ വിവിധ അവസ്ഥയിലുള്ള മനുഷ്യ തന്മാത്രകള്‍ തന്നെയാണ് ഓരോ മനുഷ്യനും. ഒരു പ്രത്യേക അവസ്ഥയോടു 90% മനുഷ്യരും ഒരേ രീതിയിലായിരിക്കും പ്രതികരിക്കുക. ( എക്സപ്ഷന്‍ ഉണ്ടാകുന്നത് ആ മനുഷ്യ തന്മാത്രയിലെ ഉള്ളിലുള്ള വ്യതസ്തമായ താപവ്യതിയാനങ്ങള്‍ കൊണ്ടായിരിക്കും.) ഒരു മനുഷ്യന് മൂലക തന്മാത്രയായി ഇരിക്കുക ബുദ്ധിമുട്ടാണ്. അത് പല പല ബന്ധനങ്ങളില്‍ പെട്ട് സങ്കിര്‍ണ്ണ സംയുക്ത തന്മാത്രയായിയാണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ വലരെ ചെറിയ വ്യതിയാനങ്ങള്‍ അതില്‍ വളരെ വലിയ മാറ്റങ്ങള്‍ വരുത്തും.

ഇനി സീയെസ്സ് പറഞ്ഞ നിര്‍വചനം ശാസ്ത്രീയമായി എന്താണ് പ്രശ്നം എന്ന് നോക്കാം.

“ഒരു പദാര്‍ത്ഥത്തിന്റെ എല്ലാ സ്വഭാവങ്ങള്‍ക്കും കാരണമായ അടിസ്ഥാനഘടകമാണ് തന്മാത്ര എന്നു പറയുന്നാതാണ് ശരി.“

എല്ലാ സ്വഭാവങ്ങളും എന്നാല്‍ രാസ-ഭൌതീക ഗുണങ്ങള്‍.
രാസ ഗുണത്തിന്റെ അടിസ്ഥാന കാരണം ഒരു തന്മാത്ര എന്നു പറയുന്നതിനേക്കാള്‍ കൂടുതല്‍ ശരി ഇലക്ട്രോണ്‍ എന്ന് പറയുന്നതാവും (വാലന്‍സ് ഇലക്ടോണ്‍)
ഭൌതിക ഗുണത്തിനെ അടിസ്ഥാന കാരണത്തിന് ഒരു തന്മാത്ര പോര എന്നാവും (വെള്ളമായി നിലനില്‍ക്കാന്‍ 2 തന്മാത്ര എങ്കിലും വേണ്ടെ? ശരിക്കുമുള്ള കാരണം ഹൈഡ്രജന്‍ ബന്ധനം ആണ് താനും) ഭൌതികഗുണങ്ങള്‍ മാക്രോസ്കോപിക് ആണ് എന്നതാണ് പ്രശ്നം (പക്ഷെ ഒരു തന്മാത്ര മാത്രമായി നമുക്കത് മുന്‍കൂട്ടി കാല്‍കുലേറ്റ് ചെയ്യാന്‍ ഇന്ന് കമ്പൂട്ടേഷന്‍ കൊണ്ട് പറ്റും)

അതുകൊണ്ട് ഈ രണ്ട് നിര്‍വചനങ്ങളിലും ആദ്യത്തേത് കൂടുതല്‍ ശരി എന്ന് എനിക്ക് തോന്നുന്നു.

എന്തുകൊണ്ട്?
1. ഒരു പദാര്‍ഥത്തിനെ രാസഗുണങ്ങളെല്ലാം ഒരു തന്മാത്ര കാണിക്കും
2. ഒരു പദാര്‍ഥത്തിനെ ഭൌതികഗുണം മാക്രോസ്കോപിക് ആണെങ്കിലും ഒരു തന്മാത്ര വച്ച് നമുക്കത് കണ്ട്പിടിക്കാം.

പക്ഷേ ആധുനിക ശാസ്തം വികസിച്ചപ്പോള്‍ ഇത് പോരാ എന്നായി. പലകാര്യങ്ങള്‍ക്കും ഈ നിര്‍വചനം പറ്റില്ല. പ്രത്യേകിച്ചും സ്പെക്ട്രോസ്കോപിയില്‍. അത്കൊണ്ട് തന്മാത്രയെ കൂടുതലായും നിര്‍വചിക്കാറ് ഇങ്ങനെയാണ്.

“രാസബന്ധനം വഴി കൂടിച്ചേര്‍ന്നിരിക്കുന്ന രണ്ടോ അതിലധികമോ അണുക്കള്‍ ചേര്‍ന്ന്, ഒരു നിശ്ചിതമായ ചിട്ടയില്‍ നിലകൊള്ളൂന്ന സ്വതന്ത്ര ഘടകമാണ് തന്മാത്ര, എന്നാണ് രസതന്ത്രം വിവരിയ്ക്കുന്നത്.“

ഇനിയും കൂടുതല്‍ വലിയ പഠനങ്ങളിലേയ്ക്ക് പോകുമ്പോള്‍ അതും പോരാതവും. അതുകൊണ്ട് ഇപ്പോഴത്തെ IUPAC നിര്‍വചനം ഇതാണ്

“molecule
An electrically neutral entity consisting of more than one atom (n > 1).
Rigorously, a molecule, in which n > 1 must correspond to a depression
on the potential energy surface that is deep enough to confine at least one
vibrational state.“

ഇതും മാറാം. പക്ഷേ ചെറിയ ക്ലാസിലൊക്കെ ഇതു പഠിപ്പിക്കാന്‍ പറ്റും എന്ന് തോന്നുന്നില്ല. അതിനാല്‍ ആദ്യത്തേത് തന്നെയാവും കൂടുതല്‍ നല്ലത് എന്ന് എന്റെ വ്യകതിപരമായ അഭിപ്രായം.

തനിമ,

“തന്മാത്രകളില്‍ ഓക്സിജന്റെ നിര്‍വ്വചനം അതേപടി അനുസരിക്കുന്നവയെ മാത്രമേ നമ്മള്‍ ഓക്സിജന്‍-തന്മാത്രകളായി പരിഗണിക്കാറുള്ളൂ. മനസ്സുകള്‍ തന്മാത്രകളാണെങ്കില്‍, മനുഷ്യത്വത്തില്‍ നിന്ന് വ്യതിചലിക്കാത്ത മനസ്സുകള്‍ മാത്രമാണോ മനുഷ്യമനസ്സുകള്‍ (മനുഷ്യതന്മാത്രകള്‍)?“

നല്ല ചോദ്യമാണ്. മുകളില്‍ പറങ്ങതൊക്കെ വായിച്ചില്ലേ. ഓക്സിജന്‍ ഒരു മൂലക തന്മാത്രയാണ്. അതിന് എത്ര ഇലക്ട്രോണുകള്‍, എത്ര പ്രോട്ടോണുകള്‍, എത്ര നൂട്രോണുകള്‍, പിന്നെ എത്ര അടിസ്ഥാന കണികകള്‍. രന്റ് ഓക്സിജന്‍ ആറ്റം ഒരു തന്മാത്ര ആവാന്‍ എന്തു തരം ബന്ധനം എന്നൊക്കെ നമ്മള്‍ കൃത്യമായി പഠിച്ച് വച്ചീട്ടുണ്ട്. അതുകൊണ്ട് അത് ഇത്ര ഇത്ര താപ, മര്‍ദ്ദ വ്യതിയാങ്ങളില്‍ എങ്ങനെ പ്രതികരിക്കും എന്ന് നമുക്ക് ഒരു വ്യക്തമായ ധാരണയുണ്ട്.
മനുഷ്യത്തം എന്ന തന്മാത്രയില്‍ എത്ര ഇലക്ട്രോണുകള്‍, എത്ര പ്രോട്ടോണുകള്‍, എത്ര നൂട്രോണുകള്‍, പിന്നെ എത്ര അടിസ്ഥാന കണികകള്‍ എന്നൊക്കെ നിര്‍വചിക്കാന്‍ പറ്റോ (അതായത് എത്ര ഉയരം വേണം, എത്ര നിറം വേണം എത്ര ബുദ്ധി വേണം,എന്നൊക്കെ എത്ര സ്നേഹം വേണം, സ്വാര്‍ഥത, കുശുമ്പ് ഇതിന്റെയൊക്കെ കൃത്യം കണക്ക്?) എന്തു തരം ബന്ധങ്ങള്‍ ആണെന്ന് പറയാന്‍ പറ്റോ? (അമ്മ, മകള്‍, സഹോദരി, സുഹൃത്ത് ഇതില്‍ ഏതൊക്കെ കൃത്യമായി വേണമെന്ന്?) അതൊക്കെ നിര്‍വചിക്കാന്‍ പറ്റിയാലല്ലേ മനുഷ്യത്തം എന്ന തന്മാത്ര എന്താന്ന് മനസ്സിലാവൂ. അങ്ങനെ നിവചിച്ചാല്‍ തീര്‍ച്ചയായും അടുത്ത ചോദ്യത്തിനും ഉത്തരമുണ്ട്. ആ നിര്‍വചനത്തില്‍ നിന്നും വ്യതിചലിക്കുന്നവ മനുഷ്യ തന്മാത്രകള്‍ അല്ല എന്ന്. പക്ഷേ ആദ്യത്തെ നിര്‍വചനമാണ് പ്രശ്നം.

നിര്‍വചങ്ങള്‍ ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെ. അങ്ങനെയാണ് കൂടുതല്‍ കൂടുതല്‍ നല്ല നിര്‍വചനങ്ങള്‍ ശാസ്ത്രത്തിനു ലഭിക്കുന്നത്. അവിടെ തിരുത്തപ്പെടാന്‍ വയ്യാത്തതായി ഒന്നുമില്ല.

ഈ കമന്റ് അതേപോലെ തനിമയുടെ പോസ്റ്റിലിട്ടതാ. എന്നീട്ടും എനിക്കത്ര തൃപ്തി വന്നില്ല. കിട്ടാവുന്ന ബേസിക് ടെക്സ്റ്റ് ബുക്കുകള്‍ ഒക്കെ നോക്കി. വ്യത്യസ്ത രീതിയിലാണ് ആറ്റം (അണു), തന്മാത്ര, മൂലകം, സംയുക്തം എന്നിവയുടെ നിര്‍വചനങ്ങള്‍ കൊണ്ടിത്തിരിക്കുന്നത്. എന്നാല്‍ മിക്കതിലും ഒരു രാസ മൂലകത്തിന്റെ രാസ സ്വഭാവങ്ങളെല്ലാം നിലനിര്‍ത്തുന്ന അടിസ്ഥാന കണിക ആറ്റം, ഒരു പദാര്‍ഥത്തിനെ രാസ-ഭൌതിക ഗുണങ്ങള്‍ കാണിക്കുന്ന അടിസ്ഥാന കണിക തന്മാത്ര, സാധരണ രാസപ്രവര്‍ത്തനം കൊണ്ട് മറ്റൊരു രാസപദാര്‍ഥമായി മാറ്റാന്‍ പറ്റാത്ത അടിസ്ഥാന കണം മൂലകം, രണ്ടൊ അതിലധികമൊ രാസമൂലകങ്ങളെ രണ്ടൊ അതിലധികമൊ ബന്ധനങ്ങള്‍ വഴി ബന്ധിപ്പിച്ച ഒരു നിശ്ചിത അനുപാതത്തില്‍ ഉള്ള ‍രാസപദാര്‍ഥം സംയുകതം, എന്നൊക്കെയുള്ള നിര്‍വചനങ്ങളാണ്. തിരച്ചില്‍ തുടരുന്നു.

വേറെ ഒരു കാര്യം കൂടി ഉറച്ച് മനസ്സിലായി. അടിസ്ഥാന ആശയങ്ങളെ മനസ്സിലാക്കാന്‍ എളുപ്പമാണ്, പക്ഷേ നിര്‍വചിക്കല്‍ അത്ര എളുപ്പമല്ല!