Showing posts with label സിനിമ. Show all posts
Showing posts with label സിനിമ. Show all posts

Saturday, July 12, 2014

വളര്‍ന്ന് പോകുന്നൊരു പന്ത്, അതിനൊത്ത് വളരുന്ന നാം! ഹോ, എന്തൊരു കൊതിപ്പിക്കുന്ന ഉന്മാദം!


1. വളരുമ്പോള്‍ മറന്നു പോകേണ്ടുന്ന പദങ്ങള്‍
ഭാഷ വളരുമ്പോള്‍ പദങ്ങളും കൂടും. ചില വാക്കുകള്‍ ഉപയോഗശ്യൂന്യമാകും. ചിലവ നാം ഉപയോഗ്യശ്യൂന്യമാക്കും. ദിവസം ഫേസ്ബുക്കില്‍ സര്‍ഫ് ചെയ്യുമ്പോള്‍ ഒരു വാക് കണ്ട് ഞെട്ടി - ´നീഗ്രോ´. ഹിച്ച്കോക്കിന്റെ സിനിമയില്‍ നീഗ്രോകള്‍ അഭിനയിച്ചീട്ടുണ്ടോ എന്നോ മറ്റോ നിര്‍‌‌ദോഷമായൊരു അല്ലെന്കില്‍ ഒരു തരത്തില്‍ പോസറ്റീവ് ആയ ചോദ്യമായിരുന്നു അത്. എന്നീട്ടും ഞെട്ടി. കാരണം കാലങ്ങളായി ആ വാക്ക് ഇത്തരം ഇടങ്ങളില്‍ കാണുകയുണ്ടായിട്ടില്ല. പൊതു ഇടങ്ങളില്‍ നിന്നും ഒഴിവാക്കേണ്ട ഒഴിഞ്ഞ് പോയ ഒരു വാക്കാണ് അത്. നിരവധി നൂറ്റാണ്ടുകളൂടെ അടിമത്തം പേറുന്നൊരു വാക്ക്. രാഷ്ടീയമായ ശരിനിലപാടില്‍ (political correctness) നിലകൊള്ളുന്ന ആര്ക്കും ഇന്ന് വളരെ വളരെ പ്രത്യേക സാഹചര്യങ്ങളില്‍ അല്ലാതെ ഉപയോഗിക്കാന്‍ കഴിയാത്തൊരു വാക്ക്. രാഷ്ട്രീയമായി ശരിനിലപാട് എന്നത് ആരും ഉണ്ടായി പോകുന്നതല്ല. വളരെയധികം പരിശ്രമിച്ച് ഒരാള്‍ ഉണ്ടാക്കിയെടുക്കുന്നതാണ്. ഘാനയുടെ ആദ്യത്തെ നീഗ്രോ പ്രസിഡന്റ് ´ക്വാമി എന്ക്രാമ´യാണെന്ന് സ്കൂളില്‍ പഠിച്ച തലമുറ തന്നെയാണു ´നീഗ്രോ´ എന്ന വാക്കിന്റെ ഉപയോഗം കാണുമ്പോള്‍ ഞെട്ടുന്നത്.

നീഗ്രോയില്‍ അടങ്ങിയിരിക്കുന്ന അടിമത്തത്തിന്റെ കാഠിന്യം, വേദന, അനന്തയോളം നീളുന്ന അപമാനം ഇതൊക്കെ മനസ്സിലാക്കാന്‍ ആഫ്രിക്കന്‍‌‌നാവുകയോ അടിമയാവുകയോ വേണ്ട - 12 years a slave അതിലെ Lupita Nyong'o അവതരിപ്പിച്ച പാറ്റ്സി എന്ന കഥാപാത്രത്തെ ഒന്നു കണ്ട് പോയാല്‍ മതി.
´നീഗ്രോ´ എന്ന് കേള്ക്കുബോള്‍ ´പാറ്റ്സിയെ പോലൊരുവള്‍ മുന്നില്‍ പ്രത്യക്ഷപ്പെടുന്നെന്കില്‍ നിങ്ങളുടെ ഹൃദയം തുരക്കുന്നെങ്കില്‍ അത് നിങ്ങളൂടെ പ്രശ്നമല്ല നിങ്ങള്‍ വളരുന്നതിന്റെയാണ്.

2. വളരുമ്പോള്‍ കുഴിച്ചു മൂടപ്പെടേണ്ടുന്ന ഭൂതക്കാലം
 തെറ്റു തിരുത്തി അതാവര്ത്തിക്കാതെ മുന്നോട്ട് പോകുമ്പോഴാണു സമൂഹം വളരുന്നത്. തന്റെ തെറ്റുകള്‍ കൊണ്ട് അപമാനകരമായ ഭൂതകാലം ആഴത്തില്‍ ആഴത്തില്‍ കുഴിച്ച് മൂടണം ഒരിക്കലും പൊന്തി വന്നു തങ്ങളെ വീണ്ടും വിഴുങ്ങാന്‍ അനുവദിക്കാത്ത വിധം. എന്നാല്‍ ആ ചരിത്രം ഏറ്റവും നിറവോടെ ഓര്ത്തോര്ത്ത് കൊണ്ടിരിക്കുകയും വേണം, ഇനിയൊരിക്കലും ആവര്ത്തിക്കാതിരിക്കാന്‍. ´നാത്സി´ക്കാലം ജര്മ്മനിയ്ക്ക് അത്തരമൊരു ഭൂതക്കാലമാണ്. അതിനെ കുഴിവെട്ടി മൂടാന്‍ ഒരു സമൂഹം നിലയ്ക്കും ഒരു രാഷ്ടമെന്ന നിലയ്ക്കും അവര്‍ എടുക്കുന്ന മുന്‍കരുതലുകള്‍ മറ്റൊരു രാഷ്ട്രവും എടുക്കുന്നുണ്ടാവില്ല. ഏറ്റവും വലിയ ഉദാഹരണം ജര്മ്മന്‍ പാര്‍ലിമെന്റില്‍ എല്ലാ കാലത്തെ ഭരണകൂടങ്ങളും പ്രത്യേകം പ്രത്യേകം പേരെഴുതി അടയാളപ്പെടുത്തി വയ്ക്കുമ്പോള്‍ ´നാത്സി´ കാലത്തെ കറുപ്പില്‍ കുഴിച്ചിട്ടിരിക്കുന്നു എന്നതാണ്. അത് തങ്ങളുടെ സന്ദര്ശകരെ കാണിച്ച് ചരിത്രം ഞങ്ങള്‍ മറക്കില്ല എന്ന് അവര്‍ അവരെ തന്നെ ഓര്മ്മപ്പെടുത്തുന്നു.

തങ്ങളൂടെ ഭൂതക്കാലം അവര്‍ എങ്ങനെ, തങ്ങളെ തന്നെ ഇല്ലാതാക്കി കൊണ്ട് പോലും , കുഴിച്ചിടുന്നു എന്നും ചരിത്രം എങ്ങനെ മറക്കാതിരിക്കുന്നു എന്നും മനസ്സിലാക്കാന്‍ ജര്മ്മനാകുകയോ, ´നാത്സി´ ഭൂതക്കാലം ഉണ്ടാകുകയോ വേണ്ടാ. ´റീഡര്‍´ എന്ന സിനിമയില്‍ കേറ്റ് വിന്സ്ലെറ്റ് അവതരിപ്പിച്ച ഹാനയെ കണ്ടാല്‍ മതി.
´നാത്സി´ എന്ന് കേള്ക്കുമ്പോള്‍ വായിച്ചു തീര്ത്ത പുസ്തകങ്ങളുടെ അറിവിന്റെ വെളിച്ചത്തില്‍ കയറി ആത്മഹത്യ ചെയ്ത ഹാന നിങ്ങളൂടെ തലച്ചോറില്‍ തുള വീഴ്ത്തുന്നെന്കില്‍ നിങ്ങള്‍ പിന്നേയും വളരുകയാണ്.

3. വളരുമ്പോള്‍ ഇല്ലാതായി പോകേണ്ട ബലങ്ങള്‍
പ്രാകൃതമായത് സംസ്കരിക്കപ്പെടുമ്പോഴാണു സംസ്കാരമുണ്ടാകുന്നത്. ബലം കൊണ്ട് കീഴടക്കുന്നത് പ്രാകൃതമാണ്. ബലാത്സംഗം അതി പ്രാകൃതമാണു. ബലാത്സംഗത്തെ കണ്ണുമടച്ച് എതിര്ക്കുമ്പോഴും ബലാത്സംഗം കലര്ന്ന തമാശകള്‍ ആസ്വദിക്കാന്‍ കഴിയുന്നൊരു സമൂഹമുണ്ടാകുന്നത്, ആ സമൂഹം വേണ്ടത്ര സംസ്കാര സമ്പന്നമായി വളരാത്തതിനാലാണ്. പന്തുകളിയില്‍ ഒരു ടീം മറ്റൊരു ടീമിനെ ദയനീയമായി തോല്പിക്കുമ്പോള്‍ അതിനെ ബലാത്സംഗ  തമാശയായി കാണാന്‍ കഴിയുന്നതും ഇതൊക്കെ ഒരു തമാശയല്ലേ എന്ന് ആശ്വസിക്കാന്‍ കഴിയുന്നതും ബലാത്സംഗം എന്നാല്‍ ബലാത്സംഗം ചെയ്യുന്നവരും ചെയ്യപ്പെടുന്നവരും നേരത്തെ തീരുമാനിച്ചുറച്ച് ഒരുമിച്ച് കളത്തില്‍ ഇറങ്ങി കളിക്കുന്നൊരു കളിയില്‍ ഒരാള്‍ ജയിച്ചു കയറുന്നതാണെന്ന വളര്ന്നുറക്കാത്ത ബോധം ഇപ്പോഴും നിലനില്ക്കുന്നത് കൊണ്ടാണ് .

സുന്ദരി മോണിക ബലൂചി അവതരിപ്പിച്ച irreversible എന്ന ഫ്രെഞ്ച് സിനിമയിലെ അലെക്സ് എന്ന കഥാപാത്രത്തിന്റെ നിലവിളി കേട്ടാല്‍ മതി.
ബലാത്സംഗ തമാശകള്‍ നിങ്ങളുടെ ഉള്ളില്‍ നിന്നും അലെക്സിന്റെ ആര്‍ത്തനാദം വീണ്ടും പുറപ്പെടുവിക്കുന്നെന്കില്‍ നിങ്ങള്‍ വളരുകയാണ്..

4. വളര്ന്നു വളര്ന്നു ലോകം നിറഞ്ഞൊരു പന്ത്
 കാല്പന്തു കളി വെറുമൊരു കളിയല്ല.
ഷഹബാസ് അമന്‍ എഴുതിയ പോലെ
 ¨....
ഫുട്ബോള്‍ പോലെ മറ്റ് ഏതു പ്രതിഷേധമുണ്ട് ഭൂമിയില്‍ ?
വെറുപ്പിന്‍റെ കാര്‍ഡിറക്കിയാല്‍ , റേയ്ക്കാര്‍ഡിന്‍റെ പണി കൊടുക്കുന്നത് ? മറ്റവനേ എന്ന് വിളിച്ചാല്‍ മറ്റരാസിക്കും കിട്ടുന്നത് ?

ഫുട്ബോള്‍ പോലെ മറ്റെന്തുണ്ട് ഭൂമിയില്‍ ? ഭൂമി തന്നെ ഫുട്ബോള്‍ പോലെയല്ലേ ?¨
- ഷഹബാസ് അമന്‍¨

 അതിങ്ങനെ വളര്ന്ന് വളന്ന് കൊണ്ടിരിക്കും. അതിന്റെ വളര്ച്ചയില്‍ അതിന്റെ ആരാധകര്ക്കും വളരാനാകട്ടെ.

 ഇല്ലാതായിപോകുന്ന പദങ്ങള്‍ കൊണ്ടും
 ഇല്ലാതായി പോകുന്ന ഭൂതക്കാലം കൊണ്ടും
 ഇല്ലാതായി പോകുന്ന ബലങ്ങള്‍ കൊണ്ടും
 വല്ലാതെയെങങ്ങ് വളര്ന്ന് പോകട്ടെ ഈ കളി
 കാല്‍പന്തുകളി

 Two Half Times in Hell എന്ന ഹംഗേറിയന്‍ സിനിമ കാണ്ടിരിക്കാനിടയില്ലാത്ത കാല്‍പ്പന്ത് പ്രേമികള്‍ ഉണ്ടാകില്ലായിരിക്കും; കാല്‌‌പന്ത് പ്രാന്തരാകട്ടെ തീര്ച്ചയായും കണ്ടിരിക്കേണ്ട സിനിമയാണത്.

 ഈ ലോകക്കപ്പ് ഫൈനല്‍ നമ്മുടെ വളര്ച്ചയെ കൂടെ അടയാളപ്പെടുത്തട്ടെ. വംശീയതയും ലൈംഗീകതയും കലര്ന്ന തമാശകള്‍ ഇല്ലാത്ത ഒരു ഫൈനല്‍, നമ്മള്‍ ഒരു മില്ലിമീറ്റര്‍ കൂടെ വളരുന്നതിന്റെ ഫൈനല്‍ എല്ലാവര്ക്കും ആശംസിക്കുന്നു. 

Bend it Like Beckham ന്റെ കൂടെ ചേര്ത്ത് ആസ്വദിക്കുക.
 ആര്പ്പ്