Sunday, August 09, 2015

ആമവേഗം



അക്കൊല്ലവും   ആമയും-മുയലും   ഓട്ടപന്തയമത്സരത്തില്‍ ടോറു ആമ ജയിച്ചു [1]. പക്ഷേ, സമ്മാനം   വാങ്ങാന്‍ നില്‍ക്കുമ്പോള്‍ ടോറുവിനോരു സന്തോഷവും   ഇല്ലായിരുന്നു. തലകുനിച്ച്, ആകെ സങ്കടത്തില്‍ നില്ക്കുന്ന ടോറുവിനെ കണ്ട്  പാപ്പുക്കുട്ടി ചോദിച്ചു;

¨എന്തു പറ്റി ടോറു? ജയിച്ചീട്ടും   നിനക്കൊരു സന്തോഷവുമില്ലല്ലോ?¨

സങ്കടം  കൊണ്ട് തൊണ്ടയിടറി ടോറു പറഞ്ഞു,

¨എല്ലാവരും   പറയുന്നു പാപ്പു, ഓട്ടപന്തയത്തില്‍ ജയിച്ചത് ഞാനാണെങ്കിലും  വേഗക്കാരന്‍  മോട്ടു മുയലാണത്രേ! അവള്‍ ഉറങ്ങി പോയതുകൊണ്ട്  മാത്രമാണത്രേ ഞാന്‍ ജയിച്ചത്. എനിക്കൊരിക്കലും   വേഗക്കാരിയാകാന്‍ പറ്റില്ലേ പാപ്പു? ¨

മുയല്‍ വേഗക്കാരനാണെന്നു പാപ്പുക്കുട്ടിയ്ക്കുമറിയാം. അമ്മിച്ചി പറഞ്ഞുതന്ന കഥയിലും ആമ ജയിക്കുന്നത് മുയല്‍ ഉറങ്ങി പോയതുകൊണ്ടാണ്.  അല്ലെങ്കില്‍  തീർച്ചയായും  മുയല്‍ ജയിച്ചേനേ. അങ്ങനെയാണെങ്കില്‍ ടോറുവിനു  ഒരു വേഗക്കാരിയാവാന്‍  പറ്റില്ലേ? പാപ്പു തല പുകഞ്ഞാലോചിച്ചു. അതിനുത്തരം  കണ്ടുപിടിക്കണമെങ്കില്‍ വേഗത എന്താണെന്നു അറിയണം. ആരോടാ ഒന്നു ചോദിക്കുക? പെട്ടന്ന്  ടര്‍ബോ  ഒച്ചിനെ പാപ്പുവിനു ഓര്‍മ്മ വന്നു. കഴിഞ്ഞ കൊല്ലം   കാറോട്ടാത്തില്‍ ഗയ് ഗാഗ്‌‌നെ തോല്‍പ്പിച്ച വേഗതയുടെ പര്യായമായി പറിയ ടര്‍ബോ പാപ്പുവിന്റെ  ഫേസ് ബുക്ക് കൂട്ടുകാരനാണ്. പാപ്പു ടോറുവിനോട്  പറഞ്ഞു,

¨ടോറു, നീ വിഷമിക്കേണ്ടടീ. ടര്‍ബോയില്ലേ, ടര്‍ബോ ഒച്ച്.. കഴിഞ്ഞ കൊല്ലം  ഏറ്റവും  വേഗത്തില്‍ കാറോടിച്ച് ജയിച്ച ടര്‍ബോ, അവന്‍ എന്റെ  കൂട്ടുകാരനാ.. ഞാനവനോട്  ചോദിച്ചീട്ട് നാളെ പറയാം. കേട്ടോ..

എന്നീട്ട് ടോറുവിന്റെ മറുപടി കേള്‍ക്കാന്‍ നില്‍ക്കാതെ പാപ്പു വേഗത്തില്‍ ഒറ്റ ഓട്ടം   വച്ചു കൊടുത്തു. വീട്ടില്‍ ചെന്ന് അമ്മിച്ചിയുടെ മൊബൈല്‍ നിന്ന് ടര്‍ബോയ്ക്ക് ഇ-കത്തയച്ചു.

പ്രിയ ടര്‍ബോ,

നീയാണല്ലോ ഇപ്പോള്‍ ലോകത്തിലെ വലിയ വേഗതക്കാരന്‍. എന്താണു വേഗതയെന്നു എന്നെ പഠിപ്പിച്ചു തരുമോ? എന്റെ കൂട്ടുകാരി ടോറുവിനു പറഞ്ഞു കൊടുക്കാനാണ്.  അവള്‍ വലിയ ഓട്ടക്കാരിയാണ്. എല്ലാ കഥയിലും  ആമയും  മുയലും   മത്സരത്തില്‍ അവളാണ് ജയിക്കുക. പക്ഷേ വേഗത മുയലിനാണ്. അടുത്ത കൊല്ലമെങ്കിലും   അവള്‍ക്ക് വേഗത്തില്‍ ഓടി ജയിക്കണം.  

എന്ന്,
സ്നേഹത്തോടെ പാപ്പു  

കത്തയച്ചതിനു ശേഷം  പാപ്പുവിനാകെ വെപ്രാളമാണ്. എന്താണ് ടര്‍ബോ മറുപടി എഴുതുക? വേഗത എന്താണെന്നു പോലും  അറിയാത്ത ഒരു മണ്ടനാണ് പാപ്പു എന്ന് എഴുതുമോ? അതോ മറുപടി അയക്കാതിരിക്കുമോ? ഇതൊക്കെ ആലോചിച്ച് പാപ്പും   അങ്ങോട്ടും  ഇങ്ങോട്ടും  വേഗം  വേഗം നടക്കാന്‍ തുടങ്ങി.

പെട്ടന്ന് മൊബൈലില്‍ ടര്‍ബോയുടെ  പടം   തെളിഞ്ഞു. ടര്‍ബോ ഇത്ര വേഗം  മറുപടി അയച്ചോ! പാപ്പു ആകാംഷയോടെ  അത് തുടന്ന്  നോക്കി. ടര്‍ബോ എഴുതിയിരിക്കുന്നു;
പ്രിയപ്പെട്ട പാപ്പു,

സ്ഥാന ചലനത്തിന്റെ തോതാണ് വേഗത. അതായത് ഒരാള്‍ അല്ലെങ്കില്‍ ഒരു  വസ്തു സഞ്ചരിക്കുന്ന ദൂരത്തെ സമയം   കൊണ്ട് ഹരിച്ചാല്‍ കിട്ടുന്നതെന്തോ അതാണു വേഗത. വലിയ ദൂരം   ചെറിയ  സമയം   കൊണ്ട് പിന്നിടുന്ന ആളാണു വേഗക്കാരി.
വേഗത = ദൂരം ÷  സമയം   


ദൂരത്തിന്റെ അളവുകളാണ്, മൈല്‍, മീറ്റര്‍, കിലോ മീറ്റര്‍, മുതലായവ. സമയത്തിന്റെ അളവുകള്‍  സെക്കന്റ്, മിനിട്ട് , മണിക്കൂര്‍ എന്നിവയാണ്. എന്റെ പഴയ വേഗത  മണിക്കൂറില്‍ വെറും   0.03 മൈല്‍ ആയിരുന്നു. ഇപ്പോള്‍ ഞാനും  എന്റെ കാറിന്റെ  ശരീരവും   ചേര്‍ന്ന് മണിക്കൂറില്‍ ഏകദേശം   220 മൈല്‍ ആണു. ഒരു നാട്ടുമുയലിന്റെ ശരാശരി വേഗത മണിക്കൂറില്‍ ഏതാണ്ട്   35 മൈല്‍ ആയിരിക്കും. പാപ്പു വേഗം   നടന്നാല്‍ ഒരു മണിക്കു കൊണ്ട് ഏതാണ്ട് 2 മൈല്‍ നടക്കാന്‍ പറ്റുമായിരിക്കും.
നിന്റെ ടോറുവിനോട് നന്നായി പരിശീലനം   ചെയ്യാന്‍ പറയണം. വേഗത = ദൂരം   ഹരണം   സമയം   എന്ന്  പറഞ്ഞല്ലോ.  ഒരു നിശ്ചിത ദൂരം   ദിവസവും  ഓടി  ആ ഓട്ടത്തിന്റെ സമയം കുറച്ച്  കൊണ്ട് വരണം.  അങ്ങനെ സമയം   കുറഞ്ഞ് വരുമ്പോള്‍ ടോറുവും   വേഗക്കാരി ആകും. നിത്യാഭ്യാസി ആനയെ എടുക്കും   എന്നല്ലേ നിങ്ങളൂടെ നാട്ടിലെ ചൊല്ല്. ടോറുവിനു വിജയാശംസകള്‍ നേരുന്നു.
                                എന്ന് സ്വന്തം   
                                ടര്‍ബോ

പാപ്പു ഉടനെ തന്നെ ടോറുവിനെ കാണാന്‍ വേഗത്തില്‍ ഓടി.  ഓടുമ്പോള്‍ പറഞ്ഞ് കൊണ്ടേയിരുന്നു, വേഗത സമം ദൂരം   ഹരണം സമയം..  വേഗത സമം ദൂരം   ഹരണം സമയം.. .  വേഗത സമം ദൂരം   ഹരണം സമയം..

ടോറുവിനെ കണ്ട ഉടന്‍ ഒറ്റ ശ്വാസത്തില്‍ പാപ്പു പറഞ്ഞു

¨വേഗത സമം ദൂരം   ഹരണം സമയം അതായത് കൂടിയ ദൂരം  കുറഞ്ഞ സമയത്തില്‍  ഓടിയാല്‍ നീയാകും  ഓട്ടക്കാരി. നമ്മുടെ ടര്‍ബോയുടെ ഇപ്പോഴത്തെ വേഗത  എത്രയെന്നോ! മണിക്കൂറില്‍  220 മൈല്‍! നിന്റെ ഇപ്പോഴത്തെ വേഗത എത്രയാണെന്നു നമുക്ക് നോക്കാം. നീ അടുത്ത ഒരു മണിക്കൂര്‍ ഓടണം ഞാന്‍ സമയം  നോക്കാം.¨

പാപ്പൂ  പറഞ്ഞ് നിര്‍ത്തി.
കേട്ടപാതി, കേൾക്കാത്ത പാതി ടോറു ആമ ഓട്ടം തുടങ്ങി. ഓട്ടത്തിനിടയില്‍ ഇടയ്ക്കിടെ പറഞ്ഞു കൊണ്ടിരുന്നു.

വേഗത സമം ദൂരം   ഹരണം സമയം.. വേഗത സമം ദൂരം   ഹരണം സമയം .. വേഗത സമം ദൂരം   ഹരണം സമയം ..

ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അവര്‍ ആ ദൂരം  അളന്ന് നോക്കി. 300 മീറ്റര്‍.  അതായത് 0.3 കി.മി.  ഒരു മൈല്‍ എന്നാല്‍ ഏകദേശം   1.6 കി.മി. അപ്പോള്‍ ടോറുവിന്റെ വേഗത മണിക്കൂറില്‍ കഷ്ടിച്ച്  0.2 മൈല്‍!
ഇതു കണ്ട് പാപ്പു പറഞ്ഞു,

¨നീ ഓട്ടക്കാരിയാണെന്കിലും   എനിക്കാണു വേഗത എനിക്ക്  ഒരു മണിക്കൂര്‍ കൊണ്ട് 2 മൈല്‍  നടക്കാന്‍ പറ്റും  മോട്ടു മുയലിനു 35 മൈലും. നീ നന്നായി പരിശീലിച്ചാലെ ഞങ്ങളെ വെട്ടിച്ച് ഒന്നാമതെത്താന്‍ പറ്റൂ. ¨   

ഇത് കേട്ടതെ അടുത്ത വര്‍ഷമാകുമ്പോഴേക്കും   തനിക്ക് പാപ്പുവിനെയെന്കിലും  വേഗതയില്‍ തോല്പ്പിക്കണം  എന്ന ഉറച്ച  തീരുമാനവുമായി, ´ വേഗത സമം ദൂരം   ഹരണം സമയം. . വേഗത സമം ദൂരം   ഹരണം സമയം..´ എന്ന് വേഗം വേഗം   മനസ്സില്‍ പറഞ്ഞ് കൊണ്ട് ടോറു പരിശീലന മൈതാനത്തിലേക്ക് വേഗതയില്‍  നടന്നു. 

[1]ഈസോപ്പുകകള്‍ ഗുണപാഠ കഥകള്‍ ആണ്. ഈസോപ്പുകഥയിലെ ആമയും മുയലും കഥയാണു ഇവിടെ സൂചന. മുയല്‍ ഉറങ്ങി പോകുന്നത് കൊണ്ട് ആമ ജയിക്കുന്നതാണു കഥാസാരം. മെല്ലെ തിന്നാല്‍ മുള്ളും തിന്നാം എന്നതാണ് ആ കഥയുടെ ഗുണപാഠം
[2]ടര്‍ബോ - 2013 ഇല്‍ ഇറങ്ങിയ ആനിമേഷന്‍ സിനിമയാണു. ഒരു ഒച്ച് താന്‍ ലോകത്തിലെ ഏറ്റവും വേഗതയേറിയ ഓട്ടക്കാരന്‍ ആകുന്നത് സ്വപ്നം കാണുന്നതും ഒരു അപകടത്തില്‍ സംഭവിക്കുന്ന ജീന്‍ മ്യൂട്ടേഷന്‍ വഴി കാറിന്റെ രൂപത്തിലായി വലിയ ഓട്ടക്കാരനാകുന്നതും അവസാനം കാറോട്ട്ത്തിലെ ചാമ്പ്യനാകുന്നതുമാണു കഥാതന്തു. സാധിക്കുമെന്കില്‍ സി.ഡി എടുത്ത് സിനിമ കാണുക.
https://en.wikipedia.org/wiki/Turbo_(film) 

[3]ഏറ്റവും വേഗതയേറിയ ജീവി പെരിഗ്രിന്‍ പരുന്താണു - മണിക്കൂറില്‍ 200 മൈലിനു മുകളില്‍. ഒരു പുള്ളി പുലിയുടെ വേഗത മണിക്കൂറില്‍ ശരാശരി 70 മൈലാണ്. മുയലിന്റെ വേഗത മണിക്കൂറില്‍ 35 മൈലും ആമയുടേത് മണിക്കൂറില്‍ 0.17 മൈലാണു. എന്നാല്‍ ഏറ്റവും വേഗതയേറിയ കാറ് മണിക്കൂറില്‍ ഏതാണ്ട് 270 മൈല്‍ സഞ്ചരിക്കും