Friday, October 12, 2007

സിസ്റ്റര്‍ അന്ന ബാരറ്റിന്റെ സാരി

റോസി മോളേ,

നിന്റെ നാഗവള്ളി ഓട്ടുമ്പുറം നിറയെ പൂത്തുകിടക്കുന്നു. മഴ ഉള്ളത് കൊണ്ട് അവ പെട്ടെന്ന് കൊഴിയുന്നു.എപ്പോഴുമതേ നാഗവള്ളി പൂക്കുമ്പോള്‍ ഒരു മഴയുണ്ട്. അതോടെ അതിന്റെ തിളക്കമൊക്കെ പോയി ചാ‍ഞ്ഞ് കിടക്കും. ഇനി വെയിലുദിക്കണം എല്ലാം തലപ്പൊക്കണമെങ്കില്‍. ഈ ആഴ്ചയും നീ വന്നില്ലെങ്കില്‍ ഇത്തവണയും നിന്റെ പൂക്കളെ കാണാന്‍ പറ്റില്ല. വള്ളി റോസായില്‍ ഇത്തവണ അമ്പത്തിമൂന്ന് പൂക്കളുണ്ടായി. പള്ളിയില്‍ പോണോരുടെ കയ്യീന്ന് അവയെ സംരക്ഷിക്കാനാണ് പാട്. ആ‍ ...പള്ളിടെ കാര്യം പറഞ്ഞപ്പോഴാ ഓര്‍ത്തെ, നമ്മുടെ അന്ന സിസ്റ്ററ് കേസ് ജയിച്ചു. ഇന്നലെ പള്ളിയില്‍ കണ്ടിരുന്നു, സാരിയുടുത്ത് തന്നെ. നീ വന്നാല്‍ മഠം വരെ ചെല്ലണമെന്ന് പറഞ്ഞു...

“നമ്മുടെ അന്ന സിസ്റ്ററ് കേസ് ജയിച്ചു.“ അമ്മയുടെ കത്തിലെ വരി റോസ്‌ലാന്റ് പിന്നേയും പിന്നേയും വായിച്ചു. സഭാവസ്ത്രത്തിനു പകരം സാരി ധരിക്കാന്‍ അനുവദിക്കണമെന്ന അപേക്ഷയ്ക്ക് ഉത്തരം കിട്ടാന്‍ സിസ്റ്റര്‍ക്ക് നടക്കേണ്ടി വന്നത് അഞ്ചുവര്‍ഷത്തിന്റെ ദൂരം! സൌമ്യഭാവത്തിന്റെ ദൃഢത എന്തെന്ന് മനസ്സിലാക്കിതരുന്ന മുഖത്ത് ശാന്തതയില്ലാ‍ത്ത കണ്ണുകള്‍. കാണരുതാത്തത് കാണുന്നു എന്ന ഭാവമായിരുന്നു എന്നും അവയ്ക്ക്. കാവി നിറമുള്ള ശിരോവസ്ത്രം മറയ്ക്കാത്ത ഭാഗത്തെ ചുരുണ്ട മുടി നരച്ച് തുടങ്ങിയിരിക്കുന്നു. കാവി സാ‍രിയില്‍, നീളന്‍ ബ്ലൌസില്‍ ഒരു കന്യാസ്ത്രീ രൂപം. റോസ്‌ലാന്റിന് ഉടന്‍ തന്നെ സിസ്റ്റര്‍ അന്ന ബാരറ്റിനെ കാണണം എന്ന് തോന്നി.

ട്രെയിന്‍ സമയം കഴിഞ്ഞിരിക്കുന്നു. അല്ലെങ്കിലും ഏകാന്തത ആഗ്രഹിക്കുന്ന ഇത്തരം യാത്രകളില്‍ സ്കൂട്ടറാണ് നല്ലത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ റോസ്‌ലാന്റിന്റെ ഏറ്റവും നല്ല സുഹൃത്തും ആ സ്കൂട്ടറായിരുന്നു; ഏറ്റവും കൂടുതല്‍ സംസാരിക്കുന്നതും അതിനോട് തന്നെ. സമയവും കാലവും നോക്കാതെയുള്ള അവളുടെ യാത്രകളില്‍ ഇതില്‍ കൂടുതല്‍ വിശ്വസ്തത മറ്റൊരു സുഹൃത്തിനും കാണിക്കാനാവില്ല. കവലകളിലെ കമന്റടികളേയും ഇരുണ്ടമൂലകളിലെ ഭയപ്പാടുകളേയും കുറിച്ച് സഹപ്രവര്‍ത്തകള്‍ ആകുലപ്പെടുമ്പോള്‍ റോസിയ്ക്കൊന്നും പറയാനില്ലാ‍തിരുന്നതിന് കാരണവും സ്കൂട്ടറായിരുന്നു. എങ്കിലും സൈക്കളില്‍ പോകുന്ന കൊച്ച് ആണ്‍‌കുട്ടി, സ്ത്രീയോടിക്കുന്ന സ്കൂട്ടറിനെ മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ അവളറിയാതെ ചിരിച്ച് പോകും. ആരെയാണ് ഈ ആണ്‍കുട്ടികള്‍ക്ക് തോല്‍പ്പിക്കേണ്ടത്? സ്ത്രീയേയോ? സ്കൂട്ടറിനേയോ? അതോ സ്കൂട്ടര്‍ ഓടിക്കുന്ന സ്ത്രീയേയോ? അന്ന സിസ്റ്ററിനോട് ഒരു സ്കൂട്ടര്‍ വാങ്ങാന്‍ പറയണം. നേരത്തെ ഇരുട്ട് വീഴുന്ന ഒക്ടോബര്‍ വൈകുന്നേരങ്ങളില്‍ കാണരുതെന്ന് ആഗ്രഹിക്കുന്ന കാഴ്ചകളും, കാതില്‍ വീഴരുത് എന്നാഗ്രഹിക്കുന്ന ചോദ്യങ്ങളും വളവുകളിലെ കലുങ്കില്‍ നിന്നും ഉയരുന്നുവെന്ന് കഴിഞ്ഞ തവണ കണ്ടപ്പോള്‍ സിസ്റ്റര്‍ വ്യാകുലപ്പെട്ടിരുന്നു. ചേരിയിലെ ജീവിതങ്ങള്‍ കഴുകിയെടുക്കാന്‍ പോയ കന്യാ‍സ്ത്രീ അവരിലൊരാളാവാന്‍ ഉടുപ്പിന്റെ വെണ്മ ഉപേക്ഷിച്ച് സാരി വേണമെന്ന് ആഗ്രഹിക്കുന്നതിന്റെ സാംഗത്യം മനസ്സിലാക്കാന്‍ കഴിയാത്ത ഇടവക കുഞ്ഞാടുകളെ കേട്ടില്ലെന്ന് നടിക്കൂ എന്ന് പറഞ്ഞ് സമാധാനിപ്പിച്ചു. കേട്ടില്ല എന്ന് നടിക്കുന്നതിനേക്കാള്‍ എളുപ്പം കേള്‍ക്കാതിരിക്കുന്നതാണ്.

റോസ്‌ലന്റിന്റെ പ്രീഡിഗ്രി അദ്ധ്യാപിക ആയിരുന്നു സിസ്റ്റര്‍ അന്ന ബാരറ്റ്. ബര്‍ണാഡ് ഷായേയും സില്‍‌‌വിയാപ്ലാത്തിനേയും പഠിപ്പിക്കുനതിനു പകരം പെണ്‍കുട്ടികള്‍ ‍ജീവിതത്തെ എങ്ങിനെ നേരിടണം എന്ന് സിസ്റ്റര്‍ പഠിപ്പിച്ചു. അന്ന് മുതലുള്ള പരിചയം സൌഹൃദമായത് വേദപാഠസ്കൂളിലെ അദ്ധ്യാപികയായി റോസിയും ചേര്‍ന്നതു മുതലാണ്. എട്ടാം ക്ലാസ്സില്‍ സഭാചരിത്രം പഠിപ്പിക്കുന്ന റോസിയും ഒന്നാം ക്ലാസ്സില്‍ വിശ്വാസത്തിന്റെ അടിസ്ഥാനങ്ങള്‍ പഠിപ്പിക്കുന്ന അന്ന സിസ്റ്ററും. കുഞ്ഞു മനസ്സിന്റെ നിഷ്കളങ്കതയിലേയ്ക്ക് അടിസ്ഥാനമില്ലാത്ത വിശ്വാസങ്ങള്‍ കോരിയൊഴിച്ച് കൊടുക്കുന്ന സിസ്റ്ററെ കാത്തിരിക്കുന്നത് നരകമാണെന്ന് റോസി തമാശ പറഞ്ഞപ്പോള്‍ അടിസ്ഥാനമിട്ട് പഠിപ്പിച്ച വിശ്വാസങ്ങള്‍ക്ക് മേല്‍ സഭാചരിത്രത്തിലെ സംശയവിത്തുകള്‍ പാകി അവരെ ചെകുത്താനും കടലിനും ഇടയിലാക്കുന്നവരെ കാത്തിരിക്കുന്നതും നരകം തന്നെ എന്ന് സിസ്റ്റര്‍ തിരിച്ചടിച്ചു. പക്ഷേ നരകത്തിലും ദൈവത്തെ കുറിച്ച് പഠിപ്പിക്കാനായിരിക്കും ശിക്ഷ എന്ന പറഞ്ഞ് നടന്നകന്ന സിസ്റ്ററുടെ സാരി ഞൊറിവുകള്‍ക്കിടയില്‍ ഒളിച്ചിരുന്ന ചോദ്യങ്ങള്‍ റോസിയെ നോക്കി തലയാട്ടി.

വടക്കെ ഇന്ത്യയിലെ മഠത്തിലേയ്ക്ക് പോകണ്ടി വന്ന സാഹചര്യത്തിലാണ് അന്ന സിസ്റ്റര്‍ സഭാവസ്ത്രമായ ഉടുപ്പ് മാറ്റി കാവി സാരിയണിഞ്ഞത്. സിസ്റ്ററുടെ ചേരിപ്രവര്‍ത്തനങ്ങളെ അസഹിഷ്ണുതയോടെ നോക്കിയ മഠത്തിന്റെ ശിക്ഷാനടപടിയായിരുന്നു സ്ഥലം മാറ്റം. പ്രാര്‍ത്ഥനയാണ് പ്രവര്‍ത്തനം എന്ന് പറയുന്നൊരു കോണ്‍ഗ്രിഗേഷനില്‍ പ്രവര്‍ത്തനമാണ് പ്രാര്‍ത്ഥന എന്ന് പറയുന്നൊരു കന്യാസ്ത്രീ അധികപറ്റായിരുന്നു. എന്നാല്‍ തിരിച്ചു വന്ന സിസ്റ്റര്‍ ചേരി പ്രവര്‍ത്തനം നിര്‍ത്തിയില്ല എന്ന് മാത്രമല്ല സാരിയുപേക്ഷിക്കാനും തയ്യാറായില്ല.

സഭാവസ്ത്രത്തോടൊപ്പം തദ്ദേശവസ്ത്രവും ധരിക്കാന്‍ വത്തിക്കാന്‍ അനുവദിക്കുന്നുണ്ടെന്നായിരുന്നു സിസ്റ്ററുടെ വാദം. വെളുത്ത ഉടുപ്പിട്ട് മാലാഖയെപ്പോലെ വരുന്ന കന്യാസ്ത്രീകളോട് ഉള്ളതിനേക്കാള്‍ വളരെ കൂടുതല്‍ അടുപ്പം തങ്ങളുടെ വേഷമിട്ട് തങ്ങളില്‍ ഒരുവളെ പോലെ വരുന്നവരോട് സാധാരണ ജനത്തിനുണ്ടാകുമെന്ന് സിസ്റ്റര്‍ വിശ്വസിച്ചു. മദര്‍ തെരെസ കൊല്‍ക്കൊത്താ തെരുവുകളില്‍ പ്രവര്‍ത്തിക്കാന്‍ തോട്ടികളുടെ വേഷം തിരഞ്ഞെടുത്തുവെന്നത് സിസ്റ്ററുടെ വിശ്വാസങ്ങളെ സാധൂകരിച്ചു. എന്നാല്‍ സാധാരണ ജനങ്ങളുടെ ഇടയില്‍ കൂടി കലരാനല്ല തങ്ങള്‍ മഠത്തില്‍ വന്നതെന്ന് ഉറച്ച് വിശ്വസിച്ച മഠാധിപകള്‍ സിസ്റ്ററെ എതിര്‍ത്തു. സഭാകോടതിയില്‍ കേസിനു പോകാന്‍ പ്രേരിപ്പിച്ചത് റോസ്‌ലാന്റാണ്. പക്ഷേ പകുതി വഴിയില്‍ സിസ്റ്ററെ ഉപേക്ഷിച്ച് അവള്‍ ഉപരിപഠനത്തിനു പോയി. കേസിനിടയ്ക്ക് വച്ച് തന്നെ സഭാവസ്ത്രം ധരിക്കാന്‍ സിസ്റ്റര്‍ നിര്‍ബന്ധിതയായിരുന്നു. ഇന്നിപ്പോള്‍ അഞ്ച് വര്‍ഷം നീണ്ടു നിന്ന നിയമയുദ്ധം അവസാനിച്ചിരിക്കുന്നു. പള്ളിയില്‍ സാരിയുടുത്ത സിസ്റ്ററെ കണ്ടു എന്ന വാചകം ഓര്‍ത്ത് അവള്‍ നെടുവീര്‍പ്പിട്ടു.

കേസുകൊടുക്കാന്‍ പ്രേരിപ്പിച്ച്, അന്ന സിസ്റ്ററുടെ ആശയങ്ങ‍ളെ സ്നേഹിച്ച്, കൂടെ ഉണ്ടായിരുന്ന കാലമത്രയും വലിയൊരു താങ്ങായി നിന്ന റോസ്‌ലാന്റ് പക്ഷേ ഏറ്റവും വെറുത്തിരുന്ന വേഷമായിരുന്നു സാരി. അഞ്ചര മീറ്ററിന്റെ തടവറ എന്നാണ് അവള്‍ സാരിയെ വിശേഷിപ്പിച്ചത്. വേദപാഠക്ലാസ്സില്‍ ചുരിദാറിട്ട് വന്നിരുന്ന ഏക അദ്ധ്യാപിക റോസ്‌ലാന്റായിരുന്നു.

“എന്നുമുതലാണ് സാരി തദ്ദേശ വസ്ത്രമായത്? എന്ന് മുതലാണ് കേരള നസ്രാണികള്‍ സാരി ധരിക്കാന്‍ തുടങ്ങിയത്? മുണ്ടും കുപ്പായവും ആയിരുന്നു ഇന്നും നസ്രാണി വേഷമെങ്കില്‍ സിസ്റ്ററ് സഭാവസ്ത്രത്തിനു പകരം മുണ്ടും കുപ്പായവും ധരിക്കണമെന്ന് വാശി പിടിക്കുമായിരുന്നോ?“

സിസ്റ്റര്‍ അന്ന ചിരിച്ചതേയുള്ളൂ. അല്ലെങ്കിലും അത്തരം ചോദ്യങ്ങള്‍ക്കൊന്നും ഒരു മറുപടി റോസ്‌ലാന്റും പ്രതീക്ഷിച്ചിരുന്നില്ല. എത്ര അടക്കിപിടിച്ചാലും എന്നെങ്കിലും പുറത്തുവരുമായിരുന വാക്കുകള്‍ മാത്രമായിരുന്നു അവ.

റോസ്‌ലാന്റിന്റെ മനസ്സില്‍ സാരി മരണത്തേയും അസ്വാതന്ത്ര്യത്തേയും പ്രതീകവത്കരിച്ചു. സ്കൂട്ടര്‍ ചക്രങ്ങള്‍ക്കിടയില്‍ സാരി കുരുങ്ങി അപകടമരണപ്പെട്ട വല്യമ്മയും വല്യപ്പനും, സ്വന്തം സാരിയില്‍ തൂങ്ങി ജീവിതം തീര്‍ത്ത ചേച്ചി, അടിപ്പാവടയുടുത്ത് കയ്യില്‍ ചുരുട്ടി കിട്ടിയ സാരിയുമായി തിരക്കുള്ള ബസ്സില്‍ നിന്നറങ്ങി വരുന്ന നിസ്സഹായയായ യുവതി, ആദ്യമായി സാരിയുടുത്തപ്പോള്‍ രണ്ട് ഡസന്‍ സേഫ്റ്റിപിന്നുപയോഗിച്ചു എന്ന് പറഞ്ഞ ക്ലാസ്മേറ്റ് തുടങ്ങി അനേകം ചിത്രങ്ങള്‍ ഉപബോധമനസ്സില്‍ തീര്‍ത്ത കൊളാജ് അവളുടെ ബോധമനസ്സിനെ വല്ലാതെ സ്വാധീനിച്ചിരുന്നു. അയഞ്ഞു തൂങ്ങിയ ചുരിദാറില്‍ അവള്‍ തന്റെ സ്വാതന്ത്ര്യം കണ്ടെത്തി.

കഴിഞ്ഞ തവണ കണ്ടപ്പോള്‍ സിസ്റ്റര്‍ അന്ന കൂടുതല്‍ വികാരപരമായി സംസാരിച്ചിരുന്നു.

“ഉത്തരേന്ത്യയില്‍ കന്യാസ്ത്രീ കൂട്ടങ്ങള്‍ ഒറ്റപ്പെട്ട് പോകാതിരിക്കാന്‍ ഉടുപ്പിനു പകരം സാരി ധരിക്കേണ്ടത് അത്യാവശ്യമായിരുന്നു. ശിരോവസ്ത്രം പോലും ഇടാതെയാണ് അവിടെ ജീവിച്ചിരുന്നത്.“ തന്നോട് തന്നെ സംസാരിക്കുകായിരുന്നവര്‍.

“തിരിച്ചു വന്നപ്പോള്‍ നാട്ടിലെ പ്രവര്‍ത്തനത്തിലും ഉടുപ്പിന്റെ ദിവ്യത്വം ഒഴിവാക്കി സാധാരണ സ്ത്രീയെ പോലെ ആയി കൂടെ എന്ന ചോദ്യമായിരുന്നു.“ സിസ്റ്റര്‍ ശബ്ദം പതറാതിരിക്കാന്‍ പാടുപെടുന്ന പോലെ.

“കന്യാസ്ത്രീ ഒരു സാധാരണ സ്ത്രീ!!“ റോസ്‌ലാന്റ് ആശ്ചര്യം മറച്ച് വയ്ക്കാതെ പിറുപിറുത്തു. എന്നെങ്കിലും സമൂഹത്തിനങ്ങനെ കരുതാനാകുമോ? കന്യാസ്ത്രീയ്ക്ക് ആര്‍ത്തവമുണ്ടാകില്ല, ഭാഗ്യവതികള്‍ എന്ന് വിശ്വസിച്ചിരുന്ന ഒരമ്മയുടെ മകളായ താന്‍ എത്രയോ കാലം വിശ്വസിച്ചിരുന്നു കന്യാത്രീകള്‍ക്ക് മുലകളില്ലെന്ന്. ഒരുപക്ഷേ പഴയ കാരണവമനസ്സുള്ള അപ്പാപ്പന്‍ മാത്രമാവും കന്യാസ്ത്രീകളെ സാധാരണസ്ത്രീകളായി കാണാന്‍ ആഗ്രഹിച്ചത്, “കന്യാസ്ത്രികള്‍ക്കെന്തിനാടോ പോക്കറ്റുള്ള ഉടുപ്പ്“ എന്നത് അപ്പാപ്പന്റെ പ്രശസ്തമായ ചോദ്യമായിരുന്നു.

“പിന്നീട് കേസ് കൊടുക്കാന്‍ തീരുമാനിച്ചപ്പോള്‍ സാരിയിലൂടെ തിരിച്ചു കിട്ടാന്‍ പോകുന്ന സ്ത്രീത്വമായിരുന്നു എന്റെ സ്വപ്നം.“ സ്വപ്നം ചോര്‍ന്ന് പോകാതിരിക്കാനെന്നോണം സിസ്റ്റര്‍ കണ്ണുകള്‍ ഇറുകെ അടച്ചു.

“നിങ്ങളുടേതൊരു വിഡ്ഢിസ്വപ്നമാണ്. ഒരു സാരികൊണ്ടൊന്നും തിരിച്ചു കിട്ടാന്‍ പോകുന്നതല്ല സ്ത്രീത്വം. അഥവാ ഒരു സാരിയിലൂടെ സ്ത്രീത്വ പ്രതിഛായ പതിച്ചു തരാന്‍ സമൂഹം തയ്യറായാല്‍ തന്നെ ഒരു സാധാരണ സ്ത്രീയില്‍ നിന്നും സമൂഹം ആവശ്യപ്പെടുന്ന വലിയൊരു വില നിങ്ങള്‍ കൊടുക്കേണ്ടി വരും. "നിങ്ങള്‍ക്ക് സാരി വേണ്ടാ, ഉടുപ്പ് തന്നെയാണ് നല്ലത്.“

ഗേറ്റില്‍ നിന്നും ഏറെ ഉള്ളിലായി സമീപത്തെ എല്ലാ ഒച്ചയനക്കങ്ങളില്‍ നിന്നും ഒറ്റപ്പെട്ട് കിടക്കുന്ന മഠം. മുള്ള് കമ്പികളും കുപ്പിചില്ലുകളും പാകിയ പൊക്കമുള്ള മതില്‍ എല്ലാക്കാലത്തും ഒരു തടവറയെ ഓര്‍മ്മിപ്പിച്ചു. ഒരിക്കലും തുറന്ന് കണ്ടിട്ടില്ലാത്ത വലിയ ഗേറ്റും തുറന്നു കിടക്കുന്ന നൂണ്ടിറങ്ങാന്‍ പാകത്തിലുള്ള ‍സൈഡ് ഗേറ്റും. കനത്ത താഴിട്ട് പൂട്ടിയ ആ ഗേറ്റ് കാണുമ്പോള്‍ വലിയ ഗേറ്റിലൂടെ മാത്രം കടക്കാനാവുന്ന വലിയൊരു കള്ളന്‍ ആര് എന്ന ചോദ്യമാണ് റോസിയുടെ മനസ്സില്‍. മഠത്തില്‍ സിസ്റ്റര്‍ എത്തിയിരുന്നില്ല.

റോസ്‌ലാന്റ് സ്ലം സര്‍വീസ് സെന്ററില്‍ എത്തുമ്പോള്‍ സിസ്റ്റര്‍ തിരിച്ച് പോരാന്‍ ഒരുങ്ങുകയായിരുന്നു.

“ഇന്നെങ്കിലും റോസിയെ കണ്ടിരുന്നെങ്കില്‍ എന്ന് ഞാന്‍ വെറുതെ ഓര്‍ത്തിരുന്നു.“ സ്കൂട്ടറില്‍ കയറുമ്പോള്‍ സിസ്റ്റര്‍ പറഞ്ഞത് വെറുംവാക്കല്ലെന്ന് റോസ്‌ലാന്റിനു തോന്നി.“റോസീ, നിന്റെ വാക്കുകള്‍ക്ക് എപ്പോഴുമൊരു പ്രവചനഭാവമാണ്.“ അകത്തെ ശ്യൂന്യത മറച്ച് വയ്ക്കാത്ത സ്വരത്തില്‍ അവര്‍ പറയാന്‍ തുടങ്ങുന്നതെന്തെന്ന് റോസിയ്ക്ക് മന്നസ്സിലായില്ല.

“സാരിയില്‍ സ്ത്രീത്വം പതിച്ചു തന്ന സമൂഹം ഇപ്പോള്‍ അതിന്റെ വില ആവശ്യപ്പെട്ട് തുടങ്ങിയിരിക്കുന്നു. വളവിലെ കലുങ്കിന്റെ ഇരുണ്ട മൂലകളെ കുറിച്ച് ഞാന്‍ പറഞ്ഞിരുന്നില്ലേ? അത്തരം ഇരുണ്ട മൂലകള്‍ ചേരിക്കകത്തും ഉണ്ടായി കൊണ്ടിരിക്കുന്നു. “

“അത് പ്രവചനമായിരുന്നില്ല, അനുഭവം പറയിച്ചതായിരുന്നു. സാധാരണ സ്ത്രീയാകാന്‍ ആഗ്രഹിച്ചവള്‍ സാധാരണ സ്ത്രീയുടെ പ്രശ്നങ്ങളും അഭിമുഖീകരിക്കണം.“ റോസിയുടെ സ്വരം നിര്‍വികാരമായിരുന്നു.

സിസ്റ്ററുടെ കണ്ണുകളിലെ അശാന്തത ഇപ്പോ‍ള്‍ വ്യക്തമായി തിരിച്ചറിയാം. ഇതുവരെ കണ്ടിട്ടില്ലാത്ത, ഇനി ഒരിക്കലും കാണരുതായിരുന്ന, മുക്കുകളും മൂലകളും ജീവീതത്തില്‍ മറ നീക്കി വെളിച്ചപ്പെട്ടുകൊണ്ടിരിക്കുന്നു. അവരെ അത് പേടിപ്പിക്കുന്നത് പോലെ.

വേദന കല്ലിച്ച സ്വരത്തില്‍ സിസ്റ്റര്‍ പിറുപിറുക്കുന്നുണ്ട്. വണ്ടികള്‍ കടന്ന് പോകുന്ന ഇരമ്പലിനിടയിലെ ശാന്തതയില്‍ കുറച്ച് വാക്കുകള്‍ മാത്രം റോസി കേട്ടു.പകല്‍ സമായത്തും പൊതുസമൂഹത്തിലും തന്നിലെ സ്ത്രീത്വം അംഗീകരിക്കുന്നവര്‍ ഇരുളിന്റെ മറവില്‍ സൃഷ്ടിക്കപ്പെടുന്ന കലുങ്കുകളില്‍ ഇരുന്ന് അതേ സ്ത്രീത്വത്തിനെതിരെ ചോദ്യങ്ങളെറിയുന്നതും സ്ത്രീകള്‍ തങ്ങളുടെ സ്വകാര്യ സംഭാഷണങ്ങളില്‍ തന്റെ സാരിയെ കുറിച്ച് കുശുകുശുക്കുന്നതുമെല്ലാം സിസ്റ്റര്‍ക്കുള്ളില്‍ ഇതുവരെയില്ലതിരുന്ന അപകര്‍ഷതാബോധത്തിനു ഹേതുവായതുപോലെ. സമൂഹം തരുന്ന സ്ത്രീത്വം ഇത്ര വലിയ ഭാരമാണെന്ന് സിസ്റ്ററൊരിക്കലും ചിന്തിച്ചിട്ടില്ലായിരിക്കാം.

ഒരാള്‍ കന്യാസ്ത്രീയാവാന്‍ തീരുമാനിക്കുമ്പോള്‍ അവരെ ഭരിക്കുന്നതെന്തൊക്കെ വികാരങ്ങളായിരിക്കും? തന്നോട് തന്നെയുള്ള ചോദ്യങ്ങളില്‍ മുഴുകി റോസി വളരെ പതിയെ സ്കൂട്ടര്‍ ഓടിച്ചു. ഉറക്കെ കേട്ട ഹോണ്‍ ആണ് അവളുടെ ശ്രദ്ധയെ തിരിച്ചത്. പുത്തന്‍ ബൈക്കില്‍ ഒരു കൊച്ച് പയ്യന്‍ തിരിഞ്ഞ് നോക്കി കടന്ന് പോയി. മഠം എത്തുന്നവരെ രണ്ട് പേരും അവരവരുടെ ലോകത്ത് ചോദ്യങ്ങള്‍ ചോദിച്ചു. റോസിയുടെ ഒതുക്കിക്കെട്ടിയിരുന്ന മുടിയില്‍ നിന്ന് ചില ഇഴകള്‍ മാത്രം കാറ്റില്‍ പാറിച്ചെന്ന് അന്ന ബാരറ്റിന്റെ വലത്തേക്കവിളില്‍ മൃദുവായി തൊട്ടു കൊണ്ടിരുന്നു.

മഠത്തിന്റെ ഗേറ്റില്‍ റോസ്‌ലാന്റ് സ്കൂട്ടര്‍ നിറുത്തി.

“ഒരു സ്കൂട്ടര്‍ വാങ്ങാന്‍ പറയണം എന്ന് വഴിയില്‍ വച്ച് ഞാന്‍ ഓര്‍ത്തിരുന്നു.“

“നൂറ്റമ്പത് രൂപ മാസബത്തയുള്ള കന്യാസ്ത്രീ സ്കൂട്ടര്‍ വാങ്ങുക“, വലിയൊരു തമാശ പറഞ്ഞിട്ടെന്ന പോലെ സിസ്റ്റര്‍ അന്ന പൊട്ടിച്ചിരിച്ചു. സിസ്റ്റര്‍ പൊട്ടിച്ചിരിക്കുന്നത് കാണുന്നത് ആദ്യമാണ്! നിര്‍ത്തിയ സ്കൂട്ടറില്‍ ചാരി ചിരി നിര്‍ത്താതെ സിസ്റ്റര്‍ പറയുകയാണ്.

“റോസി, പുറത്തുള്ള സമൂഹത്തേക്കാള്‍ ഇരുണ്ടതാണ് അകത്ത്.“

റോസിയ്ക്കത് പുതിയ അറിവല്ല. കന്യാസ്ത്രീകള്‍ ഭയങ്കര പിശുക്കികളാണ് എന്ന് കൂട്ടുകാര്‍ പറയുമ്പോള്‍ റോസി വേദനിച്ചിരുന്നു. ശമ്പളപുസ്തകത്തില്‍ ഒപ്പിടുകയല്ലതെ ആ ശമ്പളം ഒരിക്കലും കണ്ടിട്ടില്ലാത്ത, നൂറ്റമ്പത് രൂപയുടെ മാസബത്തയില്‍ യാത്രാചിലവും, സോപ്പും, ചെരുപ്പും, വസ്തവുമടക്കം എല്ലാം ഉള്‍ക്കൊള്ളിച്ച് അറ്റം മുട്ടിക്കാന്‍ ശ്രമിക്കുന്ന, ഏറ്റവുമധികം അസമത്വം അനുഭവിക്കുന്ന കുറേ ജന്മങ്ങള്‍. വലിയൊരു ശതമാനത്തിനും പ്രാര്‍ത്ഥനയും, സേവനവും സമൂഹനിരാസത്തിനെടുക്കുന്ന പുറംപൂച്ചുകള്‍. ഇതിനിടയില്‍ നൂറ്റാണ്ടിലെപ്പോഴെങ്കിലും ഒരു മദര്‍തെരേസ ഉണ്ടാകുന്നു.

“പള്ളിയില്‍ കുര്‍ബാന ചൊല്ലാന്‍ സൌകര്യത്തിനു ചെന്നെത്താന്‍ അച്ചന്മാര്‍ക്ക് ഒരു ബൈക്ക് സ്വപ്നം കാണാം റോസി. പക്ഷേ ഒരു കന്യാസ്ത്രീയ്ക്ക് സ്വപ്നങ്ങളെല്ലാം വിലക്കപ്പെട്ട കനിയാണ്.“

റോസിയുടെ മനസ്സ് ശ്യൂന്യമായിരുന്നു. ഒന്നും പറയാതെ അവള്‍ അന്നയെ നോക്കി നിന്നു.

“എങ്കിലും ആ ഇരുണ്ട അകത്തേയ്ക്ക് തിരിച്ച് നടക്കുകയാണ് ഞാന്‍. ഒരു മുഴുവന്‍ സമൂഹത്തെ താങ്ങനുള്ള പക്വതയോ ഒരു സാധാരണ സ്ത്രീയാവാന്‍ വേണ്ട മനകരുത്തോ ഇനിയും എനിക്കായിട്ടില്ല. അതുണ്ടായിരുന്നെങ്കില്‍ ഞാനൊരിക്കലും ഒരു കന്യാസ്ത്രി ആകില്ലായിരുന്നു.“ ഇതു തന്നെയാണല്ലോ താനും ഇപ്പോള്‍ ചിന്തിച്ചത്. അന്നയെ കെട്ടിപിടിയ്ക്കണം എന്ന് തോന്നിയെങ്കിലും മഠത്തിന്റെ മതിലിനകത്തെ ഉറക്കം തൂങ്ങി മരങ്ങളിലേയ്ക്ക് നോക്കുകയാണ് റോസി ചെയ്തത്.

“ഇന്നത്തോടെ സാരി ഞാന്‍ ഉപേക്ഷിക്കുകയാണ്. സഭാവസ്ത്രത്തിന്റെ ദിവ്യത്വത്തിനെങ്കിലും എന്നെ രക്ഷിക്കാനായെങ്കില്‍..“

സൈഡ് ഗേറ്റ് നൂണ്ട് കടന്ന് സിസ്റ്റര്‍ അന്ന ബാരറ്റ് മഠത്തിലേയ്ക്കുള്ള വഴിയില്‍ നടക്കുന്നത് വലിയ ഗേറ്റിന്റെ ഇരുമ്പ് തീര്‍ത്ത കളങ്ങളിലൂടെ റോസ്‌ലാന്റ് നോക്കി നിന്നു.

വര: പരാജിതന്‍

Tuesday, July 17, 2007

സര്‍പ്പഗന്ധി

കെ. ആര്‍. നാരായണന്‍ പത്രത്താളുകളിലും ടി.വി സ്ക്രീനിലും നിറഞ്ഞപ്പോഴൊക്കെ ലീ‍ന സെബാസ്ത്യന്റെ മനസ്സില്‍ തെളിഞ്ഞത് കുമാരിയായിരുന്നു. രണ്ടുപേരുടേയും നനുത്ത മുഖത്തെ കണ്ണുകള്‍ക്ക് ഒരേ ആര്‍ദ്രത, പിന്നെ പതിഞ്ഞ ചിരിയും. ലീന സെബാസ്ത്യനെ സംബന്ധിച്ചിടത്തോളം നാരായണനെ കുറിച്ചുള്ള ഓരോ വാര്‍ത്തകളും, കുമാരിയുടെ വീടിന്റെ അടുക്കളയോട് ചേര്‍ന്ന് വളരുന്നുണ്ടെന്ന് ലീന വിശ്വസിച്ചിരുന്ന സര്‍പ്പഗന്ധിയുടെ ഇലകളും ചില്ലകളുമായിരുന്നു. കെ.ആര്‍ നാരായണന്‍ രാഷ്ട്രപതിയായപ്പോള്‍ ആ ചെടി പൂത്തെന്നും രാഷ്ട്രപതിയുടെ അധികാരങ്ങള്‍ ഉപയോഗിച്ച് വാര്‍ത്തകളില്‍ നിറഞ്ഞപ്പോള്‍ അത് കായ്ച്ചെന്നും ലീന സെബാസ്ത്യന്‍ സ്വപ്നം കണ്ടു.

നാരായണന്‍ ഉപരാഷ്ട്രപതിയായി വാര്‍ത്തകളില്‍ വന്നിരുന്ന സമയത്താണ് ലീന സെബാസ്ത്യന്‍ പത്താംക്ലാസ് ജയിച്ചത്. അന്നാളുകളില്‍ ലീനയുടെ വീട്ടിലെ ഊണുമേശ ചര്‍ച്ചകളില്‍ സ്ഥിരം കടന്നുവരാറുള്ള പേരായിരുന്നു കെ.ആര്‍. നാരായണന്‍. മുതിര്‍ന്നവരുടെ ചര്‍ച്ചകളില്‍ കേട്ട് കേട്ട് ലീനയ്ക്ക് ആ പേരിനോട് ഒരിഷ്ടം തോന്നി. ചേച്ചി വെള്ളായണിപച്ചയിലെ കാട്ടില്‍ നിന്നും കൊണ്ട് വന്ന് കൊടുത്ത സര്‍പ്പഗന്ധി ചെടി പൂ‍ത്തപ്പോള്‍ ലീന അതിനെ നാ‍രായണന്‍ എന്ന് വിളിച്ചു; തീയുടെ നിറമായിരുന്നു അതിന്റെ പൂക്കള്‍ക്ക്. ലീനയുടെ അന്ധവിശ്വാസ ശേഖരത്തിലെ ആത്മവിശ്വാസവും തീയുടെ നിറമുള്ള പൂക്കളായിരുന്നു.

കുഞ്ഞു കുഞ്ഞു അന്ധവിശ്വാസങ്ങള്‍ ഉപാധികളോ കാരണങ്ങളോ കൂടാതെ തന്നെ ലീനയുടെ കൊച്ച് മനസ്സിന്റെ ഭാഗമായിരുന്നു. സ്കൂളില്‍ പോകുന്ന വഴിക്ക് ചാണകത്തില്‍ ചവിട്ടിയാല്‍ അടി കിട്ടുമെന്നും പരിഹാരമായി പൊട്ടിച്ചെടിയുടെ ഇല മുടിയില്‍ ചൂടണമെന്നുമുള്ള വിശ്വാസത്തിന്‍ പുറത്ത് അടി പൂര്‍ണമായും ഒഴിവാക്കാന്‍ എന്നും പൊട്ടിച്ചെടിയുടെ ഇല തുളസി കതിരു പോലെ ലീന മുടിപിന്നലുകള്‍ക്കിടയില്‍ തിരുകി. വെളുത്ത അംബാസിഡര്‍ കാറിനൊപ്പം കാക്കയെ കണ്ടാല്‍ അപ്പം കിട്ടുമെന്ന ധാരണയില്‍ കാറിനൊപ്പം കാക്കയെ കണ്ടില്ലെങ്കില്‍ അവള്‍ ഖിന്നയായി. ഒരു മൈനയെ കാണുന്നത് സങ്കടം വരുത്തുമെന്നതിനാല്‍ പ്രതീക്ഷകളുടെ കത്ത് കൊണ്ട് വരുന്ന രണ്ടാം മൈനയെ കാണുന്നത് വരെ ഒരു സങ്കടകാലത്തെ തന്റെ പുറകിലവള്‍ പ്രതിക്ഷിച്ചു. വെള്ള വളകളിട്ട് പരീക്ഷയെഴുതിയാല്‍ നല്ല മാര്‍ക്ക് കിട്ടുമെന്നതിനും, നീല ഉടുപ്പിടുന്ന ദിവസം വഴക്കു കിട്ടുമെന്നതിനും അവള്‍ അനുഭവസ്ഥയായിരുന്നു. വീടിനു പുറക് വശത്തെ പുഷ്കരമൂലത്തില്‍ വെള്ള പൂക്കളുണ്ടാവുന്ന ദിവസം ഒരു മരണം നടക്കുമെന്നതും തീയുടെ നിറമുള്ള പൂക്കള്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും എന്നതും അത്തരത്തില്‍ വര്‍ത്തമാന സംഭവങ്ങളില്‍ നിന്ന് ലീന മനസ്സിലേയ്ക്ക് നടന്ന് കയറിയ അന്ധവിശ്വാസങ്ങളാണ്.

പ്രശസ്തമായ കോളേജിലെ രണ്ടാം ദിവസം റാഗിംഗ് സമയത്താണ് ലീന കുമാരിയെ ആദ്യമായി ശ്രദ്ധിച്ചത്.

“എന്താടോ തന്റെ പേര്?“ സംഘത്തലവിയാണ്.
“കുമാരി“
“കുമാരനാശാന്‍ തന്റെ ആരാണ്? “
“ആരുമല്ല“
ആ ഉത്തരം അവര്‍ക്ക് രസിച്ചില്ല. അവര്‍ അവളെ ആകെ ഉഴിഞ്ഞു നോക്കി
“എത്ര മാര്‍ക്കുണ്ടായിരുന്നു“
“നാനൂറ്റി അറുപത്തഞ്ച്“ ആത്മവിശ്വാ‍സത്തോടെ ഒരു മറുപടി.
“ഹ ഹ “ കൂട്ടത്തിന്റെ പരിഹാസ ചിരികള്‍!
“എസ്സിഎസ്റ്റി ആണല്ലേ! എന്തായാലും നീയൊന്നും ജയിക്കാന്‍ പോകുന്നില്ല. പിന്നെ വെറുതെ എന്തിനാ ഒരു സീറ്റ് കളയുന്നത്.“
“എന്താടോ ഇവിടെ ഒരു വല്ലാത്ത മണം?“ ഒരാള്‍ക്ക് മുനയുള്ള സംശയം
“ കുളിക്കാത്ത ജാതി“ പിറുപിറുക്കലോടെ കടന്ന് പോകുകയാണവര്‍

തലകുനിച്ചിരിക്കുന്ന ലീനയുടെ കണ്ണില്‍പ്പെടുന്ന കുമാരിയുടെ പുറഭാഗം അപ്പോഴും ഈറന്‍ മുടിയിലെ വെള്ളം വീണ് നനഞ്ഞ് കിടന്നിരുന്നു!! കുമാരി പതുക്കെ ബെഞ്ചിലേയ്ക് താഴുമ്പോള്‍ അവളുടെ ആത്മവിശ്വാസത്തിന്റെ ബലൂണില്‍ ചെറുതല്ലാത്ത തുള വീണിരുന്നു. ലീനയാകട്ടെ എസ്സീഎസ്റ്റി എന്ന വാക്കിനെ മെരുക്കാന്‍ ശ്രമിക്കുകയായിരുന്നു. കേട്ടീട്ടുണ്ട് ആ വാക്ക്, പക്ഷേ അതിന്റെ അര്‍ത്ഥം ആലോചിക്കുമ്പോള്‍ കനമുള്ള എന്തോ ഒന്ന് മാത്രം ചിന്തയില്‍ പൊങ്ങി പൊങ്ങി നടക്കുന്നു. ലീനയ്ക്ക് ചില സമയങ്ങള്‍ ഉണ്ടാകുന്നതാണിത്. ചില വാക്കുകള്‍ മനസ്സില്‍ വരുമ്പോള്‍ കനമുള്ള എന്തോ‍ ഒന്ന് എന്ന പ്രതിതി. അവയാകട്ടെ പൊങ്ങി നടക്കുകയും ചെയ്യും! സ്കൂള്‍ ക്ലാസ്സിലേയ്ക്ക് തിരിച്ചു ചെന്ന് എസ്സീഎസ്റ്റി എന്ന് വാക്ക് പെറുക്കിയെടുക്കാന്‍ ലീന ഒരു ശ്രമം നടത്തി,പക്ഷേ അവിടെ വേദോപദേശക്കാരും സന്മാര്‍ഗക്കാരും മാത്രമാണ് ഉണ്ടാ‍യിരുന്നത്. കത്തോലിക്കക്കാരെല്ലം വേദപാഠം പഠിച്ചപ്പോള്‍ ബാക്കി എല്ലാവരും സന്മാര്‍ഗ്ഗം പഠിച്ചു.വേദോപദേശത്തേക്കാള്‍ സന്മാര്‍ഗ്ഗ കഥകളായിരുന്നു ലീനയ്ക്കിഷ്ടം.

എം.ബി.ബി.എസ്. നും എഞ്ചിനീയറിംഗിനുമുള്ള കോച്ചിംഗ് സെന്റര്‍ കോളേജിന്റെ അടുത്തായിരുന്നതിന്നാല്‍ കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള ജില്ലകളിലെ റാങ്ക്‌‍കാര്‍ പഠിക്കാന്‍ എത്തിയിരുന്ന കോളേജ് ആയിരുന്നു അത്.വീടിനേറ്റവും അടുത്തുള്ള ആ കോളേജില്‍ തന്നെ മകള്‍ പഠിക്കണമെന്ന് ലീനയുടെ അമ്മയ്ക്കൊരു ആശയാണ്, ആണ്‍കുട്ടികള്‍ ഉള്ള കോളേജിലൊന്നും നല്ല കുടുംബത്തിലെ കുട്ടികളെ വിട്ട് കൂടാ എന്ന് ലീനയുടെ അപ്പന്‍ സെബാസ്ത്യനു വാശിയും. ആ ആശയ്ക്കും വാ‍ശിയ്ക്കും മുകളില്‍ ലീനയ്ക്കൊരു വീറോ ശബ്ദമോ അന്നില്ലായിരുന്നു.

“അഞ്ഞൂറ്റി മുപ്പത് മാര്‍ക്കല്ലേയുള്ളൂ മോള്‍ക്ക്. ജെനറല്‍ മെറിറ്റില്‍ കിട്ടാന്‍ ബുദ്ധിമുട്ടാവും, കാത്തലിക് കോട്ടയില്‍ ഒന്ന് ശ്രമിച്ച് നോക്ക് “ പ്രവേശനാപേക്ഷ വാങ്ങി വയ്ക്കുന്ന കൌണ്ടറില്‍ ഇരുന്ന സിസ്റ്റര്‍ വിക്ടോറിയ പറഞ്ഞത് കേട്ടപ്പോള്‍ തന്നെ ലീ‍നയുടെ അമ്മ ഉണ്ണീശോയുടെ നൊവേന ചൊല്ലി, ഒരു മെഴുകുതിരിക്കാല്‍ നേര്‍ച്ച നേര്‍ന്നു. കുമാരിയുടേയും വീടിന് ഏറ്റവും അടുത്തുള്ള കോളേജും അത് തന്നെയായിരുന്നു. അവിടെ പ്രവേശനം കിട്ടിയില്ലെങ്കില്‍ കുമാരി തന്റെ കൂടെ വാര്‍ക്ക പണിയ്ക്ക് വരുന്നതാണ് നല്ലതെന്ന് കുമാരിയുടെ അമ്മ വിശ്വസിച്ചു. കുമാ‍രി അടുത്ത കാവില്‍ ഒരു കോഴി നേര്‍ച്ച നേര്‍ന്നു.നേര്‍ച്ചകള്‍ ചിലപ്പോഴെങ്കിലും ഫലിച്ചിരുന്നു! അറനൂറില്‍ അഞ്ഞൂറ്റി മുപ്പത് മാ‍ര്‍ക്ക് കിട്ടി, തന്റെ സ്കൂളില്‍ ഒന്നാമതായ ലീന സെബാസ്ത്യന്‍ സമുദാ‍യ സംവരണത്തിലും നാനൂറ്റി അറുപത്തഞ്ച് മാര്‍ക്ക് കിട്ടി അവരുടെ പഞ്ചായത്തിലെ സംവരണ വിഭാഗത്തിലെ അവാര്‍ഡ് കരസ്ഥമാക്കിയ കുമാരി ജാതി സംവരണത്തിലും സെക്കന്റ് ഗ്രൂ‍പ്പില്‍ പ്രവേശനം നേടി.

വീട്ടിലെത്തി ബാഗ് കട്ടിലേയ്ക്ക് വലിച്ചൊരു ഏറും കൊടുത്ത് മുഖവും വീര്‍പ്പിച്ച് അടുക്കളയിലെ ബെഞ്ചില്‍ പോയിരുന്നപ്പോള്‍ ലീനയെ അമ്മ കളിയാക്കി.

“ഇന്നെന്താ മുഖം വട്ടേപ്പം വീര്‍പ്പിച്ചാണല്ലോ. എങ്കില്‍ ചായക്ക് പലഹാരം അതു തന്നെ ആയിക്കോട്ടെ.“

ലീന റാഗിംഗിങ്ങിന്റെ സങ്കടം അടുക്കള ബെഞ്ചില്‍ പെയ്തൊഴിഞ്ഞു. അടുക്കളയിലെ പരിഭവമഴ സ്ഥിരമുള്ളതാണ്. മഴതോര്‍ച്ചയായി അമ്മ പകരം വയ്ക്കുന്ന വാക്കുകളെ ആത്മവിശ്വാസത്തിന്റെ ഗുളികകള്‍ എന്ന് ചേച്ചി പരിഹസിച്ചു. ആത്മാവിശ്വാസ ഗുളിക രണ്ട്മൂന്നെണ്ണം കിട്ടിയപ്പോള്‍ പിന്നെ ലീനയുടെ മനസ്സീല്‍ ബാക്കിയായത് എസ്സീഎസ്റ്റി എന്ന വാക്ക്.അന്നത്തെ തോട്ടം നനയ്ക്കിടെ മുറ്റത്തെ സര്‍പ്പഗന്ധിയെ ലീന പിന്നേയും മാമോദീസ മുക്കി.
“പിതാവിന്റേയും പുത്രന്റേയും പരിശുദ്ധാത്മാവിന്റേയും നാമത്തില്‍ സര്‍പ്പഗന്ധിയെന്ന കുമാ‍രിനാരായണനെ ഞാന്‍ മാമോദീ‍സ മുക്കുന്നു.“ പൂചെരികയിലെ വെള്ളം പൂ‍ക്കള്‍ക്ക് മേലെ വീണപ്പോള്‍ അടുത്ത് നിന്നിരുന്ന കോളാമ്പി പൂക്കള്‍, ഗാര്‍ഗിയും മൈത്രേയിയും തലതൊട്ടമ്മമാരായി. സ്കൂള്‍ ദിവസങ്ങളിലൊന്നില്‍ ഒരു പദ്യക്ലാസ്സില്‍ നിന്നും ലീനയുടെ കൈപിടിച്ച് ഇറങ്ങി വന്നവരായിരുന്നു ഗാര്‍ഗിയും മൈത്രേയിയും.
“ഇനി എന്നും കുമാരിയുടെ അടുത്ത് തന്നെ ഇരിക്കണം” ലീന മനസ്സിലുറപ്പിച്ചു

ക്ലാസ്സ് തുടങ്ങി മൂന്നാം ദിവസം ക്ലാ‍സ്സ് ടീച്ചര്‍ മിസ്സ് ശാന്ത എല്ലാവര്‍ക്കും പേരിന്റെ ആദ്യക്ഷര ക്രമത്തിലുള്ള റോള്‍ നമ്പര്‍ തന്നതിനുശേഷം ക്ലാസ്സ് ടീച്ചര്‍ എന്ന നിലയിലുള്ള തന്റെ നയം ഇങ്ങനെ പ്രഖ്യാപിച്ചു.
“ഇനി മുതല്‍ എല്ലാ കാര്യത്തിനും റോള്‍ നമ്പര്‍ ആണ് ഉപയോഗിക്കേണ്ടത്. എല്ലാവരും റോള്‍ നമ്പര്‍ പ്രകാരം ഇരിക്കുക. ഇരിക്കുന്ന ബെഞ്ച് എല്ലാ ദിവസവും റോട്ടേഷന്‍ അനുസരിച്ച് മാറണം. ഒരു നിരയില്‍ ഇരിക്കുന്നവര്‍ ഒരു ഗ്രൂപ്പ്, ആ ഗ്രൂപ്പിനൊരു ലീഡര്‍. ക്ലാസ്സ് ലീഡറേയും ഗ്രൂപ്പ് ലീഡറേയും എല്ലാ‍ മാസവും തിരഞ്ഞെടുക്കണം.ക്ലാസ്സില്‍ ഒരു തരത്തിലുള്ള വേര്‍തിരിവുകളും പ്രത്യേക ഗ്രൂപ്പുകളും ഉണ്ടാവരുത്.“

ഇംഗ്ലീഷ് അക്ഷരമാല ക്രമത്തില്‍ ലീന ലക്ഷ്മിയുടേയും ലിഷയുടേയും ബെഞ്ചിലായി. കുമാരി തൊട്ടപ്പുറത്തെ ബഞ്ചില്‍ കുസുമത്തിന്റേയും കാതറീന്റേയും ഇടയിലിരുന്ന് വീര്‍പ്പു മുട്ടി. കുമാരിയുടെ മുടിയിലെ എണ്ണ പറ്റാ‍തെ ഇരുന്നു നോട്ടെഴുതാന്‍ കുസുമവും കാതറിനും വല്ലാതെ ബുദ്ധിമുട്ടുകയും ചെയ്തു. മലയാള അക്ഷരമാല ക്രമത്തില്‍ ഇരുത്തിയിരുന്നെങ്കില്‍‍ കുമാരിയില്‍ നിന്നും താന്‍ ഏറെ ദൂരെ ആയി പോയേനെ എന്ന ചിന്തയില്‍ ലീന ഇംഗ്ലീഷ് അക്ഷരമാലയെ സ്നേഹിക്കാന്‍ തുടങ്ങി.

ഇന്റര്‍വെല്‍ സമയങ്ങളില്‍ കുമാരിയോട് കൂടുതല്‍ സമയം ചിലവഴിക്കാന്‍ ലീന ശ്രമിച്ചപ്പോള്‍ കുമാരി കഴിയുന്നതും അവളെ പോലെ തന്നെ സംവരണക്കാരിയായ ഷീബയുമായി കൂട്ടുകൂടാന്‍ ഇഷ്ടപ്പെട്ടു. ഡേ സ്കോളറായ ലീന കൊണ്ട് വന്നിരുന്ന ചപ്പാത്തിയിലും വറുത്തിറച്ചിയിലും ഹോസ്റ്റല്‍വാസികള്‍ കൈ വച്ചപ്പോള്‍ അവര്‍ക്ക് കൊടുത്തതില്‍ കൂടുതല്‍ സ്നേഹത്തോടെ അതില്‍ നിന്നൊരു ചപ്പാത്തി കുമാരിയ്ക്ക് കൊടുക്കണം എന്ന് ലീന മോഹിച്ചു. പക്ഷേ ഭക്ഷണ സമയത്ത് കുമാരിയും ഷീബയും തേര്‍ഡ് ഗ്രൂപ്പിലുള്ള അവരുടെ കൂട്ടുകാരുടെ കൂടെ പോയിരുന്നു കഴിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നു. ചോ‍റുപാത്രം കഴുകാനെടുക്കുമ്പോള്‍ ഒരു ചപ്പാത്തിയും മൂന്ന്‌ നാല് കഷ്ണം വറുത്തിറച്ചിയും എന്നും ബാക്കി കിടന്നത് ലീനയുടെ അമ്മയെ അസ്വസ്ഥയാക്കി.

ആര്‍ട്ട്‌സ് സെക്രട്ടറിയായി മത്സരിച്ച അരുണ ചേച്ചി പ്രചാരണ മത്സരങ്ങളില്‍ കൈയ്യടി നേടിയിരുന്നത് രാഷ്ട്രപതി ശങ്കര്‍ദയാല്‍ ശര്‍മ്മയുടെ താറാവ് നടത്തം അനുകരിച്ചായിരുന്നു. പലരേയും അനുകരിക്കാന്‍ കുട്ടികള്‍ ആവശ്യപ്പെട്ടപ്പോള്‍ ഉപരാഷ്ട്രപതി കെ.ആര്‍. നാരായണനെ അനുകരിക്കമോ എന്നതായിരുന്നു ലീനയുടെ ചോദ്യം. അടുത്ത തവണ തീര്‍ച്ചയായും അനുകരിക്കാം എന്ന് പറഞ്ഞ് ക്ലാസ്സില്‍ നിന്നും ഇറങ്ങിയ അരുണ ചേച്ചി ലീ‍നയെ സ്വകാര്യമായീ വീളിച്ച് പറഞ്ഞു. “അനുകരിക്കാന്‍ പറ്റിയ വൈകൃതങ്ങള്‍ നാരായണനുള്ളതായി ഞാന്‍ ശ്രദ്ധിച്ചീട്ടില്ല. അതുകൊണ്ട് അഭിനയിച്ച് ഫലിപ്പിക്കാന്‍ ബുദ്ധിമുട്ടാണ്. കുട്ടി എന്തായാലും എനിക്ക് തന്നെ വോട്ട് ചെയ്യണം”. കുമാരി നടക്കുന്നത് പോലെയായിരിക്കും നാരായണന്‍ നടക്കുക എന്ന് ലീന സങ്കല്‍പ്പിച്ച് നോക്കി. മനസ്സില്‍ തെളിഞ്ഞ കുമാരി-നാരായണന്‍ ചിത്രത്തില്‍ കുമാരിയുടെ ചാര നിറമുള്ള പോളിയെസ്റ്റര്‍ പാവാടയുടെ അരികുകള്‍ വേറിട്ട് നിന്നു. ഭൂമി അറിയാതെ, ചുമരിനരികു പറ്റി നടന്നിരുന്ന കുമാരിയെ അനുകരിക്കാന്‍ ലീനയ്ക്കും കഴിഞ്ഞില്ല.

കോളേജില്‍ വൈവിധ്യം നിറഞ്ഞ ചുരിദാറുകള്‍ക്കിടയില്‍ കുമാരിയുടേയും ഷീബയുടേയും നീളന്‍ പാവാടകള്‍ ഒറ്റപ്പെട്ട് നീന്നു. വല്ലപ്പോഴും ഒരു മാറ്റത്തിനായും, കുമാരിയോട് കൂ‍ട്ടുകൂടാനൂം ലീന മുഴുവന്‍ പാവാടകളില്‍ വന്നപ്പോള്‍ “നഗരത്തിന്റെ കാപട്യമേ നിനക്ക് ഗ്രാമീണതയുടെ വച്ച്‌കെട്ട് ചേരില്ല“ എന്ന് സാജിത.

ഇംഗ്ലീഷ് ക്ലാസില്‍ ലീന വരുത്തിയ ചെറിയ വ്യാകരണ പിശകുകള്‍ക്ക് മിസ്സ് ശോഭ മലയാളം മീഡിയത്തിനെ മൊത്തം പരിഹസിച്ചതും, സൂവോളജി റെക്കോര്‍ഡില്‍ വര മോശമായതിനു മിക്ക താളുകളിലും ഒപ്പിനു പകരം ടിക് കിട്ടിയതും ലീ‍നയുടെ ആത്മവിശ്വാസ ബലൂണിലും തുളകള്‍ വീ‍ഴ്ത്തിയിരുന്നു. പക്ഷേ അടുക്കളബെഞ്ചില്‍ വച്ച് പതിവായി കിട്ടിയിരുന്ന ആത്മവിശ്വാസഗുളിക കഴിക്കുന്നതോടെ ആ തുളകളെല്ലാം അടഞ്ഞു പോന്നു. കുമാരി വരച്ചിരുന്ന പടങ്ങള്‍ കാണാന്‍ നല്ല ഭംഗി ഉണ്ടായിരുന്നീട്ടും ഭാഗങ്ങള്‍ അവ്യക്തമാണ് എന്ന കാരണത്താല്‍ അവള്‍ക്കും കിട്ടിയത് അധികവും ടിക്കുകളായിരുന്നു.

ആദ്യത്തെ ടേം പരീക്ഷയ്ക്കു മുന്‍പ് തന്നെ നിര ഗ്രൂപ്പുകളെ കൂടാതെ ക്ലാസ്സില്‍ മൂ‍ന്ന് പ്രത്യേക ഗ്രൂപ്പുകള്‍ ഉണ്ടായി; ഹോസ്റ്റലേഴ്സ്, ഡേ സ്കോളേഴ്സ്, എസ്സീഎസ്റ്റി! ഹോസ്റ്റലുകാര്‍ പഠന മികവും മിടുക്കും കൊണ്ട് മിസ്സുമാരുടെ കണ്ണിലുണ്ണികളും കുറുമ്പിന്റെ ആധിക്യം കൊണ്ട് ശത്രുക്കളും ഒക്കെയായി നിറഞ്ഞാടിയപ്പോള്‍ ഡേ സ്കോളേസ് തങ്ങളിലേയ്ക്ക് തന്നെ ചുരുങ്ങി കൂടി. എസ്സീഎസ്റ്റിക്കാര്‍ തങ്ങളെ എന്നോ മറന്ന് കഴിഞ്ഞിരുന്നു; അവരെ ക്ലാസ്സിലുള്ളവരും.

കോളേജ് നടത്തിയ അരപരീക്ഷയ്ക്ക് കുമാരി തോറ്റ് തുന്നം പാടിയിരുന്നു. മിസ്സ് അമ്മിണി കുമാരിയ്ക്ക് പേപ്പര്‍ കൊടൂത്തപ്പോള്‍ വളരെ ശാന്തമായി ഉപദേശിച്ചു. “എന്തിനാ കുട്ട്യേയ് നീ‍ കോളേജില് വരണെ ആ നേരം അമ്മയുടെ കൂടെ പണിയ്ക്ക് പോയി അതിനെ സഹായിച്ചൂ‍ടെ?” ഉത്തര കടലാസ്സ് കൊടുത്തപ്പോള്‍ ഗ്രേസ്സമ്മ മിസ്സിന്റെ കയ്യില്‍ നിന്നും ലീനയ്ക്കും കിട്ടി വഴക്ക്; നന്നായി പഠിച്ചില്ലെങ്കില്‍ ഫസ്റ്റ്ക്ലാസ്സ് കിട്ടില്ലത്രേ.

തുടര്‍ച്ചയായ ദിവസങ്ങളില്‍ കുമാരി ക്ലാസ്സില്‍ വരാതിരിക്കുന്നത് പനി കാരണമെന്ന്‌ ഷീബ പറയുമ്പോള്‍ അസുഖകരമായ ഒരു സത്യത്തിന്റെ മണം. കുമാരിയുടെ പനികാലങ്ങളില്‍ അടുക്കള ബഞ്ചില്‍ വച്ച് ലീനയ്ക്ക് കിട്ടി കൊണ്ടിരുന്ന ആത്മവിശ്വാസ ഗുളികയുടെ എണ്ണം കൂടി. സര്‍പ്പ ഗന്ധിയ്ക്ക് പൂക്കളിലാതിരുന്ന കാലമായിരുന്നു, ഗാര്‍ഗ്ഗിയും മൈത്രേയിയും എന്നും നിറയെ കോളാമ്പി പൂക്കളുമായി ചിരിച്ചു നിന്നു.

ആത്മവിശ്വാസ ഗുളിക കൊണ്ട് മാത്രം കാര്യങ്ങള്‍ നന്നാകുന്നില്ലെന്ന് കണ്ട് ആ ഞാറാഴ്ച്ച ലീനയും അമ്മയും കുമാരിയുടെ വീട്ടില്‍ ചെന്നു.
“വരരുതായിരുന്നു“ കുമാരിയുടെ ഇടറിയ സ്വരം.
“എന്റെ കൂടെ പണിയ്ക്കു വരുകയാണവള്‍, ഇനി കോളേജിലേയ്ക്കില്ലെന്ന്” പ്രതീക്ഷകള്‍ ബാക്കിയില്ലെന്നവിധം കുമാരിയുടെ അമ്മ.
“കുമാരിയെ എന്തായാലും കോളേജില്‍ വിടണം, രാധ“ ലീനയുടെ അമ്മ നിര്‍ബന്ധിക്കുകയാണ്.
“എങ്ങിനെയെങ്കിലും വിടാമായിരുന്നു, പക്ഷേ ജയിക്കും എന്ന് ഒരു വിശ്വാസം അവള്‍ക്കില്ല.”
അവസാ‍നം ലീനയ്ക്ക് ദിവസവും കൊടുക്കുന്ന ആത്മവിശ്വാസഗുളികള്‍ കുമാരിയ്ക്കും കൊടുക്കാം എന്ന് പറഞ്ഞപ്പോഴാണ് കുമാരിയുടെ അമ്മ സമ്മതിച്ചത്.

പിറ്റേന്ന് മുതല്‍ ആത്മവിശ്വാസത്തിന്റെ ഗുളികകള്‍ക്കും ലീനയുടെ നോട്ടുകള്‍ക്കുമൊപ്പം സര്‍പ്പഗന്ധി പൂക്കളും കുമാരിയ്ക്ക് കിട്ടിക്കൊണ്ടിരുന്നു. കൊല്ലപ്പരീക്ഷയുടെ അവസാന ദിവസം ലീനയുടെ സര്‍പ്പഗന്ധി ചെടി, കുമാരിനാരായണനില്‍ തീയുടെ നിറമുള്ള പൂക്കള്‍ നിറയെ വിരിഞ്ഞിരുന്നു. ഒന്നാം കൊല്ലത്തെ മാര്‍ക്ക് ലിസ്റ്റ് വന്നു എന്ന് ലിഷ വിളിച്ച് പറഞ്ഞപ്പോള്‍ കുമാരിയുടെ മാര്‍ക്കെത്രയായിരിക്കും എന്ന് അറിയാനായിരുന്നു ലീനയ്ക്ക് തിടുക്കം. പിറ്റേന്ന് ആകാംഷയോടെ കോളേജില്‍ ചെന്നപ്പോള്‍ കുമാരിയുടെ സീറ്റ് ഒഴിവായി കിടന്നു. അവള്‍ തോറ്റു പോയോ.. കണ്ണില്‍ കാറ്റ് വീശുന്നു, നെഞ്ചില്‍ ഒരു തിരമാല! പിന്നാലെ വന്ന ഷീബ ഒരു കടലാസ് നീട്ടി, അതില്‍ ഇങ്ങനെ എഴുതിയിരുന്നു.

പ്രിയപ്പെട്ട ലീന,

ഞാന്‍ എല്ലാ പേപ്പറിലും ജയിച്ചു. നിന്റെ നോട്ടുകള്‍ക്കും നിന്റെ അമ്മയുടെ ആത്മവിശ്വാസ ഗുളികകള്‍ക്കും എത്ര നന്ദി പറഞ്ഞാലും മതിയാ‍വില്ല. ഇന്നലെ അമ്മ വാര്‍ക്ക പണിയ്ക്കിടെ വീ‍ണു. ഇനി എണീക്കില്ല എന്നാണ് എല്ലാവരും പറയുന്നത്. ഇന്നു മുതല്‍ ഞാന്‍ ക്ലാസ്സില്‍ വരുന്നില്ല. അച്ഛന്റെ കൂടെ കൈയാളായി പോകാന്‍ വേറെ ആളില്ല. വീട്ടില്‍ വരരുത് എന്ന് പറയാന്‍ അമ്മ പ്രത്യേകം പറഞ്ഞു. ലീന തന്നിരുന്ന സര്‍പ്പഗന്ധി ചെടി ഞാന്‍ അടുക്കളപുറത്ത് കുഴിച്ചിട്ടിരുന്നു. ഇന്ന് അതിനൊരു പുതിയ ഇല വന്നു.

സ്നേഹത്തോടെ,

കുമാരി.

കുസുമവും കാതറീനും വീര്‍പ്പു മുട്ടലില്ലാതെ മിസ് അമ്മിണിയുടെ ക്ലാസ്സ് ശ്രദ്ധയോടെ കേട്ട് നോട്ടെഴുതാന്‍ തുടങ്ങിയ അന്ന് മുതല്‍ ലീന സെബാസ്ത്യന്റെ മനസ്സില്‍ കുമാരിയുടെ ചിത്രവും നാരായണന്റെ ചിത്രവും തമ്മില്‍ സന്നിവേശിക്കാന്‍ ‍ തുടങ്ങി; പഴയ വീട്ടുമുറ്റത്തെ കുമാരിനാരായണനിലെ സര്‍പ്പഗന്ധിപൂ‍വിന് ഇപ്പോഴും തീ‍യുടെ നിറമാണ്.
വര: പരാജിതന്‍

Monday, July 02, 2007

സല്‍മയും അമീറയും വന്ന വഴി

ശൈത്യകാലത്തെ മുന്തിരിവള്ളികള്‍ എന്ന പോസ്റ്റിനെ കുറിച്ച്.

ചിലനേരത്ത് പറഞ്ഞ പോലെ കുറേയധികം ആള്‍ക്കാര്‍ക്ക് കേട്ട് കേട്ട് ബോറടിച്ചതാണ് പാലസ്തീന്‍ പ്രശ്നം. എന്നീട്ടും വിമതന്‍ പറഞ്ഞ പോലെ പാലസ്തീനിനെ ഇനിയും മനസ്സിലാ‍ക്കാന്‍ പറ്റാത്തവരാണധികവും. ഇസ്രായേലില്‍ ജീവിക്കുന്ന എനിക്ക് ഇടങ്ങള്‍ പറഞ്ഞതാണ് അനുഭവപ്പെടാറ്. കണ്ണ് എത്ര ഇറുക്കി അടച്ചാലും ഈ വെളിച്ചം തുളഞ്ഞ് കയറും. കഴിഞ്ഞ ആഴ്ചയില്‍ വീണ്ടും വടക്കന്‍ ഇസ്രായേല്‍ അതിര്‍ത്തിയില്‍ കത്യൂഷ വീണു എന്ന് കേള്‍ട്ടപ്പോള്‍, പാ‍ലസ്തീനിലേയ്ക്ക് പിന്നേയും പട്ടാളക്കാര്‍ പോകുന്നു എന്ന് വായിക്കുമ്പോള്‍ ഒക്കെ ഇരുതല മൂര്‍ച്ചയുള്ള വാള്‍ എന്നപോലെ ഈ വെളിച്ചം വരും. എന്നിട്ടും ഒരുപാട് കാലം എഴുതാതിരിക്കാന്‍ ശ്രമിച്ച് നോക്കിയതാണ് ഇക്കഥ. രേഷ്മയും മെലോഡിയോസും, ഷീബയും പറഞ്ഞ പോലെ ഞാനും വല്ലാതെ പേടിച്ചിരുന്നു സല്‍മയുടെ കണ്ണിലെ തിളക്കത്തെ. വായനക്കാരിയുടെ ചിന്ത പോലെ അത് പുറം‌ലോകത്തിന്റെ വ്യഗ്രത മാത്രമാണെന്ന് വിചാരിക്കാന്‍ ശ്രമിച്ചീട്ട് ഞാന്‍ പരാജപ്പെട്ടിരുന്നു. ഞാന്‍ ഇസ്രായേലില്‍ വരുന്നതിനു ഏതാനും ദിവസങ്ങള്‍ മുന്‍പ് മാത്രമാണ് നത്യന്യായിലെ ഹോട്ടലില്‍ ഒരു ചാവേര്‍ ആക്രമണമുണ്ടായത്. ടെല്‍‌അവീവില്‍ നിന്ന് ഹൈഫയിലേയ്ക്കുള്ള വഴിയില്‍ നത്യാന്യാ ക്രോസ്സ് ചെയ്യുമ്പോള്‍ അന്ന് ഹൃദയം എങ്ങനെ വിറച്ചിരുന്നുവോ അതേ തോതില്‍ തന്നെ ഇന്നും ആ വഴി കടന്നു പോകുമ്പോള്‍ പടപടപ്പാണ്.

എന്നീട്ടും പരാജിതന്റെ മയിലിനെയെ കണ്ടപ്പോള്‍ എനിക്ക് സല്‍മയെ പറ്റി എഴുതാതിരിക്കാനായില്ല. ഒരു ഓര്‍മ്മകുറിപ്പ് പോലെയാണ് ഞാന്‍ സല്‍മയെ പറ്റി എഴുതി വച്ചത്. എഴുതി കഴിഞ്ഞപ്പോള്‍ തോന്നി സല്‍മയെ മാത്രം പറഞ്ഞാല്‍ അവളെ കണ്ട അന്ന് തന്നെ എന്റെ കൂ‍ട്ടുകാരിയ്ക്കുണ്ടായ അനുഭവം കൂടെ പറഞ്ഞില്ലെങ്കില്‍ അത് അവളോട് ചെയ്യുന്ന ഒരു വഞ്ചന ആവുമെന്ന്. കൂട്ടുകാരിയെ കുറിച്ച് ഓര്‍മ്മ കുറിപ്പായി എഴുതാന്‍ ആകുമായിരുന്നില്ല. അങ്ങനെയാണ് റഷീദ് പറഞ്ഞ പോലെ യാത്രയുടെ വിത്ത് ഉള്ളില്‍ വിണു മുളച്ച ഈ കുറിപ്പ് കഥ എന്ന മാധ്യമത്തിലൂടെ പരീക്ഷിക്കാം എന്ന് വിചാരിച്ചത്. കുറച്ച് പേരെ ബോറടിപ്പിച്ചെങ്കിലും വായിച്ച പലര്‍ക്കും ഇഷ്ടമായി എന്ന് കേട്ടപ്പോള്‍ നല്ല സന്തോഷം. മയില്‍ വഴി വന്ന ഈ കഥയെ മയിലിനു തന്നെ സമര്‍പ്പിക്കുന്നു.

പേരുകളുടെ ജനനം

മൂര്‍ത്തിടെയും കണ്ണുസേട്ടന്റേയും കമന്റുകള്‍ കണ്ട് ഒത്തിരി സന്തോഷമായി. ബ്ലോഗില്‍ ഗൌരവമായ വായന നടക്കുമോ എന്നൊക്കെയുള്ള സംശയം പാടെ മാറി. മൂര്‍ത്തിടെ ബ്ലോഗറല്ലാത്ത സുഹൃത്തിന് ഒത്തിരി നന്ദി. സുഹൃത്തിന്റെ വായന ഏറെ കുറെ ശരിയാണ്. അമീറ സുരക്ഷിത സാഹചര്യത്തില്‍ മാത്രം പാലസ്തീനിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ ഇഷ്ടപ്പെടുന്നവളാണ്. അത് അമീറയെ അവതരിപ്പിക്കുമ്പോഴെ പറയുന്നുണ്ട്. (വികസിത രാജ്യങ്ങളുടെ പാലസ്തീന്‍ സാമൂഹിക സേവനങ്ങളുടെ കേന്ദ്രങ്ങളെല്ലാം..... സൌകര്യവും സുരക്ഷിതത്വവും കിട്ടിയാല്‍ പലതും മറക്കാം എന്ന് ഓര്‍മ്മിപ്പിക്കുകയാണ് ഇവിടെ അമീറ) മനസ്ഥൈര്യം ഇല്ലാത്ത അവളെ ഒരു ജര്‍മ്മന്‍‌കാരിയാക്കിയപ്പോള്‍ ബ്രിഗിറ്റ് എന്നൊക്കെയുള്ള ജര്‍മ്മന്‍ പേരുകള്‍ മനസ്സില്‍ ഉണ്ടായിരുന്നു. പക്ഷേ അവരൊക്കെ ഒരു കാര്യത്തിന് ഇറങ്ങി പുറപ്പെട്ടാല്‍ തിരിച്ച് കയറാത്ത പ്രകൃതക്കാരായിരുന്നു. സുഹൃത്ത് പറഞ്ഞപോലെ അമീറ ഹീബ്രുവിലും അറബിയിലും ഒരു പോലെ പോപ്പുലറായ പേരാണ്. അറബ് കൃസ്ത്യന്‍സ് ആണ് ഈ പേര് അധികവും ഉപയോഗിക്കുക. എനിക്ക് കുറച്ചധികം സോഫ്റ്റ് കോര്‍ണര്‍ ഉള്ള ഒരു ജനതയാണ് ഇവിടുത്തെ അറബ് കൃസ്ത്യന്‍സ്. അവരുടെ യാതനകള്‍ പുറം ലോകം അധികം അറിഞ്ഞീട്ടില്ല. ഇവിടുത്തെ പല പ്രശ്നങ്ങളീലും അവരുടെ മനസ്സ് വല്ലാതെ ചാഞ്ചാടുന്നത് കാണാറുണ്ട്. കഴിഞ്ഞ ലബനോന്‍ യുദ്ധത്തിലും അതുണ്ടായി. അമീറ എന്ന പേരിനര്‍ത്ഥം രാജകുമാരി, നേതാവ് എന്നൊക്കെയാണ്. സല്‍മ അറബ് ഒറിജിന്‍ മാത്രമുള്ള പേരാണ് (ഓള്‍ഡ് ജെര്‍മനും ഉണ്ട് എന്ന് ഇപ്പോള്‍ കണ്ടു). യഥാര്‍ത്ഥ പാലസ്തീനി. അര്‍ത്ഥം കണ്ണൂസേട്ടന്‍ പറഞ്ഞതൊക്കെ തന്നെ. Ambitious എന്ന അര്‍ത്ഥത്തിലാണ് ഞാന്‍ കൊടുത്തത്. ഇനി ഒരാള്‍ കൂടെ ഉണ്ട് യാക്കൂബ്. സല്‍മയുടെ സുഹൃത്ത്. യാക്കോവ് എന്ന് ഹീബ്രുവിലും യാക്കൂബ് എന്ന് അറബിയിലും, ജേക്കബ് എന്ന് ഇംഗ്ലീഷിലും ഉള്ള പേര്. പേരിനര്‍ത്ഥം തന്ത്രത്തില്‍ ചതി അകറ്റുന്നവന്‍ ‍എന്നാണ്. സല്‍മയെ ചതികളില്‍ നിന്നും രക്ഷിക്കാനാണ് യാക്കൂബ്. (ആ പേര്‍ പക്ഷേ മനസ്സില്‍ വീണത് നാട്ടിലെ പഴയൊരു വിപ്ലവകാരിയുടെ ഭര്‍ത്താവിന്റെ പേരിന്റെ ഓര്‍മ്മയില്‍ നിന്നായിരുന്നു) എന്റെ മറ്റൊരു സ്വപ്നം ആണ്, ജൂതരുടെ പുതുതലമുറ തന്നെ പാലസ്തീനികളെ സഹായിക്കാന്‍ തയ്യാറാവുക. അതിന്റെ ചില ലക്ഷണങ്ങള്‍ ഞാന്‍ കണ്ടതിനെ കുറിച്ച് ഇവിടെ എഴുതിയിട്ടുണ്ട്. (പാലസ്തീന്‍ പ്രശ്നത്തെ കുറിച്ച് വായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ വായിക്കേണ്ടതാണ് രാജീവ് ചേലനാട്ട് ചെയ്ത ‍ആ തര്‍ജ്ജമ). കുറച്ച് കടല്‍ കിഴവന്മാര്‍ മാറിയാല്‍ എനിക്ക് പ്രതീക്ഷയുണ്ട്. പാലസ്തീനികളെ കൂടെ ഒലിവ് പറിക്കാനൊക്കെ പോയി സഹായിക്കുന്ന ജൂത സന്നദ്ധ സംഘത്തിലെ ആളുകളെ ഞാന്‍ കണ്ടിരുന്നു. പട്ടാളക്കാരുടെ അക്രമത്തില്‍ നിന്നും അവരെ രക്ഷപ്പെടുത്തുക എന്നതാണ് ഈ സന്നദ്ധ സേവകര്‍ ചെയ്യാറ്. ജൂതരും കൃസ്ത്യാനികളും പാലസ്തീനിക്കു വേണ്ടി ശബ്ദം ഉയര്‍ത്താന്‍ തയ്യാറാവും എന്നൊരു സ്വപ്നം! പറഞ്ഞു വന്നപ്പോ വലുതായി. പക്ഷേ ഇതൊന്നും ഇതിനു വേണ്ടി ഗവേഷണം നടത്തിയതല്ല. എന്റെ പേരിനൊരു അര്‍ത്ഥം ഇല്ലാത്തത് കൊണ്ട് പേരുകളുടെ അര്‍ത്ഥം, ഉല്പത്തി ഒക്കെ നോക്കി വയ്ക്കല്‍ ഒരു വിനോദം ആയിരുന്നു. അങ്ങനെ വന്നു പെട്ടതാണ്. രണ്ടാള് അത് ശ്രദ്ധിച്ചപ്പോള്‍ സന്തോഷം കൊണ്ട് പറഞ്ഞ് പോയതാണ്.

ഒരു മുന്തിരിവള്ളി കൂടുതല്‍ കൊടുത്തത് സ്വതന്ത്ര പാലസ്തീനിന്റെ മകള്‍ക്കാണ്. വേറൊരു കാ‍ര്യം കൂടെയുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഏറ്റവും ആദ്യം ചെയ്യേണ്ടത് ഇസ്രായേല്‍ പട്ടാളം പാലസ്തീനില്‍ നിന്നും ഒഴിഞ്ഞു പോകലാണ് എന്നാണ് എന്റെ അഭിപ്രായം. അപ്പോള്‍ പാലസ്തീനിയ്ക്കു നേരെ ഇസ്രായേല്‍ പട്ടാളത്തെ കൊണ്ടുവരുന്നത് പ്രോത്സാഹജനകമല്ല.

ഫോട്ടോകള്‍ മുന്തിരി പാടത്തെ കുറിച്ച് ഒരു ലേഖനം എഴുതാന്‍ പണ്ട് ശേഖരിച്ചിട്ടതായിരുന്നു. ഈ കമന്റ് മുന്‍പേ കണ്ടിരുന്നെങ്കില്‍ ഫോട്ടോ തീര്‍ച്ചയായും ഒഴിവാക്കിയേനെ. ആദ്യപടം ഏതു സൈറ്റില്‍ നിന്നാണെന്ന് ഓര്‍മ്മയില്ല. അത് മോശയ്ക്ക് മുന്നില്‍ വഴി തുറന്ന് കിടന്ന ചെങ്കടലിനെ ഒരു സുഹൃത്തിന്റെ ഓര്‍മ്മയില്‍ കൊണ്ടു വന്നത്രെ. അവാസാന ചിത്രം വേണ്ടായിരുന്നു എന്ന് പെരിങ്ങോടനും അത് ഇഷ്ടപ്പെട്ടു എന്ന് വേണുജിയും. ഇട്ട് പോയല്ലോ എന്നോര്‍ത്ത് രണ്ടും പടങ്ങളും ബ്ലോഗില്‍ നിന്നും മാറ്റുന്നില്ല.

എനിക്കു മനസ്സിലായിടത്തോളം പാലസ്തീന്‍ ജനതയെ കുറിച്ച് അങ്ങനെ എന്തെങ്കിലും ഒരു കോപ്ലസ്കില്‍ ഒതുക്കാനാവില്ല സതീശ്. രാജീവ് നീളമുള്ള വഴികളില്‍ പറഞ്ഞ ഉപമ ലളിതമെങ്കിലും അതനുഭവിക്കുന്ന ജനതയുടെ മാനസീകവസ്ഥ വളരെ സങ്കീര്‍ണ്ണമാണ്. വളരെ സെന്‍സേഷണല്‍ ആയ ഒരു കാര്യം ആയത് കൊണ്ട് അത്തരത്തിലൊന്നും വരാതെ നോക്കാന്‍ കഴിയുന്നതും ശ്രദ്ധിച്ചിരുന്നു ലാപുട. മുന്തിരിപാടം പൂക്കും എന്ന് തന്നെ വിശ്വസിക്കാനാണ് എനിക്കിഷ്ടം അശോക്. പ്രിയംവദ ചേച്ചി പറഞ്ഞ് അപ്പു ഒപ്പു വച്ച സംഗതി നടക്കണമെങ്കില്‍ ഞാന്‍ ഇനിയും എത്രയോ മനസ്സിലാക്കാനും വായിക്കാനും കിടക്കുന്നു. നടക്കാന്‍ സാദ്ധ്യതയില്ലാത്ത മറ്റൊരു സ്വപ്നം. നിര്‍മ്മലേടത്തി, ബിന്ദു ക്യാനഡയിലെ വസന്തത്തില്‍ നിന്നും തികച്ചൂം വ്യതസ്തം തന്നെ ഇവിടെ. പ്രതികാരത്തിനേക്കാള്‍ പരിഹാരത്തിനായി ഞാന്‍ ആഗ്രഹിക്കുന്നു മുംസി. യുദ്ധങ്ങള്‍ക്ക് അറുതി വരുത്തണേ എന്ന് എന്നും കുടുംബ പ്രാര്‍ത്ഥനയ്ക്ക് ചൊല്ലുമായിരുന്നു ശാലിനി അപ്പോള്‍ ഞാന്‍ കരുതിയിരുന്നു, ഇപ്പോള്‍ അതിന് യുദ്ധം ഒന്നും ഇല്ലല്ലോ എന്ന്. സാല്‍ജൊ, വേഴാംബല്‍ സജിത്ത് നന്ദി.
വായിച്ച എല്ലാവര്‍ക്കും നന്ദി.

Friday, June 29, 2007

ശൈത്യകാലത്തെ മുന്തിരിവള്ളികള്‍ഹൈഫയില്‍ നിന്നും ജറുസലേമിലേയ്ക്കുള്ള യാത്രയില്‍ നിറയെ കണ്ടിരുന്നു ഇലപൊഴിച്ചു നില്‍ക്കുന്ന മുന്തിരി പാടങ്ങള്‍. ശൈത്യകാലത്തെ മുന്തിരി തോട്ടങ്ങള്‍ കണ്ടാല്‍ അവ ഇനി ഒരിക്കലും തളിര്‍ക്കാന്‍ പോകുന്നിലായെന്ന് തോന്നും. ഇലമുഴുവന്‍ പൊഴിഞ്ഞ്, താങ്ങുകളില്‍ ഇറുകെ പിടിച്ച് കിടക്കുന്ന വെറും വള്ളികള്‍. താങ്ങുകള്‍ക്ക് പോലും ഭാരമായി കിടക്കുന്ന അവ എന്നോ കരിഞ്ഞ് പോയ തോട്ടങ്ങളെ മാത്രമേ യാത്രക്കാരന്റെ ഓര്‍മ്മയില്‍ കൊണ്ട് വരൂ. അവ നിര്‍ജ്ജീവമല്ലെന്നും വസന്തം വരുമ്പോള്‍ തളിര്‍ക്കുമെന്നും, പൂക്കുമെന്നും, മനോഹരമായ മുന്തിരികുലകളുണ്ടാകുമെന്നും തോട്ടക്കാരനറിയാം. ശൈത്യകാലത്ത് ഇലപൊഴിച്ച് വരണ്ട് കിടക്കുന്ന തോട്ടത്തിനരികിലൂടെ കടന്ന് പോകുന്ന യാത്രക്കാരന്‍ പുച്ഛത്തോടെയോ, സഹതാപത്തോടെയോ വരണ്ട വള്ളികളെ നോക്കി കണ്ടു; വസന്തത്തില്‍ തളിര്‍ത്ത് കിടക്കുന്ന മുന്തിരി തോട്ടത്തെ വീഞ്ഞിന്റെ ലഹരിയോടെയും. യഥാര്‍ത്ഥത്തില്‍ മുന്തിരി എന്ന ചെടി എന്താണെന്ന് യാത്രക്കാരന് മനസ്സിലായതേ ഇല്ല. തോട്ടകാരനു മുന്നില്‍ മാത്രം അവ എല്ലാകാലത്തും മുന്തിരി ചെടികളായി നിലനിന്നു.

“നീയെന്റെ കൂടെ വരുന്നോ“ അമീറയുടെ പതിഞ്ഞ ചോദ്യം. ഇന്നലത്തെ രാത്രിയുടെ ഭീതി അവളിലെ വസന്തത്തെ അവസാനിപ്പിച്ചിരിക്കുന്നു എന്ന് തോന്നി. അവള്‍ ഇലപൊഴിക്കാന്‍ ആരംഭിച്ചിരിക്കുന്നു.

“നീ വന്നാലും ഇല്ലെങ്കിലും ഞാനുടന്‍ പോകാന്‍ തീരുമാനിച്ചു.“
“അപ്പോള്‍ ഹേറോദെസിന്റെ കൊട്ടാരം? അത് കാണണം എന്ന് നിനക്കായിരുന്നല്ലോ നിര്‍ബന്ധം.“ ബി.ബി.സി വാര്‍ത്തയില്‍ നിന്നും കണ്ണെടുക്കാതെ ഞാന്‍ ചോദിച്ചു

കാണാന്‍ നില്‍ക്കുന്നില്ല ഹമാസും ഫത്തായും തമ്മില്‍ സംഘര്‍ഷം രൂക്ഷമായിരിക്കുന്നു എന്ന് ബി.ബി.സി റിപ്പോര്‍ട്ട്.
ഞാന്‍ അതിശയത്തോടെ അമീ‍റയെ നോക്കി! അവളുടെ കണ്ണുകളില്‍ ദയനീയത തെളിഞ്ഞ് കിടക്കുന്നു. ഇന്നലത്തെ രാത്രിയെ മറച്ച് പിടിക്കാന്‍ അവളുടെ വിഫലശ്രമം! ഇലപൊഴിച്ച് നില്‍ക്കുന്ന ഒരു മുന്തിരിപാടം പോലെ അമീറ.

“ഞാനും വരാം നീ തനിയെ പോകേണ്ടാ. ഹോട്ടലില്‍ പരാതിപ്പെടുന്നുണ്ടോ? അതുകൊണ്ട് വലിയ പ്രയോജനം ഒന്നുമുണ്ടാകാന്‍ പോകുന്നില്ല.“
“ഇല്ല എന്തായാലും പറയണം ആ തെമ്മാടിയെ കയ്യില്‍ കിട്ടിയാല്‍ ഞാന്‍ ഇസ്രായേല്‍ പോലീസിനെ ഏല്‍പ്പിക്കും“
“ഇസ്രായേല്‍ പോലീസ് അല്ല, പാലസ്തീന്‍ പോലീസ്.” ഞാന്‍ തിരുത്തി.
“അല്ല ഇസ്രായേല്‍ പോലീസ് തന്നെ. തച്ചു തകര്‍ക്കണം ഇത്തരം കീടങ്ങളെ.“ അമീറ ഉറച്ച് തന്നെ.
“ഉം“ ഞാന്‍ നിര്‍വികാരയായി മൂളി. ഒന്നും നടക്കാന്‍ പോകുന്നില്ല.

അമീറ പോയപ്പോള്‍ കുഞ്ഞിചിരിയുമായി മനസ്സിലേയ്ക്ക് ഓടികയറി വന്നത് സല്‍മ, അവളുടെ കയ്യും പിടിച്ച് യാക്കൂബും. പിറവിയുടെ കുറുബാന കാണാ‍ന്‍ പോയപ്പോള്‍ പിറവിയുടെ ബസിലക്ക ചത്വരത്തില്‍ വച്ച് കണ്ട് മുട്ടിയതാണവളെയും കൂട്ടുകാരന്‍ യാക്കൂബിനേയും.അമീറയ്ക്ക് മറ്റു പല പരിപാടികളും ഉണ്ടായിരുന്നതിനാല്‍ പൊന്തഫിക്കല്‍ കുറുബാനയ്ക്ക് ബസിലിക്ക പള്ളിയില്‍ എത്തി കൊള്ളാം എന്നും പറഞ്ഞ് നേരത്തെ തന്നെ ഹോട്ടലില്‍ നിന്നും പോയിരുന്നു. പാലസ്തീനില്‍ തനിയെ നടക്കുന്നത് ഹൃദയമിടിപ്പ് കൂട്ടിയെങ്കിലും ആ ത്രില്ലും തണുപ്പും ആസ്വദിച്ച്, പല്ലു കൂട്ടിയിടിച്ച്, എന്റെ ക്യാമറയുമായി ഞാന്‍ പള്ളിയിലേയ്ക്ക് നടന്നു. തെരുവുകള്‍ വൃത്തിഹീനമായിരുന്നെങ്കിലും മാലലൈറ്റുകളും തോരണങ്ങളും കൊണ്ട് നന്നായി അലങ്കരിച്ചിരുന്നു. തെരുവോരത്ത് തീകാഞ്ഞ് അതില്‍ ചോളം ചുട്ടുതിന്നുന്നവര്‍ വിദേശികളേയും തദ്ദേശിയരേയും ഒരു പോലെ കമന്റടിച്ചു. ചത്വരത്തില്‍ നിറയെ വിദേശികള്‍ കുറുബാനയ്ക്ക് പങ്കെടുക്കാന്‍ സെക്യൂരിറ്റി ചെക്കിംഗിനായി ക്യൂ നില്‍ക്കുന്നു, ചുരുക്കം ചിലര്‍ ചുറ്റി കറങ്ങുന്നു. ചെക്കിങ്ങ് ആരംഭിക്കാത്തതിനാല്‍ അക്ഷമരായി നില്‍ക്കുന്ന ചാനല്‍ക്കാര്‍ പാലസ്തീന്‍ സമാധാ‍നത്തിനായി നടത്തുന്ന സിം‌ഫണിയില്‍ ശ്രദ്ധിക്കുന്നു. തദ്ദേശീയരായ പാലസ്തീകള്‍ക്ക് പള്ളിയില്‍ കയറാന്‍ അനുവാദമുണ്ടായിരുന്നില്ല. എല്ലാവരേയും പാസ്സ് മൂലം നിയന്ത്രിച്ചിരുന്നു; പാസ്സ് കൊടുക്കുന്നതാവട്ടെ ജറുസലേമിലെ കേന്ദ്രവും. പാലസ്തീനികള്‍ കൊച്ച് കുട്ടികള്‍ മുതല്‍ വൃദ്ധര്‍ വരെ ചെറിയ ചെറിയ കച്ചവടങ്ങളുമായി ചത്വരത്തില്‍ ഒരു നേരത്തെയ്ക്കുള്ള അന്നത്തിനുള്ള വക തേടി. ചോളം പുഴുങ്ങി ചൂടോടെ വില്‍ക്കുന്നവര്‍, ഫ്ലാസ്കില്‍ കട്ടന്‍‌കാപ്പി നിറച്ച് വില്‍ക്കുന്നവര്‍, ചെറിയ പോസ്റ്റ് കാര്‍ഡിലടിച്ച പടങ്ങള്‍ വില്‍ക്കുന്നവര്‍. ചളിപറ്റി തുടങ്ങിയ ബബിള്‍ഗം കവറുമായി മുഷിഞ്ഞ പിന്നിയ ഉടുപ്പുകളും, ദയനീയമായ മുഖവുമുള്ള ഒരു പെണ്‍കുട്ടി ചുളിവു വീഴാത്ത ഔദ്യോദിക വേഷങ്ങളണിഞ്ഞ് ക്യൂവില്‍ നില്‍ക്കുന്ന മദാമമ്മാരെ സമീപിക്കുന്നത് കണ്ടപ്പോളെനിക്ക് എന്നോട് തന്നെ അവഞ്ജ തോന്നി. പക്ഷേ അവരാരും തന്നെ ആ പെണ്‍കുട്ടിയെ കാണുന്നുണ്ടായിരുന്നില്ല, അത്ഭുതം! കയ്യിലൊരു ക്യാമറയുമായി ഒറ്റയ്ക്കൊരു സ്ത്രീയെ കണ്ടപ്പോള്‍ പാലസ്തീന്‍ യൌവനങ്ങള്‍ക്ക് കൌതുകം. സര്‍വ്വ ചാനലുകാരുടേയും ക്യാമറയ്ക്ക് മുന്നില്‍ പോസ് ചെയ്ത് ക്യാമറയുടെ എല്‍.സി.ഡി സ്ക്രീനില്‍ കാണപ്പെടുന്ന തന്റെ പടം നോക്കി നിര്‍വൃതി അടഞ്ഞ പാലസ്തീനി എന്റെ ക്യാമറയ്ക്കും തന്നു ഒരു ഷോട്ട്. അയാളെ ഒഴിവാക്കാന്‍ ആവാതെയായപ്പോള്‍ ചാനല്‍ക്കാര്‍ ദേഷ്യപ്പെടുന്നുണ്ടായിരുന്നു. ചത്വരത്തിലെ ഇവിധം കാഴ്ചകളില്‍ മുഴുകി നിന്നപ്പോഴാണ് പുറകില്‍ നിന്നൊരു വിളി.

“ഹലോ മാഡം“
തിരിഞ്ഞു നോക്കിയപ്പോള്‍ ഷേക് ഹാന്‍ഡിനായി കൈ നീട്ടി പിടിച്ച് ഏകദ്ദേശം എട്ട് വയസ്സ് തോന്നിക്കുന്ന, വൃത്തിയായി വസ്ത്രം ധരിച്ച ഒരു പാലസ്തീനി പെണ്‍കുട്ടി. അവളുടെ കയ്യും പിടിച്ച് അവളേക്കാള്‍ പൊക്കമുള്ള ഒരാണ്‍കുട്ടിയും.
“ഹലോ മോളെ“ ഞാന്‍ കൈനീട്ടി.
“ഐ ആം സല്‍മ. ഹീ ഇസ് യാക്കൂബ്.“
അവള്‍ ഇംഗ്ലീഷ് പറയുന്നു! എനിക്ക് അതിശയം ഒപ്പം സന്തോഷവും; ഇവളോട് കുറച്ച് സംസാരിക്കാമല്ലോ.
ഒരു പടം എടുക്കുക എന്നതായിരുന്നു അവരുടെ ആവശ്യം. ഞാന്‍ പടമെടുക്കാന്‍ തയ്യാറായപ്പോള്‍ നാണിച്ച് നില്‍ക്കുന്ന കൂട്ടുകാരനെ ചേര്‍ത്ത് പിടിച്ച് അവള്‍ മിടുക്കിയായി പോസ് ചെയ്തു. ആ പടം ക്യാമറയുടെ സ്ക്രീനില്‍ കണ്ടപ്പോള്‍ അവര്‍ക്ക് സന്തോഷം.

“സല്‍മ, മിടുക്കി കുട്ടി നീ ഏതു ക്ലാസ്സിലാ?“
“ഞാന്‍ സ്കൂളില്‍ പോകുന്നില്ല.“
“ങേ.. നീ നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നല്ലോ“
“അത് അമ്മ പഠിപ്പിച്ചതാണ്, അമ്മ ടീച്ചറായിരുന്നു.“
“സല്‍മയുടെ അമ്മ ഇപ്പോള്‍ എന്തു ചെയ്യുന്നു.“
“അമ്മ മരിച്ച് പോയി. നത്യാന്യായില്‍ ഒരു ജൂതനെ കൊന്ന ചാവേര്‍ അമ്മയായിരുന്നു.“
“ങേ..!!“ ഞാനെന്താ കേട്ടത് എന്നാലോചിക്കുന്നതിനു മുന്‍പേ സല്‍മയുടെ വാക്കുകള്‍ വീണ്ടും
“ഞാനും വലുതാവുമ്പോള്‍ ചാവേറാകും, യാക്കൂബും ആകും.“

പാലസ്തീനില്‍ വച്ച് ചാവേര്‍ എന്ന് കേട്ടാല്‍ ഞെട്ടേണ്ട കാര്യമൊന്നുമില്ല. പക്ഷേ ഒരു എട്ട് വയസ്സുകാരി അത് പറഞ്ഞപ്പോള്‍ ഞെട്ടാതിരിക്കാന്‍ കഴിഞ്ഞില്ല.
അല്ല മോളെ ഹിംസയെ ഹിംസകൊണ്ട് എതിര്‍ക്കുകയല്ല വേണ്ടത്, അഹിംസയുടെ വഴിയിലൂടെ,ആത്മാഭിമാനത്തോടെ പ്രതികരിക്കണം എന്നിങ്ങനെ കുറേ വാക്കുകള്‍ എന്റെ തൊണ്ടയില്‍ തന്നെ കുരുങ്ങി കിടന്നു. വാക്കുകള്‍ക്ക് വേണ്ടി ഞാന്‍ പരതുന്നതിനിടയ്ക്ക് സല്‍മയുടെ സ്വരം.

“മാഡം കൈ നീട്ടു.“
യാന്ത്രികമായി ഞാന്‍ നീട്ടിയ കൈയില്‍ ഒരു തരിപ്പ്, ഒരു വൈദ്യുതി പ്രവാഹം!
“അയ്യോ..“ ഞാന്‍ പെട്ടെന്ന് ഒച്ചയിട്ട് കൈവലിച്ചു. എന്റെ പ്രകടനം കണ്ട് കൈകൊട്ടി ചിരിക്കുന്ന സല്‍മ. സല്‍മയുടെ കയ്യിലെ കൊച്ചു കളിപ്പാട്ടത്തില്‍ നിന്നും വന്ന ചെറിയ ഷോക്ക് എന്റെ കയ്യില്‍ തട്ടിച്ചതായിരുന്നു സല്‍മ. ഞാന്‍ പേടിച്ചു എന്ന് കണ്ട് ആ കൊച്ച് മുഖത്ത് അതിയായ സന്തോഷം. എന്റെ നിലവിളി സെക്യൂരിറ്റികാര്‍ കേട്ടു എന്ന് തോന്നുന്നു. ഓടി വന്ന രണ്ട് പേരെ തടുക്കാന്‍ ശ്രമിക്കുന്നതിനു മുന്‍പേ സല്‍മയും യാക്കൂബും ആള്‍ക്കൂട്ടത്തില്‍ അലിഞ്ഞു ചേര്‍ന്നിരുന്നു.

2000 കൊല്ലം മുന്‍പ് ഈശൊ ജനിച്ചതെന്ന് കരുതപ്പെടുന്ന ഗുഹയിലെ പുല്‍കൂടിനോട് ചേര്‍ന്ന് പാതിരാകുര്‍ബാനയ്ക്ക് നില്‍ക്കുമ്പോള്‍ സല്‍മയുടെ കുഞ്ഞു തൊണ്ടയ്ക്കെങ്ങിനെ ചാവേര്‍ എന്ന വാക്ക് ഉള്‍ക്കൊള്ളാനായി എന്ന ചിന്തയില്‍ ആ കടുത്ത തണുപ്പിലും ഞാന്‍ വിയര്‍ത്തു. പുറംകുപ്പായം ഊരുമ്പോള്‍ അടുത്തു നില്‍ക്കുന്ന ആള്‍ക്കാരുടെ നിശ്വാസങ്ങളാണ് എന്റെ വിയര്‍പ്പിനു കാരണം എന്ന് സ്വയം വിശ്വസിപ്പിക്കാന്‍ ഒരു പാഴ് ശ്രമം കൂടെ നടത്തി. മേലങ്കി ചോദിക്കുന്നവനു കുപ്പായം കൂടെ കൊടുത്ത് സ്വയം നഗ്നനാക്കി, ചോദിക്കുന്നവനെ ലജ്ജകൊണ്ട് ശിരസ്സ് താഴ്ത്തിച്ച് ആത്മാഭിമാനം വീണ്ടെടുക്കേണ്ടതിനെ കുറിച്ച് പാതിരി പ്രസംഗിച്ചപ്പോള്‍ എന്നെ അലട്ടിയത്, എന്നെ ചെറുതായെങ്കിലും പേടിപ്പിക്കാനായപ്പോള്‍ സല്‍മയുടെ കണ്ണുകളില്‍ കണ്ട ആത്മവിശ്വാസത്തിന്റെ തിളക്കമായിരുന്നു. കുര്‍ബാന കഴിഞ്ഞ് സല്‍മയെ ഉള്ളിലിട്ടു തന്നെ ഞാന്‍ അമീറ നില്‍ക്കാമെന്നേറ്റിരുന്ന ബസലിക്കാ പള്ളിയുടെ കവടത്തിലേയ്ക്ക് നടന്നു.

“പ്രാതല്‍ കഴിക്കാന്‍ പോകുമ്പോള്‍ ഹോട്ടലില്‍ പരാതിപ്പെടാം“ അമീറയുടെ നനഞ്ഞ ശബ്ദം. സല്‍മയെ മാറ്റി വീണ്ടും അമീറ മനസ്സ് കയ്യടക്കി.

ജര്‍മ്മന്‍കാരിയാണ് അമീറ. പാലസ്തീനിലെ സംസ്കാരങ്ങളെ കുറിച്ച് പഠിക്കാന്‍ വന്ന സമൂഹ്യ പ്രവര്‍ത്തക.
വികസിത രാജ്യങ്ങളുടെ പാലസ്തീന്‍ സാമൂഹിക സേവനങ്ങളുടെ കേന്ദ്രങ്ങളെല്ലാം ഇസ്രായേലിലെ ജറുസലേമില്‍ ആയിരിക്കുന്നത് എന്തുകൊണ്ട് എന്ന് ഞാ‍ന്‍ ചോദിച്ചപ്പോള്‍ ‍അമീറയുടെ ഉത്തരം, ജര്‍മ്മനിയില്‍ എന്തുകൊണ്ടിപ്പോഴും ധാരാളം ജൂതന്മാര്‍ എന്ന മറുചോദ്യമായിരുന്നു.പിന്നീട് ബുദ്ധിയ്ക്ക് വഴങ്ങി തരാത്ത അത്തരം കാര്യങ്ങളെ കുറിച്ച് സംസാരിക്കാതെ കേരളത്തിലെ മണ്‍സൂണിനെ കുറിച്ച് ഞാനും റെയ്ന്‍ നദിയെ കുറിച്ച് അമീറയും വാചാലരായി.

ഫത്തായും ഹമാസും തമ്മില്‍ ആ‍ഭ്യന്തരയുദ്ധം മൂര്‍ച്ഛീരുന്നതിനാല്‍ പോകുന്നത് ബുദ്ധിയല്ല എന്ന പ്രൊഫസ്സറുടെ ഉപദേശം അവഗണിച്ചാണ് അമീറയുടെ നീര്‍ബന്ധത്തിന് വഴങ്ങി ഞാന്‍ ബെത്‌ലേഹത്തേയ്ക്ക് പുറപ്പെട്ടത്. കുപ്രസിദ്ധമായ ജെറുസ്സലം മതിലും ചെക്ക് പോസ്റ്റും ഒഴിവാക്കി നേരിട്ട് ബത്‌ലേഹത്തേയ്ക്ക് പോകാനാ‍യിരുന്നു, സ്ഥിരം ബെത്‌ലേഹം പാലസ്തീ‍ന്‍ യാത്രകള്‍ നടത്തിയിരുന്ന അമീറയുടെ തീ‍രുമാനം. ജൂത ടാക്സികള്‍ അതിനു തയ്യാറാവാത്തതിനാല്‍ അറബ് ടാക്സിയ്ക്കായുള്ള കാത്തുനില്‍പ്പില്‍ അമീറ ജറുസലേം മതിലിനെ കുറിച്ച് വാചാലയായി.

"പാലസ്തീനിനെ ശരിയ്ക്കും രണ്ടായി പകുക്കുകയാണീ മതില്‍. പാലസ്തീനിയെ ക്രൂശിക്കാനായി മാത്രം ഉണ്ടാക്കിയ ചെക്ക് പോസ്റ്റ്‌. ഈ ചെക്ക് പോസ്റ്റില്‍ വീണ പാലസ്തീന്‍ കണ്ണിരു മാത്രം മതി ഭീമാകാരനായ ഈ മതിലിനെ വീഴ്ത്താന്‍. അത് വീഴുക തന്നെ ചെയ്യും" അമീറയുടെ കുതിരവാല്‍ കൂടുതല്‍ ശക്തിയായി ഇളകി.

"നിനക്കൊന്നും പറയാനില്ലേ അരാഷ്ട്രീയക്കാരി." അമീറയുടെ സ്ഥിരം പരിഹാസം. പാലസ്തീനിനു വേണ്ടി വൈകാരികമായി പ്രതികരിക്കാത്തതിനാണ് ദേഷ്യം. അരാജകവാദി എന്ന് പലപ്പോഴും ഞാന്‍ തിരുത്തിയെങ്കിലും അമീറ അത് വിശ്വസിച്ചില്ല.

“ഈ ഹോട്ടലില്‍ വച്ച് ഒരാള്‍ ഒരു അതിഥിയുടെ മുറി തള്ളി തുറക്കാന്‍ ശ്രമിച്ചെന്നോ? അവിശ്വസനീയം അവിശ്വസനീയം.“
ഹോട്ടല്‍ റെസപ്ഷനില്‍ പരാതി പെട്ടപ്പോള്‍ മാനേജറുടെ മുഖത്ത് വച്ചുകെട്ടിയ അതിശയം.
“പാലസ്തീനിലെ എല്ലാ ഉയര്‍ന്ന പട്ടാള ഉദ്ദ്യോഗസ്ഥരും ക്രിസ്തുമസ്സ് സമയത്ത് തങ്ങുന്നത് ഇവിടെയാണ്. ഒരിക്കലും ഉണ്ടായി കൂടാത്തത്. അസംഭവ്യം” അയാളുടെ പുലമ്പലില്‍ പോലും കൃത്രിമ്വം! ബസിലിക്കാ കവാടത്തിനിപ്പുറം വച്ച് ഒരു വിദേശ വനിതയോട് അപമര്യാദയായി പെരുമാറിയ പട്ടാളക്കാരനോട് അമീറ കയര്‍ത്തിരുന്നു. അയാള്‍ തന്നെയാണ് ഇന്നലെ രാത്രി വാതില്‍ തള്ളി തുറന്ന് ഒരു മല്‍‌പിടിത്തതിനു ശ്രമിച്ചത് എന്നാണ് അമീറയുടെ വാദം. അമീറ മുറിക്കകത്ത് കടന്ന് വാതില്‍ അടയ്ക്കുക്കാനൊരുങ്ങുമ്പോള്‍ അത് തള്ളി തുറന്ന് അകത്ത് കടക്കാന്‍ ശ്രമിച്ച പട്ടാളക്കാരന്റെ മുഖം അവള്‍ വ്യക്തമായി കണ്ടിരുന്നു എന്ന് പറഞ്ഞപ്പോള്‍ എന്നാല്‍ കപ്യൂട്ടറിലെ പട്ടാളക്കാരുടെ പടങ്ങള്‍ നോക്കി തിരിച്ചറിയല്‍ പരേഡ് നടത്താം എന്നായി മാനേജര്‍. ഞാന്‍ പ്രതീക്ഷിച്ചത് പോലെ തന്നെ നിരവധി പടങ്ങള്‍ക്കിടയില്‍ നിന്നും അക്രമിയെ തിരിച്ചറിയാന്‍ അമീറയ്ക്കായില്ല. ആളെ അറിയാതെ എന്തെങ്കിലും ചെയ്യാന്‍ കഴിയില്ലെന്നായി ഹോട്ടലുകാര്‍.

നിശബ്ദയായി ഇരുന്നു ബ്രെഡ് മുറിക്കുന്ന അമീറയുടെ കണ്ണില്‍ ഒരു മുത്തു ഉരുണ്ട് കൂടുന്നത് ഞാന്‍ കണ്ടില്ലെന്ന് നടിച്ചു. പക്ഷേ ഒന്നു മുഖം തിരിച്ച് ശേഷം അവളുടെ കണ്ണില്‍ കണ്ട വന്യമായ തിളക്കം സല്‍മയുടെ ആത്മവിശ്വാസം നിറഞ്ഞ പുഞ്ചിരി ഓര്‍മ്മിപ്പിക്കുന്നതായിരുന്നു.

ഫത്തായും ഹമാസും തമ്മിലെ രൂക്ഷ സംഘര്‍ഷം റോ‍ഡുകളെ വിജനമാക്കിയിരുന്നു. ചെക്ക് പോസ്റ്റ് വഴിയാണ് പോകുന്നതെന്ന് അമീറ കനം തൂങ്ങിയ വാക്കുകളില്‍ നേരത്തെ സൂചിപ്പിച്ചീരുന്നു! അതിര്‍ത്തിയീലേയ്ക്ക് നടക്കുന്നിനിടയ്ക്ക് പാലസ്തീന്‍ പോലീസ് എല്ലാവരേയും തടഞ്ഞു നിര്‍ത്തുന്നു. പെട്ടെന്ന് ശ്വാസഗതി കൂടി. ഒരു സംഘര്‍ഷത്തിനിടയ്ക്ക് രണ്ട് വിദേശ വനിതകള്‍ അകപ്പെട്ടു എന്ന് നാളത്തെ പത്ര തലക്കെട്ട് മിന്നിമാഞ്ഞു. അല്പ സമയത്തിനിടെ അനേകം വാഹന ഉടമ്പടിയോടെ പ്രസിഡണ്ട് അബു മാസെന്‍ കടന്ന് പോയി; പാലസ്തീനു ഇസ്രായേലില്‍ നിന്നും വിട്ട് കിട്ടാനുള്ള പണത്തെ കുറിച്ചുള്ള ചര്‍ച്ച കഴിഞ്ഞു വരുകയായിരുന്നു അദ്ദേഹം. പെട്ടെന്നൊരു കുഞ്ഞു ശബ്ദം,

“സ്വതന്ത്ര പാലസ്തീന്‍ വിപ്ലവം വിജയിക്കട്ടെ“

ഞാന്‍ ഞെട്ടി തിരിഞ്ഞു നോക്കിയപ്പോള്‍ തൊട്ടു പിന്നില്‍ സല്‍മ, ഒരു കൈയില്‍ അവളുടെ ഷോക്കടിപ്പിക്കുന്ന കളിപ്പാട്ടവും മറുകൈ പിടിച്ച് യാക്കൂബും. എന്നെ കണ്ടതും “ഹായ് മേം“ എന്നും പറഞ്ഞ് കുസൃതിയോടെ കളിപ്പാട്ടം പിടിച്ച കൈ നീട്ടി. കൈയില്‍ പിടിക്കാതെ അവളെ കെട്ടിപിടിച്ച് നെറ്റിയില്‍ ഒരുമ്മ കൊടുത്ത് ഞാന്‍ പറഞ്ഞു "വസന്തത്തില്‍ വിജയം നിനക്കാകട്ടെ കുട്ടി"

എന്തായിരിക്കും വസന്തത്തില്‍ സല്‍മയുടെ വിജയം? ജറുസലേമിലെ വഴിയിലേക്കുള്ള ഒരു ചാവേറ്?
അല്ല അല്ല സ്വതന്ത്ര പാലസ്തീനിന്റെ മകള്‍ ഞാന്‍ മനസ്സിനെ സമാധാനിപ്പിച്ചു.

അപ്പോള്‍ മുന്തിരി വള്ളികള്‍ തളിര്‍ക്കുന്ന വസന്തത്തില്‍ ഇസ്രായേല്‍ പട്ടാളം പാലസ്തീനിലെ എല്ലാ ആക്രമികളേയും തകര്‍ക്കുന്നത് സ്വപ്നം കണ്ട് അമീറ എന്റെ ഇടത് ഭാഗത്ത് നടന്നിരുന്നു.

അതിര്‍ത്തിയില്‍ എത്തിയപ്പോഴേയ്ക്കും സല്‍മയും അമീറയും എന്റെ ഹൃദയത്തിന്റെ രണ്‍ട് ഭാഗത്തുമിരുന്ന് ഇലപൊഴിഞ്ഞ മുന്തിരി വള്ളികള്‍ പങ്കെട്ടെടുക്കുകയായിരുന്നു. ഒന്ന് സല്‍മയ്ക്ക്, ഒന്ന് അമീറയ്ക്ക്, പിന്നേയും ഒന്ന് സല്‍മയ്ക്ക്. പകുത്ത് കഴിഞ്ഞപ്പോള്‍ ഒരു മുന്തിരി വള്ളി അധികം വന്നു. സല്‍മ കുഞ്ഞാണല്ലോ എന്നോര്‍ത്ത് അധികം വന്നത് ഞാന്‍ അവള്‍ക്ക് കൊടുത്തു. എന്റെ നാട്ടിലെ കാലാവസ്ഥയില്‍ വസന്തത്തില്‍ മുന്തിരി വള്ളി തളിര്‍ക്കുമെങ്കിലും പൂക്കാറില്ലായിരുന്നു.സല്‍മയും അമീറയുമാകട്ടെ മുന്തിരിക്കുലകളുണ്ടാകുന്ന സുനിശ്ചിതമായ ഒരു വസന്തകാലത്തെ സ്വപ്നം കാണുകയായിരുന്നു.‍


സമര്‍പ്പണം പരാജിതന്റെ മയിലിന്

Monday, June 18, 2007

സ്ത്രീ

അവന്‍ പറഞ്ഞു:
കൈപിടിയിലൊതുങ്ങാത്ത രഹസ്യം പോലെ കാമുകി
കൈയിലൊതുങ്ങിയ പരസ്യമായി ഭാര്യ
അമ്മയോ അടുക്കളയുടെ സ്വകാര്യം

സ്ത്രീ നിനക്കാര് എന്നതായിരുന്നു
പക്ഷേ അവളുടെ ചോദ്യം.

ഇതും, ഇതു വായിച്ചപ്പോ എനിക്ക് തോന്നിയതും ഒന്നിച്ച് ചേര്‍ത്തത്(കവിതയല്ല).

Saturday, May 19, 2007

കടല്‍തീരത്ത് കാണാതായത്കുമാറേട്ടന്റെ ഈ പടത്തിനുള്ള ആവിഷ്കാരം

“ഡോക്ട്രര്‍ വാട്ട്സന്‍, താങ്കള്‍ക്കെന്തു തോന്നുന്നു? തീരത്ത് നിന്നും പോയിരിക്കുമോ?“
ഏറെ നേരം ചിന്തിച്ച ശേഷം വാട്ട്സന്‍ പറഞ്ഞു,
"അതൊരു കുഴയ്ക്കുന്ന ചോദ്യമാണ്‌ ഹോംസ്, ഈ ഇരുട്ടില്‍ തെളിവുകള്‍ എന്തെങ്കിലും കണ്ടെത്തുക എളുപ്പമല്ലാത്ത സംഗതിയാണ്‌."
“ഉം“ ഹോംസ് ഇരുത്തി മൂളി. തന്റെ പൈപ്പ്ആഞ്ഞു വലിച്ചു. ഞെരബുകള്‍ പിണച്ച് കിടന്ന വലതു കൈ കൊണ്ട് ഇടത് കഴുത്തില്‍ തലോടി തലചെരിച്ച് പിടിച്ച് ആലോചിക്കാന്‍ തുടങ്ങി.

വാട്ട്സന്‍ തന്റെ പോക്കറ്റില്‍ നിന്നും ചെറിയ നോട്ട് ബുക്കും പേനയുമെടുത്ത് നോട്ട് കുറിക്കാന്‍ തുടങ്ങി. കറുത്ത് പര്‍ദ്ദയിട്ടോരു സ്ത്രീ ഒരു വെളുത്ത മാരുതിയില്‍ വന്നിറങ്ങി അതിവേഗത്തില്‍ ബേക്കര്‍ സ്റ്റ്ട്രീറ്റിലെ ഇരുപത്തിരണ്ടാം നമ്പര്‍ വീട്ടിലേയ്ക്കുള്ള മരപ്പടികള്‍ കയറി ചെല്ലുമ്പോള്‍ ഡോക്ടര്‍ വാട്ട്സനും അവിടെ ഉണ്ടായിരുന്നു. അക്കാലങ്ങളില്‍ അലസതയിലും, ഏകാന്തതയിലും, ഓപ്പിയം തീറ്റയിലും പെട്ട് വലഞ്ഞ് പോയിരുന്ന ഹോംസിന് നല്ലൊരു ചായയിട്ട് കൊടുക്കാന്‍, തന്റെ ഭാര്യ ഉണ്ടാക്കിയ കേക്കുമായി എത്തിയതായിരുന്നു ഡോക്ടര്‍ വാട്ട്സന്‍. പര്‍ദ്ദയിട്ട സ്ത്രീയെ കണ്ട് വാട്ട്സന്‍ ഹോംസിനെ കുലുക്കി വിളിച്ചു. അപ്പോഴും ഓപിയത്തിനെ മയക്കത്തിലായിരുന്ന ഹോംസിനോട് ആ സ്ത്രീ സംസാരിക്കാന്‍ തുടങ്ങി.

മിസ്സീസ്സ് ഫോസ്റ്റര്‍ എന്ന ആ സ്ത്രീയുടെ ആവശ്യം കടല്‍ തീരത്ത് കളഞ്ഞ് പോയ എന്തോ ഒന്ന് തേടിപിടിച്ച് കൊടുക്കണമെന്നതായിരുന്നു. അതിനെ കുറിച്ച് കൂടുതല്‍ പറയാന്‍ ഹോംസ് ആവശ്യപ്പെടും എന്ന് വാട്ട്സന്‍ കരുതി. പക്ഷേ അതുണ്ടായില്ല. അവരുടെ തുടര്‍ന്നുള്ള വര്‍ത്തമാനത്തില്‍ നിന്നും അവര്‍ കുറച്ച് നാളുകളായി ഇവിടെ നിത്യ സന്ദര്‍ശകയാണെന്നും കാര്യങ്ങളെല്ലാം ഹോംസിനറിയാം എന്നും വാട്ട്സന് മനസ്സിലായി. അല്പസമയത്തിനുള്ളില്‍ അവര്‍ ഇറങ്ങി പോയി. ഉടന്റെ ഹോംസ് തന്റെ രാത്രി വേഷത്തില്‍ കടല്‍കരയിലേയ്ക്ക് നടന്നു, കൂടെ ഡോക്ടര്‍ വാട്ട്സനും.

പെട്ടെന്നാണത് ഡോക്ടര്‍ വാട്ട്സന്റെ കണ്ണില്‍ പെട്ടത് ‘ഒരു ചുവന്ന വെളിച്ചം‘. ഇത് അതു തന്നെ. നഷ്ടപ്പെട്ടതിന്റെ സാധത്തില്‍ നിന്നും പോയതാവണം ഈ വര്‍ണ്ണം. ഡോക്ടര്‍ വാട്സന്‍ തീര്‍ച്ചപ്പെടുത്തി. അപ്പോഴും കഴുത്തില്‍ കൈ വച്ച് നില്‍ക്കുന്ന ഹോംസിനെ തോണ്ടി വാട്ട്സന്‍ ആ വര്‍ണ്ണം കാണിച്ചു. അതിനടുത്ത് പോയി സൂക്ഷ്മമായി പരിശോധിച്ച് ശേഷം ഹോംസ് പറഞ്ഞു.
“ഇതിലും കടുത്ത നിറമാവണം അതിന് . വാട്ട്സന്‍ നിങ്ങള്‍ പിന്നേയും ഞാന്‍ പറഞ്ഞതൊക്കെ മറക്കുന്നു. ബേക്കര്‍ തെരുവിലെ വീട്ടിലേയ്ക്ക് എത്ര ചവുട്ടു പടികള്‍ ഉണ്ടെന്ന് നിങ്ങള്‍ക്കിപ്പോഴും അറിയില്ല എന്നെനിക്കറിയാം. ഈ മണലില്‍ പതിഞ്ഞിരിക്കുന്ന കാലടികള്‍ ശ്രദ്ധിച്ചുവോ താങ്കള്‍?“
അപ്പോഴാണ് വാട്ട്സന്‍ ആ കാലടികളെ ശ്രദ്ധിക്കുന്നത്. എണ്ണിയാല്‍ തീരാത്തത്രയുമുള്ള ആ കാല്പാടില്‍ നിന്നും എന്തെങ്കിലും കണ്ട് പിടിക്കാന്‍ വാട്ട്സനായില്ല. വെറുതെ തലയാട്ടി നിന്ന വാട്ട്സനോട് ഹോംസ് പറഞ്ഞു, “ഡോക്ടര്‍ വാട്ട്സന്‍, നോക്കൂ ചെരുപ്പിടാതെ നഗ്നമായ കാലപാടുകള്‍ വലത് നിന്നും ഇടത്തോട്ട് പോകുന്നു വലിയ മാറ്റമില്ലാതെ, അതിനിടയില്‍ ചെരുപ്പിട്ട ഒരു വലിയ കാല്പാട് ഇവയ്ക്ക ലംബമായി നടക്കുന്നത് ശ്രദ്ധിച്ചോ?“ അപ്പോഴാണ് വാട്സന്‍ ആ കാല്പാട് കണ്ടത്. അതിനടുത്ത് ചെന്ന് തിരിഞ്ഞും മറിഞ്ഞും നോക്കിയിട്ടും വാട്സനൊന്നും മനസ്സിലായില്ല. ഹോംസ് തുടര്‍ന്ന് രണ്ടടി മുന്നോട്ട് വച്ച് അവിടെയെല്ലാം തന്നെ ഭൂതകണ്ണാടി വച്ച് നോക്കി. എന്നീട്ട് നിരാശനായി ഇവിടെയൊന്നുമില്ല എന്ന അര്‍ഥത്തില്‍ തലയാട്ടി. പെട്ടെന്ന് രണ്ട് നിഴലുകള്‍ അവരുടെ ശ്രദ്ധയില്‍ പെട്ടു. ഹോംസിന്റെ ഉദ്ദേശ്യം മനസ്സിലായെന്നപോലെ വാട്സനും ആ നിഴലുകളെ നിരീക്ഷിക്കാനായി പതുങ്ങി നിന്നു.
അവയെ നോക്കുന്നതിനിടയില്‍ വാട്സന്‍ ചോദിച്ചു
“ഹോംസ് യഥാര്‍ത്ഥത്തില്‍ മിസ്സീസ്സ് ഫോസ്റ്ററുടെ എന്താണ് കളഞ്ഞ് പോയത്?
“അവരുടെ ബാല്യം“
ഹോംസ് നിര്‍വികരനായി മൊഴിഞ്ഞ് തിരിഞ്ഞ് നോക്കിയപ്പോള്‍ ചിരിച്ചു കൊണ്ട് പച്ചാളം പറഞ്ഞു,
“ഹ ഹ ഹ കുമാറേട്ടാ ഇത് നമ്മുടെ തന്നെ നിഴലുകളായിരുന്നു “

പിന്‍‌കുറിപ്പ്:
1)എട്ടാം ക്ലാസില്‍ വച്ച് ആര്‍ത്തിയോടെ വായിച്ച് തീര്‍ത്ത ഹോംസ് കഥകളുടെ ഓര്‍മ്മയ്ക്ക്, അത് സ്കൂളില്‍ കൊണ്ട് വന്നിരുന്ന രോഷ്ണിയ്ക്ക്. ഇപ്പോഴും ഞാന്‍ ചവിട്ട് പടികള്‍ എണ്ണികൊണ്ടിരിക്കുന്നു.
2) പച്ചാളം, കുമാറേട്ടന്‍ എന്നതിന്ന് പകരം ഇവിടെ ഏത് പേരും ഉപയോഗിക്കാം. കഥ മാറുന്നില്ല.

ഈ പടത്തെ കുറിച്ച് മറ്റുള്ളവരുടെ ഭാവന വിലാസം കാണാന്‍:
ദേവേട്ടന്‍
കുട്ടിച്ചാത്തന്‍
ഇട്ടിമാളു
മുല്ലപ്പൂ
ഗുപ്തന്‍ എല്യാസ് മനു

Wednesday, January 10, 2007

വനിതാലോകം നടത്തിയ ചിത്ര രചനാമത്സരത്തില്‍ വന്‍ ‍അഴിമതി

നമസ്കാരം ബൂലോകനെറ്റ് വാര്‍ത്തകള്‍

വനിതാലോകം നടത്തിയ ബൂലോക ചിത്രരചനാ മത്സരത്തില്‍ വന്‍ തട്ടിപ്പ്.

ഉട്ടോപ്യ: ബൂലോകം എന്ന ബദലില്ലാത്ത നെറ്റ് സംഘടനയുടെ വനിതാഘടകമായ വനിതാലോകം നടത്തിയ ബൂലോക ചിത്രരചനാ മത്സരത്തില്‍ കോടികളുടെ അഴിമതിയായി വ്യക്തമായ തെളിവുകള്‍ കിട്ടിയിരിക്കുന്നു. ഇന്നലെ ഞങ്ങളുടെ ചാനലിലേയ്ക്ക് വന്ന അഞ്ജാത ഇമെയില്‍ സന്ദേശത്തെ തുടര്‍ന്ന് ഞങ്ങളുടെ റിപ്പോര്‍ട്ടര്‍ നടത്തിയ അതിവിദ്ധഗ്ദമായ വേട്ടയിലാണ് അഴിമതി വിവരങ്ങള്‍ വെളിവായത്. അതിസാഹസികമായി ചോര്‍ത്തിയെടുത്ത ജിടോക്ക് രഹസ്യങ്ങള്‍ വ്യക്തമാക്കുന്നത് അനേകം കോടിയുടെ തട്ടിപ്പുകള്‍ക്ക് പുറമെ ത്രീവാദ പ്രസ്ഥാനവും ഇതിന്റെ പുറകില്‍ ഉണ്ടെന്നാണ്.

ഇനി ജിടോക്ക് കാണാം.

1:21 PM 1: enikku sammaanam thannillallo dushttaa kaapaalika vanithaa lokathile malsaram njan bahishkkarikkunnu

1:23 PM 2: അങ്ങനെ പറയല്ലേ കണ്ണാ

1: judges-nte aneethiyum swajana pakshapaathavum avasaanippikkuka
1:24 PM judge kaapaalikanmaar neethi paalikkuka

2: എന്നാ ശനിയന്‍ തന്നതിലും കൂടുതല്‍ പൈസ നിനക്ക് തരായിരുന്നില്ലേ?
1:25 PM 1 : athinu njan padam ayachillallo angane oru technical difficulty undaarunne :D

2: കാശിനു മുന്നില്‍ അതൊന്നും വിഷയല്ലാ നീ തന്നു നോക്ക്യേന്‍ ഇനിയും ഒന്നാം സമ്മാനം തരാക്കാം

1:26 PM 1: njan ithippo parasyamaakkum ee chat transcript njan vanitha lokathil idum illenkil maryaadakku enikku cash thanno

2: എന്നെക്കൊണ്ട് നീ വിസക്ക് അപ്ലെ ചെയ്യിക്കും അല്ലെ

1 : yyoo :D venda avide irunnaa mathi

ഇതില്‍ കാശുകൊടുക്കാമെന്ന് പറയുന്ന ബൂലോകന്‍ മലയാളം റ്റൈപ്പ് ചെയ്യാത്തതില്‍ നിന്നും ഒരു വിദേശീയാണെന്നും മലയാളിയോട് കടുത്ത വിരോധമുള്ളവനും തീവ്രവാദിയുണെന്ന് ഉട്ടോപ്യന്‍ ഫോറന്‍സിക് ലാബ് കണ്ടെത്തിയിരിക്കുന്നു. രണ്ടാമനായ ജഡ്ജിയെ പറ്റി നാഷ്ണല്‍ ലാബിന്റെ പ്രതിനിധിയ്ക്ക് പറയാനുള്ളതെന്താണേന്ന് നോക്കാം.
--------------------------------------------------------
നമസ്കാരം
നമസ്കാരം
ബൂലോക ചിത്രരചന അഴിമതിയെ കുറീച്ച് എന്താണ് നാഷ്ണല്‍ ലാബിന്റെ വക്താവ് എന്ന നിലയില്‍ തങ്കളുടെ അഭിപ്രായം?
ടോക്ക് കണ്ടു. ജഡ്ജിയ്ക്ക് കാശൊന്നും വിഷയമല്ലാന്ന് ആ ടോക്ക് വ്യക്തമായി പറയുന്നുണ്ടല്ലോ. ഇല്ലേ?
----------------------------------------------------------
എന്തുതന്നെയായലും ഒന്നാം സമ്മാനര്‍ഹന്‍ കാശു കൊടുത്തീട്ടുണ്ടെന്ന് വ്യക്തമായ സ്ഥിതിയ്ക്ക് ഇനി ആരൊക്കെ കൈകൂലി കൊടുത്തു എന്നറിയാന്‍ കേസ് സി.ബി.ഐ യ്ക്ക് വിടണം എന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. എന്തു തന്നെ വന്നാലും ഇതു ലോക്കല്‍ പോലീസ് അന്വേഷിക്കേണ്ട കാര്യമേ ഉള്ളൂ, സി.ബി.ഐ യ്ക്ക് വിടുന്ന പ്രശ്നമില്ല എന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. മത്സരം നടത്തിയ വനിതാലോകം പ്രതികരിക്കാന്‍ വിസമ്മതിച്ചു.

ബൂലോഗം നെഞ്ചിലേറ്റി ആവേശപൂര്‍വ്വം പങ്കെടുത്ത ഈ മത്സരത്തില്‍ 55 മത്സര രചനകള്‍ ഉണ്ടായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ ഇതേ ചാനലില്‍ അടുത്ത ന്യൂസ് അവറില്‍...സ്റ്റെ വിത്ത് അസ് :D

നന്ദി നമസ്കാരം
------------------------------------------------------------
ബൂലോകരെ പ്രതികരിക്കൂ. നേരത്തെ കണ്ട ജിടോക്കിലെ ഒന്നാമനായ ബ്ലോഗന്‍ ആര്‍ രണ്ടാമനായ ജഡ്ജിയാര്? എസ്. എം.സ് അയക്കേണ്ട നമ്പര്‍ 3476. ആദ്യം കിട്ടുന്ന 10 എസ്. എം.സ് കള്‍ക്ക് പ്രത്യേക സമ്മാനം. ഉത്തരങ്ങള്‍ കമന്റുകളായും ഇടാവുന്നതാണ്.

ശരിയുത്തരങ്ങള്‍ നറുക്കിട്ട് വിജയിക്കാള്‍ക്ക് 10 പവന്‍ സമ്മാനം സമ്മാനം സ്പോണ്‍സര് ‍ചെയ്യുന്നത്
ബൂലോക ജ്വലറി, ബൂലോഗ സഹസ്രങ്ങളുടെ വിശ്വസ്ത സ്ഥാപനം.
--------------------------------------------------------------------