Sunday, April 27, 2008

തുറുപ്പ്

ഞാറാഴ്ചയെന്നാല്‍ അലസതയാണ്.ഉച്ചയൂണുകഴിഞ്ഞ് കൈ സോപ്പിട്ട് കഴുകാന്‍ മിക്കവാറും മറക്കും. അലസമായ ഉച്ചമയക്കത്തിനിടെ മുഖത്ത് പാറിവീഴുന്ന മുടിമാറ്റുമ്പോഴും ഇറച്ചിക്കൂട്ടാന്‍ മണക്കുന്നുണ്ടാവും. ചീട്ടുകളിയുടെ ബഹളം കേള്‍ക്കുന്നത് അങ്ങ് ദൂരെ നിന്നാണെന്ന് തോന്നും. പക്ഷേ അത് തൊട്ടടുത്ത് നിന്നാണെന്ന് നീനയ്ക്കറിയാം.

സാധാരണയായി നീന ചീട്ട്‌ കളിക്കാന്‍ കൂടാറില്ല. വീട്ടിലെല്ലാവരും കളിക്കുന്നത് തുറുപ്പാണ്. നീനയ്ക്ക് തുറുപ്പ് കളിക്കാന്‍ വലിയ വശമില്ല.റമ്മിയാണിഷ്ടം. ചിലപ്പോഴൊക്കെ ശ്രദ്ധിച്ചീ‍ട്ടും തുറുപ്പ് അത്ര വഴങ്ങിയിട്ടില്ല. വല്ലപ്പോഴും ഒരു കുത്ത് കളിക്കാനിരുന്നാല്‍ തെറ്റിക്കളിച്ച് സെറ്റിലുള്ളവരുടെ ചീത്ത വാങ്ങിച്ചെടുക്കും. കളിക്കിടയിലായാലും കണ്ണുപൊട്ടണ ചീത്തയാണ്. എല്ലാ കുത്തും തോറ്റ് മുഖത്ത് നിറയെ മീശ വരച്ച കരിയുമാവും. പിന്നെ കുളിക്കണം. കുളിക്കു പോലും അവധി കൊടുത്ത അലസതയാണ് ഞാറാഴ്ച. അതിലുമൊക്കെ നല്ലത് ഇറച്ചിക്കൂട്ടാന്‍ മണത്ത് ഉറങ്ങുന്നതാണെന്നാണ് നീനയുടെ അഭിപ്രായം.

ഇന്നൊരു കുത്ത് കളിക്കാനിരുന്നാലെന്താ? ഒഴുകി വീണ കോലന്‍ മുടി കെട്ടി വയ്ക്കാന്‍ ഒരു പാഴ്ശ്രമം നടത്തി നീന ചീട്ട്‌കെട്ടെടുത്തു. ഇസ്രായേലിലെ സ്ഥലങ്ങള്‍ പുറത്ത് പ്രിന്റ് ചെയ്തിരിക്കുന്ന മൂന്ന് കെട്ട് ചീട്ട്. അയച്ച് ഒരു വര്‍ഷം കഴിഞ്ഞീട്ടും പുത്തനായിരിക്കുന്നതില്‍ നീനക്കല്‍ഭുതം തോന്നി. ഇവരിതു വച്ച് സ്ഥിരം കളിക്കാറുണ്ടെന്നാണല്ലോ പറഞ്ഞത്?

മൂന്ന് കെട്ട് ചീട്ട് സെറ്റ് തിരിച്ചെടുത്ത് എഴുപത്തി രണ്ട് ചീട്ട് ഒന്നിച്ച് കശക്കാന്‍ വലിയ പാടാണ്. തീരെ ചെറിയ കൈകളാണ് നീനയുടെ. ചീട്ട് കശക്കാനും നീന മിടുക്കിയല്ല. വീട്ടില്‍ പെണ്ണുങ്ങളാരും ചീട്ട് കശക്കാന്‍ മിടുക്കികളല്ല. അപ്പച്ചനും വലിച്ചാച്ചനുമൊക്കെ ചീട്ട് കശക്കുന്ന കാണണം! വെള്ളം ഒഴുകി വീഴുന്ന പോലെയാണു കശക്കുന്നത്. വലിച്ചാച്ചന്‍ പറയുന്നത് ചീട്ട് കശക്കുന്നത് കൈനറ്റിക് ഹോണ്ടയുടെ സെട്രല്‍ സ്റ്റാന്റ് ഇടുന്നത് പോലൊരു ട്രിക് ആണെന്നാണ്. ശരീയായിരിക്കും നീനയ്ക്ക് കൈനറ്റിക്കിന്റെ സെന്റ്രല്‍ സ്റ്റാന്റ് ഇടാനും അറിയില്ല. കപ്യൂട്ടറില്‍ ആണെങ്കില്‍ കശക്കാന്‍ മിനക്കെടണ്ടാ.

നാലുചീട്ട് പത്ത് തവണയിട്ടപ്പോഴേയ്ക്കും നീനയ്ക്ക് കൈകഴച്ചു. ചീട്ട് വിശറി പോലെ വയ്ക്കുന്നതൊരു കലയാണ്. ഒരേ ചിഹ്നങ്ങളടുക്കടുക്കായി വയ്ക്കണം നീനയ്ക്ക്. നീന കുഞ്ഞേമ്മയുടെ സെറ്റിലാണെങ്കില്‍ ഉടനെ പിച്ചുറപ്പാണ്. ഒരേ ചിഹ്നങ്ങള്‍ അടുക്കി വയ്ക്കുന്നത് കണ്ടാല്‍ മറ്റേ സെറ്റുക്കാര്‍ക്ക് സിഗ്നല്‍ കിട്ടുമത്രെ. കുഞ്ഞേമ്മയ്ക്ക് എന്തിനും പിച്ചാണ്, സന്തോഷം വന്നലും, സങ്കടം, വന്നാലും, ദേഷ്യം വന്നാലും. സിനിമകാണാന്‍ പോയാല്‍ കുഞ്ഞേമ്മയുടെ അടുത്തിരിക്കാന്‍ കുട്ടികള്‍ക്കിഷ്ടമല്ല. സിനിമ കഴിയുമ്പോഴേയ്ക്കും അടുത്തിരിക്കുന്നയാളുടെ കൈ മുഴുവന്‍ നീ‍ലച്ച പാടുകളാവും.

നാലും ആഡ്യന്‍! ജാക്കി, ആസ്, പത്ത്, റാണി. ഓണേഴ്സ് വിളിച്ചാലോ? ഒമ്പതില്ല. വിനോദ് സെറ്റിലുണ്ടെങ്കില്‍ തോറ്റാല്‍ പിന്നെ വെറിയോട് വെറിയാവും. വേണ്ട 42 വിളിക്കാം. ഒരു പ്രാവശ്യമെങ്കിലും ജയിക്കുമോന്ന് നോക്കാലോ. അല്ലെങ്കില്‍ വേണ്ട അടുത്ത കുത്തില്‍ വിളിക്കാം. പിന്നത്തെ മൂന്നു ചീട്ടില്‍ രണ്ടും ആഡ്യന്‍. ഒമ്പതും രാജാവും. പിന്നൊന്ന് സ്പേഡ് ജാക്കി. ഓണേഴ്സ് വിളിക്കാമായിരുന്നു. ഈയടുത്തകാലം വരെ നീനയ്ക്ക് പൊട്ടന് ഓണേഴ്സ് കിട്ടിയ പോലെ എന്നതിന്റെ അര്‍ത്ഥം അറിയില്ലായിരുന്നു. വല്യമ്മിച്ചി ഉണ്ടായിരുന്നെങ്കില്‍ കശക്ക് ശരിയായില്ല ഒന്നൂടി കൈയിടണം എന്ന് പറഞ്ഞേനെ.

അപ്പച്ചനാണ് കളിക്കാന്‍ തുടങ്ങുന്നതെങ്കില്‍ ആ കുത്ത് അവരുടെ സെറ്റിനു കിട്ടിയിരിക്കും. അത്ര നേക്കാണ് അപ്പച്ചനു തുറുപ്പ് കളിക്കാന്‍. റമ്മി കളിക്കാന്‍ അപ്പച്ചനത്ര മിടുക്കില്ല. സ്വന്തം പീടിക തുറന്നിട്ട് ശബളക്കാരനെ ഇരുത്തി ഇറച്ചികടയുടെ മുകളിലിരുന്ന് ചീട്ട്‌ കളിച്ചിരുന്ന ആളാണ് അപ്പച്ചന്‍. ചില സമയത്ത് ചീട്ട് കളി മൂത്ത് കടയില്‍ ആരും ഇല്ലാത്ത നേരത്ത് വരെ പോയിട്ടുണ്ട്. അമ്മിച്ചിയ്ക്ക് കണ്ടൂടാ ആ ചീട്ട് കളിസംഘത്തിനെ. അമ്മിച്ചിയുടെ ദേഷ്യം കാണുമ്പോള്‍ അപ്പച്ചന്‍ കളിയാക്കും “നിന്റെ അപ്പനാര്‍ന്നു അങ്ങാടിയിലെ ഏറ്റവും വലിയ ചീട്ടു കളിക്കാരന്‍. ചീട്ടു കളിച്ചും സൂ‍ചിയെറിഞ്ഞും നിന്റെ അപ്പന്‍ നശിപ്പിച്ചതിന്റെ ഏഴയലത്തു വരില്ല ഞാന്‍.“ എന്നാലും അപ്പച്ചന്‍ റിക്രിയേഷന്‍ ക്ലബില്‍ പോയി ചീട്ട് കളിക്കില്ല. വലിച്ചാച്ചന്‍ നശിച്ചത് റിക്രിയേഷന്‍ ക്ലബിലെ കളിക്കാരണമാണത്രെ. അമ്മിച്ചി സമ്മതിക്കില്ല. അമ്മിച്ചിയുടെ കണ്ണില്‍ വിനീതാന്റിയാണു കുറ്റക്കാരി. ഒരുപാട് കാശിന് ചീട്ട് കളിക്കണത് നേടാനല്ല എന്നാണ് അപ്പച്ചന്റെ വിശ്വാസം. അപ്പച്ചന്‍ ചീട്ട് കളിച്ച് കളയണത് കൂടിയാല്‍ നൂറു രൂ‍പ. നേടിയാലും അത്ര തന്നെ. ചീട്ട് കളിയില്‍ നേടുന്ന ദിവസം വരവ് കണ്ടാലറിയാം. എം.ജി. യാറോ മറ്റോ അഭിനയിച്ച ദീപാവലി എന്നു തുടങ്ങണ തമിഴ് പാട്ടുണ്ടാവും ചുണ്ടത്ത്. കൈയ്യില്‍ ചീട്ട് കളിച്ച് കിട്ടിയ കാശിനു ബേക്കറി സാധനങ്ങളും. ചീട്ട് കളിച്ച് കിട്ടിയ കാശ് വേറൊന്നിനും ഉപയോഗിക്കില്ല അപ്പച്ചന്‍. വീട്ടില്‍ ചീട്ട് കളി ചൂട് പിടിച്ചതോടെ ചീട്ട് കളിക്കാനുള്ള അപ്പച്ചന്റെ പോക്ക് ഇല്ലാതെയായി.


സ്പേഡാണ് ഇറക്കിയിരിക്കുന്നത്. ആദ്യത്തെ പിടിയ്ക്കുതന്നെ രണ്ട് പോയന്റ് പോയി. ഓണെഴ്സ് വിളിക്കാഞ്ഞത് നന്നായി. കഴിഞ്ഞ തവണ വന്നപ്പോള്‍ ഒരൂസം മൊത്തം റീനേച്ചി മിണ്ടാതിരുന്നത് ഇങ്ങനെ ഓണേഴ് വിളിച്ച് തോറ്റതിനാണ്. റീനേച്ചീയുടെ വിചാരം നീന ഏറ്റവും സ്നേഹിക്കുന്നത് റീന ചേച്ചിയെയാണെന്നാണ്. അത് നീനയുടെ വായില്‍ നിന്ന് തന്നെ കേള്‍ക്കണം. സൂത്രത്തില്‍ ചോദിക്കും നിനക്കവിടെ ഞങ്ങളെയൊക്കെ മിസ്സ് ചെയ്യില്ലെ? ഉവ്വ് റീനേച്ചിയെ ഭയങ്കരമായി മിസ്സ് ചെയ്യും എന്നാണ് ചേച്ചിയ്ക്ക് കേള്‍ക്കേണ്ടതെന്ന് നീനയ്ക്കറിയാം. നീന പക്ഷേ പറയില്ല. അല്ലെങ്കിലും കള്ളം പറയാന്‍ നീനയ്ക്ക് വലിയ പാടാണ്. “ഹേയ് ഇല്ല എനിക്കാരേയും മിസ് ചെയ്യില്ല.” എന്ന് ഉത്തരം കേള്‍ക്കുമ്പോള്‍ വാടിയ മുഖത്തോടെ റിനേച്ചി പിന്നേയും ചോദിക്കും

“ഒന്നും? ആരേയും”

“മ്ം ഒരിക്കല്‍ തേന്‍‌നിലാവ് മിഠായി മിസ്സ് ചെയ്തു. ആ ആഴ്ച സൂപ്പര്‍ മാര്‍ക്കെറ്റില്‍ പോയപ്പോള്‍ ദേ ഇരിക്കണു തേന്‍‌നിലാവ്“ കണ്ണുകളില്‍ കുസൃതി നിറച്ച് നീന ചിരിക്കും

ഏകാന്തതയിലെ ആള്‍ക്കൂട്ടത്തെ കുറിച്ച് ഈ ബഹളത്തിനോട് പറഞ്ഞീട്ട് വല്ല കാര്യവുണ്ടോ?

രണ്ടാമതിറങ്ങിയത് ക്ലാവറ്. വെട്ടാണ്. തുറുപ്പ് ചോദിക്കണം.ഹലോ..

ആ.. അമ്മേ.. തുറുപ്പേതാ.

തുറുപ്പോ? ഇന്നു കളിച്ചില്ലെടീ. ഇന്നു കുഞ്ഞുമോന്റെ മാമോദീസ കഴിഞ്ഞ് എല്ലാവരും നീയില്ലല്ലോ എന്നും പറഞ്ഞ് ഒരേ ഇരുപ്പായിരുന്നു.

ഒഹ്! ഞാനത് മറന്ന് പോയ്.

Saturday, April 26, 2008

അമ്മിച്ചി*

മിനിയേ, അമ്മിച്ചി ഇല്ലേടീ?

ചേച്ചീ കുറച്ച് കഴിഞ്ഞ് വിളിക്ക് ഇവിടെ അമ്മിച്ചീം മക്കളും കൂട്ടക്കരച്ചിലാണ്.

അയ്യോ അതെന്ത് പറ്റീടീ?

ഉണ്ണിമോന് ഇപ്പോ ചെറുതിനെ ഭയങ്കര ദേഷ്യമാന്നേ. ഇന്നവന്‍ ചെറുതിന്റെ കവിളത്തൊരു കടി കൊടുത്തു. പതുക്കെ അടിച്ചീട്ടൊന്നും അവന്‍ കടി വിട്ടില്ല. അപ്പോ അമ്മിച്ചി നല്ലൊരു പിച്ച് കൊടുത്തു. നന്നായി വേദനിച്ചൂന്ന് തോന്നുണു. ഇപ്പോള്‍ ചെറുത് കടി കിട്ടിയ വേദനയില്‍ കരയുന്നു, അമ്മിച്ചി പിച്ചിയ സ്ഥലത്ത് നോക്കി വലിയ വായീല്‍ കരയുന്നു ഉണ്ണിമോന്‍, അവന്റെ തുട നോക്കി കരയുന്നു അമ്മിച്ചി.

അമ്മിച്ചി =അമ്മച്ചി