Tuesday, September 15, 2015

രൂപാന്തരീകരണത്തിലെ പാറ്റ

നിങ്ങളെ സ്വാധീനിച്ച അഞ്ചു കഥകള്‍ ഏതൊക്കെയെന്നു ചോദിച്ചാല്‍, എന്റെയുത്തരത്തില്‍ എക്കാലത്തും  ഉറപ്പായും  ഉണ്ടാകുന്നൊരു കഥയാണു കാഫ്കയുടെ  മെറ്റമോര്ഫോസിസ് .  

¨ഒരു ദിവസം  രാവിലെ ദു:സ്വപ്നത്തില്‍ ഞെട്ടിയുണര്ന്ന ഗ്രിഗര്‍ സാംസ താന്നൊരു വലിയ  പാറ്റയായി രൂപാന്തരീകരിക്കപ്പെട്ടു കണ്ടു.¨ [One morning, when Gregor Samsa woke from troubled dreams, he found himself transformed in his bed into a horrible vermin]

അച്ചാച്ചന്റെ ശേഖരത്തില്‍ നിന്നും  ചോദിക്കാതെയെടുത്ത പുസ്തകത്തിലെ ആദ്യ വരിയ്ക്കു പിന്നിലെ കഥ  കുഞ്ഞു ഡാ ഒറ്റയിരിപ്പിനാണു വായിച്ചു തീര്ത്തത് . അതിനെ തുടര്ന്ന് നിരവധി സ്വപ്നങ്ങളില്‍ ചതഞ്ഞ ആപ്പിള്‍ കുത്തി കയറിയ ശരീരവുമായി, ഉണര്‍ന്നീട്ടും   കാലുകള്‍ ചലിപ്പിക്കാനാവാതെ, ഒച്ച പൊങ്ങാതെ, കഷ്ടപ്പെട്ടെണീറ്റാലും  വീണു, വീണൂ ഞെട്ടിയുണര്‍ന്ന എത്ര ദിവസങ്ങള്‍, ഉണര്‍ച്ചകളില്‍ അത് വെറുമൊരു സ്വപ്നമായിരുന്നു, കാഫ്കയുടെ പാറ്റയല്ല എന്ന തിരിച്ചറിവ് വലിയൊരു ആശ്വാസവും, ആ ദിവസത്തിന്റെ ഉന്മാദവുമായിരുന്നു. അന്ന് മുതലേ  ആയിരിക്കണം  പാറ്റപേടി തുടങ്ങിയത്.  അല്ലെന്കില്‍ പഴയ വീടിന്റെ മരയലമരയിലും   അറക്കാപ്പൊടി പെട്ടികളിലുമൊക്കെ  ധാരാളം  പാറ്റകളുണ്ടായിരുന്നീട്ടും   ആ അലമാരയിലെ ഉപ്പിലിട്ടവ കട്ടുതിന്നാന്‍ ഒരു ബുദ്ധിമുട്ടും  ഉണ്ടായിട്ടില്ല. അപ്പന്‍ പുതിയ വീട് വാങ്ങിയ സമയത്തായിരുന്നിരിക്കണം   എന്നിലെ  ഈ  രൂപാന്തരീകരണം  നടന്നത്. ഇരുട്ട്  വീണാല്‍ ഒരു മുറിയില്‍ നിന്ന് മറ്റേ മുറിയിലേക്ക് പോകാന്‍ പേടി. ലൈറ്റിടാന്‍ നോക്കുമ്പോള്‍ അവിടെ പാറ്റയുണ്ടാകുമോ? അടുക്കളയില്‍ പാറ്റയുണ്ടാകുമോ?പക്ഷേ,  പേടിക്കുന്നത് ഈ പാറ്റയെ ആണു എന്ന് പറയാനും  വയ്യ. എന്തിനധികം, വലിയ ധൈര്യവാത്തി  ആയിരുന്ന കുട്ടി, ഒരു പേടിത്തൂറിയായി മാറി.  പിന്നീടെങ്ങനെയോ, ഒരു പക്ഷേ, പുതിയ വീട്ടില്‍ പാറ്റകളിലാഞ്ഞത് കൊണ്ടുണ്ടായ അപരിചിതത്വം കാരണമയിരിക്കാം, ആ പാറ്റപേടി ഞാന്‍ മറന്നു. വല്ലപ്പോഴും യാദൃശ്ചികമായി പാറ്റകളെ കാണുമ്പോള്‍ മാത്രം ഗ്രിഗര്‍ സംസയുടെ പാറ്റ എന്നെ പേടിപ്പെടുത്തി.

ആകാവുന്ന വേഗത്തില്‍ ആകാവുന്ന ദൂരത്തേയ്ക്ക് ഞാന്‍ ഓടിക്കൊണ്ടിരുന്നു. അങ്ങനെയിരിക്കെയാണു, പത്താംക്ലാസ്സ് കഴിഞ്ഞത്. ഫസ്റ്റ് ഗ്രൂപ്പ് വേണോ, സെകന്റ് ഗ്രൂപ്പ് വേണോ? ആലോചിക്കാനുണ്ടായിരുന്നില്ല, കണക്കാണു പഥ്യം . വായിച്ചു പഠിക്കണ്ട, റിവിഷന്‍ വേണ്ടാ പരമസുഖം. അപ്പോഴാണു വെള്ളിടിയായി ലവര്‍ പ്രവേശിക്കുന്നത്; അഡീഷണല്‍ മാതമറ്റിക്സ്.  അപ്പം തിന്നാല്‍ രണ്ടുണ്ട്  കാര്യം ബയോളജിയും   പഠിക്കാം   കണക്കും  പഠിക്കാം. ഇതൊക്കെ വെറും ചീളു കേസ് പോരട്ടെ രണ്ടും ഒരോ പ്ലേറ്റ്. അങ്ങനെ തൃശ്ശൂര്‍ രാജയുടെ കീഴില്‍ കണക്കും [പിന്നെ ശകലം മറ്റവനും,  വേദിക് മാതമറ്റിക്സ്] റ്റിക് റീറ്റയുടെ കീഴില്‍  ബയോളജിയും പഠിച്ച് വരയ്ക്കുന്ന പഠങ്ങളില്‍ ഇരുപതില്‍ പത്തൊപതിലും ഒപ്പില്ലാത്ത റ്റിക് മാത്രം വാങ്ങി മുന്നേറിയിരുന്ന കാലം. അപ്പോള്‍ അതാ വരുന്നു, ഡിസെക്ഷന്‍ പ്രാക്റ്റികല്‍. ആദ്യദിവസം തന്നെ പാത്രത്തിലെ ക്ലോറോഫോമില്‍  കിടന്ന് പിടയ്ക്കുന്നത് പാറ്റ. ഒന്നേ നോക്കിയുള്ളൂ. അതിന്റെ ആന്റിന എന്ന കൊമ്പ് ചൂണ്ടു വിരലില്‍ ചുറ്റി വായയുടെ ഭാഗങ്ങളും  അടര്ത്തിയെടുക്കണമെത്രേ. പിന്നെ വയറു കീറി എന്തൊക്കെയോ ചെയ്യണമത്രേ! പകുതി സമയവും  കണ്ണടച്ചു കൊണ്ടാണൂ വെട്ടി മുറിക്കല്‍ കണ്ടത്. ഗ്രിഗര്‍ സാംസയുടെ പാറ്റ ആപ്പിളിനു പകരം  സ്കാള്‍പെലുമായി ഓടി നടക്കാന്‍ തുടങ്ങി. പെട്ടെന്ന്, റീത്താമ്മ പാറ്റയുടെ വയറ്റില്‍ സ്കാല്പെല്‍ കുത്തിയിറക്കി. രണ്ടായി പിളര്ന്ന ആ പാറ്റ ശരീരത്തില്‍ നിന്നും   കുതിച്ച് പൊന്തി വന്നത് മഞ്ഞ മഞ്ഞ നിറത്തിലുള്ള കൊഴുപ്പായിരുന്നു! വെള്ളത്തില്‍ പൊന്തിപരന്ന പാറ്റ രക്തത്തെ നോക്കാതെ ഞാന്‍ ഗ്രിഗര്‍ സാംസയെയും  വലിച്ച് കൊണ്ടോടി. അന്ന് അറച്ച് പോയതാണു പാറ്റപേടി. പാറ്റയുടെ ഒരു പടം  പോലും  നോക്കാനാവില്ല, ഈ അറപ്പും  പേടിയും കാരണം. എന്നീട്ടും   ഞാന്‍ ഒന്നോ രണ്ടോ പാറ്റകളെ കീറിമുറിക്കാന്‍ നിര്ബന്ധിക്കപ്പെട്ടു. കൈകൊണ്ടുള്ള ഭക്ഷണം   തീറ്റ  അതോടെ  നിര്‍ത്തി. പാറ്റയുടെ പടത്തിനു റ്റിക് പോലും  കിട്ടിയില്ല. ഒറ്റ ഏറായിരുന്നു അതിനു കിട്ടിയ മാര്ക്ക്.  പരീക്ഷയ്ക്കം  കിട്ടിയത് പാറ്റയുടെ വായഭാഗം. കഷ്ടി ജയിച്ചു, വേദിക് മാത്തമെറ്റിക്സില്‍ ഹരമില്ലാത്തതിനാല്‍ അഡീഷണല്‍ ലൗവിന്റെ കാര്യവും  കട്ടപ്പൊക. പരീക്ഷയ്ക്ക് മാര്ക്ക് കിട്ടാന്‍ വേണ്ടി മാത്രം കണക്ക് പഠിപ്പിച്ച് തൃശ്ശൂര്‍ രാജ,തമാശകളൊക്കെ പറയുമയിരുന്നെന്കിലും ഒരിക്കലും  ബെല്ലാരി രാജയെ പോലെയായില്ല.   എന്നിലെ ഗ്രിഗര്‍ സാംസയ്ക്ക് അങ്ങിനെയൊരു പുത്തനുണര്‍വ് കിട്ടി. കണ്ടുമുട്ടുന്ന ഒരോ പാറ്റയേയും   ഉറക്കമുളച്ചിരുന്ന് ഞാന്‍ വക വരുത്തി. ഒരുതരം അറപ്പ് അല്ലെന്കില്‍  പേടിയില്‍ നിന്നുണ്ടായ ഭയം.    പിന്നീട് ചില വര്‍ഷങ്ങള്‍ കാഫ്കയും, ഗ്രിഗര്‍ സാംസയും  പാറ്റയും ജീവിതത്തില്‍ നിന്നും   അകന്നു നിന്നു. ചെകോവും മാര്‍ഷലിന്റെ വിധവയും പൂമ്പാറ്റകളൂം  ജീവിതത്തെ പേടിയില്ലാതെ നയിച്ചു. ചത്ത പൂമ്പാറ്റകളുടെ ശേഖരണം ഹോബിയായത് ആ കാലത്തായിരിക്കണം .

പിന്നിട് ഗ്രിഗര്‍ സാംസയുടെ ആക്രമണം  ഉണ്ടാകുന്നത് ഹൈഫയില്‍ വച്ചാണ്.   കാര്മല്‍ മലനിരകളുടെ ചെരുവിലുണ്ടായിരുന്ന അപ്പാര്ട്ട്മെന്റ്  റോഡ് ലെവലില്‍ ആയിരുന്നു. ഇസ്രായേലിലെ മാലിന്യസംസ്കരണം   ലോകത്തിലെ തന്നെ ഏറ്റവും   മോശപ്പെട്ട  ഒന്നായിര്ക്കും.  മുനിസിപ്പാലിറ്റി  ആഴ്ചയില്‍ ഒരിക്കലോ മറ്റോ  മാത്രമേ  കുപ്പത്തൊട്ടി  എടുത്ത് കൊണ്ട്  പോകൂ.  അങ്ങനെയായിരിക്കണം പുതുക്കിയ  വീടായിട്ടും   രണ്ടാം   വര്ഷത്തില്‍ അവിടെ പാറ്റ വന്ന് പെട്ടത് .  ഒരു ദിവസം   പെട്ടെന്ന് ഒരു  പാറ്റയെ കാണുകയായിരുന്നു. പിന്നെ എല്ലാ രാത്രികളിലും   ഒരു  ഭ്രാന്തിയെ പോലെ പാറ്റയെ കൊല്ലാന്‍ ചാടിയെണീറ്റിരുന്നവളെ ഭര്ത്തന്‍ മറന്നു  കാണാന്‍ വഴിയില്ല. ഈ പ്രാന്ത് കണ്ട് പല പല  പാറ്റ നശീകരിണിയുമായി അവയെ അവന്‍ തുരുത്തി. പിന്നെ കുറേ നാളുകള്ക്ക് ശേഷം   പാറ്റ ഭ്രാന്തടങ്ങി അവിടം  വിടാനുള്ള ഒരുക്കത്തില്‍ നോക്കിയപ്പോള്‍ ഗ്രിഗര്‍ സാംസയുടെ പൊടി പോലും ഇല്ലായിരുന്നു.

എന്നാല്‍ യഥാര്ത്ഥ ഗ്രിഗര്‍ സാംസ വരാനിരിക്കുന്നതെ ഉണ്ടായിരുന്നുള്ളൂ.  അവന്‍ ജൂതനായിരുന്നെന്കിലും  ജര്മനിക്കാരനായിരുന്നു. ജര്മ്മന്‍ സമൂഹത്തിന്റെ  ഒരു ഭാഗം  തന്നെയായിരുന്നു സംസയും  അയാള്‍ നേരിട്ട  മാനസീക ഒറ്റപ്പെടലും.  അവിടെ പാറ്റകള്ക്ക് അപ്പുറം   ഒരോ മനുഷ്യനിലും    ഒരു ഗ്രീഗര്‍ സാംസയുണ്ടായിരുന്നു. നാടകങ്ങള്‍, ബാലെകള്‍, ഷോര്ട്ട് ഫിലുമുകല്‍, വായനകള്‍ അങ്ങനെ ഹൈഡല്‍ബര്ഗിന്റെ മുക്കിലും മൂലയിലും  സാംസയുടെ പാറ്റയുണ്ടായിരുന്നു. സത്യത്തില്‍ കാഫ്ക പാറ്റ എന്ന വാക്ക് തന്റെ കഥയില്‍ ഉപയോഗിച്ചീട്ടില്ല എന്ന് അവരാണു പറഞ്ഞത് . vermin എന്ന  വാക്കിനു  പാറ്റ എന്നൊരു അര്ത്ഥം ഇല്ലത്രേ! ആ കഥയില്‍ ഈ vermin നെ vermin എന്ന് വിളിക്കാത്തതും   ജുഗുപ്സാപരമായ വിശദീകരണങ്ങളും  കൊണ്ട് അത് പാറ്റയായിരിക്കാം  എന്ന്  ഒരു വലിയ കൂട്ടം  ആളുകള്‍ കരുതുന്നു. കൊതുകിനെ അപേക്ഷിച്ച് ഒട്ടും  തന്നെ  ഉപദ്രവകാരിയല്ലാത്ത പാറ്റയോടുള്ള ഈ അറപ്പും  വെറുപ്പും  ആണത്രേ കാഫ്കയുടെ മെറ്റാമോര്ഫോസിസിലെ പാറ്റ എന്ന മെറ്റഫര്‍ (രൂപകം) .  സത്യം   പറഞ്ഞാല്‍ കഥ വായിച്ചപ്പോള്‍ മനസ്സില്‍ ഉണ്ടായ അമേരിക്കന്‍ പാറ്റകളില്‍ ഒന്നിനെ പോലും  ഞാനവിടെ കണ്ടില്ല. കണ്ടത് മുഴുവന്‍ ഏഷ്യന്‍ പാറ്റകളെ ആയിരുന്നു. എന്നീട്ടും  അവയെന്നെ പേടിപ്പിച്ചു. പൂത്തു നിന്നിരുന്ന നിരവധി ആസ്റ്ററുകള്‍ അവയുടെ സാന്നിധ്യം  കൊണ്ട് കൊല ചെയ്യപ്പെട്ടു.  ബോബെയിലെ ഫ്ലാറ്റ് കിട്ടിയപ്പോള്‍ ആദ്യമൊന്ന് കാണാന്‍ പോയി. ദേ, ഓടുന്നു ഒരു പാറ്റ! നേരെ മറാത്ത സ്റ്റോറില്‍ പോയി ഹിറ്റ് വാങ്ങി ആകെ മൊത്തം   അടിച്ചിട്ടു. പിറ്റേന്ന് ചത്ത് കിടന്നത് 56 പാറ്റകളാണു. എന്നീട്ടും   അടങ്ങാത്ത ഗ്രിഗര്‍ സാംസ അഥോരിറ്റിയ്ക്ക് പരാതി കൊടുത്തു. അതിന്റെ ഫലമായോ എന്തോ ഇപ്പോള്‍ അവിടെ ഫലപ്രദമായ കീടനിയന്ത്രണമുണ്ട്. സാംസയുടെ കളി എന്നോടാണ്.

അങ്ങനെ, ഇപ്പോഴും   ചത്ത പൂമ്പാറ്റ ശേഖരണം  ഹോബിയും ജീവനുള്ള പാറ്റ പേടിയും അറപ്പുമായി ഗ്രിഗര്‍ സാംസ മുന്നോട്ട് പോകുന്നു  

ബൈറ്റ് -
1) ജര്മ്മനിയില്‍ വച്ച് കണ്ട അനേകം  ഗ്രിഗര്‍ സാംസ അഡാപ്ഷനുകളില്‍ ഏറ്റവും  ഇഷ്ടമായത് ഓഫീസിലെ കസേരയില്‍ ഇരുന്നു ഒരാള്‍ ടാര്‍ ആയി രൂപാന്തരീകരണം  ചെയ്യുന്നതായിരുന്നു. അക്കാലത്ത് അതിനോട് തന്മയീഭവിക്കാന്‍ എളുപ്പമായതിനാലാവാം. ഒരുപാട് കാലം  അത് ബുക്ക് മാര്ക്കില്‍ ഉണ്ടായിരുന്നു. അതിപ്പോള്‍ കാണാനില്ല. പകരം  ഒരു ഓപ്റ കാണുകhttps://www.youtube.com/watch?v=4Y3izEP3o4Y
2)  2012 മെയില്‍ ആരംഭിച്ച ഈ ഡാഫ്റ്റിനും, [അന്നു വിചാരിച്ചതുമായി  മുള്ളിതെറിച്ച ബന്ധമില്ലെന്കിലും,]    രൂപാന്തരീകരണം   സംഭവിച്ചിരിക്കുന്നു
.3.) ഇപ്പോള്‍  പെട്ടെന്നുണ്ടായ പ്രചോദനം  http://www.bbc.com/future/story/20140918-the-reality-about-roaches

Sunday, August 09, 2015

ആമവേഗം



അക്കൊല്ലവും   ആമയും-മുയലും   ഓട്ടപന്തയമത്സരത്തില്‍ ടോറു ആമ ജയിച്ചു [1]. പക്ഷേ, സമ്മാനം   വാങ്ങാന്‍ നില്‍ക്കുമ്പോള്‍ ടോറുവിനോരു സന്തോഷവും   ഇല്ലായിരുന്നു. തലകുനിച്ച്, ആകെ സങ്കടത്തില്‍ നില്ക്കുന്ന ടോറുവിനെ കണ്ട്  പാപ്പുക്കുട്ടി ചോദിച്ചു;

¨എന്തു പറ്റി ടോറു? ജയിച്ചീട്ടും   നിനക്കൊരു സന്തോഷവുമില്ലല്ലോ?¨

സങ്കടം  കൊണ്ട് തൊണ്ടയിടറി ടോറു പറഞ്ഞു,

¨എല്ലാവരും   പറയുന്നു പാപ്പു, ഓട്ടപന്തയത്തില്‍ ജയിച്ചത് ഞാനാണെങ്കിലും  വേഗക്കാരന്‍  മോട്ടു മുയലാണത്രേ! അവള്‍ ഉറങ്ങി പോയതുകൊണ്ട്  മാത്രമാണത്രേ ഞാന്‍ ജയിച്ചത്. എനിക്കൊരിക്കലും   വേഗക്കാരിയാകാന്‍ പറ്റില്ലേ പാപ്പു? ¨

മുയല്‍ വേഗക്കാരനാണെന്നു പാപ്പുക്കുട്ടിയ്ക്കുമറിയാം. അമ്മിച്ചി പറഞ്ഞുതന്ന കഥയിലും ആമ ജയിക്കുന്നത് മുയല്‍ ഉറങ്ങി പോയതുകൊണ്ടാണ്.  അല്ലെങ്കില്‍  തീർച്ചയായും  മുയല്‍ ജയിച്ചേനേ. അങ്ങനെയാണെങ്കില്‍ ടോറുവിനു  ഒരു വേഗക്കാരിയാവാന്‍  പറ്റില്ലേ? പാപ്പു തല പുകഞ്ഞാലോചിച്ചു. അതിനുത്തരം  കണ്ടുപിടിക്കണമെങ്കില്‍ വേഗത എന്താണെന്നു അറിയണം. ആരോടാ ഒന്നു ചോദിക്കുക? പെട്ടന്ന്  ടര്‍ബോ  ഒച്ചിനെ പാപ്പുവിനു ഓര്‍മ്മ വന്നു. കഴിഞ്ഞ കൊല്ലം   കാറോട്ടാത്തില്‍ ഗയ് ഗാഗ്‌‌നെ തോല്‍പ്പിച്ച വേഗതയുടെ പര്യായമായി പറിയ ടര്‍ബോ പാപ്പുവിന്റെ  ഫേസ് ബുക്ക് കൂട്ടുകാരനാണ്. പാപ്പു ടോറുവിനോട്  പറഞ്ഞു,

¨ടോറു, നീ വിഷമിക്കേണ്ടടീ. ടര്‍ബോയില്ലേ, ടര്‍ബോ ഒച്ച്.. കഴിഞ്ഞ കൊല്ലം  ഏറ്റവും  വേഗത്തില്‍ കാറോടിച്ച് ജയിച്ച ടര്‍ബോ, അവന്‍ എന്റെ  കൂട്ടുകാരനാ.. ഞാനവനോട്  ചോദിച്ചീട്ട് നാളെ പറയാം. കേട്ടോ..

എന്നീട്ട് ടോറുവിന്റെ മറുപടി കേള്‍ക്കാന്‍ നില്‍ക്കാതെ പാപ്പു വേഗത്തില്‍ ഒറ്റ ഓട്ടം   വച്ചു കൊടുത്തു. വീട്ടില്‍ ചെന്ന് അമ്മിച്ചിയുടെ മൊബൈല്‍ നിന്ന് ടര്‍ബോയ്ക്ക് ഇ-കത്തയച്ചു.

പ്രിയ ടര്‍ബോ,

നീയാണല്ലോ ഇപ്പോള്‍ ലോകത്തിലെ വലിയ വേഗതക്കാരന്‍. എന്താണു വേഗതയെന്നു എന്നെ പഠിപ്പിച്ചു തരുമോ? എന്റെ കൂട്ടുകാരി ടോറുവിനു പറഞ്ഞു കൊടുക്കാനാണ്.  അവള്‍ വലിയ ഓട്ടക്കാരിയാണ്. എല്ലാ കഥയിലും  ആമയും  മുയലും   മത്സരത്തില്‍ അവളാണ് ജയിക്കുക. പക്ഷേ വേഗത മുയലിനാണ്. അടുത്ത കൊല്ലമെങ്കിലും   അവള്‍ക്ക് വേഗത്തില്‍ ഓടി ജയിക്കണം.  

എന്ന്,
സ്നേഹത്തോടെ പാപ്പു  

കത്തയച്ചതിനു ശേഷം  പാപ്പുവിനാകെ വെപ്രാളമാണ്. എന്താണ് ടര്‍ബോ മറുപടി എഴുതുക? വേഗത എന്താണെന്നു പോലും  അറിയാത്ത ഒരു മണ്ടനാണ് പാപ്പു എന്ന് എഴുതുമോ? അതോ മറുപടി അയക്കാതിരിക്കുമോ? ഇതൊക്കെ ആലോചിച്ച് പാപ്പും   അങ്ങോട്ടും  ഇങ്ങോട്ടും  വേഗം  വേഗം നടക്കാന്‍ തുടങ്ങി.

പെട്ടന്ന് മൊബൈലില്‍ ടര്‍ബോയുടെ  പടം   തെളിഞ്ഞു. ടര്‍ബോ ഇത്ര വേഗം  മറുപടി അയച്ചോ! പാപ്പു ആകാംഷയോടെ  അത് തുടന്ന്  നോക്കി. ടര്‍ബോ എഴുതിയിരിക്കുന്നു;
പ്രിയപ്പെട്ട പാപ്പു,

സ്ഥാന ചലനത്തിന്റെ തോതാണ് വേഗത. അതായത് ഒരാള്‍ അല്ലെങ്കില്‍ ഒരു  വസ്തു സഞ്ചരിക്കുന്ന ദൂരത്തെ സമയം   കൊണ്ട് ഹരിച്ചാല്‍ കിട്ടുന്നതെന്തോ അതാണു വേഗത. വലിയ ദൂരം   ചെറിയ  സമയം   കൊണ്ട് പിന്നിടുന്ന ആളാണു വേഗക്കാരി.
വേഗത = ദൂരം ÷  സമയം   


ദൂരത്തിന്റെ അളവുകളാണ്, മൈല്‍, മീറ്റര്‍, കിലോ മീറ്റര്‍, മുതലായവ. സമയത്തിന്റെ അളവുകള്‍  സെക്കന്റ്, മിനിട്ട് , മണിക്കൂര്‍ എന്നിവയാണ്. എന്റെ പഴയ വേഗത  മണിക്കൂറില്‍ വെറും   0.03 മൈല്‍ ആയിരുന്നു. ഇപ്പോള്‍ ഞാനും  എന്റെ കാറിന്റെ  ശരീരവും   ചേര്‍ന്ന് മണിക്കൂറില്‍ ഏകദേശം   220 മൈല്‍ ആണു. ഒരു നാട്ടുമുയലിന്റെ ശരാശരി വേഗത മണിക്കൂറില്‍ ഏതാണ്ട്   35 മൈല്‍ ആയിരിക്കും. പാപ്പു വേഗം   നടന്നാല്‍ ഒരു മണിക്കു കൊണ്ട് ഏതാണ്ട് 2 മൈല്‍ നടക്കാന്‍ പറ്റുമായിരിക്കും.
നിന്റെ ടോറുവിനോട് നന്നായി പരിശീലനം   ചെയ്യാന്‍ പറയണം. വേഗത = ദൂരം   ഹരണം   സമയം   എന്ന്  പറഞ്ഞല്ലോ.  ഒരു നിശ്ചിത ദൂരം   ദിവസവും  ഓടി  ആ ഓട്ടത്തിന്റെ സമയം കുറച്ച്  കൊണ്ട് വരണം.  അങ്ങനെ സമയം   കുറഞ്ഞ് വരുമ്പോള്‍ ടോറുവും   വേഗക്കാരി ആകും. നിത്യാഭ്യാസി ആനയെ എടുക്കും   എന്നല്ലേ നിങ്ങളൂടെ നാട്ടിലെ ചൊല്ല്. ടോറുവിനു വിജയാശംസകള്‍ നേരുന്നു.
                                എന്ന് സ്വന്തം   
                                ടര്‍ബോ

പാപ്പു ഉടനെ തന്നെ ടോറുവിനെ കാണാന്‍ വേഗത്തില്‍ ഓടി.  ഓടുമ്പോള്‍ പറഞ്ഞ് കൊണ്ടേയിരുന്നു, വേഗത സമം ദൂരം   ഹരണം സമയം..  വേഗത സമം ദൂരം   ഹരണം സമയം.. .  വേഗത സമം ദൂരം   ഹരണം സമയം..

ടോറുവിനെ കണ്ട ഉടന്‍ ഒറ്റ ശ്വാസത്തില്‍ പാപ്പു പറഞ്ഞു

¨വേഗത സമം ദൂരം   ഹരണം സമയം അതായത് കൂടിയ ദൂരം  കുറഞ്ഞ സമയത്തില്‍  ഓടിയാല്‍ നീയാകും  ഓട്ടക്കാരി. നമ്മുടെ ടര്‍ബോയുടെ ഇപ്പോഴത്തെ വേഗത  എത്രയെന്നോ! മണിക്കൂറില്‍  220 മൈല്‍! നിന്റെ ഇപ്പോഴത്തെ വേഗത എത്രയാണെന്നു നമുക്ക് നോക്കാം. നീ അടുത്ത ഒരു മണിക്കൂര്‍ ഓടണം ഞാന്‍ സമയം  നോക്കാം.¨

പാപ്പൂ  പറഞ്ഞ് നിര്‍ത്തി.
കേട്ടപാതി, കേൾക്കാത്ത പാതി ടോറു ആമ ഓട്ടം തുടങ്ങി. ഓട്ടത്തിനിടയില്‍ ഇടയ്ക്കിടെ പറഞ്ഞു കൊണ്ടിരുന്നു.

വേഗത സമം ദൂരം   ഹരണം സമയം.. വേഗത സമം ദൂരം   ഹരണം സമയം .. വേഗത സമം ദൂരം   ഹരണം സമയം ..

ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അവര്‍ ആ ദൂരം  അളന്ന് നോക്കി. 300 മീറ്റര്‍.  അതായത് 0.3 കി.മി.  ഒരു മൈല്‍ എന്നാല്‍ ഏകദേശം   1.6 കി.മി. അപ്പോള്‍ ടോറുവിന്റെ വേഗത മണിക്കൂറില്‍ കഷ്ടിച്ച്  0.2 മൈല്‍!
ഇതു കണ്ട് പാപ്പു പറഞ്ഞു,

¨നീ ഓട്ടക്കാരിയാണെന്കിലും   എനിക്കാണു വേഗത എനിക്ക്  ഒരു മണിക്കൂര്‍ കൊണ്ട് 2 മൈല്‍  നടക്കാന്‍ പറ്റും  മോട്ടു മുയലിനു 35 മൈലും. നീ നന്നായി പരിശീലിച്ചാലെ ഞങ്ങളെ വെട്ടിച്ച് ഒന്നാമതെത്താന്‍ പറ്റൂ. ¨   

ഇത് കേട്ടതെ അടുത്ത വര്‍ഷമാകുമ്പോഴേക്കും   തനിക്ക് പാപ്പുവിനെയെന്കിലും  വേഗതയില്‍ തോല്പ്പിക്കണം  എന്ന ഉറച്ച  തീരുമാനവുമായി, ´ വേഗത സമം ദൂരം   ഹരണം സമയം. . വേഗത സമം ദൂരം   ഹരണം സമയം..´ എന്ന് വേഗം വേഗം   മനസ്സില്‍ പറഞ്ഞ് കൊണ്ട് ടോറു പരിശീലന മൈതാനത്തിലേക്ക് വേഗതയില്‍  നടന്നു. 

[1]ഈസോപ്പുകകള്‍ ഗുണപാഠ കഥകള്‍ ആണ്. ഈസോപ്പുകഥയിലെ ആമയും മുയലും കഥയാണു ഇവിടെ സൂചന. മുയല്‍ ഉറങ്ങി പോകുന്നത് കൊണ്ട് ആമ ജയിക്കുന്നതാണു കഥാസാരം. മെല്ലെ തിന്നാല്‍ മുള്ളും തിന്നാം എന്നതാണ് ആ കഥയുടെ ഗുണപാഠം
[2]ടര്‍ബോ - 2013 ഇല്‍ ഇറങ്ങിയ ആനിമേഷന്‍ സിനിമയാണു. ഒരു ഒച്ച് താന്‍ ലോകത്തിലെ ഏറ്റവും വേഗതയേറിയ ഓട്ടക്കാരന്‍ ആകുന്നത് സ്വപ്നം കാണുന്നതും ഒരു അപകടത്തില്‍ സംഭവിക്കുന്ന ജീന്‍ മ്യൂട്ടേഷന്‍ വഴി കാറിന്റെ രൂപത്തിലായി വലിയ ഓട്ടക്കാരനാകുന്നതും അവസാനം കാറോട്ട്ത്തിലെ ചാമ്പ്യനാകുന്നതുമാണു കഥാതന്തു. സാധിക്കുമെന്കില്‍ സി.ഡി എടുത്ത് സിനിമ കാണുക.
https://en.wikipedia.org/wiki/Turbo_(film) 

[3]ഏറ്റവും വേഗതയേറിയ ജീവി പെരിഗ്രിന്‍ പരുന്താണു - മണിക്കൂറില്‍ 200 മൈലിനു മുകളില്‍. ഒരു പുള്ളി പുലിയുടെ വേഗത മണിക്കൂറില്‍ ശരാശരി 70 മൈലാണ്. മുയലിന്റെ വേഗത മണിക്കൂറില്‍ 35 മൈലും ആമയുടേത് മണിക്കൂറില്‍ 0.17 മൈലാണു. എന്നാല്‍ ഏറ്റവും വേഗതയേറിയ കാറ് മണിക്കൂറില്‍ ഏതാണ്ട് 270 മൈല്‍ സഞ്ചരിക്കും

Saturday, July 12, 2014

വളര്‍ന്ന് പോകുന്നൊരു പന്ത്, അതിനൊത്ത് വളരുന്ന നാം! ഹോ, എന്തൊരു കൊതിപ്പിക്കുന്ന ഉന്മാദം!


1. വളരുമ്പോള്‍ മറന്നു പോകേണ്ടുന്ന പദങ്ങള്‍
ഭാഷ വളരുമ്പോള്‍ പദങ്ങളും കൂടും. ചില വാക്കുകള്‍ ഉപയോഗശ്യൂന്യമാകും. ചിലവ നാം ഉപയോഗ്യശ്യൂന്യമാക്കും. ദിവസം ഫേസ്ബുക്കില്‍ സര്‍ഫ് ചെയ്യുമ്പോള്‍ ഒരു വാക് കണ്ട് ഞെട്ടി - ´നീഗ്രോ´. ഹിച്ച്കോക്കിന്റെ സിനിമയില്‍ നീഗ്രോകള്‍ അഭിനയിച്ചീട്ടുണ്ടോ എന്നോ മറ്റോ നിര്‍‌‌ദോഷമായൊരു അല്ലെന്കില്‍ ഒരു തരത്തില്‍ പോസറ്റീവ് ആയ ചോദ്യമായിരുന്നു അത്. എന്നീട്ടും ഞെട്ടി. കാരണം കാലങ്ങളായി ആ വാക്ക് ഇത്തരം ഇടങ്ങളില്‍ കാണുകയുണ്ടായിട്ടില്ല. പൊതു ഇടങ്ങളില്‍ നിന്നും ഒഴിവാക്കേണ്ട ഒഴിഞ്ഞ് പോയ ഒരു വാക്കാണ് അത്. നിരവധി നൂറ്റാണ്ടുകളൂടെ അടിമത്തം പേറുന്നൊരു വാക്ക്. രാഷ്ടീയമായ ശരിനിലപാടില്‍ (political correctness) നിലകൊള്ളുന്ന ആര്ക്കും ഇന്ന് വളരെ വളരെ പ്രത്യേക സാഹചര്യങ്ങളില്‍ അല്ലാതെ ഉപയോഗിക്കാന്‍ കഴിയാത്തൊരു വാക്ക്. രാഷ്ട്രീയമായി ശരിനിലപാട് എന്നത് ആരും ഉണ്ടായി പോകുന്നതല്ല. വളരെയധികം പരിശ്രമിച്ച് ഒരാള്‍ ഉണ്ടാക്കിയെടുക്കുന്നതാണ്. ഘാനയുടെ ആദ്യത്തെ നീഗ്രോ പ്രസിഡന്റ് ´ക്വാമി എന്ക്രാമ´യാണെന്ന് സ്കൂളില്‍ പഠിച്ച തലമുറ തന്നെയാണു ´നീഗ്രോ´ എന്ന വാക്കിന്റെ ഉപയോഗം കാണുമ്പോള്‍ ഞെട്ടുന്നത്.

നീഗ്രോയില്‍ അടങ്ങിയിരിക്കുന്ന അടിമത്തത്തിന്റെ കാഠിന്യം, വേദന, അനന്തയോളം നീളുന്ന അപമാനം ഇതൊക്കെ മനസ്സിലാക്കാന്‍ ആഫ്രിക്കന്‍‌‌നാവുകയോ അടിമയാവുകയോ വേണ്ട - 12 years a slave അതിലെ Lupita Nyong'o അവതരിപ്പിച്ച പാറ്റ്സി എന്ന കഥാപാത്രത്തെ ഒന്നു കണ്ട് പോയാല്‍ മതി.
´നീഗ്രോ´ എന്ന് കേള്ക്കുബോള്‍ ´പാറ്റ്സിയെ പോലൊരുവള്‍ മുന്നില്‍ പ്രത്യക്ഷപ്പെടുന്നെന്കില്‍ നിങ്ങളുടെ ഹൃദയം തുരക്കുന്നെങ്കില്‍ അത് നിങ്ങളൂടെ പ്രശ്നമല്ല നിങ്ങള്‍ വളരുന്നതിന്റെയാണ്.

2. വളരുമ്പോള്‍ കുഴിച്ചു മൂടപ്പെടേണ്ടുന്ന ഭൂതക്കാലം
 തെറ്റു തിരുത്തി അതാവര്ത്തിക്കാതെ മുന്നോട്ട് പോകുമ്പോഴാണു സമൂഹം വളരുന്നത്. തന്റെ തെറ്റുകള്‍ കൊണ്ട് അപമാനകരമായ ഭൂതകാലം ആഴത്തില്‍ ആഴത്തില്‍ കുഴിച്ച് മൂടണം ഒരിക്കലും പൊന്തി വന്നു തങ്ങളെ വീണ്ടും വിഴുങ്ങാന്‍ അനുവദിക്കാത്ത വിധം. എന്നാല്‍ ആ ചരിത്രം ഏറ്റവും നിറവോടെ ഓര്ത്തോര്ത്ത് കൊണ്ടിരിക്കുകയും വേണം, ഇനിയൊരിക്കലും ആവര്ത്തിക്കാതിരിക്കാന്‍. ´നാത്സി´ക്കാലം ജര്മ്മനിയ്ക്ക് അത്തരമൊരു ഭൂതക്കാലമാണ്. അതിനെ കുഴിവെട്ടി മൂടാന്‍ ഒരു സമൂഹം നിലയ്ക്കും ഒരു രാഷ്ടമെന്ന നിലയ്ക്കും അവര്‍ എടുക്കുന്ന മുന്‍കരുതലുകള്‍ മറ്റൊരു രാഷ്ട്രവും എടുക്കുന്നുണ്ടാവില്ല. ഏറ്റവും വലിയ ഉദാഹരണം ജര്മ്മന്‍ പാര്‍ലിമെന്റില്‍ എല്ലാ കാലത്തെ ഭരണകൂടങ്ങളും പ്രത്യേകം പ്രത്യേകം പേരെഴുതി അടയാളപ്പെടുത്തി വയ്ക്കുമ്പോള്‍ ´നാത്സി´ കാലത്തെ കറുപ്പില്‍ കുഴിച്ചിട്ടിരിക്കുന്നു എന്നതാണ്. അത് തങ്ങളുടെ സന്ദര്ശകരെ കാണിച്ച് ചരിത്രം ഞങ്ങള്‍ മറക്കില്ല എന്ന് അവര്‍ അവരെ തന്നെ ഓര്മ്മപ്പെടുത്തുന്നു.

തങ്ങളൂടെ ഭൂതക്കാലം അവര്‍ എങ്ങനെ, തങ്ങളെ തന്നെ ഇല്ലാതാക്കി കൊണ്ട് പോലും , കുഴിച്ചിടുന്നു എന്നും ചരിത്രം എങ്ങനെ മറക്കാതിരിക്കുന്നു എന്നും മനസ്സിലാക്കാന്‍ ജര്മ്മനാകുകയോ, ´നാത്സി´ ഭൂതക്കാലം ഉണ്ടാകുകയോ വേണ്ടാ. ´റീഡര്‍´ എന്ന സിനിമയില്‍ കേറ്റ് വിന്സ്ലെറ്റ് അവതരിപ്പിച്ച ഹാനയെ കണ്ടാല്‍ മതി.
´നാത്സി´ എന്ന് കേള്ക്കുമ്പോള്‍ വായിച്ചു തീര്ത്ത പുസ്തകങ്ങളുടെ അറിവിന്റെ വെളിച്ചത്തില്‍ കയറി ആത്മഹത്യ ചെയ്ത ഹാന നിങ്ങളൂടെ തലച്ചോറില്‍ തുള വീഴ്ത്തുന്നെന്കില്‍ നിങ്ങള്‍ പിന്നേയും വളരുകയാണ്.

3. വളരുമ്പോള്‍ ഇല്ലാതായി പോകേണ്ട ബലങ്ങള്‍
പ്രാകൃതമായത് സംസ്കരിക്കപ്പെടുമ്പോഴാണു സംസ്കാരമുണ്ടാകുന്നത്. ബലം കൊണ്ട് കീഴടക്കുന്നത് പ്രാകൃതമാണ്. ബലാത്സംഗം അതി പ്രാകൃതമാണു. ബലാത്സംഗത്തെ കണ്ണുമടച്ച് എതിര്ക്കുമ്പോഴും ബലാത്സംഗം കലര്ന്ന തമാശകള്‍ ആസ്വദിക്കാന്‍ കഴിയുന്നൊരു സമൂഹമുണ്ടാകുന്നത്, ആ സമൂഹം വേണ്ടത്ര സംസ്കാര സമ്പന്നമായി വളരാത്തതിനാലാണ്. പന്തുകളിയില്‍ ഒരു ടീം മറ്റൊരു ടീമിനെ ദയനീയമായി തോല്പിക്കുമ്പോള്‍ അതിനെ ബലാത്സംഗ  തമാശയായി കാണാന്‍ കഴിയുന്നതും ഇതൊക്കെ ഒരു തമാശയല്ലേ എന്ന് ആശ്വസിക്കാന്‍ കഴിയുന്നതും ബലാത്സംഗം എന്നാല്‍ ബലാത്സംഗം ചെയ്യുന്നവരും ചെയ്യപ്പെടുന്നവരും നേരത്തെ തീരുമാനിച്ചുറച്ച് ഒരുമിച്ച് കളത്തില്‍ ഇറങ്ങി കളിക്കുന്നൊരു കളിയില്‍ ഒരാള്‍ ജയിച്ചു കയറുന്നതാണെന്ന വളര്ന്നുറക്കാത്ത ബോധം ഇപ്പോഴും നിലനില്ക്കുന്നത് കൊണ്ടാണ് .

സുന്ദരി മോണിക ബലൂചി അവതരിപ്പിച്ച irreversible എന്ന ഫ്രെഞ്ച് സിനിമയിലെ അലെക്സ് എന്ന കഥാപാത്രത്തിന്റെ നിലവിളി കേട്ടാല്‍ മതി.
ബലാത്സംഗ തമാശകള്‍ നിങ്ങളുടെ ഉള്ളില്‍ നിന്നും അലെക്സിന്റെ ആര്‍ത്തനാദം വീണ്ടും പുറപ്പെടുവിക്കുന്നെന്കില്‍ നിങ്ങള്‍ വളരുകയാണ്..

4. വളര്ന്നു വളര്ന്നു ലോകം നിറഞ്ഞൊരു പന്ത്
 കാല്പന്തു കളി വെറുമൊരു കളിയല്ല.
ഷഹബാസ് അമന്‍ എഴുതിയ പോലെ
 ¨....
ഫുട്ബോള്‍ പോലെ മറ്റ് ഏതു പ്രതിഷേധമുണ്ട് ഭൂമിയില്‍ ?
വെറുപ്പിന്‍റെ കാര്‍ഡിറക്കിയാല്‍ , റേയ്ക്കാര്‍ഡിന്‍റെ പണി കൊടുക്കുന്നത് ? മറ്റവനേ എന്ന് വിളിച്ചാല്‍ മറ്റരാസിക്കും കിട്ടുന്നത് ?

ഫുട്ബോള്‍ പോലെ മറ്റെന്തുണ്ട് ഭൂമിയില്‍ ? ഭൂമി തന്നെ ഫുട്ബോള്‍ പോലെയല്ലേ ?¨
- ഷഹബാസ് അമന്‍¨

 അതിങ്ങനെ വളര്ന്ന് വളന്ന് കൊണ്ടിരിക്കും. അതിന്റെ വളര്ച്ചയില്‍ അതിന്റെ ആരാധകര്ക്കും വളരാനാകട്ടെ.

 ഇല്ലാതായിപോകുന്ന പദങ്ങള്‍ കൊണ്ടും
 ഇല്ലാതായി പോകുന്ന ഭൂതക്കാലം കൊണ്ടും
 ഇല്ലാതായി പോകുന്ന ബലങ്ങള്‍ കൊണ്ടും
 വല്ലാതെയെങങ്ങ് വളര്ന്ന് പോകട്ടെ ഈ കളി
 കാല്‍പന്തുകളി

 Two Half Times in Hell എന്ന ഹംഗേറിയന്‍ സിനിമ കാണ്ടിരിക്കാനിടയില്ലാത്ത കാല്‍പ്പന്ത് പ്രേമികള്‍ ഉണ്ടാകില്ലായിരിക്കും; കാല്‌‌പന്ത് പ്രാന്തരാകട്ടെ തീര്ച്ചയായും കണ്ടിരിക്കേണ്ട സിനിമയാണത്.

 ഈ ലോകക്കപ്പ് ഫൈനല്‍ നമ്മുടെ വളര്ച്ചയെ കൂടെ അടയാളപ്പെടുത്തട്ടെ. വംശീയതയും ലൈംഗീകതയും കലര്ന്ന തമാശകള്‍ ഇല്ലാത്ത ഒരു ഫൈനല്‍, നമ്മള്‍ ഒരു മില്ലിമീറ്റര്‍ കൂടെ വളരുന്നതിന്റെ ഫൈനല്‍ എല്ലാവര്ക്കും ആശംസിക്കുന്നു. 

Bend it Like Beckham ന്റെ കൂടെ ചേര്ത്ത് ആസ്വദിക്കുക.
 ആര്പ്പ്

Wednesday, July 09, 2014

പാരീസ് - വെണ്ണയലിഞ്ഞ് വീഞ്ഞു ചേര്ന്ന് നാവിലലിയുന്ന പശുവിറച്ചി

´ജീവിതം  യൗവന തീക്ഷ്ണവും  പ്രേമസുരഭില´വുമായിരുന്ന കാലത്ത് ഞാന്‍ ആഞ്ഞ് പഠിക്കുകയായിരുന്നു; പാചകം  അത്രമേല്‍ അപ്രധാനവും. മുട്ടത്തു വര്ക്കിയുടെ മുട്ടന്‍ മാടപ്രാവ് നോവലുകളെ അറക്കപ്പൊടി അടുപ്പിന്റെ കൊള്ളി വെള്ളിച്ചത്തില്‍ വായിച്ചു തീര്ത്തും  അരിയില്ലാത്ത അരിക്കലം  തേച്ച് വെളുപ്പിച്ച് അടുപ്പത്ത് വച്ചും തന്റെ യൗവന തീക്ഷണ കാലം  ത്യാഗനിര്‍ഭരമാക്കിയ അമ്മയാകട്ടെ ´ആരും അമ്മേരെ വയറ്റീന്നു വരുമ്പോ ഇതൊന്നും  പഠ്ച്ചട്ടല്ല വരണ്ത്. ഇണ്ടാക്കി കൊടുക്കാന്‍ ആരൂല്യാണ്ടാകുമ്പോ അവള് പഠ്ച്ചോളും' എന്ന തത്ത്വത്തില്‍ അടിയുറച്ച് നിന്നു. അങ്ങനെ ´വീട്ടു പാചക´വും  ´മിസ്സീസ് കെ.എം  മാത്യുവിന്റെ പാചകക്കുറിപ്പു´കളുമായി നാടുവിട്ടവളുടെ ഭര്‍ത്തന്റെ അമ്മായിയമ്മ ´മിസ്സീസ്സ് കെ.എം  മാത്യുവായി. പാചകം  അന്നുമിന്നും  ഞാണിന്മേല്‍ കളിയാണ്.
 അന്നൊക്കെ പാരീസ് ഒരു മിഠായിയായിരുന്നു. പച്ച പ്ലാസ്റ്റിക് കടലാസില്‍ പൊതിഞ്ഞ, പാലിലലിഞ്ഞ കരാമെലിന്റെ രുചിയുള്ള ´പാരീസുമുട്ടായി´. കളറുടുപ്പിട്ടു പോകുന്ന ജന്മദിനങ്ങളില്‍ വീടിനടുത്തുള്ള മിഠായി കമ്പനികളില്‍ പഞ്ചസാരയുരുക്കി എസെന്സ് ചേര്ത്തുണ്ടാക്കി വില കുറഞ്ഞ പ്ലാസ്റ്റിക് കടലാസില്‍ പൊതിഞ്ഞു വരുന്ന പാരീസുമുട്ടായി ഡ്യൂപ്പുകളെയാവും  അമ്മ വച്ച് തരിക. കൂടെ പത്ത് ഒരിജിനലുകലും  കന്യാസ്ത്രീകള്ക്കും    ടീച്ചര്‍മാര്ക്കും കൊടുക്കാന്‍.

പാരി (thomas parry)  ലോട്ടെ (Lotte India Corporation Limited) യിലേക്കു നടന്ന ദൂരത്തിനുള്ളില്‍ കുട്ടികളുടെ കളറുടുപ്പു ദിനങ്ങള്‍ എക്ലയറിലേക്ക് എത്തപ്പെടുകയും  എഴുത്തുകാരി ഹൈഫ വഴി ഹൈഡല്‍ബര്ഗിലെത്തുകയും  ചെയ്തിരുന്നു. അവിടെ നികോയും  നികോ കൊണ്ടുവരുന്ന തേനിന്റെ രുചിയുള്ള റൊട്ടിയുമായിരുന്നു പാരീസ്. രണ്ടാഴ്ചയിലൊരിക്കല്‍ റ്റി.വി.ജി പിടിച്ച് ´പായി'എന്ന് അവര്‍ വിളിക്കുന്നതും  പാരീസ് എന്ന് അവര്ക്കു പുറത്തുള്ളവര്‍ വിളിക്കുന്നതുമായ അത്ഭുത ലോകത്ത് പോയി അതത് ആഴ്ചകളിലെ ഫാഷന്‍ ഉടുപ്പുകളിട്ട് തിരിച്ച് വന്ന് ജാമ്പവാന്റെ കാലത്തെ ഷര്ട്ടുകള്‍ പോലും  തേച്ച് മിനുക്കി ധരിക്കുന്ന ഹൈഡല്‍‌‌ബര്ഗ് അകാദമിക് അപ്പൂപ്പന്മാരെ ഞോണ്ടുന്ന നികോ. ഹൈഡല്‍‌‌ബര്ഗ് എന്നാല്‍ തന്നെ അമ്പരപ്പിക്കുന്ന തരം  കേക്കുകളും റൊട്ടികളും  ബിയറുമായിരുന്നീട്ടും പാരീസിന്റെ രുചി വേറിട്ടു നിന്നു.

ഇതൊന്നുമല്ല പാരീസ് ; വീഞ്ഞില്‍ വെന്ത പശുവിറച്ചി നാവില്‍ അലിഞ്ഞു ചേരുന്ന വികാരമാണത്  എന്ന് കാണിച്ചു തന്നത് ജൂലിയാണ്.  ജൂലി & ഡാലിയുടെയും  ജൂലി & ജൂലിയയുടെയും  ഇടയിലുള്ള കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ് ദൂരം  ഇല്ലാതാക്കുന്നതിന്റെ പേരാണ് ´ബൊഫ് ബൊഗീഞ്ഞോ´ അഥവാ ഭക്ഷണ ലഹരി! 

വളരെയധികം  നിര്ബന്ധങ്ങളോടെയുള്ള ഭക്ഷണ രീതിയായിരുന്നു ഞാന്‍ 2007 വരെ പിന്‍തുടര്‍ന്നിരുന്നത്. ഭക്ഷണത്തിന്റെ രാഷ്ട്രീയം ശരിയ്ക്കങ്ങോട്ട് പിടി കിട്ടിയിരുന്നില്ല. അതിനു 2007 ഇല്‍ തന്നെ നല്ല മുട്ടന്‍ പണി കിട്ടി. അങ്ങനെ എന്തു കിട്ടിയാലും  തിന്നാന്‍ പഠിക്കണമെന്നും  എല്ലാ ഭക്ഷണങ്ങള്ക്കും  പിന്നിലും  മുന്നിലും  ഗംഭീരമായ രാഷ്ട്രീയമുണ്ടെന്നും  അതികഠിനമായ വഴിയിലൂടെ തന്നെ മനസ്സിലാക്കി. അന്നു മുതല്‍ക്കിങ്ങോട്ട് എന്തു ഭക്ഷണം  കിട്ടിയാലും  ആസ്വദിച്ചു തിന്നുക എന്നതൊരു ജീവിതരീതിയാക്കിയിരുന്നു;രാഷ്ട്രീയം  എന്നും  പറയാം.ഏത് നാട്ടില്‍ പോയാലും  അവരുടെ പ്രാദേശീകമായ ഭക്ഷണം  കണ്ടുപിടിക്കാനും  അത് ആസ്വദിച്ച് കഴിക്കാനും  സമയം  കണ്ടെത്തി. ഭക്ഷണങ്ങളുടെ ചരിത്രം  അന്വ്വേഷിച്ചു. അതിനു പിന്നിലെ രാഷ്ട്രീയം  തിരഞ്ഞു.  പലപ്പോഴും  പല ഭക്ഷണങ്ങളേയും  വളരെ ആസ്വാദ്യകരമാക്കിയത് അത് എന്നിലെത്തിയ വഴികള്‍ കൂടി കൊണ്ടായിരുന്നു. ¨നിങ്ങള്‍ ഏറ്റവും  ആസ്വദിച്ച് കഴിച്ച ആ ഭക്ഷണം  ഓര്മ്മയുണ്ടോ? ഉണ്ടെന്കില്‍ അതേതാണ്? (  നൊസ്ടാള്ജിയ  കിഴിച്ചീട്ട് )¨ എന്ന ചോദ്യത്തിനു എന്റെ ഉത്തരം  ´ബൊഫ് ബൊഗീഞ്ഞോ´ എന്നാണൂ. അതെ രുചി ഒരു പ്രസ്താവന തന്നെയാണൂ.
  പാരീസ് കാണാന്‍ പോയപ്പോള്‍ ആകെ ആവശ്യപ്പെട്ടത് ഒറിജിനല്‍ പാരീസ് ഭക്ഷണം  കഴിക്കണം  എന്നതായിരുന്നു. പക്ഷേ പറ്റിയില്ല. ജൂലിയ്ക്കും  നികോയ്ക്കും  അത്തരം  ഒരു ഭക്ഷണശാല ചുരുങ്ങിയ സമയം  കൊണ്ട് പാരീസില്‍ കണ്ടുപിടിക്കാനായില്ല. അതിന്റെ പരിഹാരമായാണു ആ ശനിയാഴ്ചയിലെ കാല്പന്തു കളി കഴിഞ്ഞ് അവര്‍ വന്നത്. ഇറ്റാലിയന്‍ പാസ്തായും  ബോഫ് ബോഗിഞ്ഞോയും. സാധനങ്ങള്‍ എല്ലാം  അവര്‍ തന്നെ കൊണ്ടുവന്നു. അവര്‍ തന്നെ ഉണ്ടാക്കി. ഉണ്ടാക്കുമ്പോള്‍ ഞങ്ങളെല്ലാം  ചുവന്ന വീഞ്ഞ് മോന്തി കൊണ്ടിരുന്നു.  പാരീസ് എന്നാല്‍ ഒരു സന്കര സംസ്കാരമാണെന്നും അതിനു മാത്രമായി ഒന്നും  ഇല്ലെന്നും  പക്ഷേ എല്ലാം  അതിന്റേതാണെന്നും  നികോ പറഞ്ഞു. അതു കൊണ്ട് തന്നെ ഇപ്പോള്‍ ഉണ്ടാക്കുന്നത് ഒരു പാരീസ് ഭക്ഷണം  അല്ലെന്നും  അതിനടുത്ത സ്ഥലത്തെ കര്ഷകരുടെ പ്രധാന വിഭവമാണെന്നും  ഇപ്പോഴത്  ഫ്രാന്സ് മുഴുവനും  അംഗീകരിക്കുന്ന മുന്തിയ ഭക്ഷണമാണെന്നു ജൂലി പറഞ്ഞു. ഇതിനിടയ്ക്ക്  വീഞ്ഞീല്‍ കുതിര്ന്ന പശുവിറച്ചി കഷ്ണങ്ങള്‍ വെണ്ണയില്‍ മെരിഞ്ഞു കൊണ്ടിരുന്നു. മറ്റൊരു പാത്രത്തില്‍ ക്യാരറ്റും കൂണൂം  പാഴ്സ്ലിയും  വെളുത്തുള്ളിയും  ഒലീവ് ഓയലില്‍ മയപ്പെടുന്നുണ്ടായിരുന്നു. സ്റ്റീക്ക് ഉണ്ടാക്കാനുള്ള പശുവിറച്ചിയല്ല, പകരം  മുറിഞ്ഞ് മുറിഞ്ഞ് പോയ കഷ്ണങ്ങള്‍ ´ബീഫ് ഗുലാഷ്´ എന്ന് പറയുന്നതാണു ഇതിനുപയോഗിക്കുക എന്നും  അത്തരം  കഷ്ണങ്ങളില്‍ പൊതുവെ നെയ്യുണ്ടാകാത്തതിനാലാണ് പോര്ക്കിന്റെ  വയറുഭാഗം ഉപയോഗിക്കുന്നതെന്നും  പറയുന്നതിനിടയ്ക്ക് അവയെല്ലാം  ചേര്ക്കപ്പെടുന്നുണ്ടായിരുന്നു. കൂടെ ഒരു കുപ്പി ബോഡൊ വീഞ്ഞും. നികോയ്ക്ക് ഉള്ളി ഇഷ്ടമല്ലാത്തതിനാല്‍ ജൂലിയത് ചേര്ത്തില്ല. കഥ പറഞ്ഞു, ഇനിയെന്നു വീണ്ടും  ഫുട്ബോള്‍ കളിക്കും, നിന്നെ ഗോളിയാക്കും   എന്ന് കളി പറഞ്ഞു, അടുത്ത തവണ കാണുമ്പോള്‍ നീന്തല്‍ പഠിച്ചിരിക്കണം  എന്ന് ജൂലി കര്ശനമായി പറഞ്ഞു. ബൊഫ് ബൊഗീഞ്ഞോ തീര്ന്നു, വീഞ്ഞ് കുപ്പികള്‍ കാലിയായി, ആകാശം  കറുത്തു പിന്നെ വെളുത്തു. അങ്ങനെ പാരീസ് എനിക്ക് ജൂലിയും  നികോയുമായി പിന്നെ ബൊഫ് ബൊഗീഞ്ഞോയും.

ബൊഫ് ബൊഗീഞ്ഞോ തിന്നതിലെ ആക്രാന്തം  കണ്ടും  പാചകകുറിപ്പ് ചോദിച്ചത് കൊണ്ടും  ജൂലിയത് എനിക്ക് മെയില്‍ ചെയ്തു. അങ്ങനെ ആ ഫ്രഞ്ച് പാചക്കുറിപ്പ്  ഉപയോഗിച്ച്  ഞാനത് ജര്മ്മന്‍ക്കാര്ക്ക് ഉണ്ടാക്കി വിളമ്പി. ആ നാട് വിട്ടപ്പോള്‍ ജൂലിയെനിക്ക് ബൊഫ് ബൊഗീഞ്ഞോ ഉള്പ്പെടുന്ന ഫ്രഞ്ച് പാചക്കുറിപ്പുകളൂടെ ഫ്രഞ്ച് ബൈബിള്‍ തന്നു. അടുത്ത തവണ കാണുമ്പോള്‍ ഇന്ത്യന്‍ ബൊഫ് ബൊഗീഞ്ഞോ ഉണ്ടാക്കി കൊടുക്കണം  എന്ന ആമുഖത്തോടെ.  ഇടയ്ക്കിടയ്ക്ക് ബൊഫ് ബൊഗീഞ്ഞോ ഉണ്ടാക്കി ഞാനാ നിര്ദ്ദേശം  അക്ഷരം  പ്രതി അനുസരിക്കുന്നു. ഒരോ തവണയും  ബൊഫ് ബൊഗീഞ്ഞോ ഉണ്ടാക്കുമ്പോള്‍ ജൂലിയും  നികോയും  അടുത്തുണ്ട് എന്ന് തോന്നും. അവരെ കുറിച്ച് പറയാതെ ആ പാചകം  പൂര്ണ്ണമാകില്ല.

അങ്ങനെ ഇരിക്കെയാണു ഭക്ഷണ സിനിമകള്‍ കണ്ടു തീര്ക്കുന്ന കൂട്ടത്തില്‍ ഞാന്‍ ജൂലി & ജൂലിയ കാണുന്നത്. അപ്പോഴതാ കിടക്കുന്നു  ബൊഫ് ബൊഗീഞ്ഞോ മാത്രമല്ല ജൂലിയുടെ അമ്മ ഉണ്ടാക്കുന്ന ബൊഫ് ബൊഗീഞ്ഞോ കാവലായി ജൂലിയയും  ഉണ്ട്. ഒരു പക്ഷേ എല്ലാ ബൊഫ് ബൊഗീഞ്ഞോയ്ക്കും  ഒരു കാവലാള്‍ ഉണ്ടായിരിക്കും. പെനലോപ്പ് നായികയായ,  ബ്രസീലില്‍ സെറ്റിട്ട woman on top  നെക്കാളും  എനിക്കിഷ്ടപ്പെട്ട ഭക്ഷണസിനിമ. 
ബൊഫ് ബൊഗീഞ്ഞോയുടെ ´La bible des recettes de grand-mere´  ഉള്ള പാചകക്കുറിപ്പ്  ഇടത് വശത്ത്  കൊടുത്തിരിക്കന്നു.
 ബൊഫ് ബൊഗീഞ്ഞോ ഉണ്ടാക്കുക, അര്ജ്ജന്റീനയുടെ തോല്‍വി, അല്ലെന്കില്‍ ജയം, സന്കടം, സന്തോഷം , ദേഷ്യം, പിണക്കം  എന്തായാലും  ഒരു കുപ്പി ചുവന്ന വീഞ്ഞുമായി ചേര്ന്ന് ആര്മ്മാദിച്ചു തകര്ക്കുക.
                                       ആര്പ്പ്!!

Tuesday, November 16, 2010

കവിത


കവിത
-----
കവിതയെന്നു
കേള്‍ക്കുമ്പോള്‍
കരുതും

അതൊരു പെണ്ണാണെന്ന്

അല്ല,

അതൊരു ആണാണ്

ദൃഡമായ പേശികളും
ഉറച്ചു പോയ മനസ്സും
കാരിരുമ്പിന്റെ കരുത്തുമുള്ള

വെറുമൊരാണ്.


കവിതയെ ഏതൊക്കെയോ ചട്ടക്കൂടുകളില്‍ നിര്ത്തേണ്ടതില്ലേ എന്ന ആശന്കകള്ക്ക് തല്ക്കാലം ഈ മറുപടിയെ ഉള്ളൂ.
ഓട്ടോ റെനേ കാസ്റ്റിലോയുടെ 'അരാഷ്ട്രീയബുദ്ധിജീവികള്‍' എന്ന കവിത വിവര്ത്തനത്തിനെതിരെ വന്ന വിമര്ശനങ്ങള്ക്ക് തൃശ്ശൂര്‍ ¨ബാഷ¨യിലെ വിവര്ത്തനം നടത്തിയ ആള്‍ എന്ന നിലയിലുള്ള പ്രതികരണം.
-----------------------
ഓട്ടോ റെനേ കാസ്റ്റിലോയുടെ 'അരാഷ്ട്രീയബുദ്ധിജീവികള്‍' (തൃശ്ശൂര്‍ ¨ബാഷ¨യിലെ വിവര്ത്തനം )

ഒരീസം ഇവ്‌ടത്തെ
ശവി ബുജ്യോളെ
നാട്ടാര് വാള്‍പോസ്റ്റാക്കും

മുടിയാന്‍ കാലത്ത്
എവട്യാര്‍ന്നീ
എരപ്പാള്യോള്‌ന്ന് ചോയ്ക്കും

അവറ്റേരെ പത്രാസിന്റ്യാ
മന്ദലമയക്കത്തിന്റ്യാ
കാര്യം ചോയ്ക്കില്യ

പൊങ്ങാണ്ട് കൊണ്ട്‌ടക്കണ
ശ്യൂന്യത്യാ, ജ്യോര്‍ജ്ജുട്ട്യാ
ഒറ്റെണ്ണം സാരാക്കില്യ

പൂരത്തിന്റെ ചരിത്രാ, ഭൂമിശാസ്ത്രാ,
പെരന്നാള്‍‌ക്ക് വാലായ്മ നോക്കീതാ,
ഒരു രോമോം ചോയ്ക്കാന്‍ നിക്കില്യ

എമണ്ടന്‍ നോണൊണ്ട്
ഇവറ്റോളിണ്ടാക്കണ
ന്യായീകരണോം കേക്കാന്‍ നിക്കില്യ

ആ ദൂസം
അങ്ങാടിക്കാര് കേറി നെരങ്ങും
പഠിപ്പും പത്രാസുമില്യാത്തോര്
ഇവറ്റോള്‍‌ക്കായിറ്റ്
മുണ്ട് മുറുക്കി പണീട്‌ത്ത സാധാരണക്കാര്

എന്നട്ടൊരു ചോദ്യണ്ട് ;

ഇമ്മളൊക്കെ കെടന്ന്
ചക്രശ്വാസം വലിക്ക്‌ണ നേര്‌ത്ത്
ഏത് കോണത്തീ പോയീ കെടക്കാര്‍ന്നൂറാ കന്നാല്യോളേന്ന്

കൊരലു വറ്റി, നാക്കെറ്ങ്ങി
മിണ്ടാട്ടം മുട്ടിപൂവും
ഒക്കേത്തിനും.

Friday, January 09, 2009

ഇനി ഒരു കടങ്കഥ പറയാം

മോളു - അമ്മാമ്മേ അമ്മാമ്മേ ഒരു കഥ പറയോ? രാജകുമാരീടെം രാജകുമാരന്റേം കഥ?

അമ്മാമ്മ - രാജകുമാരീടെ കഥപറഞ്ഞ് അമ്മാമ്മയ്ക്ക് ബോറടിച്ചു മോളു. അമ്മാമ്മ ഇനിയൊരു കടങ്കഥ പറയട്ടെ?

മോളു - കടങ്കഥീം രാജകുമാരീര്യാ?

അമ്മാമ്മ - അല്ലാല്ലോ.. ഇത് രാജവില്ലാത്ത, രാജകുമാരീം രാജകുമാരനുമില്ലാത്ത ഒരു രാജ്യത്തിന്റെ കഥ. അപ്പോ കഥയേതാ? ഉത്തരം പറഞ്ഞില്ലെങ്കില്‍ മോളൂന് ആയിരം കടം.

കടങ്കഥയ്ക്കുത്തരം കണ്ടെത്താന്‍ എല്ലാവരും ജനുവരി 10 നു ഇടപ്പിള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ എത്തുമല്ലോ

Sunday, June 08, 2008

Black week against the black world കറുത്ത ലോകത്തിനെതിരെ കരിവാരം


Joining hands with injipennu against the black world of kerals.com. Requesting all of you to join this protest.


other blogs joined in the protest ( List in Alphabetical Order)

1.Raj Neetiyath
2.One Swallow
3.Vellezhuthth
4.Visalamanaskan
5.Choottazhi
6.Guptham
7.Ithentha
8.Salini
9.Kumar
10.Anchalkkaran
11.Najoos
12.Wakkarimashta
13.Idival
14.Bindu
15.Pachalam
16.Njan
17.Sree
18.Siju
19.Beerankutti
20.Reshma
21.Moorthy
22.Saramgi
23.Sebin Jacob
24.Sreevallabhan
25.Anamgari
26.Sankuchithan
27.Yarid
28.Sundaran
29.Devan
30. Sapthavarnangal
31.Venu
32.Shiju
33.Vavachi
34.Mayoora
35.Pulli
36.Anilan
37.Kannuran
38.G. Manu
39.Thamanu
40.Shefi
41.Tharavadi & Valyammayi
42.Sakshi
43.Ziya
44.Kunjans
45.Nazeer
46.Cheedappi
47.Kuttenmenon
48.Anony Antony
49.Prasanth Kalathil
50.Keralafarmer
51.Dasthakir
52.Kinav
53.Nishkalankan
54.Asha
55.Latheesh Mohan
56.P.R
57.Sidarthan
58.Bhumiputhri
59.Kala
60.Agrajan
61.Sharu
62.Chintha
63.Umesh
64.Cibu
65.Indira
66.DesiPundit
67.Thahirabdhu
68.MS
69.Viswam
70.Baji Odamveli
71.Revathi
72.Hariyanan
73.Viswam Tumblr
74.Karinkallu
75.Patrix
76.Kovalakrishnan
77.Jayarajan
78.Jihesh
79.Bikku
80.Basheer Vellarakkad
81.Sreelal
82.Melodious
83.Nandan
84.Anjathan
85.Ithirivettam
86.Thonnivasan
87.Coolsun
88.Vayadi Malayali
89.Priyamvada
90.Wonderstruck
91.Neha Viswanathan
92.Santhosh
93.Nikhil
94.Ranjith chemmad
95.Anil
96.Lapuda
97.Sabi
98.Achinthya
99.Nalan
100.Saljo
101.Malayaali
102.Santhosh Pillai
103.Sini
104.Kaithamullu
105.Nandini Vishwanath
106.Thathamma
107.Bee and Jai
108.Chithal
109.Karim Mash
110.Jyonavan
111.Anuraj
112.Shankupushpam
113.Kavalan
114.IdliDosa
115.Ravunni
116.Panchali
117.Kochuthresia
118.Sreedevi Nair
119.Visakh Sankar
120.Cartoonist
121.Silverine
122.P.Anoop
123.Amrutha
124.Santosh
125.Lakshmy
126.Uganda Randaman
127.Sia
128.Trevor Penn
129.Drisyan
130.Kochumuthalali
131.Krish
132.Abdul Aleef
133.Naagurinch
134.Aisibi
135.Appu
136.Ittimalu
137.Baburaj Bagavathi
138.Anomani
139.Jyothirmayi
140.Sajith M
141.Vimmuuu
142. FLu!D
143.nE0999
144.Papi
145.Anish Thomas Panicker
146.Sijonane
147.Sahodharan
148.FLu!D
149.Shubha Ravikoti
150.Nandita
151.Alootechie
152.Su
153. Nikolai


Supporters of the Black Protest (As per their comments to this post)
1.Arundathi
2.Shammi
3.Pooja
4.Sunitha
5.pippala leaf
6.Priya
7.Kalai
8.Mallugirl
9.RP
10.Pravs
11.Cherthalakkaran

News
1.e-pathram
2.ThatsMalayalam
3.Webdunia
4.The New Indian Express
5.Mathrubhumi


More about kerals.com's content theft and protests (blogs)

Answers to some F.A.Q about black protest - Njaan, Anchalkkaran