Tuesday, July 17, 2007

സര്‍പ്പഗന്ധി

കെ. ആര്‍. നാരായണന്‍ പത്രത്താളുകളിലും ടി.വി സ്ക്രീനിലും നിറഞ്ഞപ്പോഴൊക്കെ ലീ‍ന സെബാസ്ത്യന്റെ മനസ്സില്‍ തെളിഞ്ഞത് കുമാരിയായിരുന്നു. രണ്ടുപേരുടേയും നനുത്ത മുഖത്തെ കണ്ണുകള്‍ക്ക് ഒരേ ആര്‍ദ്രത, പിന്നെ പതിഞ്ഞ ചിരിയും. ലീന സെബാസ്ത്യനെ സംബന്ധിച്ചിടത്തോളം നാരായണനെ കുറിച്ചുള്ള ഓരോ വാര്‍ത്തകളും, കുമാരിയുടെ വീടിന്റെ അടുക്കളയോട് ചേര്‍ന്ന് വളരുന്നുണ്ടെന്ന് ലീന വിശ്വസിച്ചിരുന്ന സര്‍പ്പഗന്ധിയുടെ ഇലകളും ചില്ലകളുമായിരുന്നു. കെ.ആര്‍ നാരായണന്‍ രാഷ്ട്രപതിയായപ്പോള്‍ ആ ചെടി പൂത്തെന്നും രാഷ്ട്രപതിയുടെ അധികാരങ്ങള്‍ ഉപയോഗിച്ച് വാര്‍ത്തകളില്‍ നിറഞ്ഞപ്പോള്‍ അത് കായ്ച്ചെന്നും ലീന സെബാസ്ത്യന്‍ സ്വപ്നം കണ്ടു.

നാരായണന്‍ ഉപരാഷ്ട്രപതിയായി വാര്‍ത്തകളില്‍ വന്നിരുന്ന സമയത്താണ് ലീന സെബാസ്ത്യന്‍ പത്താംക്ലാസ് ജയിച്ചത്. അന്നാളുകളില്‍ ലീനയുടെ വീട്ടിലെ ഊണുമേശ ചര്‍ച്ചകളില്‍ സ്ഥിരം കടന്നുവരാറുള്ള പേരായിരുന്നു കെ.ആര്‍. നാരായണന്‍. മുതിര്‍ന്നവരുടെ ചര്‍ച്ചകളില്‍ കേട്ട് കേട്ട് ലീനയ്ക്ക് ആ പേരിനോട് ഒരിഷ്ടം തോന്നി. ചേച്ചി വെള്ളായണിപച്ചയിലെ കാട്ടില്‍ നിന്നും കൊണ്ട് വന്ന് കൊടുത്ത സര്‍പ്പഗന്ധി ചെടി പൂ‍ത്തപ്പോള്‍ ലീന അതിനെ നാ‍രായണന്‍ എന്ന് വിളിച്ചു; തീയുടെ നിറമായിരുന്നു അതിന്റെ പൂക്കള്‍ക്ക്. ലീനയുടെ അന്ധവിശ്വാസ ശേഖരത്തിലെ ആത്മവിശ്വാസവും തീയുടെ നിറമുള്ള പൂക്കളായിരുന്നു.

കുഞ്ഞു കുഞ്ഞു അന്ധവിശ്വാസങ്ങള്‍ ഉപാധികളോ കാരണങ്ങളോ കൂടാതെ തന്നെ ലീനയുടെ കൊച്ച് മനസ്സിന്റെ ഭാഗമായിരുന്നു. സ്കൂളില്‍ പോകുന്ന വഴിക്ക് ചാണകത്തില്‍ ചവിട്ടിയാല്‍ അടി കിട്ടുമെന്നും പരിഹാരമായി പൊട്ടിച്ചെടിയുടെ ഇല മുടിയില്‍ ചൂടണമെന്നുമുള്ള വിശ്വാസത്തിന്‍ പുറത്ത് അടി പൂര്‍ണമായും ഒഴിവാക്കാന്‍ എന്നും പൊട്ടിച്ചെടിയുടെ ഇല തുളസി കതിരു പോലെ ലീന മുടിപിന്നലുകള്‍ക്കിടയില്‍ തിരുകി. വെളുത്ത അംബാസിഡര്‍ കാറിനൊപ്പം കാക്കയെ കണ്ടാല്‍ അപ്പം കിട്ടുമെന്ന ധാരണയില്‍ കാറിനൊപ്പം കാക്കയെ കണ്ടില്ലെങ്കില്‍ അവള്‍ ഖിന്നയായി. ഒരു മൈനയെ കാണുന്നത് സങ്കടം വരുത്തുമെന്നതിനാല്‍ പ്രതീക്ഷകളുടെ കത്ത് കൊണ്ട് വരുന്ന രണ്ടാം മൈനയെ കാണുന്നത് വരെ ഒരു സങ്കടകാലത്തെ തന്റെ പുറകിലവള്‍ പ്രതിക്ഷിച്ചു. വെള്ള വളകളിട്ട് പരീക്ഷയെഴുതിയാല്‍ നല്ല മാര്‍ക്ക് കിട്ടുമെന്നതിനും, നീല ഉടുപ്പിടുന്ന ദിവസം വഴക്കു കിട്ടുമെന്നതിനും അവള്‍ അനുഭവസ്ഥയായിരുന്നു. വീടിനു പുറക് വശത്തെ പുഷ്കരമൂലത്തില്‍ വെള്ള പൂക്കളുണ്ടാവുന്ന ദിവസം ഒരു മരണം നടക്കുമെന്നതും തീയുടെ നിറമുള്ള പൂക്കള്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും എന്നതും അത്തരത്തില്‍ വര്‍ത്തമാന സംഭവങ്ങളില്‍ നിന്ന് ലീന മനസ്സിലേയ്ക്ക് നടന്ന് കയറിയ അന്ധവിശ്വാസങ്ങളാണ്.

പ്രശസ്തമായ കോളേജിലെ രണ്ടാം ദിവസം റാഗിംഗ് സമയത്താണ് ലീന കുമാരിയെ ആദ്യമായി ശ്രദ്ധിച്ചത്.

“എന്താടോ തന്റെ പേര്?“ സംഘത്തലവിയാണ്.
“കുമാരി“
“കുമാരനാശാന്‍ തന്റെ ആരാണ്? “
“ആരുമല്ല“
ആ ഉത്തരം അവര്‍ക്ക് രസിച്ചില്ല. അവര്‍ അവളെ ആകെ ഉഴിഞ്ഞു നോക്കി
“എത്ര മാര്‍ക്കുണ്ടായിരുന്നു“
“നാനൂറ്റി അറുപത്തഞ്ച്“ ആത്മവിശ്വാ‍സത്തോടെ ഒരു മറുപടി.
“ഹ ഹ “ കൂട്ടത്തിന്റെ പരിഹാസ ചിരികള്‍!
“എസ്സിഎസ്റ്റി ആണല്ലേ! എന്തായാലും നീയൊന്നും ജയിക്കാന്‍ പോകുന്നില്ല. പിന്നെ വെറുതെ എന്തിനാ ഒരു സീറ്റ് കളയുന്നത്.“
“എന്താടോ ഇവിടെ ഒരു വല്ലാത്ത മണം?“ ഒരാള്‍ക്ക് മുനയുള്ള സംശയം
“ കുളിക്കാത്ത ജാതി“ പിറുപിറുക്കലോടെ കടന്ന് പോകുകയാണവര്‍

തലകുനിച്ചിരിക്കുന്ന ലീനയുടെ കണ്ണില്‍പ്പെടുന്ന കുമാരിയുടെ പുറഭാഗം അപ്പോഴും ഈറന്‍ മുടിയിലെ വെള്ളം വീണ് നനഞ്ഞ് കിടന്നിരുന്നു!! കുമാരി പതുക്കെ ബെഞ്ചിലേയ്ക് താഴുമ്പോള്‍ അവളുടെ ആത്മവിശ്വാസത്തിന്റെ ബലൂണില്‍ ചെറുതല്ലാത്ത തുള വീണിരുന്നു. ലീനയാകട്ടെ എസ്സീഎസ്റ്റി എന്ന വാക്കിനെ മെരുക്കാന്‍ ശ്രമിക്കുകയായിരുന്നു. കേട്ടീട്ടുണ്ട് ആ വാക്ക്, പക്ഷേ അതിന്റെ അര്‍ത്ഥം ആലോചിക്കുമ്പോള്‍ കനമുള്ള എന്തോ ഒന്ന് മാത്രം ചിന്തയില്‍ പൊങ്ങി പൊങ്ങി നടക്കുന്നു. ലീനയ്ക്ക് ചില സമയങ്ങള്‍ ഉണ്ടാകുന്നതാണിത്. ചില വാക്കുകള്‍ മനസ്സില്‍ വരുമ്പോള്‍ കനമുള്ള എന്തോ‍ ഒന്ന് എന്ന പ്രതിതി. അവയാകട്ടെ പൊങ്ങി നടക്കുകയും ചെയ്യും! സ്കൂള്‍ ക്ലാസ്സിലേയ്ക്ക് തിരിച്ചു ചെന്ന് എസ്സീഎസ്റ്റി എന്ന് വാക്ക് പെറുക്കിയെടുക്കാന്‍ ലീന ഒരു ശ്രമം നടത്തി,പക്ഷേ അവിടെ വേദോപദേശക്കാരും സന്മാര്‍ഗക്കാരും മാത്രമാണ് ഉണ്ടാ‍യിരുന്നത്. കത്തോലിക്കക്കാരെല്ലം വേദപാഠം പഠിച്ചപ്പോള്‍ ബാക്കി എല്ലാവരും സന്മാര്‍ഗ്ഗം പഠിച്ചു.വേദോപദേശത്തേക്കാള്‍ സന്മാര്‍ഗ്ഗ കഥകളായിരുന്നു ലീനയ്ക്കിഷ്ടം.

എം.ബി.ബി.എസ്. നും എഞ്ചിനീയറിംഗിനുമുള്ള കോച്ചിംഗ് സെന്റര്‍ കോളേജിന്റെ അടുത്തായിരുന്നതിന്നാല്‍ കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള ജില്ലകളിലെ റാങ്ക്‌‍കാര്‍ പഠിക്കാന്‍ എത്തിയിരുന്ന കോളേജ് ആയിരുന്നു അത്.വീടിനേറ്റവും അടുത്തുള്ള ആ കോളേജില്‍ തന്നെ മകള്‍ പഠിക്കണമെന്ന് ലീനയുടെ അമ്മയ്ക്കൊരു ആശയാണ്, ആണ്‍കുട്ടികള്‍ ഉള്ള കോളേജിലൊന്നും നല്ല കുടുംബത്തിലെ കുട്ടികളെ വിട്ട് കൂടാ എന്ന് ലീനയുടെ അപ്പന്‍ സെബാസ്ത്യനു വാശിയും. ആ ആശയ്ക്കും വാ‍ശിയ്ക്കും മുകളില്‍ ലീനയ്ക്കൊരു വീറോ ശബ്ദമോ അന്നില്ലായിരുന്നു.

“അഞ്ഞൂറ്റി മുപ്പത് മാര്‍ക്കല്ലേയുള്ളൂ മോള്‍ക്ക്. ജെനറല്‍ മെറിറ്റില്‍ കിട്ടാന്‍ ബുദ്ധിമുട്ടാവും, കാത്തലിക് കോട്ടയില്‍ ഒന്ന് ശ്രമിച്ച് നോക്ക് “ പ്രവേശനാപേക്ഷ വാങ്ങി വയ്ക്കുന്ന കൌണ്ടറില്‍ ഇരുന്ന സിസ്റ്റര്‍ വിക്ടോറിയ പറഞ്ഞത് കേട്ടപ്പോള്‍ തന്നെ ലീ‍നയുടെ അമ്മ ഉണ്ണീശോയുടെ നൊവേന ചൊല്ലി, ഒരു മെഴുകുതിരിക്കാല്‍ നേര്‍ച്ച നേര്‍ന്നു. കുമാരിയുടേയും വീടിന് ഏറ്റവും അടുത്തുള്ള കോളേജും അത് തന്നെയായിരുന്നു. അവിടെ പ്രവേശനം കിട്ടിയില്ലെങ്കില്‍ കുമാരി തന്റെ കൂടെ വാര്‍ക്ക പണിയ്ക്ക് വരുന്നതാണ് നല്ലതെന്ന് കുമാരിയുടെ അമ്മ വിശ്വസിച്ചു. കുമാ‍രി അടുത്ത കാവില്‍ ഒരു കോഴി നേര്‍ച്ച നേര്‍ന്നു.നേര്‍ച്ചകള്‍ ചിലപ്പോഴെങ്കിലും ഫലിച്ചിരുന്നു! അറനൂറില്‍ അഞ്ഞൂറ്റി മുപ്പത് മാ‍ര്‍ക്ക് കിട്ടി, തന്റെ സ്കൂളില്‍ ഒന്നാമതായ ലീന സെബാസ്ത്യന്‍ സമുദാ‍യ സംവരണത്തിലും നാനൂറ്റി അറുപത്തഞ്ച് മാര്‍ക്ക് കിട്ടി അവരുടെ പഞ്ചായത്തിലെ സംവരണ വിഭാഗത്തിലെ അവാര്‍ഡ് കരസ്ഥമാക്കിയ കുമാരി ജാതി സംവരണത്തിലും സെക്കന്റ് ഗ്രൂ‍പ്പില്‍ പ്രവേശനം നേടി.

വീട്ടിലെത്തി ബാഗ് കട്ടിലേയ്ക്ക് വലിച്ചൊരു ഏറും കൊടുത്ത് മുഖവും വീര്‍പ്പിച്ച് അടുക്കളയിലെ ബെഞ്ചില്‍ പോയിരുന്നപ്പോള്‍ ലീനയെ അമ്മ കളിയാക്കി.

“ഇന്നെന്താ മുഖം വട്ടേപ്പം വീര്‍പ്പിച്ചാണല്ലോ. എങ്കില്‍ ചായക്ക് പലഹാരം അതു തന്നെ ആയിക്കോട്ടെ.“

ലീന റാഗിംഗിങ്ങിന്റെ സങ്കടം അടുക്കള ബെഞ്ചില്‍ പെയ്തൊഴിഞ്ഞു. അടുക്കളയിലെ പരിഭവമഴ സ്ഥിരമുള്ളതാണ്. മഴതോര്‍ച്ചയായി അമ്മ പകരം വയ്ക്കുന്ന വാക്കുകളെ ആത്മവിശ്വാസത്തിന്റെ ഗുളികകള്‍ എന്ന് ചേച്ചി പരിഹസിച്ചു. ആത്മാവിശ്വാസ ഗുളിക രണ്ട്മൂന്നെണ്ണം കിട്ടിയപ്പോള്‍ പിന്നെ ലീനയുടെ മനസ്സീല്‍ ബാക്കിയായത് എസ്സീഎസ്റ്റി എന്ന വാക്ക്.അന്നത്തെ തോട്ടം നനയ്ക്കിടെ മുറ്റത്തെ സര്‍പ്പഗന്ധിയെ ലീന പിന്നേയും മാമോദീസ മുക്കി.
“പിതാവിന്റേയും പുത്രന്റേയും പരിശുദ്ധാത്മാവിന്റേയും നാമത്തില്‍ സര്‍പ്പഗന്ധിയെന്ന കുമാ‍രിനാരായണനെ ഞാന്‍ മാമോദീ‍സ മുക്കുന്നു.“ പൂചെരികയിലെ വെള്ളം പൂ‍ക്കള്‍ക്ക് മേലെ വീണപ്പോള്‍ അടുത്ത് നിന്നിരുന്ന കോളാമ്പി പൂക്കള്‍, ഗാര്‍ഗിയും മൈത്രേയിയും തലതൊട്ടമ്മമാരായി. സ്കൂള്‍ ദിവസങ്ങളിലൊന്നില്‍ ഒരു പദ്യക്ലാസ്സില്‍ നിന്നും ലീനയുടെ കൈപിടിച്ച് ഇറങ്ങി വന്നവരായിരുന്നു ഗാര്‍ഗിയും മൈത്രേയിയും.
“ഇനി എന്നും കുമാരിയുടെ അടുത്ത് തന്നെ ഇരിക്കണം” ലീന മനസ്സിലുറപ്പിച്ചു

ക്ലാസ്സ് തുടങ്ങി മൂന്നാം ദിവസം ക്ലാ‍സ്സ് ടീച്ചര്‍ മിസ്സ് ശാന്ത എല്ലാവര്‍ക്കും പേരിന്റെ ആദ്യക്ഷര ക്രമത്തിലുള്ള റോള്‍ നമ്പര്‍ തന്നതിനുശേഷം ക്ലാസ്സ് ടീച്ചര്‍ എന്ന നിലയിലുള്ള തന്റെ നയം ഇങ്ങനെ പ്രഖ്യാപിച്ചു.
“ഇനി മുതല്‍ എല്ലാ കാര്യത്തിനും റോള്‍ നമ്പര്‍ ആണ് ഉപയോഗിക്കേണ്ടത്. എല്ലാവരും റോള്‍ നമ്പര്‍ പ്രകാരം ഇരിക്കുക. ഇരിക്കുന്ന ബെഞ്ച് എല്ലാ ദിവസവും റോട്ടേഷന്‍ അനുസരിച്ച് മാറണം. ഒരു നിരയില്‍ ഇരിക്കുന്നവര്‍ ഒരു ഗ്രൂപ്പ്, ആ ഗ്രൂപ്പിനൊരു ലീഡര്‍. ക്ലാസ്സ് ലീഡറേയും ഗ്രൂപ്പ് ലീഡറേയും എല്ലാ‍ മാസവും തിരഞ്ഞെടുക്കണം.ക്ലാസ്സില്‍ ഒരു തരത്തിലുള്ള വേര്‍തിരിവുകളും പ്രത്യേക ഗ്രൂപ്പുകളും ഉണ്ടാവരുത്.“

ഇംഗ്ലീഷ് അക്ഷരമാല ക്രമത്തില്‍ ലീന ലക്ഷ്മിയുടേയും ലിഷയുടേയും ബെഞ്ചിലായി. കുമാരി തൊട്ടപ്പുറത്തെ ബഞ്ചില്‍ കുസുമത്തിന്റേയും കാതറീന്റേയും ഇടയിലിരുന്ന് വീര്‍പ്പു മുട്ടി. കുമാരിയുടെ മുടിയിലെ എണ്ണ പറ്റാ‍തെ ഇരുന്നു നോട്ടെഴുതാന്‍ കുസുമവും കാതറിനും വല്ലാതെ ബുദ്ധിമുട്ടുകയും ചെയ്തു. മലയാള അക്ഷരമാല ക്രമത്തില്‍ ഇരുത്തിയിരുന്നെങ്കില്‍‍ കുമാരിയില്‍ നിന്നും താന്‍ ഏറെ ദൂരെ ആയി പോയേനെ എന്ന ചിന്തയില്‍ ലീന ഇംഗ്ലീഷ് അക്ഷരമാലയെ സ്നേഹിക്കാന്‍ തുടങ്ങി.

ഇന്റര്‍വെല്‍ സമയങ്ങളില്‍ കുമാരിയോട് കൂടുതല്‍ സമയം ചിലവഴിക്കാന്‍ ലീന ശ്രമിച്ചപ്പോള്‍ കുമാരി കഴിയുന്നതും അവളെ പോലെ തന്നെ സംവരണക്കാരിയായ ഷീബയുമായി കൂട്ടുകൂടാന്‍ ഇഷ്ടപ്പെട്ടു. ഡേ സ്കോളറായ ലീന കൊണ്ട് വന്നിരുന്ന ചപ്പാത്തിയിലും വറുത്തിറച്ചിയിലും ഹോസ്റ്റല്‍വാസികള്‍ കൈ വച്ചപ്പോള്‍ അവര്‍ക്ക് കൊടുത്തതില്‍ കൂടുതല്‍ സ്നേഹത്തോടെ അതില്‍ നിന്നൊരു ചപ്പാത്തി കുമാരിയ്ക്ക് കൊടുക്കണം എന്ന് ലീന മോഹിച്ചു. പക്ഷേ ഭക്ഷണ സമയത്ത് കുമാരിയും ഷീബയും തേര്‍ഡ് ഗ്രൂപ്പിലുള്ള അവരുടെ കൂട്ടുകാരുടെ കൂടെ പോയിരുന്നു കഴിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നു. ചോ‍റുപാത്രം കഴുകാനെടുക്കുമ്പോള്‍ ഒരു ചപ്പാത്തിയും മൂന്ന്‌ നാല് കഷ്ണം വറുത്തിറച്ചിയും എന്നും ബാക്കി കിടന്നത് ലീനയുടെ അമ്മയെ അസ്വസ്ഥയാക്കി.

ആര്‍ട്ട്‌സ് സെക്രട്ടറിയായി മത്സരിച്ച അരുണ ചേച്ചി പ്രചാരണ മത്സരങ്ങളില്‍ കൈയ്യടി നേടിയിരുന്നത് രാഷ്ട്രപതി ശങ്കര്‍ദയാല്‍ ശര്‍മ്മയുടെ താറാവ് നടത്തം അനുകരിച്ചായിരുന്നു. പലരേയും അനുകരിക്കാന്‍ കുട്ടികള്‍ ആവശ്യപ്പെട്ടപ്പോള്‍ ഉപരാഷ്ട്രപതി കെ.ആര്‍. നാരായണനെ അനുകരിക്കമോ എന്നതായിരുന്നു ലീനയുടെ ചോദ്യം. അടുത്ത തവണ തീര്‍ച്ചയായും അനുകരിക്കാം എന്ന് പറഞ്ഞ് ക്ലാസ്സില്‍ നിന്നും ഇറങ്ങിയ അരുണ ചേച്ചി ലീ‍നയെ സ്വകാര്യമായീ വീളിച്ച് പറഞ്ഞു. “അനുകരിക്കാന്‍ പറ്റിയ വൈകൃതങ്ങള്‍ നാരായണനുള്ളതായി ഞാന്‍ ശ്രദ്ധിച്ചീട്ടില്ല. അതുകൊണ്ട് അഭിനയിച്ച് ഫലിപ്പിക്കാന്‍ ബുദ്ധിമുട്ടാണ്. കുട്ടി എന്തായാലും എനിക്ക് തന്നെ വോട്ട് ചെയ്യണം”. കുമാരി നടക്കുന്നത് പോലെയായിരിക്കും നാരായണന്‍ നടക്കുക എന്ന് ലീന സങ്കല്‍പ്പിച്ച് നോക്കി. മനസ്സില്‍ തെളിഞ്ഞ കുമാരി-നാരായണന്‍ ചിത്രത്തില്‍ കുമാരിയുടെ ചാര നിറമുള്ള പോളിയെസ്റ്റര്‍ പാവാടയുടെ അരികുകള്‍ വേറിട്ട് നിന്നു. ഭൂമി അറിയാതെ, ചുമരിനരികു പറ്റി നടന്നിരുന്ന കുമാരിയെ അനുകരിക്കാന്‍ ലീനയ്ക്കും കഴിഞ്ഞില്ല.

കോളേജില്‍ വൈവിധ്യം നിറഞ്ഞ ചുരിദാറുകള്‍ക്കിടയില്‍ കുമാരിയുടേയും ഷീബയുടേയും നീളന്‍ പാവാടകള്‍ ഒറ്റപ്പെട്ട് നീന്നു. വല്ലപ്പോഴും ഒരു മാറ്റത്തിനായും, കുമാരിയോട് കൂ‍ട്ടുകൂടാനൂം ലീന മുഴുവന്‍ പാവാടകളില്‍ വന്നപ്പോള്‍ “നഗരത്തിന്റെ കാപട്യമേ നിനക്ക് ഗ്രാമീണതയുടെ വച്ച്‌കെട്ട് ചേരില്ല“ എന്ന് സാജിത.

ഇംഗ്ലീഷ് ക്ലാസില്‍ ലീന വരുത്തിയ ചെറിയ വ്യാകരണ പിശകുകള്‍ക്ക് മിസ്സ് ശോഭ മലയാളം മീഡിയത്തിനെ മൊത്തം പരിഹസിച്ചതും, സൂവോളജി റെക്കോര്‍ഡില്‍ വര മോശമായതിനു മിക്ക താളുകളിലും ഒപ്പിനു പകരം ടിക് കിട്ടിയതും ലീ‍നയുടെ ആത്മവിശ്വാസ ബലൂണിലും തുളകള്‍ വീ‍ഴ്ത്തിയിരുന്നു. പക്ഷേ അടുക്കളബെഞ്ചില്‍ വച്ച് പതിവായി കിട്ടിയിരുന്ന ആത്മവിശ്വാസഗുളിക കഴിക്കുന്നതോടെ ആ തുളകളെല്ലാം അടഞ്ഞു പോന്നു. കുമാരി വരച്ചിരുന്ന പടങ്ങള്‍ കാണാന്‍ നല്ല ഭംഗി ഉണ്ടായിരുന്നീട്ടും ഭാഗങ്ങള്‍ അവ്യക്തമാണ് എന്ന കാരണത്താല്‍ അവള്‍ക്കും കിട്ടിയത് അധികവും ടിക്കുകളായിരുന്നു.

ആദ്യത്തെ ടേം പരീക്ഷയ്ക്കു മുന്‍പ് തന്നെ നിര ഗ്രൂപ്പുകളെ കൂടാതെ ക്ലാസ്സില്‍ മൂ‍ന്ന് പ്രത്യേക ഗ്രൂപ്പുകള്‍ ഉണ്ടായി; ഹോസ്റ്റലേഴ്സ്, ഡേ സ്കോളേഴ്സ്, എസ്സീഎസ്റ്റി! ഹോസ്റ്റലുകാര്‍ പഠന മികവും മിടുക്കും കൊണ്ട് മിസ്സുമാരുടെ കണ്ണിലുണ്ണികളും കുറുമ്പിന്റെ ആധിക്യം കൊണ്ട് ശത്രുക്കളും ഒക്കെയായി നിറഞ്ഞാടിയപ്പോള്‍ ഡേ സ്കോളേസ് തങ്ങളിലേയ്ക്ക് തന്നെ ചുരുങ്ങി കൂടി. എസ്സീഎസ്റ്റിക്കാര്‍ തങ്ങളെ എന്നോ മറന്ന് കഴിഞ്ഞിരുന്നു; അവരെ ക്ലാസ്സിലുള്ളവരും.

കോളേജ് നടത്തിയ അരപരീക്ഷയ്ക്ക് കുമാരി തോറ്റ് തുന്നം പാടിയിരുന്നു. മിസ്സ് അമ്മിണി കുമാരിയ്ക്ക് പേപ്പര്‍ കൊടൂത്തപ്പോള്‍ വളരെ ശാന്തമായി ഉപദേശിച്ചു. “എന്തിനാ കുട്ട്യേയ് നീ‍ കോളേജില് വരണെ ആ നേരം അമ്മയുടെ കൂടെ പണിയ്ക്ക് പോയി അതിനെ സഹായിച്ചൂ‍ടെ?” ഉത്തര കടലാസ്സ് കൊടുത്തപ്പോള്‍ ഗ്രേസ്സമ്മ മിസ്സിന്റെ കയ്യില്‍ നിന്നും ലീനയ്ക്കും കിട്ടി വഴക്ക്; നന്നായി പഠിച്ചില്ലെങ്കില്‍ ഫസ്റ്റ്ക്ലാസ്സ് കിട്ടില്ലത്രേ.

തുടര്‍ച്ചയായ ദിവസങ്ങളില്‍ കുമാരി ക്ലാസ്സില്‍ വരാതിരിക്കുന്നത് പനി കാരണമെന്ന്‌ ഷീബ പറയുമ്പോള്‍ അസുഖകരമായ ഒരു സത്യത്തിന്റെ മണം. കുമാരിയുടെ പനികാലങ്ങളില്‍ അടുക്കള ബഞ്ചില്‍ വച്ച് ലീനയ്ക്ക് കിട്ടി കൊണ്ടിരുന്ന ആത്മവിശ്വാസ ഗുളികയുടെ എണ്ണം കൂടി. സര്‍പ്പ ഗന്ധിയ്ക്ക് പൂക്കളിലാതിരുന്ന കാലമായിരുന്നു, ഗാര്‍ഗ്ഗിയും മൈത്രേയിയും എന്നും നിറയെ കോളാമ്പി പൂക്കളുമായി ചിരിച്ചു നിന്നു.

ആത്മവിശ്വാസ ഗുളിക കൊണ്ട് മാത്രം കാര്യങ്ങള്‍ നന്നാകുന്നില്ലെന്ന് കണ്ട് ആ ഞാറാഴ്ച്ച ലീനയും അമ്മയും കുമാരിയുടെ വീട്ടില്‍ ചെന്നു.
“വരരുതായിരുന്നു“ കുമാരിയുടെ ഇടറിയ സ്വരം.
“എന്റെ കൂടെ പണിയ്ക്കു വരുകയാണവള്‍, ഇനി കോളേജിലേയ്ക്കില്ലെന്ന്” പ്രതീക്ഷകള്‍ ബാക്കിയില്ലെന്നവിധം കുമാരിയുടെ അമ്മ.
“കുമാരിയെ എന്തായാലും കോളേജില്‍ വിടണം, രാധ“ ലീനയുടെ അമ്മ നിര്‍ബന്ധിക്കുകയാണ്.
“എങ്ങിനെയെങ്കിലും വിടാമായിരുന്നു, പക്ഷേ ജയിക്കും എന്ന് ഒരു വിശ്വാസം അവള്‍ക്കില്ല.”
അവസാ‍നം ലീനയ്ക്ക് ദിവസവും കൊടുക്കുന്ന ആത്മവിശ്വാസഗുളികള്‍ കുമാരിയ്ക്കും കൊടുക്കാം എന്ന് പറഞ്ഞപ്പോഴാണ് കുമാരിയുടെ അമ്മ സമ്മതിച്ചത്.

പിറ്റേന്ന് മുതല്‍ ആത്മവിശ്വാസത്തിന്റെ ഗുളികകള്‍ക്കും ലീനയുടെ നോട്ടുകള്‍ക്കുമൊപ്പം സര്‍പ്പഗന്ധി പൂക്കളും കുമാരിയ്ക്ക് കിട്ടിക്കൊണ്ടിരുന്നു. കൊല്ലപ്പരീക്ഷയുടെ അവസാന ദിവസം ലീനയുടെ സര്‍പ്പഗന്ധി ചെടി, കുമാരിനാരായണനില്‍ തീയുടെ നിറമുള്ള പൂക്കള്‍ നിറയെ വിരിഞ്ഞിരുന്നു. ഒന്നാം കൊല്ലത്തെ മാര്‍ക്ക് ലിസ്റ്റ് വന്നു എന്ന് ലിഷ വിളിച്ച് പറഞ്ഞപ്പോള്‍ കുമാരിയുടെ മാര്‍ക്കെത്രയായിരിക്കും എന്ന് അറിയാനായിരുന്നു ലീനയ്ക്ക് തിടുക്കം. പിറ്റേന്ന് ആകാംഷയോടെ കോളേജില്‍ ചെന്നപ്പോള്‍ കുമാരിയുടെ സീറ്റ് ഒഴിവായി കിടന്നു. അവള്‍ തോറ്റു പോയോ.. കണ്ണില്‍ കാറ്റ് വീശുന്നു, നെഞ്ചില്‍ ഒരു തിരമാല! പിന്നാലെ വന്ന ഷീബ ഒരു കടലാസ് നീട്ടി, അതില്‍ ഇങ്ങനെ എഴുതിയിരുന്നു.

പ്രിയപ്പെട്ട ലീന,

ഞാന്‍ എല്ലാ പേപ്പറിലും ജയിച്ചു. നിന്റെ നോട്ടുകള്‍ക്കും നിന്റെ അമ്മയുടെ ആത്മവിശ്വാസ ഗുളികകള്‍ക്കും എത്ര നന്ദി പറഞ്ഞാലും മതിയാ‍വില്ല. ഇന്നലെ അമ്മ വാര്‍ക്ക പണിയ്ക്കിടെ വീ‍ണു. ഇനി എണീക്കില്ല എന്നാണ് എല്ലാവരും പറയുന്നത്. ഇന്നു മുതല്‍ ഞാന്‍ ക്ലാസ്സില്‍ വരുന്നില്ല. അച്ഛന്റെ കൂടെ കൈയാളായി പോകാന്‍ വേറെ ആളില്ല. വീട്ടില്‍ വരരുത് എന്ന് പറയാന്‍ അമ്മ പ്രത്യേകം പറഞ്ഞു. ലീന തന്നിരുന്ന സര്‍പ്പഗന്ധി ചെടി ഞാന്‍ അടുക്കളപുറത്ത് കുഴിച്ചിട്ടിരുന്നു. ഇന്ന് അതിനൊരു പുതിയ ഇല വന്നു.

സ്നേഹത്തോടെ,

കുമാരി.

കുസുമവും കാതറീനും വീര്‍പ്പു മുട്ടലില്ലാതെ മിസ് അമ്മിണിയുടെ ക്ലാസ്സ് ശ്രദ്ധയോടെ കേട്ട് നോട്ടെഴുതാന്‍ തുടങ്ങിയ അന്ന് മുതല്‍ ലീന സെബാസ്ത്യന്റെ മനസ്സില്‍ കുമാരിയുടെ ചിത്രവും നാരായണന്റെ ചിത്രവും തമ്മില്‍ സന്നിവേശിക്കാന്‍ ‍ തുടങ്ങി; പഴയ വീട്ടുമുറ്റത്തെ കുമാരിനാരായണനിലെ സര്‍പ്പഗന്ധിപൂ‍വിന് ഇപ്പോഴും തീ‍യുടെ നിറമാണ്.
വര: പരാജിതന്‍

Monday, July 02, 2007

സല്‍മയും അമീറയും വന്ന വഴി

ശൈത്യകാലത്തെ മുന്തിരിവള്ളികള്‍ എന്ന പോസ്റ്റിനെ കുറിച്ച്.

ചിലനേരത്ത് പറഞ്ഞ പോലെ കുറേയധികം ആള്‍ക്കാര്‍ക്ക് കേട്ട് കേട്ട് ബോറടിച്ചതാണ് പാലസ്തീന്‍ പ്രശ്നം. എന്നീട്ടും വിമതന്‍ പറഞ്ഞ പോലെ പാലസ്തീനിനെ ഇനിയും മനസ്സിലാ‍ക്കാന്‍ പറ്റാത്തവരാണധികവും. ഇസ്രായേലില്‍ ജീവിക്കുന്ന എനിക്ക് ഇടങ്ങള്‍ പറഞ്ഞതാണ് അനുഭവപ്പെടാറ്. കണ്ണ് എത്ര ഇറുക്കി അടച്ചാലും ഈ വെളിച്ചം തുളഞ്ഞ് കയറും. കഴിഞ്ഞ ആഴ്ചയില്‍ വീണ്ടും വടക്കന്‍ ഇസ്രായേല്‍ അതിര്‍ത്തിയില്‍ കത്യൂഷ വീണു എന്ന് കേള്‍ട്ടപ്പോള്‍, പാ‍ലസ്തീനിലേയ്ക്ക് പിന്നേയും പട്ടാളക്കാര്‍ പോകുന്നു എന്ന് വായിക്കുമ്പോള്‍ ഒക്കെ ഇരുതല മൂര്‍ച്ചയുള്ള വാള്‍ എന്നപോലെ ഈ വെളിച്ചം വരും. എന്നിട്ടും ഒരുപാട് കാലം എഴുതാതിരിക്കാന്‍ ശ്രമിച്ച് നോക്കിയതാണ് ഇക്കഥ. രേഷ്മയും മെലോഡിയോസും, ഷീബയും പറഞ്ഞ പോലെ ഞാനും വല്ലാതെ പേടിച്ചിരുന്നു സല്‍മയുടെ കണ്ണിലെ തിളക്കത്തെ. വായനക്കാരിയുടെ ചിന്ത പോലെ അത് പുറം‌ലോകത്തിന്റെ വ്യഗ്രത മാത്രമാണെന്ന് വിചാരിക്കാന്‍ ശ്രമിച്ചീട്ട് ഞാന്‍ പരാജപ്പെട്ടിരുന്നു. ഞാന്‍ ഇസ്രായേലില്‍ വരുന്നതിനു ഏതാനും ദിവസങ്ങള്‍ മുന്‍പ് മാത്രമാണ് നത്യന്യായിലെ ഹോട്ടലില്‍ ഒരു ചാവേര്‍ ആക്രമണമുണ്ടായത്. ടെല്‍‌അവീവില്‍ നിന്ന് ഹൈഫയിലേയ്ക്കുള്ള വഴിയില്‍ നത്യാന്യാ ക്രോസ്സ് ചെയ്യുമ്പോള്‍ അന്ന് ഹൃദയം എങ്ങനെ വിറച്ചിരുന്നുവോ അതേ തോതില്‍ തന്നെ ഇന്നും ആ വഴി കടന്നു പോകുമ്പോള്‍ പടപടപ്പാണ്.

എന്നീട്ടും പരാജിതന്റെ മയിലിനെയെ കണ്ടപ്പോള്‍ എനിക്ക് സല്‍മയെ പറ്റി എഴുതാതിരിക്കാനായില്ല. ഒരു ഓര്‍മ്മകുറിപ്പ് പോലെയാണ് ഞാന്‍ സല്‍മയെ പറ്റി എഴുതി വച്ചത്. എഴുതി കഴിഞ്ഞപ്പോള്‍ തോന്നി സല്‍മയെ മാത്രം പറഞ്ഞാല്‍ അവളെ കണ്ട അന്ന് തന്നെ എന്റെ കൂ‍ട്ടുകാരിയ്ക്കുണ്ടായ അനുഭവം കൂടെ പറഞ്ഞില്ലെങ്കില്‍ അത് അവളോട് ചെയ്യുന്ന ഒരു വഞ്ചന ആവുമെന്ന്. കൂട്ടുകാരിയെ കുറിച്ച് ഓര്‍മ്മ കുറിപ്പായി എഴുതാന്‍ ആകുമായിരുന്നില്ല. അങ്ങനെയാണ് റഷീദ് പറഞ്ഞ പോലെ യാത്രയുടെ വിത്ത് ഉള്ളില്‍ വിണു മുളച്ച ഈ കുറിപ്പ് കഥ എന്ന മാധ്യമത്തിലൂടെ പരീക്ഷിക്കാം എന്ന് വിചാരിച്ചത്. കുറച്ച് പേരെ ബോറടിപ്പിച്ചെങ്കിലും വായിച്ച പലര്‍ക്കും ഇഷ്ടമായി എന്ന് കേട്ടപ്പോള്‍ നല്ല സന്തോഷം. മയില്‍ വഴി വന്ന ഈ കഥയെ മയിലിനു തന്നെ സമര്‍പ്പിക്കുന്നു.

പേരുകളുടെ ജനനം

മൂര്‍ത്തിടെയും കണ്ണുസേട്ടന്റേയും കമന്റുകള്‍ കണ്ട് ഒത്തിരി സന്തോഷമായി. ബ്ലോഗില്‍ ഗൌരവമായ വായന നടക്കുമോ എന്നൊക്കെയുള്ള സംശയം പാടെ മാറി. മൂര്‍ത്തിടെ ബ്ലോഗറല്ലാത്ത സുഹൃത്തിന് ഒത്തിരി നന്ദി. സുഹൃത്തിന്റെ വായന ഏറെ കുറെ ശരിയാണ്. അമീറ സുരക്ഷിത സാഹചര്യത്തില്‍ മാത്രം പാലസ്തീനിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ ഇഷ്ടപ്പെടുന്നവളാണ്. അത് അമീറയെ അവതരിപ്പിക്കുമ്പോഴെ പറയുന്നുണ്ട്. (വികസിത രാജ്യങ്ങളുടെ പാലസ്തീന്‍ സാമൂഹിക സേവനങ്ങളുടെ കേന്ദ്രങ്ങളെല്ലാം..... സൌകര്യവും സുരക്ഷിതത്വവും കിട്ടിയാല്‍ പലതും മറക്കാം എന്ന് ഓര്‍മ്മിപ്പിക്കുകയാണ് ഇവിടെ അമീറ) മനസ്ഥൈര്യം ഇല്ലാത്ത അവളെ ഒരു ജര്‍മ്മന്‍‌കാരിയാക്കിയപ്പോള്‍ ബ്രിഗിറ്റ് എന്നൊക്കെയുള്ള ജര്‍മ്മന്‍ പേരുകള്‍ മനസ്സില്‍ ഉണ്ടായിരുന്നു. പക്ഷേ അവരൊക്കെ ഒരു കാര്യത്തിന് ഇറങ്ങി പുറപ്പെട്ടാല്‍ തിരിച്ച് കയറാത്ത പ്രകൃതക്കാരായിരുന്നു. സുഹൃത്ത് പറഞ്ഞപോലെ അമീറ ഹീബ്രുവിലും അറബിയിലും ഒരു പോലെ പോപ്പുലറായ പേരാണ്. അറബ് കൃസ്ത്യന്‍സ് ആണ് ഈ പേര് അധികവും ഉപയോഗിക്കുക. എനിക്ക് കുറച്ചധികം സോഫ്റ്റ് കോര്‍ണര്‍ ഉള്ള ഒരു ജനതയാണ് ഇവിടുത്തെ അറബ് കൃസ്ത്യന്‍സ്. അവരുടെ യാതനകള്‍ പുറം ലോകം അധികം അറിഞ്ഞീട്ടില്ല. ഇവിടുത്തെ പല പ്രശ്നങ്ങളീലും അവരുടെ മനസ്സ് വല്ലാതെ ചാഞ്ചാടുന്നത് കാണാറുണ്ട്. കഴിഞ്ഞ ലബനോന്‍ യുദ്ധത്തിലും അതുണ്ടായി. അമീറ എന്ന പേരിനര്‍ത്ഥം രാജകുമാരി, നേതാവ് എന്നൊക്കെയാണ്. സല്‍മ അറബ് ഒറിജിന്‍ മാത്രമുള്ള പേരാണ് (ഓള്‍ഡ് ജെര്‍മനും ഉണ്ട് എന്ന് ഇപ്പോള്‍ കണ്ടു). യഥാര്‍ത്ഥ പാലസ്തീനി. അര്‍ത്ഥം കണ്ണൂസേട്ടന്‍ പറഞ്ഞതൊക്കെ തന്നെ. Ambitious എന്ന അര്‍ത്ഥത്തിലാണ് ഞാന്‍ കൊടുത്തത്. ഇനി ഒരാള്‍ കൂടെ ഉണ്ട് യാക്കൂബ്. സല്‍മയുടെ സുഹൃത്ത്. യാക്കോവ് എന്ന് ഹീബ്രുവിലും യാക്കൂബ് എന്ന് അറബിയിലും, ജേക്കബ് എന്ന് ഇംഗ്ലീഷിലും ഉള്ള പേര്. പേരിനര്‍ത്ഥം തന്ത്രത്തില്‍ ചതി അകറ്റുന്നവന്‍ ‍എന്നാണ്. സല്‍മയെ ചതികളില്‍ നിന്നും രക്ഷിക്കാനാണ് യാക്കൂബ്. (ആ പേര്‍ പക്ഷേ മനസ്സില്‍ വീണത് നാട്ടിലെ പഴയൊരു വിപ്ലവകാരിയുടെ ഭര്‍ത്താവിന്റെ പേരിന്റെ ഓര്‍മ്മയില്‍ നിന്നായിരുന്നു) എന്റെ മറ്റൊരു സ്വപ്നം ആണ്, ജൂതരുടെ പുതുതലമുറ തന്നെ പാലസ്തീനികളെ സഹായിക്കാന്‍ തയ്യാറാവുക. അതിന്റെ ചില ലക്ഷണങ്ങള്‍ ഞാന്‍ കണ്ടതിനെ കുറിച്ച് ഇവിടെ എഴുതിയിട്ടുണ്ട്. (പാലസ്തീന്‍ പ്രശ്നത്തെ കുറിച്ച് വായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ വായിക്കേണ്ടതാണ് രാജീവ് ചേലനാട്ട് ചെയ്ത ‍ആ തര്‍ജ്ജമ). കുറച്ച് കടല്‍ കിഴവന്മാര്‍ മാറിയാല്‍ എനിക്ക് പ്രതീക്ഷയുണ്ട്. പാലസ്തീനികളെ കൂടെ ഒലിവ് പറിക്കാനൊക്കെ പോയി സഹായിക്കുന്ന ജൂത സന്നദ്ധ സംഘത്തിലെ ആളുകളെ ഞാന്‍ കണ്ടിരുന്നു. പട്ടാളക്കാരുടെ അക്രമത്തില്‍ നിന്നും അവരെ രക്ഷപ്പെടുത്തുക എന്നതാണ് ഈ സന്നദ്ധ സേവകര്‍ ചെയ്യാറ്. ജൂതരും കൃസ്ത്യാനികളും പാലസ്തീനിക്കു വേണ്ടി ശബ്ദം ഉയര്‍ത്താന്‍ തയ്യാറാവും എന്നൊരു സ്വപ്നം! പറഞ്ഞു വന്നപ്പോ വലുതായി. പക്ഷേ ഇതൊന്നും ഇതിനു വേണ്ടി ഗവേഷണം നടത്തിയതല്ല. എന്റെ പേരിനൊരു അര്‍ത്ഥം ഇല്ലാത്തത് കൊണ്ട് പേരുകളുടെ അര്‍ത്ഥം, ഉല്പത്തി ഒക്കെ നോക്കി വയ്ക്കല്‍ ഒരു വിനോദം ആയിരുന്നു. അങ്ങനെ വന്നു പെട്ടതാണ്. രണ്ടാള് അത് ശ്രദ്ധിച്ചപ്പോള്‍ സന്തോഷം കൊണ്ട് പറഞ്ഞ് പോയതാണ്.

ഒരു മുന്തിരിവള്ളി കൂടുതല്‍ കൊടുത്തത് സ്വതന്ത്ര പാലസ്തീനിന്റെ മകള്‍ക്കാണ്. വേറൊരു കാ‍ര്യം കൂടെയുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഏറ്റവും ആദ്യം ചെയ്യേണ്ടത് ഇസ്രായേല്‍ പട്ടാളം പാലസ്തീനില്‍ നിന്നും ഒഴിഞ്ഞു പോകലാണ് എന്നാണ് എന്റെ അഭിപ്രായം. അപ്പോള്‍ പാലസ്തീനിയ്ക്കു നേരെ ഇസ്രായേല്‍ പട്ടാളത്തെ കൊണ്ടുവരുന്നത് പ്രോത്സാഹജനകമല്ല.

ഫോട്ടോകള്‍ മുന്തിരി പാടത്തെ കുറിച്ച് ഒരു ലേഖനം എഴുതാന്‍ പണ്ട് ശേഖരിച്ചിട്ടതായിരുന്നു. ഈ കമന്റ് മുന്‍പേ കണ്ടിരുന്നെങ്കില്‍ ഫോട്ടോ തീര്‍ച്ചയായും ഒഴിവാക്കിയേനെ. ആദ്യപടം ഏതു സൈറ്റില്‍ നിന്നാണെന്ന് ഓര്‍മ്മയില്ല. അത് മോശയ്ക്ക് മുന്നില്‍ വഴി തുറന്ന് കിടന്ന ചെങ്കടലിനെ ഒരു സുഹൃത്തിന്റെ ഓര്‍മ്മയില്‍ കൊണ്ടു വന്നത്രെ. അവാസാന ചിത്രം വേണ്ടായിരുന്നു എന്ന് പെരിങ്ങോടനും അത് ഇഷ്ടപ്പെട്ടു എന്ന് വേണുജിയും. ഇട്ട് പോയല്ലോ എന്നോര്‍ത്ത് രണ്ടും പടങ്ങളും ബ്ലോഗില്‍ നിന്നും മാറ്റുന്നില്ല.

എനിക്കു മനസ്സിലായിടത്തോളം പാലസ്തീന്‍ ജനതയെ കുറിച്ച് അങ്ങനെ എന്തെങ്കിലും ഒരു കോപ്ലസ്കില്‍ ഒതുക്കാനാവില്ല സതീശ്. രാജീവ് നീളമുള്ള വഴികളില്‍ പറഞ്ഞ ഉപമ ലളിതമെങ്കിലും അതനുഭവിക്കുന്ന ജനതയുടെ മാനസീകവസ്ഥ വളരെ സങ്കീര്‍ണ്ണമാണ്. വളരെ സെന്‍സേഷണല്‍ ആയ ഒരു കാര്യം ആയത് കൊണ്ട് അത്തരത്തിലൊന്നും വരാതെ നോക്കാന്‍ കഴിയുന്നതും ശ്രദ്ധിച്ചിരുന്നു ലാപുട. മുന്തിരിപാടം പൂക്കും എന്ന് തന്നെ വിശ്വസിക്കാനാണ് എനിക്കിഷ്ടം അശോക്. പ്രിയംവദ ചേച്ചി പറഞ്ഞ് അപ്പു ഒപ്പു വച്ച സംഗതി നടക്കണമെങ്കില്‍ ഞാന്‍ ഇനിയും എത്രയോ മനസ്സിലാക്കാനും വായിക്കാനും കിടക്കുന്നു. നടക്കാന്‍ സാദ്ധ്യതയില്ലാത്ത മറ്റൊരു സ്വപ്നം. നിര്‍മ്മലേടത്തി, ബിന്ദു ക്യാനഡയിലെ വസന്തത്തില്‍ നിന്നും തികച്ചൂം വ്യതസ്തം തന്നെ ഇവിടെ. പ്രതികാരത്തിനേക്കാള്‍ പരിഹാരത്തിനായി ഞാന്‍ ആഗ്രഹിക്കുന്നു മുംസി. യുദ്ധങ്ങള്‍ക്ക് അറുതി വരുത്തണേ എന്ന് എന്നും കുടുംബ പ്രാര്‍ത്ഥനയ്ക്ക് ചൊല്ലുമായിരുന്നു ശാലിനി അപ്പോള്‍ ഞാന്‍ കരുതിയിരുന്നു, ഇപ്പോള്‍ അതിന് യുദ്ധം ഒന്നും ഇല്ലല്ലോ എന്ന്. സാല്‍ജൊ, വേഴാംബല്‍ സജിത്ത് നന്ദി.
വായിച്ച എല്ലാവര്‍ക്കും നന്ദി.