Saturday, July 12, 2014

വളര്‍ന്ന് പോകുന്നൊരു പന്ത്, അതിനൊത്ത് വളരുന്ന നാം! ഹോ, എന്തൊരു കൊതിപ്പിക്കുന്ന ഉന്മാദം!


1. വളരുമ്പോള്‍ മറന്നു പോകേണ്ടുന്ന പദങ്ങള്‍
ഭാഷ വളരുമ്പോള്‍ പദങ്ങളും കൂടും. ചില വാക്കുകള്‍ ഉപയോഗശ്യൂന്യമാകും. ചിലവ നാം ഉപയോഗ്യശ്യൂന്യമാക്കും. ദിവസം ഫേസ്ബുക്കില്‍ സര്‍ഫ് ചെയ്യുമ്പോള്‍ ഒരു വാക് കണ്ട് ഞെട്ടി - ´നീഗ്രോ´. ഹിച്ച്കോക്കിന്റെ സിനിമയില്‍ നീഗ്രോകള്‍ അഭിനയിച്ചീട്ടുണ്ടോ എന്നോ മറ്റോ നിര്‍‌‌ദോഷമായൊരു അല്ലെന്കില്‍ ഒരു തരത്തില്‍ പോസറ്റീവ് ആയ ചോദ്യമായിരുന്നു അത്. എന്നീട്ടും ഞെട്ടി. കാരണം കാലങ്ങളായി ആ വാക്ക് ഇത്തരം ഇടങ്ങളില്‍ കാണുകയുണ്ടായിട്ടില്ല. പൊതു ഇടങ്ങളില്‍ നിന്നും ഒഴിവാക്കേണ്ട ഒഴിഞ്ഞ് പോയ ഒരു വാക്കാണ് അത്. നിരവധി നൂറ്റാണ്ടുകളൂടെ അടിമത്തം പേറുന്നൊരു വാക്ക്. രാഷ്ടീയമായ ശരിനിലപാടില്‍ (political correctness) നിലകൊള്ളുന്ന ആര്ക്കും ഇന്ന് വളരെ വളരെ പ്രത്യേക സാഹചര്യങ്ങളില്‍ അല്ലാതെ ഉപയോഗിക്കാന്‍ കഴിയാത്തൊരു വാക്ക്. രാഷ്ട്രീയമായി ശരിനിലപാട് എന്നത് ആരും ഉണ്ടായി പോകുന്നതല്ല. വളരെയധികം പരിശ്രമിച്ച് ഒരാള്‍ ഉണ്ടാക്കിയെടുക്കുന്നതാണ്. ഘാനയുടെ ആദ്യത്തെ നീഗ്രോ പ്രസിഡന്റ് ´ക്വാമി എന്ക്രാമ´യാണെന്ന് സ്കൂളില്‍ പഠിച്ച തലമുറ തന്നെയാണു ´നീഗ്രോ´ എന്ന വാക്കിന്റെ ഉപയോഗം കാണുമ്പോള്‍ ഞെട്ടുന്നത്.

നീഗ്രോയില്‍ അടങ്ങിയിരിക്കുന്ന അടിമത്തത്തിന്റെ കാഠിന്യം, വേദന, അനന്തയോളം നീളുന്ന അപമാനം ഇതൊക്കെ മനസ്സിലാക്കാന്‍ ആഫ്രിക്കന്‍‌‌നാവുകയോ അടിമയാവുകയോ വേണ്ട - 12 years a slave അതിലെ Lupita Nyong'o അവതരിപ്പിച്ച പാറ്റ്സി എന്ന കഥാപാത്രത്തെ ഒന്നു കണ്ട് പോയാല്‍ മതി.
´നീഗ്രോ´ എന്ന് കേള്ക്കുബോള്‍ ´പാറ്റ്സിയെ പോലൊരുവള്‍ മുന്നില്‍ പ്രത്യക്ഷപ്പെടുന്നെന്കില്‍ നിങ്ങളുടെ ഹൃദയം തുരക്കുന്നെങ്കില്‍ അത് നിങ്ങളൂടെ പ്രശ്നമല്ല നിങ്ങള്‍ വളരുന്നതിന്റെയാണ്.

2. വളരുമ്പോള്‍ കുഴിച്ചു മൂടപ്പെടേണ്ടുന്ന ഭൂതക്കാലം
 തെറ്റു തിരുത്തി അതാവര്ത്തിക്കാതെ മുന്നോട്ട് പോകുമ്പോഴാണു സമൂഹം വളരുന്നത്. തന്റെ തെറ്റുകള്‍ കൊണ്ട് അപമാനകരമായ ഭൂതകാലം ആഴത്തില്‍ ആഴത്തില്‍ കുഴിച്ച് മൂടണം ഒരിക്കലും പൊന്തി വന്നു തങ്ങളെ വീണ്ടും വിഴുങ്ങാന്‍ അനുവദിക്കാത്ത വിധം. എന്നാല്‍ ആ ചരിത്രം ഏറ്റവും നിറവോടെ ഓര്ത്തോര്ത്ത് കൊണ്ടിരിക്കുകയും വേണം, ഇനിയൊരിക്കലും ആവര്ത്തിക്കാതിരിക്കാന്‍. ´നാത്സി´ക്കാലം ജര്മ്മനിയ്ക്ക് അത്തരമൊരു ഭൂതക്കാലമാണ്. അതിനെ കുഴിവെട്ടി മൂടാന്‍ ഒരു സമൂഹം നിലയ്ക്കും ഒരു രാഷ്ടമെന്ന നിലയ്ക്കും അവര്‍ എടുക്കുന്ന മുന്‍കരുതലുകള്‍ മറ്റൊരു രാഷ്ട്രവും എടുക്കുന്നുണ്ടാവില്ല. ഏറ്റവും വലിയ ഉദാഹരണം ജര്മ്മന്‍ പാര്‍ലിമെന്റില്‍ എല്ലാ കാലത്തെ ഭരണകൂടങ്ങളും പ്രത്യേകം പ്രത്യേകം പേരെഴുതി അടയാളപ്പെടുത്തി വയ്ക്കുമ്പോള്‍ ´നാത്സി´ കാലത്തെ കറുപ്പില്‍ കുഴിച്ചിട്ടിരിക്കുന്നു എന്നതാണ്. അത് തങ്ങളുടെ സന്ദര്ശകരെ കാണിച്ച് ചരിത്രം ഞങ്ങള്‍ മറക്കില്ല എന്ന് അവര്‍ അവരെ തന്നെ ഓര്മ്മപ്പെടുത്തുന്നു.

തങ്ങളൂടെ ഭൂതക്കാലം അവര്‍ എങ്ങനെ, തങ്ങളെ തന്നെ ഇല്ലാതാക്കി കൊണ്ട് പോലും , കുഴിച്ചിടുന്നു എന്നും ചരിത്രം എങ്ങനെ മറക്കാതിരിക്കുന്നു എന്നും മനസ്സിലാക്കാന്‍ ജര്മ്മനാകുകയോ, ´നാത്സി´ ഭൂതക്കാലം ഉണ്ടാകുകയോ വേണ്ടാ. ´റീഡര്‍´ എന്ന സിനിമയില്‍ കേറ്റ് വിന്സ്ലെറ്റ് അവതരിപ്പിച്ച ഹാനയെ കണ്ടാല്‍ മതി.
´നാത്സി´ എന്ന് കേള്ക്കുമ്പോള്‍ വായിച്ചു തീര്ത്ത പുസ്തകങ്ങളുടെ അറിവിന്റെ വെളിച്ചത്തില്‍ കയറി ആത്മഹത്യ ചെയ്ത ഹാന നിങ്ങളൂടെ തലച്ചോറില്‍ തുള വീഴ്ത്തുന്നെന്കില്‍ നിങ്ങള്‍ പിന്നേയും വളരുകയാണ്.

3. വളരുമ്പോള്‍ ഇല്ലാതായി പോകേണ്ട ബലങ്ങള്‍
പ്രാകൃതമായത് സംസ്കരിക്കപ്പെടുമ്പോഴാണു സംസ്കാരമുണ്ടാകുന്നത്. ബലം കൊണ്ട് കീഴടക്കുന്നത് പ്രാകൃതമാണ്. ബലാത്സംഗം അതി പ്രാകൃതമാണു. ബലാത്സംഗത്തെ കണ്ണുമടച്ച് എതിര്ക്കുമ്പോഴും ബലാത്സംഗം കലര്ന്ന തമാശകള്‍ ആസ്വദിക്കാന്‍ കഴിയുന്നൊരു സമൂഹമുണ്ടാകുന്നത്, ആ സമൂഹം വേണ്ടത്ര സംസ്കാര സമ്പന്നമായി വളരാത്തതിനാലാണ്. പന്തുകളിയില്‍ ഒരു ടീം മറ്റൊരു ടീമിനെ ദയനീയമായി തോല്പിക്കുമ്പോള്‍ അതിനെ ബലാത്സംഗ  തമാശയായി കാണാന്‍ കഴിയുന്നതും ഇതൊക്കെ ഒരു തമാശയല്ലേ എന്ന് ആശ്വസിക്കാന്‍ കഴിയുന്നതും ബലാത്സംഗം എന്നാല്‍ ബലാത്സംഗം ചെയ്യുന്നവരും ചെയ്യപ്പെടുന്നവരും നേരത്തെ തീരുമാനിച്ചുറച്ച് ഒരുമിച്ച് കളത്തില്‍ ഇറങ്ങി കളിക്കുന്നൊരു കളിയില്‍ ഒരാള്‍ ജയിച്ചു കയറുന്നതാണെന്ന വളര്ന്നുറക്കാത്ത ബോധം ഇപ്പോഴും നിലനില്ക്കുന്നത് കൊണ്ടാണ് .

സുന്ദരി മോണിക ബലൂചി അവതരിപ്പിച്ച irreversible എന്ന ഫ്രെഞ്ച് സിനിമയിലെ അലെക്സ് എന്ന കഥാപാത്രത്തിന്റെ നിലവിളി കേട്ടാല്‍ മതി.
ബലാത്സംഗ തമാശകള്‍ നിങ്ങളുടെ ഉള്ളില്‍ നിന്നും അലെക്സിന്റെ ആര്‍ത്തനാദം വീണ്ടും പുറപ്പെടുവിക്കുന്നെന്കില്‍ നിങ്ങള്‍ വളരുകയാണ്..

4. വളര്ന്നു വളര്ന്നു ലോകം നിറഞ്ഞൊരു പന്ത്
 കാല്പന്തു കളി വെറുമൊരു കളിയല്ല.
ഷഹബാസ് അമന്‍ എഴുതിയ പോലെ
 ¨....
ഫുട്ബോള്‍ പോലെ മറ്റ് ഏതു പ്രതിഷേധമുണ്ട് ഭൂമിയില്‍ ?
വെറുപ്പിന്‍റെ കാര്‍ഡിറക്കിയാല്‍ , റേയ്ക്കാര്‍ഡിന്‍റെ പണി കൊടുക്കുന്നത് ? മറ്റവനേ എന്ന് വിളിച്ചാല്‍ മറ്റരാസിക്കും കിട്ടുന്നത് ?

ഫുട്ബോള്‍ പോലെ മറ്റെന്തുണ്ട് ഭൂമിയില്‍ ? ഭൂമി തന്നെ ഫുട്ബോള്‍ പോലെയല്ലേ ?¨
- ഷഹബാസ് അമന്‍¨

 അതിങ്ങനെ വളര്ന്ന് വളന്ന് കൊണ്ടിരിക്കും. അതിന്റെ വളര്ച്ചയില്‍ അതിന്റെ ആരാധകര്ക്കും വളരാനാകട്ടെ.

 ഇല്ലാതായിപോകുന്ന പദങ്ങള്‍ കൊണ്ടും
 ഇല്ലാതായി പോകുന്ന ഭൂതക്കാലം കൊണ്ടും
 ഇല്ലാതായി പോകുന്ന ബലങ്ങള്‍ കൊണ്ടും
 വല്ലാതെയെങങ്ങ് വളര്ന്ന് പോകട്ടെ ഈ കളി
 കാല്‍പന്തുകളി

 Two Half Times in Hell എന്ന ഹംഗേറിയന്‍ സിനിമ കാണ്ടിരിക്കാനിടയില്ലാത്ത കാല്‍പ്പന്ത് പ്രേമികള്‍ ഉണ്ടാകില്ലായിരിക്കും; കാല്‌‌പന്ത് പ്രാന്തരാകട്ടെ തീര്ച്ചയായും കണ്ടിരിക്കേണ്ട സിനിമയാണത്.

 ഈ ലോകക്കപ്പ് ഫൈനല്‍ നമ്മുടെ വളര്ച്ചയെ കൂടെ അടയാളപ്പെടുത്തട്ടെ. വംശീയതയും ലൈംഗീകതയും കലര്ന്ന തമാശകള്‍ ഇല്ലാത്ത ഒരു ഫൈനല്‍, നമ്മള്‍ ഒരു മില്ലിമീറ്റര്‍ കൂടെ വളരുന്നതിന്റെ ഫൈനല്‍ എല്ലാവര്ക്കും ആശംസിക്കുന്നു. 

Bend it Like Beckham ന്റെ കൂടെ ചേര്ത്ത് ആസ്വദിക്കുക.
 ആര്പ്പ്

Wednesday, July 09, 2014

പാരീസ് - വെണ്ണയലിഞ്ഞ് വീഞ്ഞു ചേര്ന്ന് നാവിലലിയുന്ന പശുവിറച്ചി

´ജീവിതം  യൗവന തീക്ഷ്ണവും  പ്രേമസുരഭില´വുമായിരുന്ന കാലത്ത് ഞാന്‍ ആഞ്ഞ് പഠിക്കുകയായിരുന്നു; പാചകം  അത്രമേല്‍ അപ്രധാനവും. മുട്ടത്തു വര്ക്കിയുടെ മുട്ടന്‍ മാടപ്രാവ് നോവലുകളെ അറക്കപ്പൊടി അടുപ്പിന്റെ കൊള്ളി വെള്ളിച്ചത്തില്‍ വായിച്ചു തീര്ത്തും  അരിയില്ലാത്ത അരിക്കലം  തേച്ച് വെളുപ്പിച്ച് അടുപ്പത്ത് വച്ചും തന്റെ യൗവന തീക്ഷണ കാലം  ത്യാഗനിര്‍ഭരമാക്കിയ അമ്മയാകട്ടെ ´ആരും അമ്മേരെ വയറ്റീന്നു വരുമ്പോ ഇതൊന്നും  പഠ്ച്ചട്ടല്ല വരണ്ത്. ഇണ്ടാക്കി കൊടുക്കാന്‍ ആരൂല്യാണ്ടാകുമ്പോ അവള് പഠ്ച്ചോളും' എന്ന തത്ത്വത്തില്‍ അടിയുറച്ച് നിന്നു. അങ്ങനെ ´വീട്ടു പാചക´വും  ´മിസ്സീസ് കെ.എം  മാത്യുവിന്റെ പാചകക്കുറിപ്പു´കളുമായി നാടുവിട്ടവളുടെ ഭര്‍ത്തന്റെ അമ്മായിയമ്മ ´മിസ്സീസ്സ് കെ.എം  മാത്യുവായി. പാചകം  അന്നുമിന്നും  ഞാണിന്മേല്‍ കളിയാണ്.
 അന്നൊക്കെ പാരീസ് ഒരു മിഠായിയായിരുന്നു. പച്ച പ്ലാസ്റ്റിക് കടലാസില്‍ പൊതിഞ്ഞ, പാലിലലിഞ്ഞ കരാമെലിന്റെ രുചിയുള്ള ´പാരീസുമുട്ടായി´. കളറുടുപ്പിട്ടു പോകുന്ന ജന്മദിനങ്ങളില്‍ വീടിനടുത്തുള്ള മിഠായി കമ്പനികളില്‍ പഞ്ചസാരയുരുക്കി എസെന്സ് ചേര്ത്തുണ്ടാക്കി വില കുറഞ്ഞ പ്ലാസ്റ്റിക് കടലാസില്‍ പൊതിഞ്ഞു വരുന്ന പാരീസുമുട്ടായി ഡ്യൂപ്പുകളെയാവും  അമ്മ വച്ച് തരിക. കൂടെ പത്ത് ഒരിജിനലുകലും  കന്യാസ്ത്രീകള്ക്കും    ടീച്ചര്‍മാര്ക്കും കൊടുക്കാന്‍.

പാരി (thomas parry)  ലോട്ടെ (Lotte India Corporation Limited) യിലേക്കു നടന്ന ദൂരത്തിനുള്ളില്‍ കുട്ടികളുടെ കളറുടുപ്പു ദിനങ്ങള്‍ എക്ലയറിലേക്ക് എത്തപ്പെടുകയും  എഴുത്തുകാരി ഹൈഫ വഴി ഹൈഡല്‍ബര്ഗിലെത്തുകയും  ചെയ്തിരുന്നു. അവിടെ നികോയും  നികോ കൊണ്ടുവരുന്ന തേനിന്റെ രുചിയുള്ള റൊട്ടിയുമായിരുന്നു പാരീസ്. രണ്ടാഴ്ചയിലൊരിക്കല്‍ റ്റി.വി.ജി പിടിച്ച് ´പായി'എന്ന് അവര്‍ വിളിക്കുന്നതും  പാരീസ് എന്ന് അവര്ക്കു പുറത്തുള്ളവര്‍ വിളിക്കുന്നതുമായ അത്ഭുത ലോകത്ത് പോയി അതത് ആഴ്ചകളിലെ ഫാഷന്‍ ഉടുപ്പുകളിട്ട് തിരിച്ച് വന്ന് ജാമ്പവാന്റെ കാലത്തെ ഷര്ട്ടുകള്‍ പോലും  തേച്ച് മിനുക്കി ധരിക്കുന്ന ഹൈഡല്‍‌‌ബര്ഗ് അകാദമിക് അപ്പൂപ്പന്മാരെ ഞോണ്ടുന്ന നികോ. ഹൈഡല്‍‌‌ബര്ഗ് എന്നാല്‍ തന്നെ അമ്പരപ്പിക്കുന്ന തരം  കേക്കുകളും റൊട്ടികളും  ബിയറുമായിരുന്നീട്ടും പാരീസിന്റെ രുചി വേറിട്ടു നിന്നു.

ഇതൊന്നുമല്ല പാരീസ് ; വീഞ്ഞില്‍ വെന്ത പശുവിറച്ചി നാവില്‍ അലിഞ്ഞു ചേരുന്ന വികാരമാണത്  എന്ന് കാണിച്ചു തന്നത് ജൂലിയാണ്.  ജൂലി & ഡാലിയുടെയും  ജൂലി & ജൂലിയയുടെയും  ഇടയിലുള്ള കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ് ദൂരം  ഇല്ലാതാക്കുന്നതിന്റെ പേരാണ് ´ബൊഫ് ബൊഗീഞ്ഞോ´ അഥവാ ഭക്ഷണ ലഹരി! 

വളരെയധികം  നിര്ബന്ധങ്ങളോടെയുള്ള ഭക്ഷണ രീതിയായിരുന്നു ഞാന്‍ 2007 വരെ പിന്‍തുടര്‍ന്നിരുന്നത്. ഭക്ഷണത്തിന്റെ രാഷ്ട്രീയം ശരിയ്ക്കങ്ങോട്ട് പിടി കിട്ടിയിരുന്നില്ല. അതിനു 2007 ഇല്‍ തന്നെ നല്ല മുട്ടന്‍ പണി കിട്ടി. അങ്ങനെ എന്തു കിട്ടിയാലും  തിന്നാന്‍ പഠിക്കണമെന്നും  എല്ലാ ഭക്ഷണങ്ങള്ക്കും  പിന്നിലും  മുന്നിലും  ഗംഭീരമായ രാഷ്ട്രീയമുണ്ടെന്നും  അതികഠിനമായ വഴിയിലൂടെ തന്നെ മനസ്സിലാക്കി. അന്നു മുതല്‍ക്കിങ്ങോട്ട് എന്തു ഭക്ഷണം  കിട്ടിയാലും  ആസ്വദിച്ചു തിന്നുക എന്നതൊരു ജീവിതരീതിയാക്കിയിരുന്നു;രാഷ്ട്രീയം  എന്നും  പറയാം.ഏത് നാട്ടില്‍ പോയാലും  അവരുടെ പ്രാദേശീകമായ ഭക്ഷണം  കണ്ടുപിടിക്കാനും  അത് ആസ്വദിച്ച് കഴിക്കാനും  സമയം  കണ്ടെത്തി. ഭക്ഷണങ്ങളുടെ ചരിത്രം  അന്വ്വേഷിച്ചു. അതിനു പിന്നിലെ രാഷ്ട്രീയം  തിരഞ്ഞു.  പലപ്പോഴും  പല ഭക്ഷണങ്ങളേയും  വളരെ ആസ്വാദ്യകരമാക്കിയത് അത് എന്നിലെത്തിയ വഴികള്‍ കൂടി കൊണ്ടായിരുന്നു. ¨നിങ്ങള്‍ ഏറ്റവും  ആസ്വദിച്ച് കഴിച്ച ആ ഭക്ഷണം  ഓര്മ്മയുണ്ടോ? ഉണ്ടെന്കില്‍ അതേതാണ്? (  നൊസ്ടാള്ജിയ  കിഴിച്ചീട്ട് )¨ എന്ന ചോദ്യത്തിനു എന്റെ ഉത്തരം  ´ബൊഫ് ബൊഗീഞ്ഞോ´ എന്നാണൂ. അതെ രുചി ഒരു പ്രസ്താവന തന്നെയാണൂ.
  പാരീസ് കാണാന്‍ പോയപ്പോള്‍ ആകെ ആവശ്യപ്പെട്ടത് ഒറിജിനല്‍ പാരീസ് ഭക്ഷണം  കഴിക്കണം  എന്നതായിരുന്നു. പക്ഷേ പറ്റിയില്ല. ജൂലിയ്ക്കും  നികോയ്ക്കും  അത്തരം  ഒരു ഭക്ഷണശാല ചുരുങ്ങിയ സമയം  കൊണ്ട് പാരീസില്‍ കണ്ടുപിടിക്കാനായില്ല. അതിന്റെ പരിഹാരമായാണു ആ ശനിയാഴ്ചയിലെ കാല്പന്തു കളി കഴിഞ്ഞ് അവര്‍ വന്നത്. ഇറ്റാലിയന്‍ പാസ്തായും  ബോഫ് ബോഗിഞ്ഞോയും. സാധനങ്ങള്‍ എല്ലാം  അവര്‍ തന്നെ കൊണ്ടുവന്നു. അവര്‍ തന്നെ ഉണ്ടാക്കി. ഉണ്ടാക്കുമ്പോള്‍ ഞങ്ങളെല്ലാം  ചുവന്ന വീഞ്ഞ് മോന്തി കൊണ്ടിരുന്നു.  പാരീസ് എന്നാല്‍ ഒരു സന്കര സംസ്കാരമാണെന്നും അതിനു മാത്രമായി ഒന്നും  ഇല്ലെന്നും  പക്ഷേ എല്ലാം  അതിന്റേതാണെന്നും  നികോ പറഞ്ഞു. അതു കൊണ്ട് തന്നെ ഇപ്പോള്‍ ഉണ്ടാക്കുന്നത് ഒരു പാരീസ് ഭക്ഷണം  അല്ലെന്നും  അതിനടുത്ത സ്ഥലത്തെ കര്ഷകരുടെ പ്രധാന വിഭവമാണെന്നും  ഇപ്പോഴത്  ഫ്രാന്സ് മുഴുവനും  അംഗീകരിക്കുന്ന മുന്തിയ ഭക്ഷണമാണെന്നു ജൂലി പറഞ്ഞു. ഇതിനിടയ്ക്ക്  വീഞ്ഞീല്‍ കുതിര്ന്ന പശുവിറച്ചി കഷ്ണങ്ങള്‍ വെണ്ണയില്‍ മെരിഞ്ഞു കൊണ്ടിരുന്നു. മറ്റൊരു പാത്രത്തില്‍ ക്യാരറ്റും കൂണൂം  പാഴ്സ്ലിയും  വെളുത്തുള്ളിയും  ഒലീവ് ഓയലില്‍ മയപ്പെടുന്നുണ്ടായിരുന്നു. സ്റ്റീക്ക് ഉണ്ടാക്കാനുള്ള പശുവിറച്ചിയല്ല, പകരം  മുറിഞ്ഞ് മുറിഞ്ഞ് പോയ കഷ്ണങ്ങള്‍ ´ബീഫ് ഗുലാഷ്´ എന്ന് പറയുന്നതാണു ഇതിനുപയോഗിക്കുക എന്നും  അത്തരം  കഷ്ണങ്ങളില്‍ പൊതുവെ നെയ്യുണ്ടാകാത്തതിനാലാണ് പോര്ക്കിന്റെ  വയറുഭാഗം ഉപയോഗിക്കുന്നതെന്നും  പറയുന്നതിനിടയ്ക്ക് അവയെല്ലാം  ചേര്ക്കപ്പെടുന്നുണ്ടായിരുന്നു. കൂടെ ഒരു കുപ്പി ബോഡൊ വീഞ്ഞും. നികോയ്ക്ക് ഉള്ളി ഇഷ്ടമല്ലാത്തതിനാല്‍ ജൂലിയത് ചേര്ത്തില്ല. കഥ പറഞ്ഞു, ഇനിയെന്നു വീണ്ടും  ഫുട്ബോള്‍ കളിക്കും, നിന്നെ ഗോളിയാക്കും   എന്ന് കളി പറഞ്ഞു, അടുത്ത തവണ കാണുമ്പോള്‍ നീന്തല്‍ പഠിച്ചിരിക്കണം  എന്ന് ജൂലി കര്ശനമായി പറഞ്ഞു. ബൊഫ് ബൊഗീഞ്ഞോ തീര്ന്നു, വീഞ്ഞ് കുപ്പികള്‍ കാലിയായി, ആകാശം  കറുത്തു പിന്നെ വെളുത്തു. അങ്ങനെ പാരീസ് എനിക്ക് ജൂലിയും  നികോയുമായി പിന്നെ ബൊഫ് ബൊഗീഞ്ഞോയും.

ബൊഫ് ബൊഗീഞ്ഞോ തിന്നതിലെ ആക്രാന്തം  കണ്ടും  പാചകകുറിപ്പ് ചോദിച്ചത് കൊണ്ടും  ജൂലിയത് എനിക്ക് മെയില്‍ ചെയ്തു. അങ്ങനെ ആ ഫ്രഞ്ച് പാചക്കുറിപ്പ്  ഉപയോഗിച്ച്  ഞാനത് ജര്മ്മന്‍ക്കാര്ക്ക് ഉണ്ടാക്കി വിളമ്പി. ആ നാട് വിട്ടപ്പോള്‍ ജൂലിയെനിക്ക് ബൊഫ് ബൊഗീഞ്ഞോ ഉള്പ്പെടുന്ന ഫ്രഞ്ച് പാചക്കുറിപ്പുകളൂടെ ഫ്രഞ്ച് ബൈബിള്‍ തന്നു. അടുത്ത തവണ കാണുമ്പോള്‍ ഇന്ത്യന്‍ ബൊഫ് ബൊഗീഞ്ഞോ ഉണ്ടാക്കി കൊടുക്കണം  എന്ന ആമുഖത്തോടെ.  ഇടയ്ക്കിടയ്ക്ക് ബൊഫ് ബൊഗീഞ്ഞോ ഉണ്ടാക്കി ഞാനാ നിര്ദ്ദേശം  അക്ഷരം  പ്രതി അനുസരിക്കുന്നു. ഒരോ തവണയും  ബൊഫ് ബൊഗീഞ്ഞോ ഉണ്ടാക്കുമ്പോള്‍ ജൂലിയും  നികോയും  അടുത്തുണ്ട് എന്ന് തോന്നും. അവരെ കുറിച്ച് പറയാതെ ആ പാചകം  പൂര്ണ്ണമാകില്ല.

അങ്ങനെ ഇരിക്കെയാണു ഭക്ഷണ സിനിമകള്‍ കണ്ടു തീര്ക്കുന്ന കൂട്ടത്തില്‍ ഞാന്‍ ജൂലി & ജൂലിയ കാണുന്നത്. അപ്പോഴതാ കിടക്കുന്നു  ബൊഫ് ബൊഗീഞ്ഞോ മാത്രമല്ല ജൂലിയുടെ അമ്മ ഉണ്ടാക്കുന്ന ബൊഫ് ബൊഗീഞ്ഞോ കാവലായി ജൂലിയയും  ഉണ്ട്. ഒരു പക്ഷേ എല്ലാ ബൊഫ് ബൊഗീഞ്ഞോയ്ക്കും  ഒരു കാവലാള്‍ ഉണ്ടായിരിക്കും. പെനലോപ്പ് നായികയായ,  ബ്രസീലില്‍ സെറ്റിട്ട woman on top  നെക്കാളും  എനിക്കിഷ്ടപ്പെട്ട ഭക്ഷണസിനിമ. 
ബൊഫ് ബൊഗീഞ്ഞോയുടെ ´La bible des recettes de grand-mere´  ഉള്ള പാചകക്കുറിപ്പ്  ഇടത് വശത്ത്  കൊടുത്തിരിക്കന്നു.
 ബൊഫ് ബൊഗീഞ്ഞോ ഉണ്ടാക്കുക, അര്ജ്ജന്റീനയുടെ തോല്‍വി, അല്ലെന്കില്‍ ജയം, സന്കടം, സന്തോഷം , ദേഷ്യം, പിണക്കം  എന്തായാലും  ഒരു കുപ്പി ചുവന്ന വീഞ്ഞുമായി ചേര്ന്ന് ആര്മ്മാദിച്ചു തകര്ക്കുക.
                                       ആര്പ്പ്!!