Showing posts with label എഴുത്തുകാര്‍. Show all posts
Showing posts with label എഴുത്തുകാര്‍. Show all posts

Saturday, May 24, 2008

കവിത എഴുതിയ കന്യാസ്ത്രീയും മലയാളത്തിലെ എഴുത്തുകാരികളും

കന്യാസ്ത്രീ മഠത്തേയും കന്യാസ്ത്രീകളേയും ചുറ്റിപറ്റി വളര്‍ന്നതാണെന്റെ ബാല്യം. പിന്നീടു്‌ ചേച്ചിമാരും, അനിയത്തിമാരും, ബന്ധുക്കളില്‍ ചിലരും,കൂട്ടുകാരും, പരിചയക്കാരും കന്യാസ്ത്രീകളായി. നിയമങ്ങളുടേയും, നിര്‍ദ്ദേശങ്ങളുടെയും, പാരതന്ത്ര്യത്തീന്റേയും ചങ്ങലകളില്‍ കുരുങ്ങി ജീവിതം കഴിച്ചിരുന്ന അവരെ കണ്ടും കൊണ്ടും വളര്‍ന്നതു് കൊണ്ടു് അവരുമായി താദാത്മ്യപ്പെടാന്‍ എളുപ്പം കഴിഞ്ഞിരുന്നു. അക്കാലങ്ങളില്‍ മഠത്തില്‍ വരാറുണ്ടായിരുന്ന ആസ്പിരന്റ്സ് ധാരാളം (ഭക്തി) ഗാനങ്ങള്‍ എഴുതുകയും അതെല്ലാം ഈണമിട്ടു് ഞങ്ങളെ പഠിപ്പിക്കുകയും ചെയ്തിരുന്നു. പക്ഷേ അവരില്‍ ആരെങ്കിലും കവിതയെഴുതിയിരുന്നോ? കഥയോ?

എഴുതിയിരുന്നിരിക്കാം. എന്നാല്‍ മലയാളി ചൊല്ലി പതിഞ്ഞ കവിതകള്‍ എഴുതിയ ഒരേ ഒരു കന്യാസ്ത്രീയെ ഉള്ളൂ; മേരി ജോണ്‍ തോട്ടം എന്ന സിസ്റ്റര്‍ മേരി ബനീഞ്ജ. ഇപ്പോള്‍ മനസ്സില്‍ വന്ന കവിതയേതാണു്?

സമര്‍ത്ഥനായ സീസറും പ്രസിദ്ധനായ ഹോമറും
സമത്വമറ്റ സോളമന്‍ തുടങ്ങിയുള്ള വിജ്ഞരും
അമര്‍ന്നുപോയി കാലചക്ര വിഭ്രമത്തിലെങ്കിലീ
നമുക്കു പിന്നെയെന്തു ശങ്ക? മാറ്റമൊന്നുമില്ലിതില്‍.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മലയാളത്തിനു് സമ്മാനിച്ചതു് ഒരുപിടി പ്രതിഭാധനകളായ എഴുത്തുകാരികളെയാണു്. മേരി ജോണ്‍ തോട്ടം, കൂത്താട്ടുകുളം മേരി ജോണ്‍, മുതുകുളം പാര്‍വതി അമ്മ, കടത്തിനാട്ടു് മാധവി അമ്മ, ലളിതാംബിക അന്തര്‍ജ്ജനം, ബാലാമണിയമ്മ എന്നിങ്ങനെ. ആധുനിക മലയാളത്തിലെ സ്ത്രീ എഴുത്തില്‍ തുടങ്ങിയതു് ഇക്കാലയളവിലാണെന്നു് കരുതാം. അന്നു് ഇന്ത്യമുഴുവന്‍ നിറഞ്ഞു് നിന്നിരുന്ന സ്വാതന്ത്ര്യ സമരത്തിന്റെ അലയടികള്‍ സ്ത്രീ എഴുത്തുക്കാരേയും ധാരാളമായി സ്വാധീനിച്ചിരുന്നു.

സവര്‍ണ്ണ പുരുഷാധിപത്യം മലയാളസാഹിത്യം അടക്കിവാണിരുന്ന കാലമായിരുന്നുവതു്. അന്നു് ക്രിസ്ത്യന്‍,മുസ്ലിം എഴുത്തുകാര്‍ പോലും അംഗീകരിക്കപ്പെട്ടിരുന്നില്ല. ശ്രീയേശു വിജയം എഴുതിയ കട്ടക്കയം ചെറിയാന്‍ മാപ്പിളയെ ക്രിസ്ത്യാനികളുടെ കാളിദാ‍സന്‍ എന്നു വിളിച്ചു് ആക്ഷേപിച്ചിരുന്ന കാ‍ലത്താണു് ഒരു കന്യാസ്ത്രീയായ സിസ്റ്റര്‍ മേരി ബനീഞ്ജ എഴുതിയ കവിതാരാമം ആയിരക്കണക്കിനു കോപ്പികള്‍ വിറ്റുപ്പോയതു്.

ഇരുപത്തിയേഴാം വയസ്സില്‍ തന്റെ കാവ്യജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ കന്യാസ്ത്രീജീവിതം തിരഞ്ഞെടുത്തു് ഐഹീക ജീവിതത്തിന്റെ ആകര്‍ഷണങ്ങളില്‍ നിന്നും പിന്തിരിഞ്ഞു നടന്നിരുന്നു മേരി ജോണ്‍ തോട്ടം. ഇക്കാരണങ്ങളാല്‍ സ്വാതന്ത്ര്യ സമരത്തേയോ സാമൂഹിക പ്രശ്നങ്ങളേയോ നേരിട്ടു് തന്റെ കവിതയില്‍ അടയാളപ്പെടുത്തിയിരുന്നില്ലെങ്കിലും തത്ത്വചിന്ത, അദ്ധ്യാത്മികത എന്നിവയിലൂന്നിയുള്ള എഴുത്തിലും സ്ത്രീ എന്ന തന്റെ സ്വത്വത്തെ കുറിച്ചു് ബോധ്യവതിയായിരുന്നു.പുരുഷാധിപത്യത്തിനും പുരുഷസ്വാര്‍ത്ഥതയ്ക്കുമെതിരെ ഉയര്‍ന്ന ഒരു സ്ത്രീപക്ഷ ആര്‍ത്തനാദമായിരുന്നു പ്രഭാവതി എന്ന കവിത.

തരുണിമണികളെപ്പോലുള്ളലിഞ്ഞുള്ള രാഗം
പുരുഷരിലൊരുനാളും കാണ്‍‌മതിലെന്തു ചെയ്യാം
ചതികളുമിതുമട്ടില്‍ പൂരുഷന്മാര്‍ തുടര്‍ന്നാല്‍
സതികളവര്‍ ശപിക്കും ലോകമെല്ലാം നശിക്കും.
(പ്രഭാവതി)

സിസ്റ്ററുടെ തത്ത്വചിന്താപരമായ കവിതകള്‍ പോലും ആദ്യതലമുറ മലയാളസ്ത്രീ എഴുത്തുകാരുടെ എഴുത്തില്‍ നിന്നും തികച്ചും വ്യത്യസ്തമാണു്. ആദ്യതലമുറയിലുള്ളവര്‍ ദൈവസ്തോത്രങ്ങളാണു് ധാരാളമായി എഴുതിയതെങ്കില്‍ മേരി ബനീഞ്ജയുടെ കവിതകള്‍ സൃഷ്ടികര്‍ത്താവിനോടുള്ള വിശ്വാസത്തില്‍ അടിയുറച്ചു് ഇഹലോകജീവിതത്തിന്റെ സുഖങ്ങളെ ഉപേക്ഷിക്കുന്നതിനെ കുറിച്ചായിരുന്നു.

തുറക്കുകില്ലെനിക്കുവേണ്ടി മേലിലിക്കവാട, മീ--
യറയ്ക്കകത്തു ദീപമെന്നെയോര്‍ത്തിനിത്തെളിച്ചിടാ
വിരിക്കുകില്ലെനിക്കു മെത്ത, സോദരങ്ങളൊത്തു ഞാ--
നിരിക്കുകില്ലിതിന്നകത്തു ഭക്ഷണത്തിനായിനി
(ലോകമേ യാത്ര)

ഭൌതീക സുഖങ്ങളുപേക്ഷിച്ചു് സര്‍വ്വേശ്വരനില്‍ ചേരാനുള്ള ആഗ്രഹത്തിന്റെ കഠിനതയാണു് ആദ്യകാലങ്ങളിലെ കവിതകളെങ്കില്‍ പിന്നീടതു് പരമോന്നതനുമായി ലയിച്ചനുഭവിക്കുന്ന ആനന്ദത്തെ കുറിച്ചായിരുന്നു.

'സരിഗമപധ' - കൊച്ചുവീണ ഞാനി-
ന്നമരുവതുന്നതഗായകന്റെ കയ്യില്‍
ഒരു നിമിഷവുമെന്നെയെങ്ങു മേവി-
ട്ടകലുവതങ്ങു സഹിയ്ക്കയില്ല നൂനം.

സിസ്റ്റര്‍ മേരി ബനീഞ്ജയുടെ കവിതകള്‍ നസ്രാണിദീപികയിലും (ഇന്നത്തെ ദീപിക) മറ്റ് ആനുകാലികങ്ങളിലും പ്രസിദ്ധീകരിച്ചിരുന്നു.കവിതയോ കഥയോ വായിക്കുന്നതു് നരകത്തിലേക്കുള്ള പ്രവേശനം ത്വരിതപ്പെടുത്തുമെന്നു് വിശ്വസിക്കുകയും സാധാരണക്കാരന്‍ ബൈബിള്‍ വായിക്കുന്നതു് അനുവദിക്കാതിരിക്കുകയും ചെയ്തിരുന്ന അക്കാലത്തെ കത്തോലിക്ക സഭയിലെ ഒരു കന്യാസ്ത്രീ ആയിട്ടും തന്റെ കാവ്യജീവിതം തുടര്‍ന്നു് കൊണ്ടു് പോകാന്‍ കാണിച്ച ആത്മധൈര്യം തന്നെ സിസ്റ്ററുടെ സ്വത്വബോധത്തിനു തെളിവാണു്.

സിസ്റ്റര്‍ മേരി ബനീഞ്ജയുടെ പ്രധാന കൃതികള്‍- ലോകമേ യാത്ര, കവിതാരാമം, അദ്ധ്യാത്മിക ഗീത, പ്രഭാവതി, മാര്‍ത്തോമാവിജയം

മലയാള സ്ത്രീ എഴുത്തിന്റെ ചരിത്രം(സംഗ്രഹം)

കോഴിക്കോടു് കിഴക്കേകോവിലകത്തെ മനോരമ തമ്പുരാട്ടിയായിരുന്നിരിക്കണം കേരളത്തിലെ ആദ്യ സ്ത്രീ എഴുത്തുകാരി. പതിനേഴാം നൂറ്റാണ്ടിലെ വ്യാകരണ ഉള്ളടക്കത്തിലുള്ള സംസ്കൃതശ്ലോകങ്ങളാണു് അവര്‍ എഴുതിയുരുന്നതു്. പത്തൊന്‍പതാം നൂ‍റ്റാണ്ടിന്റെ ആദ്യകാലങ്ങളില്‍ ജീവിച്ചിരുന്ന കിളിമാനൂര്‍ ഉമാദേവി തമ്പുരാട്ടി (1797-1836), അംബാദേവി തമ്പുരാട്ടി (1802-1837)എന്നിവര്‍ ഓട്ടന്‍ തുള്ളലും ചില ദൈവസ്തുതികളും രചിച്ചിരുന്നു. കേരള സാഹിത്യ ചരിത്രം എഴുതിയ ഉള്ളൂരിന്റെ അഭിപ്രായത്തില്‍ ഇരയിമ്മന്‍ തമ്പിയുടെ മകളായ കുഞ്ഞിക്കുട്ടി തങ്കച്ചിയാണു് (1820-1904)മലയാളത്തിലെ ആദ്യത്തെ കവയിത്രി. മലയാളത്തിലെ ആദ്യ സ്ത്രീ നാടകകൃത്തും കുഞ്ഞിക്കുട്ടി തങ്കച്ചിയാണു്. നാടകം അജ്ഞാതവാസം.

ആദ്യകാലങ്ങളില്‍ അധികവും എഴുതിയിരുന്നതു് രാജകുടുംബത്തിലുള്ള സംസ്കൃതം പഠിച്ച സ്ത്രീകളാണു്. സുഭദ്ര എന്നറിയപ്പെട്ടിരുന്ന ഇക്കുവമ്മ തമ്പുരാട്ടി (1844-1921) കൊച്ചി രാജകുടുംബാംഗമായിരുന്നു. ആറു് സംസ്കൃത കൃതികളും പതിനൊന്നു് മലയാള കവിതകളും അവര്‍ രചിച്ചീട്ടുണ്ടു്. തിരുവിതാം രാജകുടുംബത്തിലെ നാഗര്‍കോവില്‍ തങ്കച്ചി (1939-1909) ധാരാളം കൈക്കൊട്ടിപ്പാട്ടുകള്‍ എഴുതിയിരുന്നു. കേരള വര്‍മ്മ വലിയ കോയിത്തമ്പുരാന്റെ പത്നി റാണി ലക്ഷ്മീബായി (1848-) സംഗീതത്തിലും സാഹിത്യത്തിലും വിദുഷി ആയിരുന്നു.പലസ്തോത്രങ്ങളും കൈകൊട്ടിക്കളിപ്പാട്ടുകളും വാതില്‍തുറപ്പാട്ടുകളും ശാകുന്തളം എന്ന തമിഴ്പാട്ടും വിരഹിണീപ്രലാപം എന്ന കൃതിയും രചിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറയിലെ സേതുതമ്പുരാട്ടി സുകുമാര കവിയുടെ ശ്രീകൃഷ്ണ വിലാസം ഭാഷാകൃഷ്ണവിലാസം എന്നപേരില്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ടു്. (ജീവിതകാലം അറിയില്ല)

രണ്ടാം തലമുറയിലെ ഏറ്റവും പ്രസിദ്ധയായ എഴുത്തുകാരിയാണു് സുഭദ്രാര്‍ജ്ജുനം നാടകം എഴുതിയ തോട്ടാക്കാട്ടു് ഇക്കാവമ്മ (1864-). സാമൂഹത്തില്‍ സ്ത്രീതുല്യതയ്ക്കു വേണ്ടി ആദ്യം എഴുത്തിലൂടെ ആവശ്യപ്പെട്ടതു് ഇക്കാവമ്മയായിരിക്കണം. കൃതികള്‍ സുഭ്രാര്‍ജ്ജുനം, നളചരിതം (നാടകം),സന്മാര്‍ഗ്ഗോപദേശം (തുള്ളല്‍)കുറത്തിപ്പാട്ടു്, കല്‍ക്കി പുരാണം. (തോട്ടക്കാട്ടു് ഇക്കാവമ്മയുടെ മകളാണു് കൊച്ചി നിയമസഭയിലെ ആദ്യ വനിതാ അംഗവും മന്നത്തു് പദ്മനാഭന്റെ ഭാര്യയുമായ തോട്ടക്കാട്ടു് മാധവിയമ്മ)

ആദ്യകാലങ്ങളില്‍ സ്ത്രീകളുടെ വിദ്യാഭ്യാസം വീട്ടിലിരുന്നു ചെയ്തിരുന്ന ഭാഷാപഠനങ്ങളായിരുന്നു. സംസ്കൃത വിദ്യാഭ്യാസത്തിന്റെ സ്വാധീനം മൂലം ആദ്യകാല സ്ത്രീഎഴുത്തുകള്‍ പദ്യങ്ങള്‍ ആയിരുന്നു. പാശ്ചാത്യവിദ്യാഭ്യാസം സിദ്ധിച്ചു തുടങ്ങിയതിനു് ശേഷമാണു് സ്ത്രീ എഴുത്തുകാര്‍ ഗദ്യത്തിലേക്കു് തിരിഞ്ഞതു്. ആദ്യ ഗദ്യം എഴുതിയതു് ആദ്യകാല സ്ത്രീ ബിരുദധാരിയായ അമ്പാടി കാര്‍ത്യായനി അമ്മയാണു് (1895-1990). ചെറുകഥകളുടെ സമാഹാരമായ തരംഗവിഹാരം, പഞ്ചതന്ത്രകഥകളുടെ പുനരാഖ്യാനം, സമൂഹത്തില്‍ സ്ത്രീയുടെ സ്ഥാനത്തെ കുറിച്ചുള്ള പുരോഗമന ലേഖനങ്ങള്‍ എന്നിവയെല്ലാം കാര്‍ത്യായനി അമ്മയുടെ കൃതികളില്‍ പെടുന്നു. ആദ്യത്തെ ലേഖനമെഴുത്തുകാരിയും കാര്‍ത്യായനി അമ്മയാണു്. (കേരള സാഹിത്യ അക്കാദമിയുടെ രണ്ടാമത്തെ വൈസ് പ്രസിഡന്റ് ആയിരുന്നു കാര്‍ത്യായനി അമ്മ)

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മലയാളം കണ്ട പ്രഗല്‍ഭ എഴുത്തുകാരികളാണു് മേരി ജോണ്‍ തോട്ടം (1901-85), കൂത്താട്ടുകുളം മേരി ജോണ്‍ (1905-) (സി.ജെ. തോമസിന്റെ അനുജത്തി), മുതുകുളം പാര്‍വതി അമ്മ(1904-85) (പാര്‍വതിയമ്മയുടെ പേരില്‍ ഇപ്പോള്‍ ഒരു സാഹിത്യ അവാര്‍ഡുണ്ടു്), കടത്തിനാട്ടു് മാധവി അമ്മ(1909-), ലളിതാംബിക അന്തര്‍ജ്ജനം(1909-87), ബാലാമണിയമ്മ (1909-2004) എന്നിവര്‍. രാജകുടുംബങ്ങളില്‍ നിന്നല്ലാതെ മദ്ധ്യവര്‍ഗ്ഗത്തില്‍നിന്നുള്ള എഴുത്തുകാരികള്‍ ഉയര്‍ന്നു് വന്നതു് ഇക്കാലയളവിലാണു്‌.

ഫെമിനിസ്റ്റ് എന്നു്‌ സ്വയം വിളിച്ച ആദ്യ മലയാളം എഴുത്തുകാരി പുരുഷന്മാരില്ലാത്ത ലോകം എഴുതിയ കെ.സരസ്വതിയമ്മയാണു് (1919-65). സ്ത്രീ രോദനങ്ങളെ കുറിച്ചെഴുതുകയും എഴുത്തിലൊതുങ്ങാത്ത ആത്മപീഡ ആത്മഹത്യയിലൂടെ അവസാനിപ്പിക്കുകയും ചെയ്ത രാജലക്ഷ്മിയാണു് (1930-75) മറ്റൊരു പ്രധാന സ്ത്രീ എഴുത്തുകാരി. ഇടങ്ങഴിയിലെ കുരിശു്‌, ബൈബിളിലെ സ്ത്രീകള്‍ തുടങ്ങ്ങിയവ എഴുതിയ ആനി തയ്യിലും ഇവരുടെ സമകാലികയാണു്.

ഗദ്യത്തില്‍ ലളിതാംബിക അന്തര്‍ജ്ജനവും, സരസ്വതിയമ്മയും സ്ത്രീപക്ഷ എഴുത്തുകള്‍ നടത്തിയിരുന്നെങ്കിലും പദ്യത്തില്‍ ഫെമിനിസം കടന്നുവരാന്‍ പിന്നേയും താമസിച്ചു. സുഗതകുമാരിയാണു് (1934-)പദ്യത്തില്‍ ഫെമിനിസ്റ്റിക് ആശയങ്ങള്‍ കൊണ്ടു് വന്നതു്.

പിന്നീടു വന്ന തലമുറയിലെ പ്രധാനിയാണു് സ്ത്രൈണത നിലനിര്‍ത്തികൊണ്ടു് സ്ത്രീപക്ഷാശയങ്ങള്‍ എഴുതിയ മാധവിക്കുട്ടി(ബാലാമണിയമ്മയുടെ മകള്‍) (1934-).ബാലസാഹിത്യത്തില്‍ ചെങ്കളത്തു് പാറുക്കുട്ടിയമ്മയും സുമംഗല എന്ന പേരില്‍ ലീല നമ്പൂതിരിപ്പാടും ഉണ്ടായിരുന്നു. ഇന്നത്തെ മലയാള സാഹിത്യത്തിലെ പ്രധാന ശാഖയായ ചെറുകഥയും നോവലും എഴുതിയവര്‍ - മാനസി, സാറാ ജോസഫ്, സാറാതോമസ്, പി.ആര്‍ ശ്യാമള, കെ.ബി.ശ്രീദേവി നളിനി ബേക്കല്‍, സി. എല്‍. മീനാക്ഷി അമ്മ (ഡോ. എസ്. കെ നായരുടെ പത്നി), വത്സല, ഗ്രേസി, അഷിത, ശോഭാ വാരിയര്‍, തനൂജ ഭട്ടതിരിപ്പാടു്, പ്രമീള നായര്‍ (എം.ടി വാസുദേവന്‍ നായരുടെ ഭാര്യ) .. ചെറുകഥാകൃത്തും കവയിത്രിയുമായിരുന്നു ഗീതാഹിരണ്യന്‍. കവയിത്രികള്‍ ഒ.വി. ഉഷ, റോസ്മേരി, വിജയലക്ഷ്മി, അനിതാ തമ്പി,ലളിത ലെനിന്‍ , സാവിത്രി രാജീവന്‍, വി. എം ഗിരിജ .. പ്രതിഭാധനരായ നിരവധി ആണുങ്ങള്‍ നിറഞ്ഞ മൂന്നാം തലമുറ നിരൂപകര്‍ക്കിടയില്‍ തന്റെ സ്ഥാനം അടയാളപ്പെടുത്തിയ എം. ലീലാവതി. ലീലാവതിയുടെ കൃതികള്‍ കവിതാധ്വനി, ജി.യുടെ കാവ്യജീവിതം, നവതരംഗം, അമൃതമശ്‌നുതേ, കവിതയും ശാസ്‌ത്രവും, മൂല്യസങ്കല്‌പങ്ങള്‍, സത്യം ശിവം സുന്ദരം, വര്‍ണരാജി, അപ്പുവിന്റെ അന്വേഷണങ്ങള്‍. അകത്തളങ്ങളിലെ അന്തര്‍ജ്ജനങ്ങളുടെ നരകയാതനങ്ങള്‍ തുറന്നെഴുതാന്‍ ധൈര്യം കാണിച്ച സ്തീയാണു് ദേവകി നിലയങ്ങോട്.ലേഖനങ്ങളും കഥകളും എഴുതുന്ന സുവര്‍ണ നാലപ്പാ‍ട്ടു് മാധവിക്കുട്ടിയുടെ സഹോദരിയാണു്‌. ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്തെഴുതുന്ന ലളിതാംബിക(I A S), ഇവനെന്റെ പ്രിയ സീജെ എന്ന പുസ്തക എഴുതിയ റോസി തോമസ് (എം. പി. പോളിന്റെ മകളും സി.ജെ തോമസിന്റെ ഭാര്യയും), ആരോഗ്യനികേതനം വിവര്‍ത്തനം ചെയ്ത നിലീ‍ന എബ്രാഹം.

യുവ എഴുത്തുകാരികള്‍ കെ.ആര്‍.മീര, കെ.രേഖ,ബി.എം.സുഹറ, സിതാര, പ്രിയ എ.എസ്സ്, ചന്ദ്രമതി, സി.എസ്. ചന്ദ്രിക.. നിരൂപണരംഗത്തു് എസ്.ശാരദക്കുട്ടി.

ജനപ്രിയ എഴുത്തുകളില്‍ എം.ഡി രത്നമ്മ, മല്ലിക യൂനസ്....

ഇംഗ്ലീഷില്‍ എഴുതിയിരുന്ന അരുന്ധതി റോയ്, മൃണാളിനി സാരാഭായി , ലീല ഓംചേരി..

(ബാക്കി വാ‍യനക്കാര്‍ പൂര്‍ത്തിയാക്കൂ. :) )

(ഈ പോസ്റ്റ് സ്ത്രീ എഴുത്തുകാര്‍ എന്ന ബ്ലോഗ് സംഭവത്തിനു വേണ്ടി )