Friday, June 29, 2007

ശൈത്യകാലത്തെ മുന്തിരിവള്ളികള്‍



ഹൈഫയില്‍ നിന്നും ജറുസലേമിലേയ്ക്കുള്ള യാത്രയില്‍ നിറയെ കണ്ടിരുന്നു ഇലപൊഴിച്ചു നില്‍ക്കുന്ന മുന്തിരി പാടങ്ങള്‍. ശൈത്യകാലത്തെ മുന്തിരി തോട്ടങ്ങള്‍ കണ്ടാല്‍ അവ ഇനി ഒരിക്കലും തളിര്‍ക്കാന്‍ പോകുന്നിലായെന്ന് തോന്നും. ഇലമുഴുവന്‍ പൊഴിഞ്ഞ്, താങ്ങുകളില്‍ ഇറുകെ പിടിച്ച് കിടക്കുന്ന വെറും വള്ളികള്‍. താങ്ങുകള്‍ക്ക് പോലും ഭാരമായി കിടക്കുന്ന അവ എന്നോ കരിഞ്ഞ് പോയ തോട്ടങ്ങളെ മാത്രമേ യാത്രക്കാരന്റെ ഓര്‍മ്മയില്‍ കൊണ്ട് വരൂ. അവ നിര്‍ജ്ജീവമല്ലെന്നും വസന്തം വരുമ്പോള്‍ തളിര്‍ക്കുമെന്നും, പൂക്കുമെന്നും, മനോഹരമായ മുന്തിരികുലകളുണ്ടാകുമെന്നും തോട്ടക്കാരനറിയാം. ശൈത്യകാലത്ത് ഇലപൊഴിച്ച് വരണ്ട് കിടക്കുന്ന തോട്ടത്തിനരികിലൂടെ കടന്ന് പോകുന്ന യാത്രക്കാരന്‍ പുച്ഛത്തോടെയോ, സഹതാപത്തോടെയോ വരണ്ട വള്ളികളെ നോക്കി കണ്ടു; വസന്തത്തില്‍ തളിര്‍ത്ത് കിടക്കുന്ന മുന്തിരി തോട്ടത്തെ വീഞ്ഞിന്റെ ലഹരിയോടെയും. യഥാര്‍ത്ഥത്തില്‍ മുന്തിരി എന്ന ചെടി എന്താണെന്ന് യാത്രക്കാരന് മനസ്സിലായതേ ഇല്ല. തോട്ടകാരനു മുന്നില്‍ മാത്രം അവ എല്ലാകാലത്തും മുന്തിരി ചെടികളായി നിലനിന്നു.

“നീയെന്റെ കൂടെ വരുന്നോ“ അമീറയുടെ പതിഞ്ഞ ചോദ്യം. ഇന്നലത്തെ രാത്രിയുടെ ഭീതി അവളിലെ വസന്തത്തെ അവസാനിപ്പിച്ചിരിക്കുന്നു എന്ന് തോന്നി. അവള്‍ ഇലപൊഴിക്കാന്‍ ആരംഭിച്ചിരിക്കുന്നു.

“നീ വന്നാലും ഇല്ലെങ്കിലും ഞാനുടന്‍ പോകാന്‍ തീരുമാനിച്ചു.“
“അപ്പോള്‍ ഹേറോദെസിന്റെ കൊട്ടാരം? അത് കാണണം എന്ന് നിനക്കായിരുന്നല്ലോ നിര്‍ബന്ധം.“ ബി.ബി.സി വാര്‍ത്തയില്‍ നിന്നും കണ്ണെടുക്കാതെ ഞാന്‍ ചോദിച്ചു

കാണാന്‍ നില്‍ക്കുന്നില്ല ഹമാസും ഫത്തായും തമ്മില്‍ സംഘര്‍ഷം രൂക്ഷമായിരിക്കുന്നു എന്ന് ബി.ബി.സി റിപ്പോര്‍ട്ട്.
ഞാന്‍ അതിശയത്തോടെ അമീ‍റയെ നോക്കി! അവളുടെ കണ്ണുകളില്‍ ദയനീയത തെളിഞ്ഞ് കിടക്കുന്നു. ഇന്നലത്തെ രാത്രിയെ മറച്ച് പിടിക്കാന്‍ അവളുടെ വിഫലശ്രമം! ഇലപൊഴിച്ച് നില്‍ക്കുന്ന ഒരു മുന്തിരിപാടം പോലെ അമീറ.

“ഞാനും വരാം നീ തനിയെ പോകേണ്ടാ. ഹോട്ടലില്‍ പരാതിപ്പെടുന്നുണ്ടോ? അതുകൊണ്ട് വലിയ പ്രയോജനം ഒന്നുമുണ്ടാകാന്‍ പോകുന്നില്ല.“
“ഇല്ല എന്തായാലും പറയണം ആ തെമ്മാടിയെ കയ്യില്‍ കിട്ടിയാല്‍ ഞാന്‍ ഇസ്രായേല്‍ പോലീസിനെ ഏല്‍പ്പിക്കും“
“ഇസ്രായേല്‍ പോലീസ് അല്ല, പാലസ്തീന്‍ പോലീസ്.” ഞാന്‍ തിരുത്തി.
“അല്ല ഇസ്രായേല്‍ പോലീസ് തന്നെ. തച്ചു തകര്‍ക്കണം ഇത്തരം കീടങ്ങളെ.“ അമീറ ഉറച്ച് തന്നെ.
“ഉം“ ഞാന്‍ നിര്‍വികാരയായി മൂളി. ഒന്നും നടക്കാന്‍ പോകുന്നില്ല.

അമീറ പോയപ്പോള്‍ കുഞ്ഞിചിരിയുമായി മനസ്സിലേയ്ക്ക് ഓടികയറി വന്നത് സല്‍മ, അവളുടെ കയ്യും പിടിച്ച് യാക്കൂബും. പിറവിയുടെ കുറുബാന കാണാ‍ന്‍ പോയപ്പോള്‍ പിറവിയുടെ ബസിലക്ക ചത്വരത്തില്‍ വച്ച് കണ്ട് മുട്ടിയതാണവളെയും കൂട്ടുകാരന്‍ യാക്കൂബിനേയും.അമീറയ്ക്ക് മറ്റു പല പരിപാടികളും ഉണ്ടായിരുന്നതിനാല്‍ പൊന്തഫിക്കല്‍ കുറുബാനയ്ക്ക് ബസിലിക്ക പള്ളിയില്‍ എത്തി കൊള്ളാം എന്നും പറഞ്ഞ് നേരത്തെ തന്നെ ഹോട്ടലില്‍ നിന്നും പോയിരുന്നു. പാലസ്തീനില്‍ തനിയെ നടക്കുന്നത് ഹൃദയമിടിപ്പ് കൂട്ടിയെങ്കിലും ആ ത്രില്ലും തണുപ്പും ആസ്വദിച്ച്, പല്ലു കൂട്ടിയിടിച്ച്, എന്റെ ക്യാമറയുമായി ഞാന്‍ പള്ളിയിലേയ്ക്ക് നടന്നു. തെരുവുകള്‍ വൃത്തിഹീനമായിരുന്നെങ്കിലും മാലലൈറ്റുകളും തോരണങ്ങളും കൊണ്ട് നന്നായി അലങ്കരിച്ചിരുന്നു. തെരുവോരത്ത് തീകാഞ്ഞ് അതില്‍ ചോളം ചുട്ടുതിന്നുന്നവര്‍ വിദേശികളേയും തദ്ദേശിയരേയും ഒരു പോലെ കമന്റടിച്ചു. ചത്വരത്തില്‍ നിറയെ വിദേശികള്‍ കുറുബാനയ്ക്ക് പങ്കെടുക്കാന്‍ സെക്യൂരിറ്റി ചെക്കിംഗിനായി ക്യൂ നില്‍ക്കുന്നു, ചുരുക്കം ചിലര്‍ ചുറ്റി കറങ്ങുന്നു. ചെക്കിങ്ങ് ആരംഭിക്കാത്തതിനാല്‍ അക്ഷമരായി നില്‍ക്കുന്ന ചാനല്‍ക്കാര്‍ പാലസ്തീന്‍ സമാധാ‍നത്തിനായി നടത്തുന്ന സിം‌ഫണിയില്‍ ശ്രദ്ധിക്കുന്നു. തദ്ദേശീയരായ പാലസ്തീകള്‍ക്ക് പള്ളിയില്‍ കയറാന്‍ അനുവാദമുണ്ടായിരുന്നില്ല. എല്ലാവരേയും പാസ്സ് മൂലം നിയന്ത്രിച്ചിരുന്നു; പാസ്സ് കൊടുക്കുന്നതാവട്ടെ ജറുസലേമിലെ കേന്ദ്രവും. പാലസ്തീനികള്‍ കൊച്ച് കുട്ടികള്‍ മുതല്‍ വൃദ്ധര്‍ വരെ ചെറിയ ചെറിയ കച്ചവടങ്ങളുമായി ചത്വരത്തില്‍ ഒരു നേരത്തെയ്ക്കുള്ള അന്നത്തിനുള്ള വക തേടി. ചോളം പുഴുങ്ങി ചൂടോടെ വില്‍ക്കുന്നവര്‍, ഫ്ലാസ്കില്‍ കട്ടന്‍‌കാപ്പി നിറച്ച് വില്‍ക്കുന്നവര്‍, ചെറിയ പോസ്റ്റ് കാര്‍ഡിലടിച്ച പടങ്ങള്‍ വില്‍ക്കുന്നവര്‍. ചളിപറ്റി തുടങ്ങിയ ബബിള്‍ഗം കവറുമായി മുഷിഞ്ഞ പിന്നിയ ഉടുപ്പുകളും, ദയനീയമായ മുഖവുമുള്ള ഒരു പെണ്‍കുട്ടി ചുളിവു വീഴാത്ത ഔദ്യോദിക വേഷങ്ങളണിഞ്ഞ് ക്യൂവില്‍ നില്‍ക്കുന്ന മദാമമ്മാരെ സമീപിക്കുന്നത് കണ്ടപ്പോളെനിക്ക് എന്നോട് തന്നെ അവഞ്ജ തോന്നി. പക്ഷേ അവരാരും തന്നെ ആ പെണ്‍കുട്ടിയെ കാണുന്നുണ്ടായിരുന്നില്ല, അത്ഭുതം! കയ്യിലൊരു ക്യാമറയുമായി ഒറ്റയ്ക്കൊരു സ്ത്രീയെ കണ്ടപ്പോള്‍ പാലസ്തീന്‍ യൌവനങ്ങള്‍ക്ക് കൌതുകം. സര്‍വ്വ ചാനലുകാരുടേയും ക്യാമറയ്ക്ക് മുന്നില്‍ പോസ് ചെയ്ത് ക്യാമറയുടെ എല്‍.സി.ഡി സ്ക്രീനില്‍ കാണപ്പെടുന്ന തന്റെ പടം നോക്കി നിര്‍വൃതി അടഞ്ഞ പാലസ്തീനി എന്റെ ക്യാമറയ്ക്കും തന്നു ഒരു ഷോട്ട്. അയാളെ ഒഴിവാക്കാന്‍ ആവാതെയായപ്പോള്‍ ചാനല്‍ക്കാര്‍ ദേഷ്യപ്പെടുന്നുണ്ടായിരുന്നു. ചത്വരത്തിലെ ഇവിധം കാഴ്ചകളില്‍ മുഴുകി നിന്നപ്പോഴാണ് പുറകില്‍ നിന്നൊരു വിളി.

“ഹലോ മാഡം“
തിരിഞ്ഞു നോക്കിയപ്പോള്‍ ഷേക് ഹാന്‍ഡിനായി കൈ നീട്ടി പിടിച്ച് ഏകദ്ദേശം എട്ട് വയസ്സ് തോന്നിക്കുന്ന, വൃത്തിയായി വസ്ത്രം ധരിച്ച ഒരു പാലസ്തീനി പെണ്‍കുട്ടി. അവളുടെ കയ്യും പിടിച്ച് അവളേക്കാള്‍ പൊക്കമുള്ള ഒരാണ്‍കുട്ടിയും.
“ഹലോ മോളെ“ ഞാന്‍ കൈനീട്ടി.
“ഐ ആം സല്‍മ. ഹീ ഇസ് യാക്കൂബ്.“
അവള്‍ ഇംഗ്ലീഷ് പറയുന്നു! എനിക്ക് അതിശയം ഒപ്പം സന്തോഷവും; ഇവളോട് കുറച്ച് സംസാരിക്കാമല്ലോ.
ഒരു പടം എടുക്കുക എന്നതായിരുന്നു അവരുടെ ആവശ്യം. ഞാന്‍ പടമെടുക്കാന്‍ തയ്യാറായപ്പോള്‍ നാണിച്ച് നില്‍ക്കുന്ന കൂട്ടുകാരനെ ചേര്‍ത്ത് പിടിച്ച് അവള്‍ മിടുക്കിയായി പോസ് ചെയ്തു. ആ പടം ക്യാമറയുടെ സ്ക്രീനില്‍ കണ്ടപ്പോള്‍ അവര്‍ക്ക് സന്തോഷം.

“സല്‍മ, മിടുക്കി കുട്ടി നീ ഏതു ക്ലാസ്സിലാ?“
“ഞാന്‍ സ്കൂളില്‍ പോകുന്നില്ല.“
“ങേ.. നീ നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നല്ലോ“
“അത് അമ്മ പഠിപ്പിച്ചതാണ്, അമ്മ ടീച്ചറായിരുന്നു.“
“സല്‍മയുടെ അമ്മ ഇപ്പോള്‍ എന്തു ചെയ്യുന്നു.“
“അമ്മ മരിച്ച് പോയി. നത്യാന്യായില്‍ ഒരു ജൂതനെ കൊന്ന ചാവേര്‍ അമ്മയായിരുന്നു.“
“ങേ..!!“ ഞാനെന്താ കേട്ടത് എന്നാലോചിക്കുന്നതിനു മുന്‍പേ സല്‍മയുടെ വാക്കുകള്‍ വീണ്ടും
“ഞാനും വലുതാവുമ്പോള്‍ ചാവേറാകും, യാക്കൂബും ആകും.“

പാലസ്തീനില്‍ വച്ച് ചാവേര്‍ എന്ന് കേട്ടാല്‍ ഞെട്ടേണ്ട കാര്യമൊന്നുമില്ല. പക്ഷേ ഒരു എട്ട് വയസ്സുകാരി അത് പറഞ്ഞപ്പോള്‍ ഞെട്ടാതിരിക്കാന്‍ കഴിഞ്ഞില്ല.
അല്ല മോളെ ഹിംസയെ ഹിംസകൊണ്ട് എതിര്‍ക്കുകയല്ല വേണ്ടത്, അഹിംസയുടെ വഴിയിലൂടെ,ആത്മാഭിമാനത്തോടെ പ്രതികരിക്കണം എന്നിങ്ങനെ കുറേ വാക്കുകള്‍ എന്റെ തൊണ്ടയില്‍ തന്നെ കുരുങ്ങി കിടന്നു. വാക്കുകള്‍ക്ക് വേണ്ടി ഞാന്‍ പരതുന്നതിനിടയ്ക്ക് സല്‍മയുടെ സ്വരം.

“മാഡം കൈ നീട്ടു.“
യാന്ത്രികമായി ഞാന്‍ നീട്ടിയ കൈയില്‍ ഒരു തരിപ്പ്, ഒരു വൈദ്യുതി പ്രവാഹം!
“അയ്യോ..“ ഞാന്‍ പെട്ടെന്ന് ഒച്ചയിട്ട് കൈവലിച്ചു. എന്റെ പ്രകടനം കണ്ട് കൈകൊട്ടി ചിരിക്കുന്ന സല്‍മ. സല്‍മയുടെ കയ്യിലെ കൊച്ചു കളിപ്പാട്ടത്തില്‍ നിന്നും വന്ന ചെറിയ ഷോക്ക് എന്റെ കയ്യില്‍ തട്ടിച്ചതായിരുന്നു സല്‍മ. ഞാന്‍ പേടിച്ചു എന്ന് കണ്ട് ആ കൊച്ച് മുഖത്ത് അതിയായ സന്തോഷം. എന്റെ നിലവിളി സെക്യൂരിറ്റികാര്‍ കേട്ടു എന്ന് തോന്നുന്നു. ഓടി വന്ന രണ്ട് പേരെ തടുക്കാന്‍ ശ്രമിക്കുന്നതിനു മുന്‍പേ സല്‍മയും യാക്കൂബും ആള്‍ക്കൂട്ടത്തില്‍ അലിഞ്ഞു ചേര്‍ന്നിരുന്നു.

2000 കൊല്ലം മുന്‍പ് ഈശൊ ജനിച്ചതെന്ന് കരുതപ്പെടുന്ന ഗുഹയിലെ പുല്‍കൂടിനോട് ചേര്‍ന്ന് പാതിരാകുര്‍ബാനയ്ക്ക് നില്‍ക്കുമ്പോള്‍ സല്‍മയുടെ കുഞ്ഞു തൊണ്ടയ്ക്കെങ്ങിനെ ചാവേര്‍ എന്ന വാക്ക് ഉള്‍ക്കൊള്ളാനായി എന്ന ചിന്തയില്‍ ആ കടുത്ത തണുപ്പിലും ഞാന്‍ വിയര്‍ത്തു. പുറംകുപ്പായം ഊരുമ്പോള്‍ അടുത്തു നില്‍ക്കുന്ന ആള്‍ക്കാരുടെ നിശ്വാസങ്ങളാണ് എന്റെ വിയര്‍പ്പിനു കാരണം എന്ന് സ്വയം വിശ്വസിപ്പിക്കാന്‍ ഒരു പാഴ് ശ്രമം കൂടെ നടത്തി. മേലങ്കി ചോദിക്കുന്നവനു കുപ്പായം കൂടെ കൊടുത്ത് സ്വയം നഗ്നനാക്കി, ചോദിക്കുന്നവനെ ലജ്ജകൊണ്ട് ശിരസ്സ് താഴ്ത്തിച്ച് ആത്മാഭിമാനം വീണ്ടെടുക്കേണ്ടതിനെ കുറിച്ച് പാതിരി പ്രസംഗിച്ചപ്പോള്‍ എന്നെ അലട്ടിയത്, എന്നെ ചെറുതായെങ്കിലും പേടിപ്പിക്കാനായപ്പോള്‍ സല്‍മയുടെ കണ്ണുകളില്‍ കണ്ട ആത്മവിശ്വാസത്തിന്റെ തിളക്കമായിരുന്നു. കുര്‍ബാന കഴിഞ്ഞ് സല്‍മയെ ഉള്ളിലിട്ടു തന്നെ ഞാന്‍ അമീറ നില്‍ക്കാമെന്നേറ്റിരുന്ന ബസലിക്കാ പള്ളിയുടെ കവടത്തിലേയ്ക്ക് നടന്നു.

“പ്രാതല്‍ കഴിക്കാന്‍ പോകുമ്പോള്‍ ഹോട്ടലില്‍ പരാതിപ്പെടാം“ അമീറയുടെ നനഞ്ഞ ശബ്ദം. സല്‍മയെ മാറ്റി വീണ്ടും അമീറ മനസ്സ് കയ്യടക്കി.

ജര്‍മ്മന്‍കാരിയാണ് അമീറ. പാലസ്തീനിലെ സംസ്കാരങ്ങളെ കുറിച്ച് പഠിക്കാന്‍ വന്ന സമൂഹ്യ പ്രവര്‍ത്തക.
വികസിത രാജ്യങ്ങളുടെ പാലസ്തീന്‍ സാമൂഹിക സേവനങ്ങളുടെ കേന്ദ്രങ്ങളെല്ലാം ഇസ്രായേലിലെ ജറുസലേമില്‍ ആയിരിക്കുന്നത് എന്തുകൊണ്ട് എന്ന് ഞാ‍ന്‍ ചോദിച്ചപ്പോള്‍ ‍അമീറയുടെ ഉത്തരം, ജര്‍മ്മനിയില്‍ എന്തുകൊണ്ടിപ്പോഴും ധാരാളം ജൂതന്മാര്‍ എന്ന മറുചോദ്യമായിരുന്നു.പിന്നീട് ബുദ്ധിയ്ക്ക് വഴങ്ങി തരാത്ത അത്തരം കാര്യങ്ങളെ കുറിച്ച് സംസാരിക്കാതെ കേരളത്തിലെ മണ്‍സൂണിനെ കുറിച്ച് ഞാനും റെയ്ന്‍ നദിയെ കുറിച്ച് അമീറയും വാചാലരായി.

ഫത്തായും ഹമാസും തമ്മില്‍ ആ‍ഭ്യന്തരയുദ്ധം മൂര്‍ച്ഛീരുന്നതിനാല്‍ പോകുന്നത് ബുദ്ധിയല്ല എന്ന പ്രൊഫസ്സറുടെ ഉപദേശം അവഗണിച്ചാണ് അമീറയുടെ നീര്‍ബന്ധത്തിന് വഴങ്ങി ഞാന്‍ ബെത്‌ലേഹത്തേയ്ക്ക് പുറപ്പെട്ടത്. കുപ്രസിദ്ധമായ ജെറുസ്സലം മതിലും ചെക്ക് പോസ്റ്റും ഒഴിവാക്കി നേരിട്ട് ബത്‌ലേഹത്തേയ്ക്ക് പോകാനാ‍യിരുന്നു, സ്ഥിരം ബെത്‌ലേഹം പാലസ്തീ‍ന്‍ യാത്രകള്‍ നടത്തിയിരുന്ന അമീറയുടെ തീ‍രുമാനം. ജൂത ടാക്സികള്‍ അതിനു തയ്യാറാവാത്തതിനാല്‍ അറബ് ടാക്സിയ്ക്കായുള്ള കാത്തുനില്‍പ്പില്‍ അമീറ ജറുസലേം മതിലിനെ കുറിച്ച് വാചാലയായി.

"പാലസ്തീനിനെ ശരിയ്ക്കും രണ്ടായി പകുക്കുകയാണീ മതില്‍. പാലസ്തീനിയെ ക്രൂശിക്കാനായി മാത്രം ഉണ്ടാക്കിയ ചെക്ക് പോസ്റ്റ്‌. ഈ ചെക്ക് പോസ്റ്റില്‍ വീണ പാലസ്തീന്‍ കണ്ണിരു മാത്രം മതി ഭീമാകാരനായ ഈ മതിലിനെ വീഴ്ത്താന്‍. അത് വീഴുക തന്നെ ചെയ്യും" അമീറയുടെ കുതിരവാല്‍ കൂടുതല്‍ ശക്തിയായി ഇളകി.

"നിനക്കൊന്നും പറയാനില്ലേ അരാഷ്ട്രീയക്കാരി." അമീറയുടെ സ്ഥിരം പരിഹാസം. പാലസ്തീനിനു വേണ്ടി വൈകാരികമായി പ്രതികരിക്കാത്തതിനാണ് ദേഷ്യം. അരാജകവാദി എന്ന് പലപ്പോഴും ഞാന്‍ തിരുത്തിയെങ്കിലും അമീറ അത് വിശ്വസിച്ചില്ല.

“ഈ ഹോട്ടലില്‍ വച്ച് ഒരാള്‍ ഒരു അതിഥിയുടെ മുറി തള്ളി തുറക്കാന്‍ ശ്രമിച്ചെന്നോ? അവിശ്വസനീയം അവിശ്വസനീയം.“
ഹോട്ടല്‍ റെസപ്ഷനില്‍ പരാതി പെട്ടപ്പോള്‍ മാനേജറുടെ മുഖത്ത് വച്ചുകെട്ടിയ അതിശയം.
“പാലസ്തീനിലെ എല്ലാ ഉയര്‍ന്ന പട്ടാള ഉദ്ദ്യോഗസ്ഥരും ക്രിസ്തുമസ്സ് സമയത്ത് തങ്ങുന്നത് ഇവിടെയാണ്. ഒരിക്കലും ഉണ്ടായി കൂടാത്തത്. അസംഭവ്യം” അയാളുടെ പുലമ്പലില്‍ പോലും കൃത്രിമ്വം! ബസിലിക്കാ കവാടത്തിനിപ്പുറം വച്ച് ഒരു വിദേശ വനിതയോട് അപമര്യാദയായി പെരുമാറിയ പട്ടാളക്കാരനോട് അമീറ കയര്‍ത്തിരുന്നു. അയാള്‍ തന്നെയാണ് ഇന്നലെ രാത്രി വാതില്‍ തള്ളി തുറന്ന് ഒരു മല്‍‌പിടിത്തതിനു ശ്രമിച്ചത് എന്നാണ് അമീറയുടെ വാദം. അമീറ മുറിക്കകത്ത് കടന്ന് വാതില്‍ അടയ്ക്കുക്കാനൊരുങ്ങുമ്പോള്‍ അത് തള്ളി തുറന്ന് അകത്ത് കടക്കാന്‍ ശ്രമിച്ച പട്ടാളക്കാരന്റെ മുഖം അവള്‍ വ്യക്തമായി കണ്ടിരുന്നു എന്ന് പറഞ്ഞപ്പോള്‍ എന്നാല്‍ കപ്യൂട്ടറിലെ പട്ടാളക്കാരുടെ പടങ്ങള്‍ നോക്കി തിരിച്ചറിയല്‍ പരേഡ് നടത്താം എന്നായി മാനേജര്‍. ഞാന്‍ പ്രതീക്ഷിച്ചത് പോലെ തന്നെ നിരവധി പടങ്ങള്‍ക്കിടയില്‍ നിന്നും അക്രമിയെ തിരിച്ചറിയാന്‍ അമീറയ്ക്കായില്ല. ആളെ അറിയാതെ എന്തെങ്കിലും ചെയ്യാന്‍ കഴിയില്ലെന്നായി ഹോട്ടലുകാര്‍.

നിശബ്ദയായി ഇരുന്നു ബ്രെഡ് മുറിക്കുന്ന അമീറയുടെ കണ്ണില്‍ ഒരു മുത്തു ഉരുണ്ട് കൂടുന്നത് ഞാന്‍ കണ്ടില്ലെന്ന് നടിച്ചു. പക്ഷേ ഒന്നു മുഖം തിരിച്ച് ശേഷം അവളുടെ കണ്ണില്‍ കണ്ട വന്യമായ തിളക്കം സല്‍മയുടെ ആത്മവിശ്വാസം നിറഞ്ഞ പുഞ്ചിരി ഓര്‍മ്മിപ്പിക്കുന്നതായിരുന്നു.

ഫത്തായും ഹമാസും തമ്മിലെ രൂക്ഷ സംഘര്‍ഷം റോ‍ഡുകളെ വിജനമാക്കിയിരുന്നു. ചെക്ക് പോസ്റ്റ് വഴിയാണ് പോകുന്നതെന്ന് അമീറ കനം തൂങ്ങിയ വാക്കുകളില്‍ നേരത്തെ സൂചിപ്പിച്ചീരുന്നു! അതിര്‍ത്തിയീലേയ്ക്ക് നടക്കുന്നിനിടയ്ക്ക് പാലസ്തീന്‍ പോലീസ് എല്ലാവരേയും തടഞ്ഞു നിര്‍ത്തുന്നു. പെട്ടെന്ന് ശ്വാസഗതി കൂടി. ഒരു സംഘര്‍ഷത്തിനിടയ്ക്ക് രണ്ട് വിദേശ വനിതകള്‍ അകപ്പെട്ടു എന്ന് നാളത്തെ പത്ര തലക്കെട്ട് മിന്നിമാഞ്ഞു. അല്പ സമയത്തിനിടെ അനേകം വാഹന ഉടമ്പടിയോടെ പ്രസിഡണ്ട് അബു മാസെന്‍ കടന്ന് പോയി; പാലസ്തീനു ഇസ്രായേലില്‍ നിന്നും വിട്ട് കിട്ടാനുള്ള പണത്തെ കുറിച്ചുള്ള ചര്‍ച്ച കഴിഞ്ഞു വരുകയായിരുന്നു അദ്ദേഹം. പെട്ടെന്നൊരു കുഞ്ഞു ശബ്ദം,

“സ്വതന്ത്ര പാലസ്തീന്‍ വിപ്ലവം വിജയിക്കട്ടെ“

ഞാന്‍ ഞെട്ടി തിരിഞ്ഞു നോക്കിയപ്പോള്‍ തൊട്ടു പിന്നില്‍ സല്‍മ, ഒരു കൈയില്‍ അവളുടെ ഷോക്കടിപ്പിക്കുന്ന കളിപ്പാട്ടവും മറുകൈ പിടിച്ച് യാക്കൂബും. എന്നെ കണ്ടതും “ഹായ് മേം“ എന്നും പറഞ്ഞ് കുസൃതിയോടെ കളിപ്പാട്ടം പിടിച്ച കൈ നീട്ടി. കൈയില്‍ പിടിക്കാതെ അവളെ കെട്ടിപിടിച്ച് നെറ്റിയില്‍ ഒരുമ്മ കൊടുത്ത് ഞാന്‍ പറഞ്ഞു "വസന്തത്തില്‍ വിജയം നിനക്കാകട്ടെ കുട്ടി"

എന്തായിരിക്കും വസന്തത്തില്‍ സല്‍മയുടെ വിജയം? ജറുസലേമിലെ വഴിയിലേക്കുള്ള ഒരു ചാവേറ്?
അല്ല അല്ല സ്വതന്ത്ര പാലസ്തീനിന്റെ മകള്‍ ഞാന്‍ മനസ്സിനെ സമാധാനിപ്പിച്ചു.

അപ്പോള്‍ മുന്തിരി വള്ളികള്‍ തളിര്‍ക്കുന്ന വസന്തത്തില്‍ ഇസ്രായേല്‍ പട്ടാളം പാലസ്തീനിലെ എല്ലാ ആക്രമികളേയും തകര്‍ക്കുന്നത് സ്വപ്നം കണ്ട് അമീറ എന്റെ ഇടത് ഭാഗത്ത് നടന്നിരുന്നു.

അതിര്‍ത്തിയില്‍ എത്തിയപ്പോഴേയ്ക്കും സല്‍മയും അമീറയും എന്റെ ഹൃദയത്തിന്റെ രണ്‍ട് ഭാഗത്തുമിരുന്ന് ഇലപൊഴിഞ്ഞ മുന്തിരി വള്ളികള്‍ പങ്കെട്ടെടുക്കുകയായിരുന്നു. ഒന്ന് സല്‍മയ്ക്ക്, ഒന്ന് അമീറയ്ക്ക്, പിന്നേയും ഒന്ന് സല്‍മയ്ക്ക്. പകുത്ത് കഴിഞ്ഞപ്പോള്‍ ഒരു മുന്തിരി വള്ളി അധികം വന്നു. സല്‍മ കുഞ്ഞാണല്ലോ എന്നോര്‍ത്ത് അധികം വന്നത് ഞാന്‍ അവള്‍ക്ക് കൊടുത്തു. എന്റെ നാട്ടിലെ കാലാവസ്ഥയില്‍ വസന്തത്തില്‍ മുന്തിരി വള്ളി തളിര്‍ക്കുമെങ്കിലും പൂക്കാറില്ലായിരുന്നു.സല്‍മയും അമീറയുമാകട്ടെ മുന്തിരിക്കുലകളുണ്ടാകുന്ന സുനിശ്ചിതമായ ഒരു വസന്തകാലത്തെ സ്വപ്നം കാണുകയായിരുന്നു.‍


സമര്‍പ്പണം പരാജിതന്റെ മയിലിന്

32 comments:

reshma said...

ഡാലി നന്നായി എഴുതിയിരിക്കുന്നു.
സല്‍മയുടെ കണ്ണുകളിലെ തിളക്കത്തേയാണ് എനിക്ക് പേടി.

vimathan said...

ഡാലീ, അരാജകവാദി എന്നാല്‍ anarchist എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഡാലി ഒരു അനാര്‍ക്കിസ്റ്റ് ആണ് എന്ന് എനിക്ക് തോന്നുന്നില്ലാ. മറ്റൊന്നുകൂടി, ഇത്രയും കാലം ഇസ്രായീല്‍-ഫലസ്തീന്‍ പ്രദേശങളില്‍ കഴിഞ്ഞിട്ടിട്ടും സല്‍മയെ മനസ്സിലാക്കാ‍ന്‍ കഴിഞ്ഞില്ലാ?
sabra എന്നും shatila എന്ന വാക്കുകള്‍ തന്റെ ഇ മെയില്‍ ഐ ഡിയും, പാസ് വേര്‍ഡും ആണ് എന്ന് എന്റെ ഫലസ്തീനി സുഹൃത്തായിരുന്ന മുഹമ്മെദ് അസ്സദ്ദ് ജറാര്‍ പറഞ്ഞപ്പോള്‍ എനിക്കും ആദ്യം അതിന്റെ സാംഗത്യം മനസ്സിലായിരുന്നില്ലാ. പിനീടാണ് ജറാര്‍ ലെബനോണില്‍ നിന്നും വന്ന ഫലസ്തീനിയാണ് എന്ന് എനിക്ക് മനസ്സിലായത്, sabra,shatila എന്ന പേരുകള്‍ എന്താണ് എന്ന് മനസ്സിലായത്.
ഡാലി ഇനിയും ഒരുപാട് മസ്സിലാക്കാന്‍ ഇരിക്കുന്നു.

ഡാലി said...

വിമതന്‍,
ആദ്യമേ ഇതൊരു കഥയാണേ, അങ്ങനെ തന്നെ വായിക്കണം.

എന്റെ നായിക അനാര്‍ക്കിസ്റ്റ് ആണ് :) (പിന്നെ എന്റെ അനാര്‍ക്കിസത്തീന്റെ പേരില്‍ നമ്മള്‍ കല്ലേച്ചിടെ ബ്ലോഗില്‍ സംസാരിച്ചീട്ടുണ്ടല്ലോ, അല്ലേ.)

ഇസ്രായേലില്‍ വന്ന് പലതും മനസ്സിലാക്കിയെങ്കിലും ഇനിയും പിടി തരാത്ത ധാരാളം ധാരാളം കാര്യങ്ങള്‍.

sabra യും shatila വായിച്ച അറിവ് മാ‍ത്രല്ല കഴിഞ്ഞ ലെബനോന്‍ യുദ്ധത്തില്‍ QUANA സംഭവം നടക്കുമ്പോള്‍ ഞാന്‍ ഇസ്രായേലില്‍ ഉണ്ടാ‍യിരുന്നു.

സല്‍മയെ ഞാന്‍ മനസ്സിലാക്കിയില്ല എന്ന് മാത്രം ഈ കഥ വായിച്ചീട്ട് പറയരുത്.

മെലോഡിയസ് said...

ഡാലി. നന്നായി എഴുതിയിരിക്കുന്നു.സല്‍മയുടെ വര്‍ത്തമാനവും അവളുടെ കണ്ണിലെ തിളക്കവും, അതേ തിളക്കവും നിശ്ചയദാര്‍ഡ്യവും ഏതൊരു ഫലസ്തീനിയിലും,പ്രത്യേകിച്ച് ഫലസ്തീന്‍ യുവതക്കിടയില്‍ കാണാനാകും.

mumsy-മുംസി said...

"ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ
പതിതരേ നിങ്ങള്‍ തന്‍ പിന്‍മുറക്കാര്‍...."
എന്ന്‌ പണ്ട്‌ നമ്മുടെയൊരു കവി പാടിയിട്ടുണ്ട്‌.
പ്രതികാരം നടന്നേക്കും .പക്ഷേ പരിഹാരമാണ്‌ ബാക്കിയായേക്കുക.
നന്നായി എഴുതിയിരിക്കുന്നു.

ഉറുമ്പ്‌ /ANT said...

മലയാളം ബ്ലോഗുകള്‍ വായിച്ചു തുടങ്ങുമ്പോല്‍ ഇത്രയും നല്ല്ലൊരു രചന വായിക്കാനകുമെന്നു കരുതിയിരുന്നില്ല,,,,,,,,,,,ഒരു കാല്‍പനിക രചനയെന്നതിനെക്കളുപരി പലസ്റ്റിന്‍ എന്ന നിഷേധിക്കപ്പെട്ട ഒരു ജനതയുടെ നൊംബരങ്ങളും....കണ്ണുകളിലെ ജ്വാലയും സല്‍മയുടെ കണ്ണുകളിലൂടെ പ്രതിഭലിപ്പിക്കുവന്‍ ദാലിക്കു കഴിഞ്ഞിരിക്കുന്നു. ഒന്നം കിട മലയാളം എഴുത്തുകാരുടെ ഇടയിലേക്കു പെണ്ണെഴുതിന്റെ പിന്‍ബലമില്ലതെ കദന്നു വരന്‍ ദലിക്കാവും.............എല്ല ഭാവുകങ്ങളും............!!

രാജ് said...

അവസാനത്തെ ചിത്രം ഒഴിവാക്കാമായിരുന്നല്ലോ ഡാലീ.

ബിന്ദു said...

വളരെ നന്നായി എഴുതിയിരിക്കുന്നു ഡാലി. :)

നിര്‍മ്മല said...

കാനഡയിലെ ശൈത്യകാലത്തെ മുന്തിരി തോട്ടങ്ങളില്‍ നിന്നും എത്രയോ അകലെയാണ് അവിടുത്തേതെന്ന് ഒരു ഞെട്ടലോടെ വായിച്ചറിഞ്ഞു. കാലത്തേയും ദേശത്തേയും വരച്ചിടുന്ന കഥകള്‍ ഇനിയും എഴുതുക ഡാലി. പൂത്ത് കുലയായി പിന്നെ വായനക്കാര്‍ക്കു ലഹരിയായി മാറുന്ന വസന്തത്തിന്റെ മുന്തിരിവള്ളികള്‍ ആ തൂലികയില്‍ കാണുന്നു.

ടി.പി.വിനോദ് said...

നന്നായി എഴുതിയിരിക്കുന്നു ഡാലി.വിശദാംശങ്ങള്‍ക്കിടയിലും പറയാനുള്ളതിന്റെ തീവ്രതയെ ബാധിക്കുന്നതൊന്നും വരാതെ നോക്കിയ സൂക്ഷ്മത വായിക്കാന്‍ കഴിഞ്ഞു..

അശോക് said...

മനോഹരമായ എഴുത്ത്. ചരിത്രത്തിന്റെ ലഹരിയും വര്‍ത്തമാനത്തിന്റെ ചവര്‍പ്പും കുടിക്കാന്‍ വിധിക്കപ്പെട്ടവരാണ്‌ ഇസ്രായലിലേയും പാലസ്തീനിലേയും സാധാരണ ജനങ്ങള്‍. വസന്തം വരുമെന്നും, മുന്തിരിപാടങ്ങള്‍ പൂക്കുമെന്നും തന്നെ പ്ര്'തീക്ഷിക്കാം.

Anonymous said...

എനിക്കീ കഥയിലെ സല്‍മയെ ഇഷ്ടമാ‍യില്ല. സല്‍‍മയുടെ കണ്ണിലെ തിളക്കം ചാവേറാവാനുള്ള തിളക്കമല്ല, ഒരു കുസൃതി കാട്ടിയതിന്റെ മാത്രം തിളക്കമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു.ആ വ്യാഖ്യാനം എനിക്ക് തീരെ ഇഷ്ടമായില്ല. അരുതാത്തത് വായിക്കാനുള്ള പുറം ലോകക്കാരന്റെ വ്യഗ്രത.

മുന്തിരിവള്ളികള്‍ വിടരാന്‍ നില്‍ക്കുന്നത്
എനിക്കിഷ്ടമായി. കരിഞ്ഞുണങ്ങിയ പാലസ്തീന്‍ എപ്പോഴെങ്കിലും വസന്തത്തിലെ മുന്തിരിവള്ളികള്‍ പോലെയാവട്ടെ..

Satheesh said...

എന്താ ഇപ്പം ഇതിനൊക്കെ പറയുക!
എഴുത്ത് നന്നായിരുന്നു എന്ന് മാത്രം പറയട്ടെ.
ലോകത്തില്‍ ഏറ്റവും inferioriy complex ഉള്ള ഒരു സമൂഹമാണ് പലസ്തീനിലെ ജനത എന്ന് എന്റെ colleague ആയ പാലസ്തീനി പറയാറുണ്ടായിരുന്നു. ശരിയാണോ എന്തോ!

വേണു venu said...

ഡാലി, വളരെ ഭംഗിയില്‍ വരച്ചിരിക്കുന്നല്ലോ. സല്‍മയുടെ കണ്ണുകളിലെ തിളക്കവും മൂര്‍ച്ചയും അവസാന ചിത്രം കൂടുതല്‍ അന്വര്‍ഥമാക്കി. ഇഷ്ടപ്പെട്ടു.:)

കെ.പി റഷീദ് said...

ഡാലി,
നല്ല ഒതുക്കം.
നല്ല ഭാഷ.
യാത്രയുടെ വിത്ത്‌ ഉള്ളില്‍ വീണു മുളച്ച
അനേകം കുറിപ്പുകള്‍ വായിച്ചിട്ടുണ്ട്‌.
അതിലൊന്നും കാണാത്ത മനുഷ്യപ്പറ്റിന്റെ
സ്പര്‍ശം ഇവിടെ.
പണ്ടെ ഉള്ളില്‍ ഉണ്ടായിരുന്നു,
ആ ദേശം.
വിഷം കലര്‍ന്ന
അകല്‍ച്ചയുടെ കഥകള്‍.
ഈ കുറിപ്പ്‌ ഒരു നേര്‍ക്കാഴ്ച്‌ തന്നു.

പിന്നെ, അരാജക വാദി എന്നൊക്കെ
ആരോ എഴുതിക്കണ്ടു.
എനിക്കു പിടികിട്ടിയില്ല.
കള്ളികള്‍ക്കു പുറത്തു നില്‍ക്കുന്ന
മനുഷ്യപ്പറ്റിനു എന്തിനു ലേബല്‍?
അതിനാല്‍,ചങ്ങാതിമാരേ ഈ കുറിപ്പിന്റെ
നന്മക്കു മുന്നില്‍
നമുക്കു തല കുനിച്ചു കൂടെ?

പ്രിയംവദ-priyamvada said...

ഡാല്യമ്മെ...
ഇതൊന്നും പോര ..കുറെ കൂടി ഒരു വലിയ കാന്‍വാസ്സില്‍ എഴുതണം..അവിടെ കഴിയാനുള്ള ഭാഗ്യം ലഭിച്ച, ഈ പ്രശ്നത്തില്‍ വ്യത്യസ്ത കാഴ്ച്ചപാടുള്ള(അല്ലെ?) ,നന്നായി എഴുതാന്‍ കഴിവുള്ള ഡാലീസ്‌ ഇതെപറ്റി എഴുതിയാല്‍ അതൊരു അപൂര്‍വ സംഭാവന തന്നെയായിരിക്കും.

പക്ഷെ അവിടന്നു പോന്നതിനു ശേഷം മതി കെട്ടോ.കുട്ടിയേടത്തി പറഞ്ഞ മനഃസാക്ഷി പിടികൂടുന്നതിനു മുന്‍പു തന്നെ വേണം :-)
..ബൂലോക സമ്മര്‍ദ്ധം ഒന്നുമല്ല ,
ഇവിടെ ഇപ്പോള്‍ വീട്ടുകാരന്‍ വായിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന "The great transformation ,the beginning of religious traditions " by Karen Amstrong നെ പറ്റി പറഞ്ഞു തന്നപ്പോഴാണു ഇങ്ങനെ എഴുതണമെന്നു തോന്നിയതു.

സജിത്ത്|Sajith VK said...

:)

ശാലിനി said...

ഗള്‍ഫിലെത്തുന്നതിനുമുന്‍പ്, വാര്‍ത്തകളിലൂടെമാത്രമേ ഈ പ്രശ്നങ്ങളെകുറിച്ച് അറിഞ്ഞിട്ടുള്ളൂ. എന്നാല്‍ ഇവിടെ പാലസ്തീന്‍, ലെബനോന്‍, ഇറാക്ക്.. എല്ലാ നാട്ടുകാരും ഒരുമിച്ച് ജോലിചെയ്യുന്നു, ഓരോരുത്തരുടേയും അഭിപ്രായങ്ങള്‍ കേള്‍ക്കുമ്പോള്‍ അവരുടെ ഭാഗത്തുനിന്ന് ചിന്തിക്കുമ്പോള്‍ ഏതു ശരി ഏതു തെറ്റ് എന്നു തിരിച്ചറിയാന്‍ പറ്റുന്നില്ലല്ലോ എന്നോര്‍ക്കും.

ഒന്നുമാത്രം ആഗ്രഹിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു, ഈ യുദ്ധങ്ങള്‍ക്കൊരു അറുതി വരുത്തണേ ദൈവമേ, എല്ലാവരും സന്തോഷത്തോടെ ജീവിക്കുന്ന ഒരുകാലം വരണേ എന്നും.

പരാജിതന്‍ said...

സുന്ദരമായ രചന. അടുത്തിടെയൊന്നും ഫിക്ഷന്‍ കാറ്റഗറിയില്‍ ഇത്രയും നല്ലൊരു കൃതി ബ്ലോഗില്‍ വായിച്ചിട്ടില്ല. ഇത്തിരിയൊന്നു വഴുതിപ്പോയാല്‍ നാട്യമെന്ന നിലയിലേക്ക്
വീണുപോകാന്‍ സാധ്യതയുള്ള സബ്‌ജക്ടായിട്ടു പോലും തികഞ്ഞ കൈയടക്കമുള്ള ഒരു കഥാകാരിയുടെ പ്രതിഭാസ്പര്‍‌ശം കാണാന്‍ കഴിയുന്നുണ്ട്, കഥയിലുടനീളം. അഭിനന്ദനങ്ങള്‍.

അപ്പു ആദ്യാക്ഷരി said...

ഡാലിച്ചേച്ചീ...വളരെ വളരെ ഇഷ്ടമായി ഈ കഥ(??) സംഭവം എന്നു മാത്രം പറയട്ടെ. പ്രിയംവദ പറഞ്ഞതിനടിയില്‍ എന്റെയും ഒരൊപ്പ്.

സാല്‍ജോҐsaljo said...

പകുതിവരെ വായിച്ചു. സമയക്കുറവിനാ‍ല്‍,... അടുത്ത ബ്രേക്കില്‍ മുഴുവന്‍.

എഴുതാതെ വയ്യ. ആ രചനാശൈലി മനോഹരമായിരിക്കുന്നു.!

മൂര്‍ത്തി said...

ദാലി,

വായിച്ചു...

അവസാനം മുന്തിരിവള്ളി കൊടുക്കുന്ന ഭാഗത്തെത്തിയപ്പോള്‍ ഒരു കണ്‍ഫ്യൂഷന്‍...അമീറയും സല്മയും പാലസ്തീന്‍ പക്ഷപാതികളാണെന്നും ( പാലസ്തീനു വേണ്ടി വികാ‍രപരമായി സംസാരിക്കാത്തതിനു ദേഷ്യപ്പെടുന്നുണ്ട് അമീറ) കരുതി വായിച്ചുവന്നു..അവസാനം ഒരാള്‍ക്ക് അല്പം കൂടുതല്‍ മുന്തിരിവള്ളി കൊടുത്തപ്പോള്‍ ഒരു സംശയം...ഇനി അമീറ സല്‍മക്ക് എതിരാണോ എന്ന്. വീണ്ടും വായിച്ചിട്ടും കണ്‍ഫ്യൂഷന്‍ തീരാത്തതുപോലെ..പാലസ്തീന്‍ പ്രശ്നത്തെക്കുറിച്ചുള്ള പുസ്തകം ഒന്നുകൂടി മറിച്ചുനോക്കി ഈ പോസ്റ്റ് ഒന്നുകൂടി വായിക്കാം എന്ന് കരുതിയിരിക്കെ,ബ്ലോഗറല്ലാത്ത ഒരു സുഹൃത്തിനെ ചാറ്റില്‍ കിട്ടി. ലിങ്ക് കൊടുത്തു..സുഹൃത്ത് ചില വ്യാഖ്യാനങ്ങള്‍ നല്‍കി..അതിങ്ങനെ...

അമീറ എന്നത് അറബിയിലും ഹിബ്രൂവിലും ഉള്ള ഒരു പേരാണ്..(ഇത് ഞാന്‍ പിന്നീട് ഗൂഗിള്‍ ചെയ്തുനോക്കി ശരിയാണെന്നു കണ്ടുപിടിച്ചു)അതില്‍ ഒരു ക്രാഫ്ട്മാന്‍ഷിപ്പ് ഉണ്ടെന്നാണ് സുഹൃത്ത് പറഞ്ഞത്..ചാഞ്ചാടുന്ന സ്വഭാവം ഉള്ള കഥാപാത്രത്തിനു ആ പേരു നല്‍കിയതില്‍..
കഥാകാരിയുടെത്തന്നെ മനസ്സിന്റെ രണ്ടു വശങ്ങളായി ഇവരെ കാണാമോ? അമീറയും സല്‍മയും പാലസ്തീന്‍ പക്ഷപാതികളാണ്. അമീറ വികാരപരമായ വശത്തെ യും സല്‍മ വിചാരപരമായ വശത്തേയും പ്രതിനിധീകരിക്കുന്നു..മതിലുകള്‍ക്കെതിരാണെങ്കിലും, ചെക്ക്പോസ്റ്റ് പാലസ്തീനികളെ ദ്രോഹിക്കുന്നു എന്നൊക്കെ തിരിച്ചറിയുന്നുവെങ്കിലും, അമീറ ചെറിയ പരുക്കന്‍ നടപടികള്‍ പാലസ്തീന്‍ ഭാഗത്ത് ഉണ്ടാവുമ്പോള്‍ പോലും ഇസ്രായേല്‍ പട്ടാളക്കാര്‍ അടിച്ചമര്‍ത്തണം എന്നു വിചാരിക്കുന്നു. കാര്യത്തോടടുക്കുമ്പോള്‍ ഒരു ഉറപ്പ് ഇല്ലാത്ത മനസ്ഥിതി..സല്‍മ നിഷ്കളങ്കമായ നിശ്ച്ചയ ദാര്‍ഢ്യത്തിന്റെ മറ്റേ വശം...കഥാകാരി സല്‍മക്ക് ഒരു വള്ളി കൂടുതല്‍ നല്‍കുമ്പോള്‍ വിചാരപരമായ വശത്തിനു പ്രാധാന്യം നല്‍കുന്നു. ചാവേര്‍ ആകാതെത്തന്നെ നാളെ എല്ലാം ശരിയാവട്ടെ എന്ന് ആഗ്രഹിക്കുന്നു..

വധം ആയെങ്കില്‍ ഡിലിറ്റിയേക്കുക...

കണ്ണൂസ്‌ said...

ഡാലീ, വളരെ മനോഹരമായി എഴുതിയിരിക്കുന്നു.

ചിലപ്പോഴൊക്കെ " എന്തിനാ ഞാനൊക്കെ ജീവിക്കുന്നത്‌" എന്നൊരു ചിന്ത കടന്നു പോവാറുണ്ട്‌ മനസ്സിലൂടെ. ഈ കഥ വായിച്ചപ്പോള്‍ തോന്നിയതും അതാണ്‌. അത്‌ എന്തുകൊണ്ടാണെന്ന് കൃത്യമായി പറയാനും പറ്റുന്നില്ല.

മൂര്‍ത്തി മാഷുടെ കമന്റ്‌ വായിച്ചപ്പോള്‍ സല്‍മയുടെ അര്‍ത്ഥവും നോക്കി ഞാന്‍. Ambitious, peace, safe എന്നൊക്കെയാണ്‌. യാദൃശ്ചികമാണോ ഡാലീസേ? അതോ കരുതിക്കൂട്ടി കൊടുത്തതാണോ രണ്ട്‌ പേരുകളും?

വേഴാമ്പല്‍ said...

ഡാലീ. നന്നായിരിക്കുന്നു ,ബ്ലോഗില്‍ ഇതുവരെ വായിക്കാന്‍ കഴിഞ്ഞതിലേറ്റവും മനോഹരമായത്.ആത്മാര്‍ത്ഥത തുളുമ്പുന്ന വരികള്‍ കൊണ്ട് സമ്പന്നമാക്കിയ എഴുത്ത് ഇനിയും ഇത്തരം കൃതികള്‍ പ്രതീക്ഷിക്കുന്നു.

ചില നേരത്ത്.. said...

ആയിടത്തെ രാഷ്ട്രീയം ബോറടിച്ച് തുടങ്ങി.നന്നായി എഴുതിയിരിക്കുന്നുവെങ്കിലും, അതുകൊണ്ടായിരിക്കണം ഒരു കഥ വായനയുടെ ആലസ്യം എനിക്ക് കിട്ടാതെ പോയത്.
(ഗസാന്റെ കല്ലുകള്‍ എന്നയൊരു കഥ ഇതേപശ്ചാത്തലത്തില്‍ കുറച്ച് മാസങ്ങള്‍ക്ക് മുന്നേ മനോഹരമായി ബെന്യാമിന്‍ മാതൃഭൂ‍മിയില്‍ എഴുതിയിരുന്നു.)

Abdu said...

എത്ര കണ്ണടച്ചാലും തുളഞ്ഞ് കയറും കത്തുന്ന ചില വെളിച്ചങ്ങള്‍. കണ്ണൂസ് പറഞ്ഞ പോലെ ‘ജീവിച്ചിരിക്കുന്നതിനുള്ള എല്ലാ ന്യായങ്ങളേയും’ കരിച്ച് കളയുന്നവ.

എപ്പോഴും നഷ്ടപ്പെടുകമാത്രം ചെയ്യുന്ന എത്രയെത്ര ജീവിതങ്ങള്‍.


പൂക്കുമോ എന്നെങ്കിലും ഒരു മധുര-മുന്തിരി വസന്തം?

ഡാലി said...

ചോദ്യങ്ങള്‍ക്കുള്ള ഉത്തരം, പേരുകളുടെ ജനനം എല്ലാം ഒരു പോസ്റ്റായി ഇട്ടീട്ടുണ്ട്. വായനയെ ബാധിക്കരുത് എന്ന് കരുതിയാണ് മറുപടി വൈകിച്ചത്.വായിച്ച എല്ലാവര്‍ക്കും നന്ദി.

ദേവന്‍ said...

ഡാലി,
അസ്സല്‍ ശൈലി. ആദ്യമായെഴുതിയ കഥയാണോ ? ബ്ലോഗില്‍ മറ്റുകഥകളൊന്നും ഇതുവരെ കണ്ടിട്ടില്ലാത്തതുകൊണ്ട് അതിശയം.

സാല്‍ജോҐsaljo said...

...യഥാര്‍ത്ഥത്തില്‍ മുന്തിരി എന്ന ചെടി എന്താണെന്ന് യാത്രക്കാരന് മനസ്സിലായതേ ഇല്ല.

വിരുന്നു വരുന്ന യാത്രക്കാരനു കാണാന്‍ കഴിയാത്ത സമാധാനം എന്ന മുന്തിരി.



തോട്ടകാരനു മുന്നില്‍ മാത്രം അവ എല്ലാകാലത്തും മുന്തിരി ചെടികളായി നിലനിന്നു.

അതിന്റെ ഭാഗഭാക്കായി മാറിയ ഒരു ജനത!


ഈ വരികളാണ് ഏറെ എന്നെ ആകര്‍ഷിച്ചത്.

മനോഹരവും, അര്‍ത്ഥവത്തും.
സമാനമായ കൃതികള്‍ വരട്ടെ

ഇട്ടിമാളു അഗ്നിമിത്ര said...

ഡാലി... ഇന്നാണ്‍ ഇതും വായിച്ചെ.... അറിയാത്ത നാടിന്റെ അറിയുന്ന നോവുകള്‍ അല്ലെ....?

മുസ്തഫ|musthapha said...

ഡാലി,
വളരെ നന്നായി എഴുതിയിരിക്കുന്നു.
സല്‍മ മനസ്സില്‍ വല്ലാത്തൊരു വിങ്ങലായി നില്‍ക്കുന്നു.

സു | Su said...

നന്നായിട്ടുണ്ട്.