Tuesday, July 17, 2007

സര്‍പ്പഗന്ധി

കെ. ആര്‍. നാരായണന്‍ പത്രത്താളുകളിലും ടി.വി സ്ക്രീനിലും നിറഞ്ഞപ്പോഴൊക്കെ ലീ‍ന സെബാസ്ത്യന്റെ മനസ്സില്‍ തെളിഞ്ഞത് കുമാരിയായിരുന്നു. രണ്ടുപേരുടേയും നനുത്ത മുഖത്തെ കണ്ണുകള്‍ക്ക് ഒരേ ആര്‍ദ്രത, പിന്നെ പതിഞ്ഞ ചിരിയും. ലീന സെബാസ്ത്യനെ സംബന്ധിച്ചിടത്തോളം നാരായണനെ കുറിച്ചുള്ള ഓരോ വാര്‍ത്തകളും, കുമാരിയുടെ വീടിന്റെ അടുക്കളയോട് ചേര്‍ന്ന് വളരുന്നുണ്ടെന്ന് ലീന വിശ്വസിച്ചിരുന്ന സര്‍പ്പഗന്ധിയുടെ ഇലകളും ചില്ലകളുമായിരുന്നു. കെ.ആര്‍ നാരായണന്‍ രാഷ്ട്രപതിയായപ്പോള്‍ ആ ചെടി പൂത്തെന്നും രാഷ്ട്രപതിയുടെ അധികാരങ്ങള്‍ ഉപയോഗിച്ച് വാര്‍ത്തകളില്‍ നിറഞ്ഞപ്പോള്‍ അത് കായ്ച്ചെന്നും ലീന സെബാസ്ത്യന്‍ സ്വപ്നം കണ്ടു.

നാരായണന്‍ ഉപരാഷ്ട്രപതിയായി വാര്‍ത്തകളില്‍ വന്നിരുന്ന സമയത്താണ് ലീന സെബാസ്ത്യന്‍ പത്താംക്ലാസ് ജയിച്ചത്. അന്നാളുകളില്‍ ലീനയുടെ വീട്ടിലെ ഊണുമേശ ചര്‍ച്ചകളില്‍ സ്ഥിരം കടന്നുവരാറുള്ള പേരായിരുന്നു കെ.ആര്‍. നാരായണന്‍. മുതിര്‍ന്നവരുടെ ചര്‍ച്ചകളില്‍ കേട്ട് കേട്ട് ലീനയ്ക്ക് ആ പേരിനോട് ഒരിഷ്ടം തോന്നി. ചേച്ചി വെള്ളായണിപച്ചയിലെ കാട്ടില്‍ നിന്നും കൊണ്ട് വന്ന് കൊടുത്ത സര്‍പ്പഗന്ധി ചെടി പൂ‍ത്തപ്പോള്‍ ലീന അതിനെ നാ‍രായണന്‍ എന്ന് വിളിച്ചു; തീയുടെ നിറമായിരുന്നു അതിന്റെ പൂക്കള്‍ക്ക്. ലീനയുടെ അന്ധവിശ്വാസ ശേഖരത്തിലെ ആത്മവിശ്വാസവും തീയുടെ നിറമുള്ള പൂക്കളായിരുന്നു.

കുഞ്ഞു കുഞ്ഞു അന്ധവിശ്വാസങ്ങള്‍ ഉപാധികളോ കാരണങ്ങളോ കൂടാതെ തന്നെ ലീനയുടെ കൊച്ച് മനസ്സിന്റെ ഭാഗമായിരുന്നു. സ്കൂളില്‍ പോകുന്ന വഴിക്ക് ചാണകത്തില്‍ ചവിട്ടിയാല്‍ അടി കിട്ടുമെന്നും പരിഹാരമായി പൊട്ടിച്ചെടിയുടെ ഇല മുടിയില്‍ ചൂടണമെന്നുമുള്ള വിശ്വാസത്തിന്‍ പുറത്ത് അടി പൂര്‍ണമായും ഒഴിവാക്കാന്‍ എന്നും പൊട്ടിച്ചെടിയുടെ ഇല തുളസി കതിരു പോലെ ലീന മുടിപിന്നലുകള്‍ക്കിടയില്‍ തിരുകി. വെളുത്ത അംബാസിഡര്‍ കാറിനൊപ്പം കാക്കയെ കണ്ടാല്‍ അപ്പം കിട്ടുമെന്ന ധാരണയില്‍ കാറിനൊപ്പം കാക്കയെ കണ്ടില്ലെങ്കില്‍ അവള്‍ ഖിന്നയായി. ഒരു മൈനയെ കാണുന്നത് സങ്കടം വരുത്തുമെന്നതിനാല്‍ പ്രതീക്ഷകളുടെ കത്ത് കൊണ്ട് വരുന്ന രണ്ടാം മൈനയെ കാണുന്നത് വരെ ഒരു സങ്കടകാലത്തെ തന്റെ പുറകിലവള്‍ പ്രതിക്ഷിച്ചു. വെള്ള വളകളിട്ട് പരീക്ഷയെഴുതിയാല്‍ നല്ല മാര്‍ക്ക് കിട്ടുമെന്നതിനും, നീല ഉടുപ്പിടുന്ന ദിവസം വഴക്കു കിട്ടുമെന്നതിനും അവള്‍ അനുഭവസ്ഥയായിരുന്നു. വീടിനു പുറക് വശത്തെ പുഷ്കരമൂലത്തില്‍ വെള്ള പൂക്കളുണ്ടാവുന്ന ദിവസം ഒരു മരണം നടക്കുമെന്നതും തീയുടെ നിറമുള്ള പൂക്കള്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും എന്നതും അത്തരത്തില്‍ വര്‍ത്തമാന സംഭവങ്ങളില്‍ നിന്ന് ലീന മനസ്സിലേയ്ക്ക് നടന്ന് കയറിയ അന്ധവിശ്വാസങ്ങളാണ്.

പ്രശസ്തമായ കോളേജിലെ രണ്ടാം ദിവസം റാഗിംഗ് സമയത്താണ് ലീന കുമാരിയെ ആദ്യമായി ശ്രദ്ധിച്ചത്.

“എന്താടോ തന്റെ പേര്?“ സംഘത്തലവിയാണ്.
“കുമാരി“
“കുമാരനാശാന്‍ തന്റെ ആരാണ്? “
“ആരുമല്ല“
ആ ഉത്തരം അവര്‍ക്ക് രസിച്ചില്ല. അവര്‍ അവളെ ആകെ ഉഴിഞ്ഞു നോക്കി
“എത്ര മാര്‍ക്കുണ്ടായിരുന്നു“
“നാനൂറ്റി അറുപത്തഞ്ച്“ ആത്മവിശ്വാ‍സത്തോടെ ഒരു മറുപടി.
“ഹ ഹ “ കൂട്ടത്തിന്റെ പരിഹാസ ചിരികള്‍!
“എസ്സിഎസ്റ്റി ആണല്ലേ! എന്തായാലും നീയൊന്നും ജയിക്കാന്‍ പോകുന്നില്ല. പിന്നെ വെറുതെ എന്തിനാ ഒരു സീറ്റ് കളയുന്നത്.“
“എന്താടോ ഇവിടെ ഒരു വല്ലാത്ത മണം?“ ഒരാള്‍ക്ക് മുനയുള്ള സംശയം
“ കുളിക്കാത്ത ജാതി“ പിറുപിറുക്കലോടെ കടന്ന് പോകുകയാണവര്‍

തലകുനിച്ചിരിക്കുന്ന ലീനയുടെ കണ്ണില്‍പ്പെടുന്ന കുമാരിയുടെ പുറഭാഗം അപ്പോഴും ഈറന്‍ മുടിയിലെ വെള്ളം വീണ് നനഞ്ഞ് കിടന്നിരുന്നു!! കുമാരി പതുക്കെ ബെഞ്ചിലേയ്ക് താഴുമ്പോള്‍ അവളുടെ ആത്മവിശ്വാസത്തിന്റെ ബലൂണില്‍ ചെറുതല്ലാത്ത തുള വീണിരുന്നു. ലീനയാകട്ടെ എസ്സീഎസ്റ്റി എന്ന വാക്കിനെ മെരുക്കാന്‍ ശ്രമിക്കുകയായിരുന്നു. കേട്ടീട്ടുണ്ട് ആ വാക്ക്, പക്ഷേ അതിന്റെ അര്‍ത്ഥം ആലോചിക്കുമ്പോള്‍ കനമുള്ള എന്തോ ഒന്ന് മാത്രം ചിന്തയില്‍ പൊങ്ങി പൊങ്ങി നടക്കുന്നു. ലീനയ്ക്ക് ചില സമയങ്ങള്‍ ഉണ്ടാകുന്നതാണിത്. ചില വാക്കുകള്‍ മനസ്സില്‍ വരുമ്പോള്‍ കനമുള്ള എന്തോ‍ ഒന്ന് എന്ന പ്രതിതി. അവയാകട്ടെ പൊങ്ങി നടക്കുകയും ചെയ്യും! സ്കൂള്‍ ക്ലാസ്സിലേയ്ക്ക് തിരിച്ചു ചെന്ന് എസ്സീഎസ്റ്റി എന്ന് വാക്ക് പെറുക്കിയെടുക്കാന്‍ ലീന ഒരു ശ്രമം നടത്തി,പക്ഷേ അവിടെ വേദോപദേശക്കാരും സന്മാര്‍ഗക്കാരും മാത്രമാണ് ഉണ്ടാ‍യിരുന്നത്. കത്തോലിക്കക്കാരെല്ലം വേദപാഠം പഠിച്ചപ്പോള്‍ ബാക്കി എല്ലാവരും സന്മാര്‍ഗ്ഗം പഠിച്ചു.വേദോപദേശത്തേക്കാള്‍ സന്മാര്‍ഗ്ഗ കഥകളായിരുന്നു ലീനയ്ക്കിഷ്ടം.

എം.ബി.ബി.എസ്. നും എഞ്ചിനീയറിംഗിനുമുള്ള കോച്ചിംഗ് സെന്റര്‍ കോളേജിന്റെ അടുത്തായിരുന്നതിന്നാല്‍ കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള ജില്ലകളിലെ റാങ്ക്‌‍കാര്‍ പഠിക്കാന്‍ എത്തിയിരുന്ന കോളേജ് ആയിരുന്നു അത്.വീടിനേറ്റവും അടുത്തുള്ള ആ കോളേജില്‍ തന്നെ മകള്‍ പഠിക്കണമെന്ന് ലീനയുടെ അമ്മയ്ക്കൊരു ആശയാണ്, ആണ്‍കുട്ടികള്‍ ഉള്ള കോളേജിലൊന്നും നല്ല കുടുംബത്തിലെ കുട്ടികളെ വിട്ട് കൂടാ എന്ന് ലീനയുടെ അപ്പന്‍ സെബാസ്ത്യനു വാശിയും. ആ ആശയ്ക്കും വാ‍ശിയ്ക്കും മുകളില്‍ ലീനയ്ക്കൊരു വീറോ ശബ്ദമോ അന്നില്ലായിരുന്നു.

“അഞ്ഞൂറ്റി മുപ്പത് മാര്‍ക്കല്ലേയുള്ളൂ മോള്‍ക്ക്. ജെനറല്‍ മെറിറ്റില്‍ കിട്ടാന്‍ ബുദ്ധിമുട്ടാവും, കാത്തലിക് കോട്ടയില്‍ ഒന്ന് ശ്രമിച്ച് നോക്ക് “ പ്രവേശനാപേക്ഷ വാങ്ങി വയ്ക്കുന്ന കൌണ്ടറില്‍ ഇരുന്ന സിസ്റ്റര്‍ വിക്ടോറിയ പറഞ്ഞത് കേട്ടപ്പോള്‍ തന്നെ ലീ‍നയുടെ അമ്മ ഉണ്ണീശോയുടെ നൊവേന ചൊല്ലി, ഒരു മെഴുകുതിരിക്കാല്‍ നേര്‍ച്ച നേര്‍ന്നു. കുമാരിയുടേയും വീടിന് ഏറ്റവും അടുത്തുള്ള കോളേജും അത് തന്നെയായിരുന്നു. അവിടെ പ്രവേശനം കിട്ടിയില്ലെങ്കില്‍ കുമാരി തന്റെ കൂടെ വാര്‍ക്ക പണിയ്ക്ക് വരുന്നതാണ് നല്ലതെന്ന് കുമാരിയുടെ അമ്മ വിശ്വസിച്ചു. കുമാ‍രി അടുത്ത കാവില്‍ ഒരു കോഴി നേര്‍ച്ച നേര്‍ന്നു.നേര്‍ച്ചകള്‍ ചിലപ്പോഴെങ്കിലും ഫലിച്ചിരുന്നു! അറനൂറില്‍ അഞ്ഞൂറ്റി മുപ്പത് മാ‍ര്‍ക്ക് കിട്ടി, തന്റെ സ്കൂളില്‍ ഒന്നാമതായ ലീന സെബാസ്ത്യന്‍ സമുദാ‍യ സംവരണത്തിലും നാനൂറ്റി അറുപത്തഞ്ച് മാര്‍ക്ക് കിട്ടി അവരുടെ പഞ്ചായത്തിലെ സംവരണ വിഭാഗത്തിലെ അവാര്‍ഡ് കരസ്ഥമാക്കിയ കുമാരി ജാതി സംവരണത്തിലും സെക്കന്റ് ഗ്രൂ‍പ്പില്‍ പ്രവേശനം നേടി.

വീട്ടിലെത്തി ബാഗ് കട്ടിലേയ്ക്ക് വലിച്ചൊരു ഏറും കൊടുത്ത് മുഖവും വീര്‍പ്പിച്ച് അടുക്കളയിലെ ബെഞ്ചില്‍ പോയിരുന്നപ്പോള്‍ ലീനയെ അമ്മ കളിയാക്കി.

“ഇന്നെന്താ മുഖം വട്ടേപ്പം വീര്‍പ്പിച്ചാണല്ലോ. എങ്കില്‍ ചായക്ക് പലഹാരം അതു തന്നെ ആയിക്കോട്ടെ.“

ലീന റാഗിംഗിങ്ങിന്റെ സങ്കടം അടുക്കള ബെഞ്ചില്‍ പെയ്തൊഴിഞ്ഞു. അടുക്കളയിലെ പരിഭവമഴ സ്ഥിരമുള്ളതാണ്. മഴതോര്‍ച്ചയായി അമ്മ പകരം വയ്ക്കുന്ന വാക്കുകളെ ആത്മവിശ്വാസത്തിന്റെ ഗുളികകള്‍ എന്ന് ചേച്ചി പരിഹസിച്ചു. ആത്മാവിശ്വാസ ഗുളിക രണ്ട്മൂന്നെണ്ണം കിട്ടിയപ്പോള്‍ പിന്നെ ലീനയുടെ മനസ്സീല്‍ ബാക്കിയായത് എസ്സീഎസ്റ്റി എന്ന വാക്ക്.അന്നത്തെ തോട്ടം നനയ്ക്കിടെ മുറ്റത്തെ സര്‍പ്പഗന്ധിയെ ലീന പിന്നേയും മാമോദീസ മുക്കി.
“പിതാവിന്റേയും പുത്രന്റേയും പരിശുദ്ധാത്മാവിന്റേയും നാമത്തില്‍ സര്‍പ്പഗന്ധിയെന്ന കുമാ‍രിനാരായണനെ ഞാന്‍ മാമോദീ‍സ മുക്കുന്നു.“ പൂചെരികയിലെ വെള്ളം പൂ‍ക്കള്‍ക്ക് മേലെ വീണപ്പോള്‍ അടുത്ത് നിന്നിരുന്ന കോളാമ്പി പൂക്കള്‍, ഗാര്‍ഗിയും മൈത്രേയിയും തലതൊട്ടമ്മമാരായി. സ്കൂള്‍ ദിവസങ്ങളിലൊന്നില്‍ ഒരു പദ്യക്ലാസ്സില്‍ നിന്നും ലീനയുടെ കൈപിടിച്ച് ഇറങ്ങി വന്നവരായിരുന്നു ഗാര്‍ഗിയും മൈത്രേയിയും.
“ഇനി എന്നും കുമാരിയുടെ അടുത്ത് തന്നെ ഇരിക്കണം” ലീന മനസ്സിലുറപ്പിച്ചു

ക്ലാസ്സ് തുടങ്ങി മൂന്നാം ദിവസം ക്ലാ‍സ്സ് ടീച്ചര്‍ മിസ്സ് ശാന്ത എല്ലാവര്‍ക്കും പേരിന്റെ ആദ്യക്ഷര ക്രമത്തിലുള്ള റോള്‍ നമ്പര്‍ തന്നതിനുശേഷം ക്ലാസ്സ് ടീച്ചര്‍ എന്ന നിലയിലുള്ള തന്റെ നയം ഇങ്ങനെ പ്രഖ്യാപിച്ചു.
“ഇനി മുതല്‍ എല്ലാ കാര്യത്തിനും റോള്‍ നമ്പര്‍ ആണ് ഉപയോഗിക്കേണ്ടത്. എല്ലാവരും റോള്‍ നമ്പര്‍ പ്രകാരം ഇരിക്കുക. ഇരിക്കുന്ന ബെഞ്ച് എല്ലാ ദിവസവും റോട്ടേഷന്‍ അനുസരിച്ച് മാറണം. ഒരു നിരയില്‍ ഇരിക്കുന്നവര്‍ ഒരു ഗ്രൂപ്പ്, ആ ഗ്രൂപ്പിനൊരു ലീഡര്‍. ക്ലാസ്സ് ലീഡറേയും ഗ്രൂപ്പ് ലീഡറേയും എല്ലാ‍ മാസവും തിരഞ്ഞെടുക്കണം.ക്ലാസ്സില്‍ ഒരു തരത്തിലുള്ള വേര്‍തിരിവുകളും പ്രത്യേക ഗ്രൂപ്പുകളും ഉണ്ടാവരുത്.“

ഇംഗ്ലീഷ് അക്ഷരമാല ക്രമത്തില്‍ ലീന ലക്ഷ്മിയുടേയും ലിഷയുടേയും ബെഞ്ചിലായി. കുമാരി തൊട്ടപ്പുറത്തെ ബഞ്ചില്‍ കുസുമത്തിന്റേയും കാതറീന്റേയും ഇടയിലിരുന്ന് വീര്‍പ്പു മുട്ടി. കുമാരിയുടെ മുടിയിലെ എണ്ണ പറ്റാ‍തെ ഇരുന്നു നോട്ടെഴുതാന്‍ കുസുമവും കാതറിനും വല്ലാതെ ബുദ്ധിമുട്ടുകയും ചെയ്തു. മലയാള അക്ഷരമാല ക്രമത്തില്‍ ഇരുത്തിയിരുന്നെങ്കില്‍‍ കുമാരിയില്‍ നിന്നും താന്‍ ഏറെ ദൂരെ ആയി പോയേനെ എന്ന ചിന്തയില്‍ ലീന ഇംഗ്ലീഷ് അക്ഷരമാലയെ സ്നേഹിക്കാന്‍ തുടങ്ങി.

ഇന്റര്‍വെല്‍ സമയങ്ങളില്‍ കുമാരിയോട് കൂടുതല്‍ സമയം ചിലവഴിക്കാന്‍ ലീന ശ്രമിച്ചപ്പോള്‍ കുമാരി കഴിയുന്നതും അവളെ പോലെ തന്നെ സംവരണക്കാരിയായ ഷീബയുമായി കൂട്ടുകൂടാന്‍ ഇഷ്ടപ്പെട്ടു. ഡേ സ്കോളറായ ലീന കൊണ്ട് വന്നിരുന്ന ചപ്പാത്തിയിലും വറുത്തിറച്ചിയിലും ഹോസ്റ്റല്‍വാസികള്‍ കൈ വച്ചപ്പോള്‍ അവര്‍ക്ക് കൊടുത്തതില്‍ കൂടുതല്‍ സ്നേഹത്തോടെ അതില്‍ നിന്നൊരു ചപ്പാത്തി കുമാരിയ്ക്ക് കൊടുക്കണം എന്ന് ലീന മോഹിച്ചു. പക്ഷേ ഭക്ഷണ സമയത്ത് കുമാരിയും ഷീബയും തേര്‍ഡ് ഗ്രൂപ്പിലുള്ള അവരുടെ കൂട്ടുകാരുടെ കൂടെ പോയിരുന്നു കഴിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നു. ചോ‍റുപാത്രം കഴുകാനെടുക്കുമ്പോള്‍ ഒരു ചപ്പാത്തിയും മൂന്ന്‌ നാല് കഷ്ണം വറുത്തിറച്ചിയും എന്നും ബാക്കി കിടന്നത് ലീനയുടെ അമ്മയെ അസ്വസ്ഥയാക്കി.

ആര്‍ട്ട്‌സ് സെക്രട്ടറിയായി മത്സരിച്ച അരുണ ചേച്ചി പ്രചാരണ മത്സരങ്ങളില്‍ കൈയ്യടി നേടിയിരുന്നത് രാഷ്ട്രപതി ശങ്കര്‍ദയാല്‍ ശര്‍മ്മയുടെ താറാവ് നടത്തം അനുകരിച്ചായിരുന്നു. പലരേയും അനുകരിക്കാന്‍ കുട്ടികള്‍ ആവശ്യപ്പെട്ടപ്പോള്‍ ഉപരാഷ്ട്രപതി കെ.ആര്‍. നാരായണനെ അനുകരിക്കമോ എന്നതായിരുന്നു ലീനയുടെ ചോദ്യം. അടുത്ത തവണ തീര്‍ച്ചയായും അനുകരിക്കാം എന്ന് പറഞ്ഞ് ക്ലാസ്സില്‍ നിന്നും ഇറങ്ങിയ അരുണ ചേച്ചി ലീ‍നയെ സ്വകാര്യമായീ വീളിച്ച് പറഞ്ഞു. “അനുകരിക്കാന്‍ പറ്റിയ വൈകൃതങ്ങള്‍ നാരായണനുള്ളതായി ഞാന്‍ ശ്രദ്ധിച്ചീട്ടില്ല. അതുകൊണ്ട് അഭിനയിച്ച് ഫലിപ്പിക്കാന്‍ ബുദ്ധിമുട്ടാണ്. കുട്ടി എന്തായാലും എനിക്ക് തന്നെ വോട്ട് ചെയ്യണം”. കുമാരി നടക്കുന്നത് പോലെയായിരിക്കും നാരായണന്‍ നടക്കുക എന്ന് ലീന സങ്കല്‍പ്പിച്ച് നോക്കി. മനസ്സില്‍ തെളിഞ്ഞ കുമാരി-നാരായണന്‍ ചിത്രത്തില്‍ കുമാരിയുടെ ചാര നിറമുള്ള പോളിയെസ്റ്റര്‍ പാവാടയുടെ അരികുകള്‍ വേറിട്ട് നിന്നു. ഭൂമി അറിയാതെ, ചുമരിനരികു പറ്റി നടന്നിരുന്ന കുമാരിയെ അനുകരിക്കാന്‍ ലീനയ്ക്കും കഴിഞ്ഞില്ല.

കോളേജില്‍ വൈവിധ്യം നിറഞ്ഞ ചുരിദാറുകള്‍ക്കിടയില്‍ കുമാരിയുടേയും ഷീബയുടേയും നീളന്‍ പാവാടകള്‍ ഒറ്റപ്പെട്ട് നീന്നു. വല്ലപ്പോഴും ഒരു മാറ്റത്തിനായും, കുമാരിയോട് കൂ‍ട്ടുകൂടാനൂം ലീന മുഴുവന്‍ പാവാടകളില്‍ വന്നപ്പോള്‍ “നഗരത്തിന്റെ കാപട്യമേ നിനക്ക് ഗ്രാമീണതയുടെ വച്ച്‌കെട്ട് ചേരില്ല“ എന്ന് സാജിത.

ഇംഗ്ലീഷ് ക്ലാസില്‍ ലീന വരുത്തിയ ചെറിയ വ്യാകരണ പിശകുകള്‍ക്ക് മിസ്സ് ശോഭ മലയാളം മീഡിയത്തിനെ മൊത്തം പരിഹസിച്ചതും, സൂവോളജി റെക്കോര്‍ഡില്‍ വര മോശമായതിനു മിക്ക താളുകളിലും ഒപ്പിനു പകരം ടിക് കിട്ടിയതും ലീ‍നയുടെ ആത്മവിശ്വാസ ബലൂണിലും തുളകള്‍ വീ‍ഴ്ത്തിയിരുന്നു. പക്ഷേ അടുക്കളബെഞ്ചില്‍ വച്ച് പതിവായി കിട്ടിയിരുന്ന ആത്മവിശ്വാസഗുളിക കഴിക്കുന്നതോടെ ആ തുളകളെല്ലാം അടഞ്ഞു പോന്നു. കുമാരി വരച്ചിരുന്ന പടങ്ങള്‍ കാണാന്‍ നല്ല ഭംഗി ഉണ്ടായിരുന്നീട്ടും ഭാഗങ്ങള്‍ അവ്യക്തമാണ് എന്ന കാരണത്താല്‍ അവള്‍ക്കും കിട്ടിയത് അധികവും ടിക്കുകളായിരുന്നു.

ആദ്യത്തെ ടേം പരീക്ഷയ്ക്കു മുന്‍പ് തന്നെ നിര ഗ്രൂപ്പുകളെ കൂടാതെ ക്ലാസ്സില്‍ മൂ‍ന്ന് പ്രത്യേക ഗ്രൂപ്പുകള്‍ ഉണ്ടായി; ഹോസ്റ്റലേഴ്സ്, ഡേ സ്കോളേഴ്സ്, എസ്സീഎസ്റ്റി! ഹോസ്റ്റലുകാര്‍ പഠന മികവും മിടുക്കും കൊണ്ട് മിസ്സുമാരുടെ കണ്ണിലുണ്ണികളും കുറുമ്പിന്റെ ആധിക്യം കൊണ്ട് ശത്രുക്കളും ഒക്കെയായി നിറഞ്ഞാടിയപ്പോള്‍ ഡേ സ്കോളേസ് തങ്ങളിലേയ്ക്ക് തന്നെ ചുരുങ്ങി കൂടി. എസ്സീഎസ്റ്റിക്കാര്‍ തങ്ങളെ എന്നോ മറന്ന് കഴിഞ്ഞിരുന്നു; അവരെ ക്ലാസ്സിലുള്ളവരും.

കോളേജ് നടത്തിയ അരപരീക്ഷയ്ക്ക് കുമാരി തോറ്റ് തുന്നം പാടിയിരുന്നു. മിസ്സ് അമ്മിണി കുമാരിയ്ക്ക് പേപ്പര്‍ കൊടൂത്തപ്പോള്‍ വളരെ ശാന്തമായി ഉപദേശിച്ചു. “എന്തിനാ കുട്ട്യേയ് നീ‍ കോളേജില് വരണെ ആ നേരം അമ്മയുടെ കൂടെ പണിയ്ക്ക് പോയി അതിനെ സഹായിച്ചൂ‍ടെ?” ഉത്തര കടലാസ്സ് കൊടുത്തപ്പോള്‍ ഗ്രേസ്സമ്മ മിസ്സിന്റെ കയ്യില്‍ നിന്നും ലീനയ്ക്കും കിട്ടി വഴക്ക്; നന്നായി പഠിച്ചില്ലെങ്കില്‍ ഫസ്റ്റ്ക്ലാസ്സ് കിട്ടില്ലത്രേ.

തുടര്‍ച്ചയായ ദിവസങ്ങളില്‍ കുമാരി ക്ലാസ്സില്‍ വരാതിരിക്കുന്നത് പനി കാരണമെന്ന്‌ ഷീബ പറയുമ്പോള്‍ അസുഖകരമായ ഒരു സത്യത്തിന്റെ മണം. കുമാരിയുടെ പനികാലങ്ങളില്‍ അടുക്കള ബഞ്ചില്‍ വച്ച് ലീനയ്ക്ക് കിട്ടി കൊണ്ടിരുന്ന ആത്മവിശ്വാസ ഗുളികയുടെ എണ്ണം കൂടി. സര്‍പ്പ ഗന്ധിയ്ക്ക് പൂക്കളിലാതിരുന്ന കാലമായിരുന്നു, ഗാര്‍ഗ്ഗിയും മൈത്രേയിയും എന്നും നിറയെ കോളാമ്പി പൂക്കളുമായി ചിരിച്ചു നിന്നു.

ആത്മവിശ്വാസ ഗുളിക കൊണ്ട് മാത്രം കാര്യങ്ങള്‍ നന്നാകുന്നില്ലെന്ന് കണ്ട് ആ ഞാറാഴ്ച്ച ലീനയും അമ്മയും കുമാരിയുടെ വീട്ടില്‍ ചെന്നു.
“വരരുതായിരുന്നു“ കുമാരിയുടെ ഇടറിയ സ്വരം.
“എന്റെ കൂടെ പണിയ്ക്കു വരുകയാണവള്‍, ഇനി കോളേജിലേയ്ക്കില്ലെന്ന്” പ്രതീക്ഷകള്‍ ബാക്കിയില്ലെന്നവിധം കുമാരിയുടെ അമ്മ.
“കുമാരിയെ എന്തായാലും കോളേജില്‍ വിടണം, രാധ“ ലീനയുടെ അമ്മ നിര്‍ബന്ധിക്കുകയാണ്.
“എങ്ങിനെയെങ്കിലും വിടാമായിരുന്നു, പക്ഷേ ജയിക്കും എന്ന് ഒരു വിശ്വാസം അവള്‍ക്കില്ല.”
അവസാ‍നം ലീനയ്ക്ക് ദിവസവും കൊടുക്കുന്ന ആത്മവിശ്വാസഗുളികള്‍ കുമാരിയ്ക്കും കൊടുക്കാം എന്ന് പറഞ്ഞപ്പോഴാണ് കുമാരിയുടെ അമ്മ സമ്മതിച്ചത്.

പിറ്റേന്ന് മുതല്‍ ആത്മവിശ്വാസത്തിന്റെ ഗുളികകള്‍ക്കും ലീനയുടെ നോട്ടുകള്‍ക്കുമൊപ്പം സര്‍പ്പഗന്ധി പൂക്കളും കുമാരിയ്ക്ക് കിട്ടിക്കൊണ്ടിരുന്നു. കൊല്ലപ്പരീക്ഷയുടെ അവസാന ദിവസം ലീനയുടെ സര്‍പ്പഗന്ധി ചെടി, കുമാരിനാരായണനില്‍ തീയുടെ നിറമുള്ള പൂക്കള്‍ നിറയെ വിരിഞ്ഞിരുന്നു. ഒന്നാം കൊല്ലത്തെ മാര്‍ക്ക് ലിസ്റ്റ് വന്നു എന്ന് ലിഷ വിളിച്ച് പറഞ്ഞപ്പോള്‍ കുമാരിയുടെ മാര്‍ക്കെത്രയായിരിക്കും എന്ന് അറിയാനായിരുന്നു ലീനയ്ക്ക് തിടുക്കം. പിറ്റേന്ന് ആകാംഷയോടെ കോളേജില്‍ ചെന്നപ്പോള്‍ കുമാരിയുടെ സീറ്റ് ഒഴിവായി കിടന്നു. അവള്‍ തോറ്റു പോയോ.. കണ്ണില്‍ കാറ്റ് വീശുന്നു, നെഞ്ചില്‍ ഒരു തിരമാല! പിന്നാലെ വന്ന ഷീബ ഒരു കടലാസ് നീട്ടി, അതില്‍ ഇങ്ങനെ എഴുതിയിരുന്നു.

പ്രിയപ്പെട്ട ലീന,

ഞാന്‍ എല്ലാ പേപ്പറിലും ജയിച്ചു. നിന്റെ നോട്ടുകള്‍ക്കും നിന്റെ അമ്മയുടെ ആത്മവിശ്വാസ ഗുളികകള്‍ക്കും എത്ര നന്ദി പറഞ്ഞാലും മതിയാ‍വില്ല. ഇന്നലെ അമ്മ വാര്‍ക്ക പണിയ്ക്കിടെ വീ‍ണു. ഇനി എണീക്കില്ല എന്നാണ് എല്ലാവരും പറയുന്നത്. ഇന്നു മുതല്‍ ഞാന്‍ ക്ലാസ്സില്‍ വരുന്നില്ല. അച്ഛന്റെ കൂടെ കൈയാളായി പോകാന്‍ വേറെ ആളില്ല. വീട്ടില്‍ വരരുത് എന്ന് പറയാന്‍ അമ്മ പ്രത്യേകം പറഞ്ഞു. ലീന തന്നിരുന്ന സര്‍പ്പഗന്ധി ചെടി ഞാന്‍ അടുക്കളപുറത്ത് കുഴിച്ചിട്ടിരുന്നു. ഇന്ന് അതിനൊരു പുതിയ ഇല വന്നു.

സ്നേഹത്തോടെ,

കുമാരി.

കുസുമവും കാതറീനും വീര്‍പ്പു മുട്ടലില്ലാതെ മിസ് അമ്മിണിയുടെ ക്ലാസ്സ് ശ്രദ്ധയോടെ കേട്ട് നോട്ടെഴുതാന്‍ തുടങ്ങിയ അന്ന് മുതല്‍ ലീന സെബാസ്ത്യന്റെ മനസ്സില്‍ കുമാരിയുടെ ചിത്രവും നാരായണന്റെ ചിത്രവും തമ്മില്‍ സന്നിവേശിക്കാന്‍ ‍ തുടങ്ങി; പഴയ വീട്ടുമുറ്റത്തെ കുമാരിനാരായണനിലെ സര്‍പ്പഗന്ധിപൂ‍വിന് ഇപ്പോഴും തീ‍യുടെ നിറമാണ്.
വര: പരാജിതന്‍

33 comments:

പെരിങ്ങോടന്‍ said...

സുഖമുള്ള ആഖ്യാനം. പരാജിതന്റെ വരയും മികച്ചത്.

സങ്കുചിത മനസ്കന്‍ said...

:)

ഉറുമ്പ്‌ /ANT said...

നന്നായിരിക്കുന്നു.................എങ്കിലും ഇത്ര ലളിതമായി പറഞു പോകാവുന്നതല്ലാ വിഷയം എന്നു തോന്നി.............കെ.ആര്‍. നാരായണന്റെ ബന്ധം ഒട്ടു മനസ്സിലായതുമില്ല..................വിഷയത്തിന്റ്റെ തീവ്രത ചോരതെ സൂക്ഷിക്കാന്‍ കഴിഞുവോ എന്നും സംശയമില്ലാതില്ല.....................കരുത്തില്ലാതെ മുനിഞു കത്തുന്ന ജ്വാല പോലെ...............

changaathi said...

ഇത് ഇഷ്ടമായി . വ്യത്യസ്തമായ ഒരു തീം നന്നായി അവതരിപ്പിച്ചിട്ടുണ്ട് കഥാകാരി.

സജിത്ത്|Sajith VK said...

:)

vimathan said...

ഡാലീ, സര്‍പ്പഗന്ധി ഇഷ്ടമായി.ചില സൂക്ഷ്മ നിരീക്ഷണങള്‍ വളരെ നന്നായി. അഭിനന്ദനങള്‍.

കണ്ണൂസ്‌ said...

ശരിക്കും പറഞ്ഞാല്‍ ഇതിന്റെ സന്ദേശം മനസ്സില്‍ കയറിയില്ല, ഡാലീസേ. ഇത്‌ സഹതാപമാണോ, ആത്‌മവിശ്വാസക്കുറവിനുള്ള ഗുളികയാണോ എന്ന് സംശയം.

ഒന്നുകൂടി നന്നാക്കാമായിരുന്നു എന്ന് തോന്നുന്നു. ആര്‍ക്കും എത്തിപ്പിടിക്കാവുന്ന ഒരു reference point എന്ന നിലക്ക്‌ എടുക്കാന്‍ പറ്റില്ല കെ.ആര്‍. നാരായണനെ ഇപ്പോഴും എന്നാണ്‌ എന്റെ അഭിപ്രായം. അത്‌ സംഭവിച്ചു പോയ ഒരു പാരമ്യതയാണ്‌. കുമാരിക്ക്‌ സംഭവിച്ചത്‌ അടുത്ത തലമുറക്കെങ്കിലും സംഭവിക്കാതിരിക്കട്ടേ.

സാല്‍ജോҐsaljo said...

അവതരണത്തിന് 100% മാര്‍ക്ക്
ഒപ്പം ഹ. കൃ. നും!

പരസ്പരം said...

ഡാലി..സരളമായ ഭാഷയില്‍ ഒരു നല്ല സര്‍പ്പഗന്ധി. നന്നായി വിവരിച്ചിരിക്കുന്നു. ഈ വരികള്‍ എനിക്കേറേപ്പിടിച്ചു

"മനസ്സില്‍ തെളിഞ്ഞ കുമാരി-നാരായണന്‍ ചിത്രത്തില്‍ കുമാരിയുടെ ചാര നിറമുള്ള പോളിയെസ്റ്റര്‍ പാവാടയുടെ അരികുകള്‍ വേറിട്ട് നിന്നു. ഭൂമി അറിയാതെ, ചുമരിനരികു പറ്റി നടന്നിരുന്ന കുമാരിയെ അനുകരിക്കാന്‍ ലീനയ്ക്കും കഴിഞ്ഞില്ല."

മനുഷ്യര്‍ക്ക് എന്നും ഒരു വേര്‍തിരിവുണ്ടായിരുന്നു. പണ്ട് അത് സവര്‍ണ്ണരും അവര്‍ണ്ണരും തമ്മിലായിരുന്നു. ഇന്നത്തെ കാലഘട്ടത്തില്‍ അത് കൂടുതല്‍ ഭയാനകമായി ന്യൂനപക്ഷവും, ഭൂരിപക്ഷവും തമ്മിലായി‍. മതങ്ങള്‍ തമ്മിലുള്ള ഈ സ്പര്‍ദ്ധ 2020-ആകുമ്പോളേയ്ക്കും തീരും എന്ന് അബ്ദുള്‍ കലാം പ്രവചിക്കുന്നു. അത് അതിനും മുന്‍പേ കടന്ന് വരട്ടേയെന്ന് നമുക്ക് ആഗ്രഹിക്കാം.

മെലോഡിയസ് said...

നല്ല അവതരണം.കൂടെ പരാജിതന്റെ നല്ല ഒരു പടവും. ആശംസകള്‍

ശാലിനി said...

ഈ വിഷയം തിരഞ്ഞെടുത്തതിന് അഭിനന്ദനങ്ങള്‍.

എന്റെ ക്ലാസില്‍ പഠിച്ചിരുന്ന ഒരു കുമാരിയെ ഓര്‍ത്തു, മിടുക്കിയായി പഠിച്ചു മെഡിസിന് അഡ്മിഷന്‍ കിട്ടി. ആ കറുപ്പിന് ശരിക്കും ഏഴഴകായിരുന്നു. അവള്‍ക്ക് അപകര്‍ഷതാബോധം ഒട്ടുമില്ലായിരുന്നു.

കെ ആര്‍ നാരായണന്‍ - എന്റെ പ്രിയ രാഷ്ട്രപതി.

ഇട്ടിമാളു said...

ഹൊ... ഞാന്‍ കുറച്ചുനേരം ആ വനിതാജയിലിലെ പ്രീഡിഗ്രി കാലത്തായിരുന്നു.. ആ വേര്‍‌ത്തിരിവുകള്‍...

അനോമണി said...

ഡാലിക്ക്...

കല്ലുസ്ലേറ്റിലെ കുറീയ അക്ഷരങ്ങള്‍ക്ക് നന്നായി കനംവെച്ചിരിക്കുന്നു. വിഷയവും ആഖ്യാനവും വളരെ നന്നായിട്ടുണ്ട്. കനപ്പെട്ട അക്ഷരങ്ങള്‍ വായനക്ക് ശേഷം നല്‍കിയ നിശബ്ദതയില്‍ കുറച്ച്‌നേരം മുഴുകിയിരുന്നു.

ലാപുട said...

നല്ല കഥ. നല്ല ചിത്രം.
പ്രമേയത്തിന്റെ സാമൂഹിക സാംഗത്യവും എഴുത്തിന്റെ ചായ്‌വുകളും തികച്ചും പ്രസക്തം.
കഥാപാത്രങ്ങളുടെ മാനസിക ജീവിതത്തിന്റെ സൂക്ഷ്മവിശദാംശങ്ങളെ വിസ്മയിപ്പിക്കുന്ന സമഗ്രതയോടെ എഴുതിയിരിക്കുന്നു.ജീവിതത്തെ ഓര്‍മകളായി കൂടെക്കൂട്ടിയിരിക്കുന്ന ഒരാളിന് മാത്രമേ ഇതു കഴിയൂ.
അഭിനന്ദനങ്ങള്‍...

ദില്‍ബാസുരന്‍ said...

നല്ല സുഖമുള്ള വായന. :-)

ഒടോ:ഈ വിഷയം വായിച്ചാല്‍ ഉറക്കം വരാന്‍ തുടങ്ങിയിരിക്കുന്നു. എവിടെ നോക്കിയാലും ഇത് തന്നെ. എഴുതുന്നവര്‍ക്ക് മടുപ്പില്ലെങ്കിലും വായിക്കുന്നവര്‍ക്കെങ്കിലും കാണില്ലേ? ഞാന്‍ പോയി ക്രിക്കിന്‍ഫോ ഡോട്ട് കോം നോക്കട്ടെ.

kumar © said...

ഡാലി നന്നായിട്ട് എഴുതിയിട്ടുണ്ട് ഇത്. പരാജിതന്റെ വരയും അതിനോട് ചേര്‍ന്നത്.

ഇവിടെ വരാനായതില്‍ സന്തോഷം

അപ്പു said...

ഡാല്യേച്ച്യേ... എനിക്ക് കഥയും മനസ്സിലായി, അതിലെ സന്ദേശവും മനസ്സിലായി. വളരെ നന്നായിരിക്കുന്നു.

മഴത്തുള്ളി said...

ഡാലി, വളരെ പ്രത്യേകതയുള്ള ഒരു എഴുത്ത്. ഇഷ്ടമായി.

Pramod.KM said...

സറ്പ്പഗന്ധി ഇഷ്ടമായി.:)

ബിന്ദു said...

എനിക്കിതും വളരെ ഇഷ്ടായി. എപ്പോഴൊക്കെയോ രജനിയെ ഓര്‍മ്മ വന്നു.:(

മുസാഫിര്‍ said...

ഡാലി,
അധികം പറയാത്ത വിഷയം.നന്നായി എഴുതീയിരിക്കുന്നു.ഇതു നമുക്കിടയിലുള്ള ഒരു വിഷയം തന്നെ.പക്ഷെ ആണ്‍കുട്ടികള്‍ ഇതില്‍ കുറെക്കൂ‍ടി വിശാ‍ലമനസ്കത കാണിക്കാറുണ്ടെന്നു തോന്നുന്നു.

ബഹുവ്രീഹി=bahuvreehi said...

Daly,

kathha valiya ishtamaayi.
nalla kathha

Anonymous said...

Daly,

Katha othiri Ishtamayi.Leena Sebastain njan thanne anennu thonnipoyee..Thanks for bring back those old memories..even though I never loved those memories

NJ

സാല്‍ജോҐsaljo said...

വല്ലപ്പോഴും ഓരോ കഥകള്‍ക്കൂടിയാവാം. :)

ഓര്‍ക്കുട്ടില്ല. അറബി ബ്ലോക്കി. അതാ കാണാത്തെ.

Inji Pennu said...

chakkara Daleeese
I always tried to read this from the moment you published but never got around reading it. Yesterday also I clicked on it and something came up. But I didnt close the window so that first thing in the morning I will remember to read it.

Your stories are beatuiful. Very simple stories with lot of heavy feelings. Like how the word "SSCT" was on Leenas mind the first time. Story line is very very open. Please keep on writing.

I liked Parahithans illustration mainly because it gives a quaint old world feeling. Though the story is still repeating everyday in India, it kind of shows the story tellers memories..

(varamozhi illyaa...porukkane.)

(I always wanted to write this theme. Even just wrote the name of the story in my draft. But you know I need a lot of energy to write about this. I want it to be very very strong, a slap to the society. Maybe one day I will get that energy)

സാല്‍ജോҐsaljo said...

ഓര്‍ക്കുട്ടില്‍ ലോഗിന്‍ ചെയ്ത് വായിക്കാന്‍ പറ്റും. പക്ഷേ മറുപടി എഴുതാന്‍ പറ്റില്ല. ചിത്രങ്ങളൊന്നും ഇല്ലാതെയേ കാണൂ. ഫോം സബ്മിറ്റ് ആവില്ല. മെയില്‍ അയയ്ക്കാന്‍ ഐഡി ഇല്ല. saljojoseph@gmail.com -ല്‍ ഒരു മെയില്‍ അയക്ക്വോ?

Manu said...

നര്‍ഗീസി കോഫ്തയുടെ മണം പിടിച്ച് വന്നതാണ്. കോഫ്തയെക്കാള്‍ രുചിയുള്ളത് പലതും കയ്യിലുണ്ടെന്ന് മനസ്സിലായി.

മനോഹരമാ‍യ എഴുത്ത്. ‘മുന്തിരിവള്ളികള്‍’ ഏറെ ഇഷ്ടപ്പെട്ടു.

ഇവിടെ കഥ മനസ്സില്‍ തറഞ്ഞുഎങ്കിലും എന്തോ പോരായ്മ തോന്നി. കൃത്യമായി പറഞ്ഞാല്‍ സര്‍പഗന്ധി -ചെടി- കഥയിലേക്ക് വേണ്ട്പോലെ പ്രവേശിച്ചില്ല എന്ന് ഒരു തോന്നല്‍. തീര്‍ച്ചയായും എന്റെ വായനയുടെ തകരാറാവാം.

അഭിനന്ദനങ്ങള്‍. കുടുതല്‍ വായിക്കാനാവുമെന്ന പ്രതീക്ഷയോടെ
മനു

പ്രിയംവദ-priyamvada said...

ലീനയുടെയും അമ്മയുടെയും മനസ്സിന്റെ നന്മ ആണു കൂടുതല്‍ ശ്രദ്ധിക്കപ്പെടുക...
ബ്ലോഗില്‍ നിന്നിറങ്ങി പക്ഷെ കഥയിലെക്കു എത്തുകയും ചെയ്യുന്നില്ല എന്നു തോന്നുന്നു പൊതുവെ..എന്റെ തെറ്റായ തോന്നലാവം..വിമര്‍ശനമല്ല ..സ്നേഹഗുളികള്‍ മാത്രം

Anonymous said...

di its nice 2 read. ur strong attcmnt to ur mother is projected.narayan seems like an offtrack.

അനിലന്‍ said...

...അക്ഷരമാല ക്രമത്തില്‍ ഇരുത്തിയിരുന്നെങ്കില്‍‍ കുമാരിയില്‍ നിന്നും താന്‍ ഏറെ ദൂരെ ആയി പോയേനെ എന്ന ചിന്തയില്‍ ലീന ഇംഗ്ലീഷ് അക്ഷരമാലയെ സ്നേഹിക്കാന്‍ തുടങ്ങി.

നന്നായിട്ടുണ്ട് കഥ.
ലീന്ന സെബാസ്ത്യന്‍ എന്നതിനു പകരം ചിലയിടങ്ങളിലൊക്കെ അവള്‍ എന്നു പ്രയോഗിക്കാമായിരുന്നു എന്നു തോന്നി.
ഹരിയുടെ വരയിലുമുണ്ട് കഥയുടെ മുഴുവന്‍ ഭാവവും. (പരാജിതാ നീ ഇത്ര നന്നായി വരയ്ക്കുമെന്ന് അറിയില്ലായിരുന്നു.)

കിനാവ് said...

ഇതിപ്പഴാ കാണുന്നത് മനോഹരം. നന്ദി വിഷ്ണു മാഷ്.

Siji said...

ഡാലി,
സോറി..സോറി
ഇപ്പോഴാണു കാണുന്നത്‌. മനോഹരമായ ആഖ്യാനം.സത്യത്തില്‍ ഡാലിയുടെ കല്ലു സ്ലേറ്റ്‌ എന്ന ബ്ലോഗ്‌ തന്നെ ഇപ്പോഴാണ്‌ ഞാന്‍ ശ്രദ്ദിക്കുന്നത്‌. മേപ്പു തരൂ.
കഥ ഒത്തിരി ഇഷ്ടമായി.
വിഷ്ണു മാഷിന്‌ എന്റെ വക നന്ദി.

സനാതനന്‍ said...

ഈ ബ്ലോഗ് ശ്രദ്ധയില്‍പ്പെടുത്തിയതിന് സുനിലേട്ടന് നന്ദി.
വളരെ നല്ല കഥ. മനസില്‍കൊളുത്തുന്ന ശൈലി