Monday, June 02, 2008

‘ഒഴക്ക് കഞ്ഞെര്‍ള്ള’ത്തിന്റെ കാലങ്ങള്‍

കാലം: 1960-70

കോക്കാഞ്ചിറയില്‍ നിന്നു് പടിഞ്ഞാട്ടു നടന്നു് കോന്നിമേസ്രിയുടെ പറമ്പില്‍ കയറി ആലും വെട്ടോഴിയില്‍ ഇറങ്ങി അവിടന്നും പടിഞ്ഞാട്ടു നടന്നു് കൂര്‍ക്കഞ്ചേരിയിലെത്തി, അവിടന്നും പടിഞ്ഞാട്ടു് നടന്നു് തങ്കമണിക്കേറ്റത്തെത്തിയാല്‍ അവിടെ ഒരു വീടുണ്ടു്. അവിടെ അരിയുണ്ടു്. അല്ലാതെ ഈ ലോകത്തെവിടെയും അരിയില്ല...

...രാത്രി രണ്ടു മണിക്കെഴുന്നേറ്റു് അമരപ്പന്തലിലിരിക്കുകയാണു് ആനിയും അമ്മാമയും. അമ്മ ചിന്നമ്മ ചിയ്യമ്മ ഇവരും ഉണ്ടു്. തൃപ്പവെടിപ്പെട്ടുമ്പോള്‍ കോച്ചാത്തി എത്തും. കോച്ചാത്തിയുടെ കൂടെ ആനിയും അമ്മാമയും തങ്കമണിക്കേറ്റത്തു് പോവുകയാണു്. കുട്ടിപ്പാപ്പന്‍ അറിയാതെയാണു് പോകുന്നതു്. കുട്ടിപ്പാ‍പ്പനും വല്യമ്മായിയും അന്തം വിട്ടുറങ്ങുകയാണു്. അമരപ്പന്തലില്‍ എല്ലാവരും കുശുക്കുശുക്കാനെ പാടുള്ളൂ. കോച്ചാത്തിയൂടെ ചപ്പട്ടക്കാലും ചപ്പട്ടക്കൈയും വീശിയുള്ള നടത്തം കണക്കാക്കിയാല്‍ തൃപ്പവെടി പത്തുവട്ടം പൊട്ടിയാലെ അവന്‍ ഇവിടെയെത്തൂ എന്നു് അമ്മാമ കുശുകുശുത്തു. എന്തിനാണു് കോച്ചാത്തി വരുന്നതു്? ആരെങ്കിലും വെറുതെ കേറിച്ചെന്നാലൊന്നും അവിടന്ന് അരി കിട്ടില്ല. കോച്ചാത്തി കൊണ്ടു് ചെല്ലുന്നവര്‍ക്കേ അരിയുള്ളൂ. ഇതൊന്നുമറിയാതെ കോക്കഞ്ചറക്കാരില്‍ ചിലര്‍ തങ്കമണീകേറ്റത്തു ചെന്ന് അരി ചോദിച്ചു. അപ്പോള്‍ അവിടെ ഒരപ്പാപ്പന്‍ പ്രത്യക്ഷപ്പെട്ടു. അപ്പാപ്പന്‍ ചോദിച്ചു

"എന്തരി ഏതരി?"

വീടുതെറ്റിയതാണെന്നു കരുതി കോക്കാഞ്ചിറക്കാര്‍ മടങ്ങിപ്പോന്നു. വിവരങ്ങളറിഞ്ഞു കോച്ചാത്തി സ്വന്തം സത്യം വെളിപ്പെടുത്തി. അങ്ങനെയാണു് കോക്കാഞ്ചിറക്കാര്‍ക്കു് കോച്ചത്തിയുടെ കഴിവു് മനസ്സിലായതു്...


കാലം: 2008

ലോകം മുഴുവന്‍ അരിക്ഷാമം തുടരുന്നു.കേരളത്തില്‍ ഭക്ഷ്യസുരക്ഷാ പദ്ധതിയെ കുറിച്ചു് ആലോചകള്‍, ഗ്വാ..ഗ്വാ വിളികള്‍. കൃഷി വകുപ്പു മന്ത്രി മുല്ലക്കര രത്നാകര്‍ സ്വയം പര്യാപ്ത ഗ്രാമങ്ങള്‍ എന്ന സ്വപ്ന പദ്ധതിയെ കുറിച്ച് പറയുന്നു. (
മനോരമ, മാരീചന്‍) അവശ്യസാധങ്ങളുടെ വില കുതിച്ചു കയറുന്നു. ഇവിടെ ബസുമതി കിലോയ്ക്ക് ഏകദേശം 160 (16 ഷെക്കല്‍) രൂപയ്ക്കു് മുകളിലായി. മറ്റ് അരികള്‍ക്ക് ഇരട്ടി വിലയും. അറുപതുകള്‍- എഴുപതുകളിലെ തലമുറ ഈ ക്ഷാമം ശരിയ്ക്കും അനുഭവിച്ചിരുന്നു. അക്കാലത്ത് ഗ്രാമങ്ങളില്‍ നെല്‍കൃഷിയും മറ്റു കൃഷികളുമായിരുന്നു വരുമാനമാര്‍ഗ്ഗം എന്നതിനാല്‍ ഗ്രാമങ്ങള്‍ ഈ ഭക്ഷ്യക്ഷാമത്തിന്റെ രൂക്ഷത അനുഭവിച്ചു് കാണില്ലായിരിക്കും. നഗരങ്ങളിലെ പണക്കാരെ വിലകൂടുതല്‍ ബാധിച്ചിരുന്നില്ല. എന്നാല്‍ നഗരങ്ങളിലും നഗരപ്രാന്തങ്ങളിലും ഉള്ള സാധാരണക്കാരന്‍ (മദ്ധ്യവര്‍ഗ്ഗം) വറുതിയുടെ, പട്ടിണിയുടെ ഭീകരത ശരിയ്ക്കും അറിഞ്ഞിരുന്നു(പട്ടിണിപാവങ്ങള്‍ക്കു എന്നും ഭക്ഷ്യക്ഷാമം!). കൊള്ളി (കപ്പ) കേരളത്തിന്റെ പ്രധാനഭക്ഷണം ആയതു് അക്കാലത്താണെന്ന് എന്‍.പി. രാജേന്ദ്രന്‍. (1, 2) ക്ഷാമക്കാലത്തെ കുറിച്ച് തിരഞ്ഞപ്പോള്‍ ഇന്നത്തെ തലമുറയ്ക്ക് അതിനെ കുറിച്ച് വലിയ പിടിപാടിലെന്നു് മനസ്സിലായി. കേരളത്തില്‍ അരികിട്ടാനില്ലാതിരുന്ന അക്കാലത്തു് പട്ടിണി കൊണ്ട് പൊറുതി മുട്ടിയിരുന്ന ജനങ്ങള്‍ കമ്യൂണസത്തിലേക്ക് വീണാലോ എന്നോര്‍ത്ത് അമേരിക്ക നല്‍കിയിരുന്ന അമേരിക്കന്‍ ഉപ്പുമാവും, പാല്‍പ്പൊടിയും, റൊട്ടിയും, ചുവന്ന നിറത്തിലുള്ള മീനെണ്ണ ഗുളികയും ഓര്‍ക്കുന്നവര്‍ നിരവധിയാണു്.

കാലം: 1960-70
“പൂവാ മറിഞ്ചേട്ത്ത്യേ“ കൊച്ചാത്തി വിളിച്ചു് ചോദിച്ചു.
“പതുക്കെ പറയരാ പിശാശേ“ അമ്മാമ സന്തോഷത്തോടെ പറഞ്ഞു. കുട്ടിപ്പാപ്പനുണര്‍ന്നാല്‍ അരി കൊണ്ടുവരാനുള്ള പോക്കു് നടക്കില്ല.
“വേണ്ടാ.” കുട്ടിപ്പാപ്പന്‍ പറയും.
“കോക്കാഞ്ചറേല് എല്ലാവാരും കെടക്കണ പട്ടിണ്യന്ന്യല്ലേ നമുക്കും ഉള്ളോ? കരിഞ്ചന്തേന്നു് അരി വാങ്ങിക്കണ്ടാ.”
എന്നീട്ട് കൊള്ളിപ്പൊടി കുറുക്കിയതു് കഴിച്ചു് കുട്ടിപ്പാപ്പന്‍ നിര്‍ത്താതെ ഛര്‍ദ്ദിയ്ക്കും.
“സൂക്ഷിച്ചോളോട്ടാ അമ്മേ“
അമ്മ ആനിയെ കെട്ടിപ്പിടിച്ചിറുക്കിയീട്ട് അമ്മാമയെ ഓര്‍മ്മിപ്പിച്ചു

“ഇല്യാ‍! നിന്റെ ക്ടാവിനെ ഞാനാകളയും.അല്ലപിന്നെ! നിങ്ങള് പോയി കെടന്നേരീ പെണ്ണുങ്ങളേ”...

... തങ്കമണിക്കേറ്റത്തെ വീട്ടിലെത്തിയെന്നു് കോച്ചാ‍ത്തി അറിയിച്ചപ്പോള്‍ ആനിയ്ക്കു് അത്ഭുതവും ഒപ്പം നിരാശയും തോന്നി. ‘തങ്കമണിക്കേറ്റം’ അവളുടെ ഉള്ളില്‍ പൊന്നിന്റേയും തങ്കത്തിന്റേയും പളപളപ്പായിരുന്നു. ഇപ്പോള്‍ കുറ്റാക്കുറ്റിരുട്ടത്തു് തപ്പിത്തടഞ്ഞു് ഏതോ ഒരു വീട്ടിന്റെ പടിക്കല്‍ അവര്‍ നില്‍ക്കുകയാണു്. ഇരുട്ടു് മാത്രമേ ഉള്ളൂ;നോക്കുന്നിടത്തൊക്കെ.ഇതാണത്രെ തങ്കമണീക്കുട്ടിക്കേറ്റം! അപ്പാപ്പനും പ്രത്യക്ഷപ്പെട്ടില്ല.പകരം ഒരു സാധാരണ മനുഷ്യന്‍ വാതില്‍ തുറന്നു.

“എന്തോരം വേണം?” അയാള്‍ ചോദിച്ചു.അമ്മാമ മുണ്ടിന്റെ മടി നീട്ടിക്കാട്ടി
ചാക്കില്ലേ” അയാള്‍ ചോദിച്ചു.
എനിക്കൊരെടങ്ങഴ്യര്യാ വേണ്ട്വോ മോനേ..ഒരു സൂക്കേട്കാരന്ണ്ട്‌ വീട്ടില്. പിന്നെ ദേ ഈ ക്ടാവും.അവറ്റയ്ക്കു് രണ്ടിനും ഒഴുക്കീശ്ശെ കഞ്ഞെര്‍ള്ളം കൊട്ക്കാന്‍ ഓരോ പിട്യാ ഇട്ടു് തെളപ്പിയ്ക്കണം. അതാവേണ്ട്വോ”
“ഇനി വന്നാ കിട്ടില്ലാട്ടാ.” അയാള്‍ ഓര്‍മ്മിപ്പിച്ചു.

ഇത്രയും കുറച്ചു് അരി വാങ്ങാനാണോ പാതിരാത്രിക്കു് ഈ വഴി മുഴുവന്‍ നടത്തിച്ചതു്‌ എന്നൂം ചോദിച്ചു് കോച്ചാത്തിയും ദേഷ്യപ്പെട്ടു. ആനിയ്ക്കു് സങ്കടവും നാണക്കേടും തോന്നി. ഒരു ചാക്കില്‍ അരി വാങ്ങാനുള്ള കാശൊന്നും ആനിയുടെ വീട്ടീല്‍ ഇല്ല. എന്നാലും ഒരു അരിത്തൊട്ടി നിറയെ എങ്കിലും വാങ്ങിച്ചാല്‍ നാണം കെടാതിരിക്കാമായിരുന്നു.
അവസാനം അമ്മാമ അഞ്ഞാഴി അരി മടിക്കുത്തില്‍ വാങ്ങി മുണ്ടു് മുറുക്കി ഉടുത്തു...

കാലം: 2008

അറുപതുകളില്‍ ലോകം അനുഭവിച്ച ക്ഷാമത്തെ തുടര്‍ന്നു് 1967 -ഇല്‍ William Paddock & Paul Paddock ചേര്‍ന്നു ഒരു പുസ്തകം എഴുതി-
FAMINE-1975! 1975-ല്‍ വരാനിരുന്ന ക്ഷാമത്തെ മുന്‍‌കൂട്ടി പ്രവചിച്ചു എഴുതിയിരുന്ന പുസ്തകമാണു് ക്ഷാമം-1975. ഇന്ത്യ ഉള്‍പ്പെടെ ഉള്ള ചില രാജ്യങ്ങള്‍ രക്ഷിക്കാന്‍ കഴിയാത്ത വിധം തകര്‍ന്നു പോകുമെന്നും അമേരിക്കയ്ക്കു മാത്രമേ എന്തെങ്കിലും സഹായം ചെയ്യാ‍ന്‍ കഴിയൂ എന്നും പുസ്തകത്തില്‍ മുന്‍‌കൂട്ടി കണ്ടിരുന്നത്രേ!! പക്ഷേ ഹരിതവിപ്ലവങ്ങള്‍ അവര്‍ മുന്‍‌കൂട്ടി കണ്ടില്ല. ഹരിത വിപ്ലവം മുന്‍‌കൂട്ടി കണ്ട ചിലര്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നതിനാല്‍ 75 ലെ ക്ഷാമത്തില്‍ ഇന്ത്യ തകര്‍ന്നു തരിപ്പണമായില്ല.

കാലം: 1960-70
ആലുംവെട്ടോഴിയുടെ നടുവിലെത്തിയപ്പോള്‍ അമ്മാമ പെട്ടെന്നു് നിന്നു. എതിരെ ആരോ വരുന്നുണ്ടു് എന്നു് അമ്മാമയ്ക്കു തോന്നി.
മിണ്ടണ്ട ട്ടാ! അരിപിട്ത്തക്കാര്ണ്ന്നാ തോന്നണേ.
അമ്മാമ അവളെ ഒതുക്കിപ്പിടിച്ചു് വഴിയുടെ ഓരം ചേര്‍ന്നു് പതുക്കെ നടന്നു.

“ആര്ണത്” അവര്‍ ചോദിച്ചു. അവര്‍ അമ്മാമയുടേയും ആനിയുടേയും അടുത്തേയ്ക്കു് വന്നു.അഞ്ചെട്ടു പേരുണ്ടു്.
“ഞാന്ണ്.” അമ്മാമയുടെ ഒച്ച വിറയ്ക്കുന്നു.കൈയ് വിറയ്ക്കുന്നു.
എവ്ട്ന്നണ് ഈ നേരത്ത്”
“ഞാനെന്റെ മോളടെ വീട്ടിന്ന്‌ണ്. എന്റെ വീട്ടിലയ്ക്ക് പൂവ്ണ്.”
“ഈ നേരത്താ?“
“നേരം വെള്ക്കമ്പഴയ്ക്കും ഇനിക്കെന്റെ വീട്ടിലെത്തണം മക്കളെ ചെന്നട്ട് മീന്‍ കച്ചോടത്തിന് പൂവാനുള്ളത്‌ണ്.”
“ഏതാ ഈ കുട്ടി?“
“എന്റെ മോന്റെ കുട്ടിണ്.”

തീപ്പെട്ടി ഉരച്ച്യ്‌ അവര്‍ അമ്മാമയെ നോക്കി.ആനിയെ നോക്കി.ആനിയുടെ കണ്ണില്‍ നിന്ന് കുടുകുടാ കണ്ണീര്‍ ചാടുന്നുണ്ടായിരുന്നു. ചുണ്ടു് കൂട്ടികടിച്ചു് അവള്‍ കരച്ഛിലമര്‍ത്തി നില്‍ക്കുകയണു്.

“ന്തുട്ടാ കൈയില്?“ അരിപിടുത്തക്കാര്‍ ചോദിച്ചു.
“അരയ്ക്കലാമ്പ് വെളക്ക്‍ണ്.” അമ്മാമ വിളക്ക് പൊക്കിക്കാട്ടി.
“ങ് ആ പൊക്കോ“

അവര്‍ പേടിപ്പിക്കുന്ന ഒച്ചയില്‍ പറഞ്ഞു.അമ്മാമയുടെ വിറയല്‍ കൂടുന്നതു് ആനിയ്ക്കു് സ്വന്തം കൈയില്‍ അറിയാമായിരുന്നു.
അരിപിടുത്തക്കാര്‍ പോയി. അവര്‍ തെല്ലകലത്തായതും അടക്കിപ്പിടിച്ച സങ്കടവും നാണക്കേടും മുഴുവന്‍ പൊട്ടിത്തെറിച്ചു് ആനി ഉറക്കെ കരഞ്ഞു. ഒരു ഞെട്ടലോടെ അമ്മാമ അവളെ കെട്ടിപ്പിടിച്ചു.

“ഇല്ലെറീ. ഒന്നൂല്യറീ മോളേ..ഒന്നൂല്യ.ഒന്നൂല്യാട്ടാ.”

അമ്മാമ ആനിയുടെ കണ്ണും മൂക്കും മുഖവും ഒക്കെ തുടച്ചു. അമ്മാമയും കരയുകയാണെന്നു് ആനിയ്ക്കു് തോന്നി.

“തെണ്ടന്മാരേക്കാലും മീതിണ് മോളേ അരിപിട്ത്തക്കാര്! മ്മള് പാവങ്ങള്ടെ പിച്ചച്ചട്ടീന്ന്ണ് അവര് കയ്യിട്ടാ വാര്വാ.വല്യോമ്മാര്യൊന്നും അവര് തൊട്‌ല്യാ.ഇതൊക്കെ എന്തൂട്ട് അരി പിട്ത്തം? ഇപ്പ യുദ്ധൊന്നുല്യാല്ലോ?“...

കാലം: 2008

നന്നായി തുടച്ച ഊണുമേശമേല്‍ ചോറുകിണ്ണം വച്ചു്തന്നു കുഞ്ഞുകൈക്കിടയില്ലൂടെ ഊര്‍ന്നു് നിലത്തു വീണു പോകുന്ന ഒരോ വറ്റും പെറുക്കി കിണ്ണത്തിലിട്ടു അപ്പച്ചന്‍ വിവരിക്കുമായിരുന്നു വറുതിയുടെ ദിനങ്ങള്‍.. കവടിപിഞ്ഞാണത്തില്‍ ഒഴിച്ച കഞ്ഞിയില്‍ വീടിന്റെ കഴുക്കോല്‍ എണ്ണിയിരുന്നതു്.. കിണ്ണത്തിനു താ‍ഴെയുള്ള വറ്റു പറുക്കുമായിരുന്നതു്.. അന്നു അപ്പച്ചന്‍
ഇതിലുംനന്നായി കഞ്ഞിവെള്ളത്തെ വര്‍ണ്ണിച്ചീട്ടുണ്ടാവണം. കശുമാന്തോപ്പില്‍ മീശയുള്ള സര്‍പ്പത്തെ കണ്ട അപ്പാപ്പന്റെ കഥ തെല്ലതിശയോക്തിയായിരുന്നെങ്കിലും കശുമാങ്ങ പെറുക്കാനും മുളയരി അടിച്ചു കൂട്ടാനും പോയിരുന്നൊരു കാലം ഇപ്പോഴങ്കിലും സങ്കല്‍പ്പിക്കാന്‍ കഴിയുന്നുണ്ടു്. പഴമക്കാര്‍ പറയും മുള പൂത്താല്‍ ക്ഷാമം വരുമെന്നു്.ലോകത്തിലെല്ലായിടത്തും മുള പൂത്തുവോ ഇപ്പോള്‍? ഇന്ത്യയില്‍ പൂത്തിരിക്കുന്നുവെന്നു് നാഷണല്‍ ജ്യോഗ്രഫി ന്യൂസ്.

കാലം: 1960-70
... അരിഡിപ്പോവില്‍ നിന്നു് പച്ചരിയ്ക്കു പുറമേ കിട്ടുന്നതു് അമ്മയും അമ്മാമയും ജീവിതത്തില്‍ കണ്ടീട്ടില്ലാത്ത തരം വിത്തുകളോ പുല്ലുകളോ ഒക്കെയാണു്.ചാമയുമല്ല കഞ്ഞിപ്പുല്ലുമല്ലാത്തൊരു ‘സാധനം’ എങ്ങനെയാണു് വേവിക്കേണ്ടതെന്നറിയാതെ അമ്മാമ കഷ്ടപ്പെട്ടു. കോക്കാഞ്ചിറയിലാര്‍ക്കും അതെന്തു ചെയ്യണമെന്നറിഞ്ഞുകൂടായിരുന്നു. ഇടിയ്ക്കണോ? പൊടിയ്ക്കണോ? തൊണ്ടുകളയണോ? രണ്ടു ദിവസം വെച്ചു് കൊണ്ടിരുന്നു. അവസാനം അമ്മാമ പറഞ്ഞു:
“നീയാ പണ്ടാറങ്ങട് അട്പ്പത്ത്‌ട്ടാ പുഴ്ങ്ങ്‌! എന്തൂട്ടാണ്ടാവണേന്ന് നോക്കാലോ.”

അമ്മ അതു പുഴുങ്ങി. അതു് വെന്തിരുന്നോ എന്നു് ഇപ്പോഴും ആര്‍ക്കും അറിയില്ല. ആരും അതു തിന്നില്ല. ഉമി വായിലിലിട്ടു ചവക്കുന്നതു പോലെ ആയിരുന്നു അതിന്റെ രുചി. തുരുതുരാ പുറത്തേയ്ക്കു് തുപ്പിക്കളയാനാണു് തോന്നുക.അരിഡിപ്പോയില്‍ ഒരുദിവസം പൊടുന്നനെ പ്രത്യക്ഷപ്പെടുന്ന കണ്ടീട്ടും കേട്ടീട്ടും ഇല്ലാത്ത ഇത്തരം 'പണ്ടാറങ്ങള്‍‘ ആണ് കോക്കഞ്ചിറക്കാരെ ഏറ്റവും കഷ്പ്പെടുത്തിയതു്. ഉള്ളതില്‍ ഭേദം ഉണക്കക്കൊള്ളിയായിരുന്നു.അതെന്തു ചെയ്യണമെന്നു എല്ലാവര്‍ക്കും അറിയാമായിരുന്നു. വെട്ടിനുറുക്കി പുഴുവിനെ കളയലാണു് പ്രയാസമുള്ള പണി...
...
"ഇനി ജീവിക്കണങ്ങില് മര്യാദവെലഷാപ്പ് വരണം.”
കുട്ടിപ്പാപ്പന്‍ ഇടയ്ക്കിടെ മര്യാദവെല ഷാപ്പുകളെപ്പറ്റി പറഞ്ഞുകൊണ്ടിരുന്നു. കോക്കാഞ്ചറയിലും മര്യാദവെല ഷാപ്പ് തുറക്കും.

“ആന്ധ്‌റേന്ന് അരി വര്ത്താന്ണ് നീക്കം. അഞ്ചണയ്ക്ക് എല്ലാവര്ക്കും അരി എത്തിക്കണം. ഇതാണ് മര്യാദവെലഷാപ്പു കൊണ്ട് ഉദ്ദേശിക്കുന്നത്.“

കുട്ടിപ്പാപ്പാന്‍ വര്‍ത്തമാനക്കടലാസില്‍ നോക്കി അമ്മാമയ്ക്കു്‌ വായിച്ചു് കൊടുത്തു. കോക്കാഞ്ചിറയിലെല്ലാര്‍ക്കും അഞ്ചണയ്ക്കു് അരി കിട്ടുന്ന മര്യാദവെല ഷാപ്പിനെ കാണാന്‍ ആനിയ്ക്ക് തിടുക്കമായി. എവിടെയായിരിക്കും മര്യാദവെല ഷാപ്പ് വരിക? അതു് മുക്കിലെ ചാക്കുവിന്റെ കടയുടെ നേരെ മുന്നില്‍ വരണമെന്നു് ആനി ആഗ്രഹിച്ചു. എങ്കിലെ മുക്കിലെ ചാകുവിനു് നാണക്കേടാവൂ. ആനിയ്ക്കു് ആ പേരും ഇഷ്ടപ്പെട്ടു.മര്യാദവെല ഷാപ്പ്. ഏതുകാര്യത്തിനും ഒരു ‘നേരും നെറീം മര്യാദീം‘ വേണമെന്നു് അമ്മാമ പറയാറുണ്ടല്ലോ. മര്യാദയുള്ള ഒരു ഷാപ്പ് മുക്കിലെ ചാക്കുവിന്റെ പീടികയുടെ മുന്നില്‍ വരട്ടെ. കോക്കാഞ്ചിറക്കാര്‍ക്കു് മാന്യമായി അരി വാങ്ങാമല്ലോ...

കാലം: 2008/strong>

സ്കൂളിലെ ഉപ്പുമാവിന്റെ നാണക്കേടോര്‍ത്തു് അതു് തിന്നാതെ, അപ്പന്‍ ഉച്ചയ്ക്കെങ്കിലും അരിയുമായി എത്തിയിരിക്കും എന്ന പ്രത്യാശയില്‍ വരുന്ന കുഞ്ഞനുജന്‍ അടുപ്പില്‍ കയറ്റി വച്ച വെറും കലം നോക്കുന്നതു കാണുമ്പോള്‍ വിതുമ്പുമായിരുന്ന ചേച്ചി കഥകള്‍..കൊള്ളി പുഴുങ്ങിയതു് കഴിക്കാതെ പാത്രം നിരക്കുന്ന ബാല്യത്തിനു് കേള്‍ക്കേണ്ടി വരുമായിരുന്നതു് നീലച്ച കൊള്ളി പുഴുക്കു്, ഉണക്ക കൊള്ളി, കൊള്ളി പൊടി കുറുക്കു്, കൊള്ളിപുട്ട്‌, ചക്ക, മാങ്ങ കഥകള്‍. ഗോതുമ്പുണ്ട തിന്നു ഉദ്യോഗത്തിനു പോയിരുന്ന അച്ചീച്ചി കഥകള്‍..കരിഞ്ചന്തയെ കുറിച്ചു്,അരിപിടുത്തക്കാരെ കുറിച്ചു് പേടിപ്പെടുത്തുന്ന കഥകള്‍..അമ്മായപ്പനും മരുമകനും ചോറു് കൊടുത്തു് വീട്ടിലുള്ളവരെല്ലാം ഗോതമ്പു് ദോശ കഴിച്ചിരുന്നതു് പറഞ്ഞു്‌ കളിയാക്കിയിരുന്ന മരുമകന്‍ കഥകള്‍..എല്ലാം തന്നെ ദാരിദ്ര്യം കണ്ടീട്ടില്ലാത്ത കുഞ്ഞു മനസ്സുകള്‍ക്കതു് ഏതോ ‘മക്കോണ്ടാ‘ കഥാകളായിരുന്നു. നൊസ്റ്റാള്‍ജിയ എന്നു മുതിര്‍ന്നവര്‍ കളിയാക്കി. അതിനും മുന്‍‌തലമുറ പക്ഷേ പട്ടിണി, യുദ്ധം , ദാരിദ്ര്യം, വറുതി മുതലായവയില്‍ നിന്നു രക്ഷിക്കാന്‍ സന്ധ്യാപ്രാര്‍ത്ഥന ചൊല്ലി, മനസ്സുകൊണ്ടു് പട്ടിണിക്കാലത്തെ ‘മക്കോണ്ട‘യില്‍ തന്നെ ജീവിച്ചു. ഇന്നു വിഷ്വലൈസ് ചെയ്യാന്‍ പറ്റുന്നുണ്ടു് ആ കഥകളെല്ലാം. മലയാളിയ്ക്കു് അനുഭവങ്ങള്‍ ഇല്ലാത്തതുകൊണ്ടാണു് നല്ല എഴുത്തുകള്‍ ഇല്ലാത്തതു് എന്നൊരു പ്രശസ്തമായ നിരീക്ഷണമുണ്ടു് (കൃഷ്ണന്‍ നായരുടേതാണെനെന്നു തോന്നുന്നു). ഇനി അനുഭവങ്ങളുടെ കാലമാവും. അനുഭവിക്കാന്‍ കാത്തിരിക്കുക തന്നെയാണു് മലയാളി ഇപ്പോള്‍ ചെയ്യുന്നതു് എന്നാണു് മനസ്സിലാവുന്നതു്. അതുകൊണ്ടു് അനുഭവിക്കാന്‍ തയ്യാറെടുക്കാം. ചില സാമ്പിള്‍സ് 60-70കളില്‍ നിന്നും.

കാലം: 1960-70
...മുക്കിലെ ചാക്കുവിന്റെ പീടികയില്‍ അരിയുണ്ടു്. പക്ഷേ കോക്കാഞ്ചറക്കാര്‍ക്കു് അവിടന്നു് അരി കിട്ടില്ല. മുക്കിലെ ചാക്കുവിന്റെ കടയില്‍ വന്നു് നോട്ടുകള്‍ വാരിയെറിഞ്ഞിട്ടു് അരി കൊണ്ടു് പോകുന്നവരുണ്ടത്രെ. എന്തുകൊണ്ടാണു് കൊക്കാഞ്ചറക്കാര്‍ക്കു് അരിയില്ലത്തതു്? കോക്കാഞ്ചറക്കാര്‍ക്കു് അഞ്ചണയുടെ അരി വാങ്ങനുള്ള കാശേ ഉള്ളുവെന്നു് അമ്മാമ പറയുന്നു.

“എടങ്ങാഴി അരിയ്ക്ക് അഞ്ചേമുക്കാല്‍ രൂവ്യാ? ഇവിടെ മനിഷ്യമ്മാര് ഒര് രൂവ തെകച്ച് കണ്ടള്ള കാലാ മറന്നു!.”...

...പുഴുപച്ചരി തിന്നീട്ടാണു് തോട്ടികളുടെ കോളനിയില്‍ ‘തൂറലും ശര്‍ദ്ദിയും’ ഉണ്ടായതു്. കുഞ്ചന്‍ കമ്പോണ്ടറുടെമരുന്നൊന്നും ഫലിച്ചില്ല. ശര്‍ദ്ദിച്ചു് ശര്‍ദ്ദിച്ചു് കുട്ടികള്‍ പിന്നെ ശര്‍ദ്ദിക്കാതായി. മിണ്ടാതായി. കണ്ണു തുറക്കാതായി.തോട്ടികളുടെ വീട്ടില് നിന്നു് നെഞ്ചത്തടിയും നിലവിളിയും പൊങ്ങി. കോക്കാഞ്ചറക്കാര്‍ ഓടി കൂടുമ്പോള്‍ തീട്ടത്തിലും ശര്‍ദ്ദിയിലും നിന്നു് നീക്കി കിടത്താന്‍ പോലും ആളിലാത്ത വിധം എല്ലാവരും അവശരായിരുന്നു. ഈച്ചയും നാറ്റവും കൊണ്ടു് അവിടേയ്ക്കടുക്കാനും വയ്യായിരുന്നു. ആരോടും ഒന്നും ചോദിക്കാന്‍ നില്‍ക്കതെ നനഞ്ഞു കുഴഞ്ഞു ഈര്‍ച്ചയാര്‍ക്കുന്ന കുട്ടികളേയും എടുത്തുകൊണ്ടു് കുഞ്ചന്‍ കമ്പോണ്ടറും വല്യമ്മായിയും തൃശൂരാശുപത്രിയിലേക്കോടി. പിന്നാലെ പതിന്നാലു കേഡികള്‍ പതിന്നാലു കുട്ടികളേയും എടുത്തുകൊണ്ടോടി.

“അയ്യോ! ദെര്‍മ്മാശൂത്രില് കൊണ്ടോയി കൊല്ല്ണേ!“ എന്നു നിലവിളിച്ചു് പിന്നാലെ വന്ന പെണ്ണുങ്ങളെ കേഡികള്‍ പേടിപ്പിച്ചു.
“ചങ്കിലിട്യാ കിട്ടൂട്ടാ. ക്ടാങ്ങളെ രക്ഷിക്കാന്‍ നോക്ക്‌ബ്‌ള്ണ് ഒര് മയിറ്റല്! പോട്യവടന്ന് തീട്ടംകോര്യോളേ!“...

മലയാളത്തിനു് മഹാസാഹിത്യകാരന്മാരെ സൃഷ്ടിക്കുന്ന അനുഭവങ്ങളുടെ ‘ഒഴക്ക് കഞ്ഞെര്‍ള്ള‘കാലത്തിനൊരുങ്ങുക. സാഹിത്യകാരന്മാരാകാത്തവരെ കാത്തിരിക്കുന്നതോ‍ സുന്ദരമായ നൊസ്റ്റാള്‍ജിയയുടെ ‘മക്കൊണ്ട‘കള്‍!

കടപ്പാടു് : ആയിരത്തിതൊള്ളായിരത്തി അറുപതുകളിലേയും എഴുപതുകളിലേയും കാലം. എടുത്തിരിക്കുന്നതു് സാറാജോസഫ് എഴുതിയ ആലാഹയുടെ പെണ്മക്കളില്‍ നിന്നും. പ്രസാധകര്‍ - കറന്റ്ബുക്സ് തൃശ്ശൂര്‍.

സമര്‍പ്പണം കൊള്ളിപ്പുട്ടിന്റെ ആരാധകര്‍ക്കും ‘ആലാഹയെ‘ വായിക്കാത്തവര്‍ക്കും.

12 comments:

Unknown said...

ഇവിടെയും അരിവില മേല്പോട്ട് തന്നെ.. ഒറ്റയടിയ്ക്ക് ൧൦ ഫ്രാങ്കില് നിന്ന് ൧൫ വരെയെത്തി... നാട്ടിലും സ്ഥിതി ഇതൊക്കെ തന്നെ..
ലേഖനത്തിനും റഫറന്സുകള്ക്കും നന്ദി ഡാലി

(ക്ഷാമമല്ലേ, തേങ്ങയില്ല :) )

ശാലിനി said...

ഡാലിയേ എന്താ പറയുക, ഇതിലും നന്നായി എഴുതാന്‍ പറ്റില്ല ഈ ഒഴുക്ക് കഞ്ഞെര്‍ള്ളത്തെ കുറിച്ച്. നന്ദി നല്ല ഒന്നാന്തരം പോസ്റ്റിന്.

ആലാഹയുടെ പെണ്മക്കള്‍ വായിച്ചില്ലെങ്കില്‍ ഒരു നഷ്ടമാണല്ലെ!

“മലയാളത്തിനു് മഹാസാഹിത്യകാരന്മാരെ സൃഷ്ടിക്കുന്ന അനുഭവങ്ങളുടെ ‘ഒഴക്ക് കഞ്ഞെര്‍ള്ള‘കാലത്തിനൊരുങ്ങുക. സാഹിത്യകാരന്മാരാകാത്തവരെ കാത്തിരിക്കുന്നതോ‍ സുന്ദരമായ നൊസ്റ്റാള്‍ജിയയുടെ ‘മക്കൊണ്ട‘കള്‍!“ മുഴുവനും ചുരുക്കത്തില്‍ ഈ വരികളിലുണ്ട്.

asdfasdf asfdasdf said...

‘ആലാഹയുടെ പെണ്മക്കള്‍‘ വായിക്കാന്‍ പറ്റിയിട്ടില്ല. സാറടീച്ചറുടെ കഥകള്‍ വായിച്ചിട്ടുണ്ടെങ്കിലും നോവലുകളൊന്നും വായിക്കാന്‍ പറ്റിയിട്ടില്ല. മുമ്പ് പച്ചക്കുതിരയയില്‍ ഒരു കഥ എഴുതിയപ്പോള്‍ (http://pachakkuthira.blogspot.com/2007/11/blog-post_20.html) അതിനു മാറ്റാത്തിയുടെ കഥയുമായി ചെറിയ സാമ്യമുണ്ടെന്ന് കേട്ടിരുന്നു. ഏതായാലും നാട്ടിലെത്തിയാല്‍ വായിക്കണം.

പ്രിയ said...

എഴുത്തിനെ കുറിച്ചാണോ പറയേണ്ടത് അതോ കാര്യത്തെ കുറിച്ചാണോ എന്നറിയില്ല.

നെഞ്ചില്‍ എവിടെയോ ഒരു തടസ്സം ഉണ്ടാക്കുന്നു ദാരിദ്ര്യത്തിന്റെ ആ ചിന്ത പോലും.

അരവിന്ദ് :: aravind said...

ആ കടപ്പാട് വായിക്കണവരേയും ഞാനെന്തൊക്കെയോ തെറ്റിദ്ധരിച്ചൂ!!!
ഹോ!

മുസാഫിര്‍ said...

ആലാഹയുടേ പെണ്മക്കള്‍ വായിച്ചിട്ടീല്ല.പക്ഷെ കുട്ടീക്കാലത്ത് പത്ത് മുപ്പത് പേരുള്ള ഒരു കൂട്ടുകുടുംബത്തില്‍ ജീവിച്ചത്കൊണ്ട് ചോറിന്റെ വില അറിയാനും പറമ്പിലെ കൊള്ളീയും (കപ്പയുടേ തൃശ്ശൂര്‍ ഭാഷ്യം) കാച്ചിലും ചക്കയും കൂര്‍ക്കയും പയറും കുളത്തിലെ മീനും ഇല്ലായിരുന്നെങ്കില്‍ ജീവിതം എങ്ങുമെത്തുകില്ലായിരുന്നു എന്ന തിരിച്ചറിവിനും കളമൊരുക്കിയിട്ടുണ്ട്.ഓര്‍മ്മപ്പെടുത്തലിന് നന്ദി ഡാലി.

Kuttyedathi said...

ഇതിനൊരു കമന്റിടാതെ എങനെയാ പോവാ ? ഇത്രയിഷ്ട്ത്തോടെ ഞാന്‍ വായിച്ചു തീര്‍ത്ത ഒറ്റ പുസ്തകം പോലുമില്ല. വീണ്ടും ആലാഹയുടെ ഓര്‍മകളിലേയ്ക്കു കൊണ്ടോയതിനു നന്ദി. ആനിയുടെ കണ്ണുകളിലൂടെ ഒരിയ്ക്കല്‍ കൂടി ജീവിതം കാണാനിപ്പോ ഒരു കൊതി. തപ്പി നോക്കണം, കൊണ്ടു വന്നിട്ടുണ്ടോന്ന്.. ഉണ്ടെങ്കിലൊന്നോടെ വായിക്കണം.

എത്ര മനോഹരമായെഴുതിയിരിക്കുന്നു, ഡാലി. എനിക്കഭിമാനമുണ്ടെന്റെ ക്ലാസ്‌മേയ്റ്റായിരുന്നെന്നു പറയാന്‍..

Rammohan Paliyath said...

കളഞ്ഞു, തൃശൂക്കാരി ഹൈഫക്കാരിയായെന്ന് തെളിഞ്ഞു. അതല്ലേ കൊള്ളിപ്പുട്ട് എന്നെഴുതിയത്. ഇനി ജീവിതകാലത്ത് കുറുമാലിപ്പുഴ കടക്കണമെന്ന് മോഹമുണ്ടെങ്കില്‍ ‘കൊള്ളിപ്പിട്ട്’ എന്ന് നൂറ്റൊന്ന് ഏത്തമിട്.

സബ്ടൈറ്റിലും തിരുത്തണം. എഴുപതുകളിലേയും അറുപതുകളിലേയും കാലം എന്നെഴുതുന്നത് ആവര്‍ത്തനമല്ലേ? അറുപതുകളിലേയും എഴുപതുകളിലേയും ജീവിതം എന്നോ അറുപതുകളും എഴുപതുകളും എന്നോ മറ്റൊ.

അഭിപ്രയം എഴുതുന്നില്ല. സന്തോഷം.

ഡാലി said...

കുഞ്ഞന്‍സേ- തേങ്ങാക്ഷാമത്തെ നേരിടാന്‍ പരിശീലനം കിട്ടിയിട്ടുണ്ടു് :). റൊട്ടിയില്ലെങ്കില്‍ കേക്കു തിന്നൂ, തേങ്ങയില്ലെങ്കില്‍ ബര്‍ഫി തിന്നൂ. അരിയില്ലെങ്കില്‍ ..

ശാലിനി- 60-70 കളില്‍ കുട്ടിക്കാലവും ക്ഷാമക്കാലവും ഒരുമിച്ചനുഭവിച്ച ഒരു ബ്ലോഗര്‍ ഇതിലും ഭയങ്കരമായി എഴുതും എന്ന പ്രതീക്ഷയിലാണു് ഞാന്‍.

കുട്ടന്മേനോനെ- ആലാഹ വായിക്കതെ ഈ കമന്റ് ഇട്ടേ? എന്നെ കൊല്ലു്! ‘കൊച്ചുത്ര്യേസ്യയുടെ കോഴികള്‍‘ വായിച്ചു. മാറ്റാത്തിയിലെ ലൂസിയുടെ കഥയുമായി ബന്ധമൊന്നും തോന്നീല്ല. തൃശ്ശൂര്‍ പരിസരങ്ങള്‍ കണ്ടു് ആള്‍ക്കാര്‍ക്കു് തോന്നീതാവണം.

പ്രിയാ - ‘ഹാപ്പി ക്ഷാമം’ ആശംസാകാര്‍ഡുകള്‍ക്കു് സ്കോപ്പുണ്ടോ എന്നു് ആലോചിക്കുകയാണു് ഞാനെന്ന ശരാശരി മലയാളി :) നെഞ്ചിലെ കഴച്ചില്‍ നോക്കാനൊക്കെ ആര്‍ക്കു നേരം!


അരവിന്ദാ - അങ്ങനൊരു സ്കോപ്പുണ്ടാര്‍ന്നല്ലേ. രണ്ടും ഒരേ പോലെ എഴുതുക. പോയ ബുദ്ധി ആന പിടിച്ചാല്‍ കിട്ടോ?

മുസാഫിര്‍ മാഷേ - ‘കൊള്ളീയും,കാച്ചിലും ചക്കയും കൂര്‍ക്കയും പയറും കുളത്തിലെ മീനും‘ - ഇതിനൊന്നും മുളയരിയുടെ അത്ര സ്വാദിലാന്നു്..

കുട്ട്യേടത്തി - കമന്റ് കണ്ടു് ബഹൂ‍ൂത്ത് സന്തോഷ്. ഹാനയും ഹാരിയും വെള്ളം തോര്‍ന്നാ.. എങ്കില്‍ കളത്തില്‍ ഇറങ്ങു്..

രാം - ഞങ്ങടെ നാട്ടിലെ ശരിയ്ക്കള്ള ഭാഷയില്‍ ‘പൂട്ട്’ എന്നാണു്. സമര്‍പ്പണത്തില്‍ ലോകത്തെ മുഴുവന്‍ ഉള്‍പ്പെടുത്തിയതുകൊണ്ടാണു് പുട്ട് ആക്കിയതു്. പിട്ട് എന്നു് പറഞ്ഞാല്‍ കുറ്റിയില്ലാതെ ഉണ്ടാക്കുന്ന പൊടിപുട്ടാണു്. അതുകാണുന്നതിനേക്കാള്‍ നല്ലതു്, ‘പൂട്ടി‘ല്‍ ഒരു മുടി കാണണതാണു് :). സബ്റ്ററ്റലില്‍ തിരുത്തു് വരിത്തിയിട്ടുണ്ടു്.

അപ്പോ എല്ലാവര്‍ക്കും “ഹാപ്പി മല്‍ക്കൊണ്ടാ” (മല്ലു ‌+ മക്കോണ്ട, മല്ലു കൊണ്ടേ അറിയൂ എന്നും വായിക്കാം)

സജീവ് കടവനാട് said...

കറുപ്പില്‍ കടും നീല; മനുഷ്യന്റെ കണ്ണങ്ങ് കുത്തിപ്പൊട്ടിക്ക്.

മൂര്‍ത്തി said...

ഇന്നാണിത് വായിക്കാനൊത്തത്...ഒറ്റ ഇരുപ്പിനു വായിച്ചു. എനിക്ക് ഇഷ്ടപ്പെട്ടു. നന്ദി..

വഴിപോക്കന്‍ said...

ഇച്ചിരി വൈകിപ്പോയി ഇതു വായിക്കാന്‍. സാ‍ധാരണ കമന്റ്റിടുന്ന സ്വഭാവമില്ലെങ്കിലും ‘ആലാഹേരെ’ പരാമറ്ശമുള്ളതുകൊണ്ട് എന്തെങ്കിലും പറയാതെ പോകാന്‍ തോന്നീല്ല.

ബ്ളോഗ് കണ്ടന്റില്‍ കമന്റില്ല. പക്ഷേ ആലാഹയെ മുന്‍‌നിര്‍ത്തിയുള്ള വിശകലനം ചങ്കില്‍ കൊള്ളുന്ന തന്നെ.

ആലാഹയെ വായിക്കാത്തവരേ.. നിങ്ങള്‍ മലയാളസാഹിത്യത്തിലെ മികച്ച ഒരു ആഖ്യാനം ആണ് തുറക്കാതെ വച്ചിരിക്കുന്നത്.
നാലുകെട്ടിനോ പുള്ളിപ്പുകളും വെള്ളിനക്ഷത്രങ്ങള്‍ക്കുമോ മരുഭൂമികള്‍ക്കോ എന്തിന് അഗ്നിസാക്ഷിക്കു പോലും തരാന്‍ പറ്റാത്ത ഒരു ചങ്കിലുവേദനയാ ആലാഹ തന്നേ..

ആനിക്ക് ആലാഹേരെ നമസ്കാരം ഓതിക്കൊടുക്കുന്നിടം വായിക്കാന്‍ പറ്റാതായിപ്പോയി.

ഡാലി, നന്ദി. വീണ്ടും ചങ്കിലു വേദന വരുത്തിയതിന്, ആലാഹേനെ ആളോള്‍ക്ക് കാട്ടിക്കൊടുത്തേന്...