Saturday, May 19, 2007

കടല്‍തീരത്ത് കാണാതായത്



കുമാറേട്ടന്റെ ഈ പടത്തിനുള്ള ആവിഷ്കാരം

“ഡോക്ട്രര്‍ വാട്ട്സന്‍, താങ്കള്‍ക്കെന്തു തോന്നുന്നു? തീരത്ത് നിന്നും പോയിരിക്കുമോ?“
ഏറെ നേരം ചിന്തിച്ച ശേഷം വാട്ട്സന്‍ പറഞ്ഞു,
"അതൊരു കുഴയ്ക്കുന്ന ചോദ്യമാണ്‌ ഹോംസ്, ഈ ഇരുട്ടില്‍ തെളിവുകള്‍ എന്തെങ്കിലും കണ്ടെത്തുക എളുപ്പമല്ലാത്ത സംഗതിയാണ്‌."
“ഉം“ ഹോംസ് ഇരുത്തി മൂളി. തന്റെ പൈപ്പ്ആഞ്ഞു വലിച്ചു. ഞെരബുകള്‍ പിണച്ച് കിടന്ന വലതു കൈ കൊണ്ട് ഇടത് കഴുത്തില്‍ തലോടി തലചെരിച്ച് പിടിച്ച് ആലോചിക്കാന്‍ തുടങ്ങി.

വാട്ട്സന്‍ തന്റെ പോക്കറ്റില്‍ നിന്നും ചെറിയ നോട്ട് ബുക്കും പേനയുമെടുത്ത് നോട്ട് കുറിക്കാന്‍ തുടങ്ങി. കറുത്ത് പര്‍ദ്ദയിട്ടോരു സ്ത്രീ ഒരു വെളുത്ത മാരുതിയില്‍ വന്നിറങ്ങി അതിവേഗത്തില്‍ ബേക്കര്‍ സ്റ്റ്ട്രീറ്റിലെ ഇരുപത്തിരണ്ടാം നമ്പര്‍ വീട്ടിലേയ്ക്കുള്ള മരപ്പടികള്‍ കയറി ചെല്ലുമ്പോള്‍ ഡോക്ടര്‍ വാട്ട്സനും അവിടെ ഉണ്ടായിരുന്നു. അക്കാലങ്ങളില്‍ അലസതയിലും, ഏകാന്തതയിലും, ഓപ്പിയം തീറ്റയിലും പെട്ട് വലഞ്ഞ് പോയിരുന്ന ഹോംസിന് നല്ലൊരു ചായയിട്ട് കൊടുക്കാന്‍, തന്റെ ഭാര്യ ഉണ്ടാക്കിയ കേക്കുമായി എത്തിയതായിരുന്നു ഡോക്ടര്‍ വാട്ട്സന്‍. പര്‍ദ്ദയിട്ട സ്ത്രീയെ കണ്ട് വാട്ട്സന്‍ ഹോംസിനെ കുലുക്കി വിളിച്ചു. അപ്പോഴും ഓപിയത്തിനെ മയക്കത്തിലായിരുന്ന ഹോംസിനോട് ആ സ്ത്രീ സംസാരിക്കാന്‍ തുടങ്ങി.

മിസ്സീസ്സ് ഫോസ്റ്റര്‍ എന്ന ആ സ്ത്രീയുടെ ആവശ്യം കടല്‍ തീരത്ത് കളഞ്ഞ് പോയ എന്തോ ഒന്ന് തേടിപിടിച്ച് കൊടുക്കണമെന്നതായിരുന്നു. അതിനെ കുറിച്ച് കൂടുതല്‍ പറയാന്‍ ഹോംസ് ആവശ്യപ്പെടും എന്ന് വാട്ട്സന്‍ കരുതി. പക്ഷേ അതുണ്ടായില്ല. അവരുടെ തുടര്‍ന്നുള്ള വര്‍ത്തമാനത്തില്‍ നിന്നും അവര്‍ കുറച്ച് നാളുകളായി ഇവിടെ നിത്യ സന്ദര്‍ശകയാണെന്നും കാര്യങ്ങളെല്ലാം ഹോംസിനറിയാം എന്നും വാട്ട്സന് മനസ്സിലായി. അല്പസമയത്തിനുള്ളില്‍ അവര്‍ ഇറങ്ങി പോയി. ഉടന്റെ ഹോംസ് തന്റെ രാത്രി വേഷത്തില്‍ കടല്‍കരയിലേയ്ക്ക് നടന്നു, കൂടെ ഡോക്ടര്‍ വാട്ട്സനും.

പെട്ടെന്നാണത് ഡോക്ടര്‍ വാട്ട്സന്റെ കണ്ണില്‍ പെട്ടത് ‘ഒരു ചുവന്ന വെളിച്ചം‘. ഇത് അതു തന്നെ. നഷ്ടപ്പെട്ടതിന്റെ സാധത്തില്‍ നിന്നും പോയതാവണം ഈ വര്‍ണ്ണം. ഡോക്ടര്‍ വാട്സന്‍ തീര്‍ച്ചപ്പെടുത്തി. അപ്പോഴും കഴുത്തില്‍ കൈ വച്ച് നില്‍ക്കുന്ന ഹോംസിനെ തോണ്ടി വാട്ട്സന്‍ ആ വര്‍ണ്ണം കാണിച്ചു. അതിനടുത്ത് പോയി സൂക്ഷ്മമായി പരിശോധിച്ച് ശേഷം ഹോംസ് പറഞ്ഞു.
“ഇതിലും കടുത്ത നിറമാവണം അതിന് . വാട്ട്സന്‍ നിങ്ങള്‍ പിന്നേയും ഞാന്‍ പറഞ്ഞതൊക്കെ മറക്കുന്നു. ബേക്കര്‍ തെരുവിലെ വീട്ടിലേയ്ക്ക് എത്ര ചവുട്ടു പടികള്‍ ഉണ്ടെന്ന് നിങ്ങള്‍ക്കിപ്പോഴും അറിയില്ല എന്നെനിക്കറിയാം. ഈ മണലില്‍ പതിഞ്ഞിരിക്കുന്ന കാലടികള്‍ ശ്രദ്ധിച്ചുവോ താങ്കള്‍?“
അപ്പോഴാണ് വാട്ട്സന്‍ ആ കാലടികളെ ശ്രദ്ധിക്കുന്നത്. എണ്ണിയാല്‍ തീരാത്തത്രയുമുള്ള ആ കാല്പാടില്‍ നിന്നും എന്തെങ്കിലും കണ്ട് പിടിക്കാന്‍ വാട്ട്സനായില്ല. വെറുതെ തലയാട്ടി നിന്ന വാട്ട്സനോട് ഹോംസ് പറഞ്ഞു, “ഡോക്ടര്‍ വാട്ട്സന്‍, നോക്കൂ ചെരുപ്പിടാതെ നഗ്നമായ കാലപാടുകള്‍ വലത് നിന്നും ഇടത്തോട്ട് പോകുന്നു വലിയ മാറ്റമില്ലാതെ, അതിനിടയില്‍ ചെരുപ്പിട്ട ഒരു വലിയ കാല്പാട് ഇവയ്ക്ക ലംബമായി നടക്കുന്നത് ശ്രദ്ധിച്ചോ?“ അപ്പോഴാണ് വാട്സന്‍ ആ കാല്പാട് കണ്ടത്. അതിനടുത്ത് ചെന്ന് തിരിഞ്ഞും മറിഞ്ഞും നോക്കിയിട്ടും വാട്സനൊന്നും മനസ്സിലായില്ല. ഹോംസ് തുടര്‍ന്ന് രണ്ടടി മുന്നോട്ട് വച്ച് അവിടെയെല്ലാം തന്നെ ഭൂതകണ്ണാടി വച്ച് നോക്കി. എന്നീട്ട് നിരാശനായി ഇവിടെയൊന്നുമില്ല എന്ന അര്‍ഥത്തില്‍ തലയാട്ടി. പെട്ടെന്ന് രണ്ട് നിഴലുകള്‍ അവരുടെ ശ്രദ്ധയില്‍ പെട്ടു. ഹോംസിന്റെ ഉദ്ദേശ്യം മനസ്സിലായെന്നപോലെ വാട്സനും ആ നിഴലുകളെ നിരീക്ഷിക്കാനായി പതുങ്ങി നിന്നു.
അവയെ നോക്കുന്നതിനിടയില്‍ വാട്സന്‍ ചോദിച്ചു
“ഹോംസ് യഥാര്‍ത്ഥത്തില്‍ മിസ്സീസ്സ് ഫോസ്റ്ററുടെ എന്താണ് കളഞ്ഞ് പോയത്?
“അവരുടെ ബാല്യം“
ഹോംസ് നിര്‍വികരനായി മൊഴിഞ്ഞ് തിരിഞ്ഞ് നോക്കിയപ്പോള്‍ ചിരിച്ചു കൊണ്ട് പച്ചാളം പറഞ്ഞു,
“ഹ ഹ ഹ കുമാറേട്ടാ ഇത് നമ്മുടെ തന്നെ നിഴലുകളായിരുന്നു “

പിന്‍‌കുറിപ്പ്:
1)എട്ടാം ക്ലാസില്‍ വച്ച് ആര്‍ത്തിയോടെ വായിച്ച് തീര്‍ത്ത ഹോംസ് കഥകളുടെ ഓര്‍മ്മയ്ക്ക്, അത് സ്കൂളില്‍ കൊണ്ട് വന്നിരുന്ന രോഷ്ണിയ്ക്ക്. ഇപ്പോഴും ഞാന്‍ ചവിട്ട് പടികള്‍ എണ്ണികൊണ്ടിരിക്കുന്നു.
2) പച്ചാളം, കുമാറേട്ടന്‍ എന്നതിന്ന് പകരം ഇവിടെ ഏത് പേരും ഉപയോഗിക്കാം. കഥ മാറുന്നില്ല.

ഈ പടത്തെ കുറിച്ച് മറ്റുള്ളവരുടെ ഭാവന വിലാസം കാണാന്‍:
ദേവേട്ടന്‍
കുട്ടിച്ചാത്തന്‍
ഇട്ടിമാളു
മുല്ലപ്പൂ
ഗുപ്തന്‍ എല്യാസ് മനു

8 comments:

Kumar Neelakandan © (Kumar NM) said...

അതു ശരി കിട്ടിയപ്പോള്‍ എനിക്കിട്ട് തന്നെ കൊട്ടി അല്ലേ?
മന്ത്രവാദി എത്രമാറിയാലും കോഴിക്കാണ് കെടക്കപ്പൊറുതിയില്ലാത്തത് എന്നു പറയും പോലെ എന്തിനാ ആ പച്ചാളത്തിനെകൂടി വലിച്ചുകയറ്റിയത്.

എന്തായാലും നന്നായി.

ഇത് ആ ചിത്രത്തെ ചൊല്ലിയുള്ള മൂന്നാം പോസ്റ്റ്. ഇനി ഒന്നോ രണ്ടോകൂടി വന്നേയ്ക്കും.

ദേവന്‍ said...

ഹോംസ്‌ ആയത്‌ കാര്യമായി. എസ്‌ ഐ അഞ്ഞൂറാന്‍ സാറോ മറ്റോ ആയിരുന്നെങ്കില്‍ "നീയാണോടാ ലവരുടെ എന്തരോ അടിച്ചു മാറ്റിയത്‌" നിഴലിടിച്ചു ചമ്മന്തിയാക്കിയേനേ.

[ഹോംസ്‌ എന്നു കേട്ടാ അപ്പോ വീക്കേയെന്‍ ആണു ഓര്‍ക്കുന്നത്‌. വീക്കേയെന്റെ ഹോംസ്‌ കഥകളില്‍ ഒരെണ്ണം- ഹാജ്യാര്‍ ഉറക്കത്തില്‍ പോയും മുണ്ടിന്റെ കോന്തലയില്‍ നിന്നും എടുക്കാത്ത പണപ്പെട്ടിയുടെ താക്കോള്‍ കാണുന്നില്ല, കുട്ടിച്ചാത്തന്റെ നായകന്‍ ബീച്ചില്‍ കിടന്നു തിരഞ്ഞതിനെക്കാളും വെപ്രാളത്തില്‍ എല്ലാവരും ഹാജ്യാരുടെ വീടും പറമ്പും അരിച്ചു പെറുക്കി. ഒടുക്കം ലോക്കല്‍ ഹോംസിനെ വിളിച്ചു. ആ പയ്യന്‍ വന്ന് കഥയെല്ലാം കേട്ടു. എന്നിട്ടു പറഞ്ഞു
"ഹാജ്യാരു മുണ്ടഴിക്ക്‌."
ഞാന്‍ വല്യ ചരക്കൊന്നുമല്ല എന്നു പറഞ്ഞ്‌ ഹാജ്യാരു മുണ്ടഴിച്ചു.
"ഇനി മേല്‍പ്പോട്ടും കീഴ്പോട്ടും ഒന്നു ചാടൂ."

ക്ലിം. താക്കോലതാ വീണു.

എങ്ങനെ മനസ്സിലായി?
"സിമ്പിള്‍. ഹാജ്യാരുടെ ഈ കുടവയറിലെ മലയിടുക്കു പോലെ ഉള്ള മടക്കുകള്‍ കണ്ടാല്‍ തന്നെ ഊഹിക്കാമല്ലോ താക്കോല്‍ അല്ല അലമാര തന്നെ കാണാതെ പോയാലും അതിനുള്ളില്‍ തപ്പിയാല്‍ കിട്ടുമെന്ന്."
[സ്റ്റൈലായി എഴുതിയ ഒരു കഥ കൂടി ഞാന്‍ നശിപ്പിച്ചു]

സാജന്‍| SAJAN said...

ഡാലി ശരിക്കും ഹോംസിന്റെ കഥ വായിക്കുന്നത് പോലെയുണ്ട് ഭാവന ഗംഭീരം.. ഇനിയും കുറേ പോസ്റ്റുകളും ഉണ്ടോ.. എല്ലം വായിക്കണമല്ലൊ..
നന്ദി കുമാറേട്ടാ ഇത്തരം ഒരു സരംഭത്തിന്...

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:

മണ്ടന്‍ ഹോംസ്.. പാതിരായ്ക്കാണോ അന്വേഷണം!!

ഗുപ്തന്‍ said...

കൊള്ളാം ... ആയിരം കാല്പാടുകളില്‍ നിന്ന് കളഞ്ഞുപോയ നമ്മുടെ കുഞ്ഞിക്കാലടി ഏത് ഹോംസാണ് കണ്ടെത്തി തരിക? Wellwritten.

സാല്‍ജോҐsaljo said...

ms. arthur കൊള്ളാമല്ലോ..

മൂര്‍ത്തി said...

ഈ പോസ്റ്റും കല്ലുസ്ലേറ്റിലെ മറ്റു പോസ്റ്റുകളും കണ്ടത് ഇന്നാണ്...:)
നിര്‍വചനത്തെക്കുറിച്ച് ഒര്‍ ഓഫ്..
ഭൂമി പരന്നതാണെന്നു പറഞ്ഞിരുന്നവരെ തിരുത്തി ഭൂമിക്ക് ഗോളാകൃതി ആണെന്ന് സ്ഥിരീകരിച്ചു. അതു തെറ്റാണ് കോഴിമുട്ടയുടെ ആകൃതിയാണെന്ന് പിന്നെ തെളിയിച്ചു. അതും ശരിയല്ല മദ്ധ്യഭാഗം അല്പം പുറത്തോട്ട് തള്ളിനില്‍ക്കുന്ന കോഴിമുട്ടപോലെ എന്നായി..പിന്നെ അറ്റം ഇത്തിരി പരന്നു നടു പുറത്തോട്ടു തള്ളിനില്‍ക്കുന്ന ഷേയ്പ്പ് എന്നായി...അവസാനം ഭൂമിക്ക് ഭൂമിയുടെ ഷേയ്പ്പ് എന്നായി...എത്ര ലളിതം..അല്ലേ?

:: niKk | നിക്ക് :: said...

ഇതാര് ആര്‍തര്‍ കോനന്‍ ഡാലിയോ? :-o