Monday, July 02, 2007

സല്‍മയും അമീറയും വന്ന വഴി

ശൈത്യകാലത്തെ മുന്തിരിവള്ളികള്‍ എന്ന പോസ്റ്റിനെ കുറിച്ച്.

ചിലനേരത്ത് പറഞ്ഞ പോലെ കുറേയധികം ആള്‍ക്കാര്‍ക്ക് കേട്ട് കേട്ട് ബോറടിച്ചതാണ് പാലസ്തീന്‍ പ്രശ്നം. എന്നീട്ടും വിമതന്‍ പറഞ്ഞ പോലെ പാലസ്തീനിനെ ഇനിയും മനസ്സിലാ‍ക്കാന്‍ പറ്റാത്തവരാണധികവും. ഇസ്രായേലില്‍ ജീവിക്കുന്ന എനിക്ക് ഇടങ്ങള്‍ പറഞ്ഞതാണ് അനുഭവപ്പെടാറ്. കണ്ണ് എത്ര ഇറുക്കി അടച്ചാലും ഈ വെളിച്ചം തുളഞ്ഞ് കയറും. കഴിഞ്ഞ ആഴ്ചയില്‍ വീണ്ടും വടക്കന്‍ ഇസ്രായേല്‍ അതിര്‍ത്തിയില്‍ കത്യൂഷ വീണു എന്ന് കേള്‍ട്ടപ്പോള്‍, പാ‍ലസ്തീനിലേയ്ക്ക് പിന്നേയും പട്ടാളക്കാര്‍ പോകുന്നു എന്ന് വായിക്കുമ്പോള്‍ ഒക്കെ ഇരുതല മൂര്‍ച്ചയുള്ള വാള്‍ എന്നപോലെ ഈ വെളിച്ചം വരും. എന്നിട്ടും ഒരുപാട് കാലം എഴുതാതിരിക്കാന്‍ ശ്രമിച്ച് നോക്കിയതാണ് ഇക്കഥ. രേഷ്മയും മെലോഡിയോസും, ഷീബയും പറഞ്ഞ പോലെ ഞാനും വല്ലാതെ പേടിച്ചിരുന്നു സല്‍മയുടെ കണ്ണിലെ തിളക്കത്തെ. വായനക്കാരിയുടെ ചിന്ത പോലെ അത് പുറം‌ലോകത്തിന്റെ വ്യഗ്രത മാത്രമാണെന്ന് വിചാരിക്കാന്‍ ശ്രമിച്ചീട്ട് ഞാന്‍ പരാജപ്പെട്ടിരുന്നു. ഞാന്‍ ഇസ്രായേലില്‍ വരുന്നതിനു ഏതാനും ദിവസങ്ങള്‍ മുന്‍പ് മാത്രമാണ് നത്യന്യായിലെ ഹോട്ടലില്‍ ഒരു ചാവേര്‍ ആക്രമണമുണ്ടായത്. ടെല്‍‌അവീവില്‍ നിന്ന് ഹൈഫയിലേയ്ക്കുള്ള വഴിയില്‍ നത്യാന്യാ ക്രോസ്സ് ചെയ്യുമ്പോള്‍ അന്ന് ഹൃദയം എങ്ങനെ വിറച്ചിരുന്നുവോ അതേ തോതില്‍ തന്നെ ഇന്നും ആ വഴി കടന്നു പോകുമ്പോള്‍ പടപടപ്പാണ്.

എന്നീട്ടും പരാജിതന്റെ മയിലിനെയെ കണ്ടപ്പോള്‍ എനിക്ക് സല്‍മയെ പറ്റി എഴുതാതിരിക്കാനായില്ല. ഒരു ഓര്‍മ്മകുറിപ്പ് പോലെയാണ് ഞാന്‍ സല്‍മയെ പറ്റി എഴുതി വച്ചത്. എഴുതി കഴിഞ്ഞപ്പോള്‍ തോന്നി സല്‍മയെ മാത്രം പറഞ്ഞാല്‍ അവളെ കണ്ട അന്ന് തന്നെ എന്റെ കൂ‍ട്ടുകാരിയ്ക്കുണ്ടായ അനുഭവം കൂടെ പറഞ്ഞില്ലെങ്കില്‍ അത് അവളോട് ചെയ്യുന്ന ഒരു വഞ്ചന ആവുമെന്ന്. കൂട്ടുകാരിയെ കുറിച്ച് ഓര്‍മ്മ കുറിപ്പായി എഴുതാന്‍ ആകുമായിരുന്നില്ല. അങ്ങനെയാണ് റഷീദ് പറഞ്ഞ പോലെ യാത്രയുടെ വിത്ത് ഉള്ളില്‍ വിണു മുളച്ച ഈ കുറിപ്പ് കഥ എന്ന മാധ്യമത്തിലൂടെ പരീക്ഷിക്കാം എന്ന് വിചാരിച്ചത്. കുറച്ച് പേരെ ബോറടിപ്പിച്ചെങ്കിലും വായിച്ച പലര്‍ക്കും ഇഷ്ടമായി എന്ന് കേട്ടപ്പോള്‍ നല്ല സന്തോഷം. മയില്‍ വഴി വന്ന ഈ കഥയെ മയിലിനു തന്നെ സമര്‍പ്പിക്കുന്നു.

പേരുകളുടെ ജനനം

മൂര്‍ത്തിടെയും കണ്ണുസേട്ടന്റേയും കമന്റുകള്‍ കണ്ട് ഒത്തിരി സന്തോഷമായി. ബ്ലോഗില്‍ ഗൌരവമായ വായന നടക്കുമോ എന്നൊക്കെയുള്ള സംശയം പാടെ മാറി. മൂര്‍ത്തിടെ ബ്ലോഗറല്ലാത്ത സുഹൃത്തിന് ഒത്തിരി നന്ദി. സുഹൃത്തിന്റെ വായന ഏറെ കുറെ ശരിയാണ്. അമീറ സുരക്ഷിത സാഹചര്യത്തില്‍ മാത്രം പാലസ്തീനിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ ഇഷ്ടപ്പെടുന്നവളാണ്. അത് അമീറയെ അവതരിപ്പിക്കുമ്പോഴെ പറയുന്നുണ്ട്. (വികസിത രാജ്യങ്ങളുടെ പാലസ്തീന്‍ സാമൂഹിക സേവനങ്ങളുടെ കേന്ദ്രങ്ങളെല്ലാം..... സൌകര്യവും സുരക്ഷിതത്വവും കിട്ടിയാല്‍ പലതും മറക്കാം എന്ന് ഓര്‍മ്മിപ്പിക്കുകയാണ് ഇവിടെ അമീറ) മനസ്ഥൈര്യം ഇല്ലാത്ത അവളെ ഒരു ജര്‍മ്മന്‍‌കാരിയാക്കിയപ്പോള്‍ ബ്രിഗിറ്റ് എന്നൊക്കെയുള്ള ജര്‍മ്മന്‍ പേരുകള്‍ മനസ്സില്‍ ഉണ്ടായിരുന്നു. പക്ഷേ അവരൊക്കെ ഒരു കാര്യത്തിന് ഇറങ്ങി പുറപ്പെട്ടാല്‍ തിരിച്ച് കയറാത്ത പ്രകൃതക്കാരായിരുന്നു. സുഹൃത്ത് പറഞ്ഞപോലെ അമീറ ഹീബ്രുവിലും അറബിയിലും ഒരു പോലെ പോപ്പുലറായ പേരാണ്. അറബ് കൃസ്ത്യന്‍സ് ആണ് ഈ പേര് അധികവും ഉപയോഗിക്കുക. എനിക്ക് കുറച്ചധികം സോഫ്റ്റ് കോര്‍ണര്‍ ഉള്ള ഒരു ജനതയാണ് ഇവിടുത്തെ അറബ് കൃസ്ത്യന്‍സ്. അവരുടെ യാതനകള്‍ പുറം ലോകം അധികം അറിഞ്ഞീട്ടില്ല. ഇവിടുത്തെ പല പ്രശ്നങ്ങളീലും അവരുടെ മനസ്സ് വല്ലാതെ ചാഞ്ചാടുന്നത് കാണാറുണ്ട്. കഴിഞ്ഞ ലബനോന്‍ യുദ്ധത്തിലും അതുണ്ടായി. അമീറ എന്ന പേരിനര്‍ത്ഥം രാജകുമാരി, നേതാവ് എന്നൊക്കെയാണ്. സല്‍മ അറബ് ഒറിജിന്‍ മാത്രമുള്ള പേരാണ് (ഓള്‍ഡ് ജെര്‍മനും ഉണ്ട് എന്ന് ഇപ്പോള്‍ കണ്ടു). യഥാര്‍ത്ഥ പാലസ്തീനി. അര്‍ത്ഥം കണ്ണൂസേട്ടന്‍ പറഞ്ഞതൊക്കെ തന്നെ. Ambitious എന്ന അര്‍ത്ഥത്തിലാണ് ഞാന്‍ കൊടുത്തത്. ഇനി ഒരാള്‍ കൂടെ ഉണ്ട് യാക്കൂബ്. സല്‍മയുടെ സുഹൃത്ത്. യാക്കോവ് എന്ന് ഹീബ്രുവിലും യാക്കൂബ് എന്ന് അറബിയിലും, ജേക്കബ് എന്ന് ഇംഗ്ലീഷിലും ഉള്ള പേര്. പേരിനര്‍ത്ഥം തന്ത്രത്തില്‍ ചതി അകറ്റുന്നവന്‍ ‍എന്നാണ്. സല്‍മയെ ചതികളില്‍ നിന്നും രക്ഷിക്കാനാണ് യാക്കൂബ്. (ആ പേര്‍ പക്ഷേ മനസ്സില്‍ വീണത് നാട്ടിലെ പഴയൊരു വിപ്ലവകാരിയുടെ ഭര്‍ത്താവിന്റെ പേരിന്റെ ഓര്‍മ്മയില്‍ നിന്നായിരുന്നു) എന്റെ മറ്റൊരു സ്വപ്നം ആണ്, ജൂതരുടെ പുതുതലമുറ തന്നെ പാലസ്തീനികളെ സഹായിക്കാന്‍ തയ്യാറാവുക. അതിന്റെ ചില ലക്ഷണങ്ങള്‍ ഞാന്‍ കണ്ടതിനെ കുറിച്ച് ഇവിടെ എഴുതിയിട്ടുണ്ട്. (പാലസ്തീന്‍ പ്രശ്നത്തെ കുറിച്ച് വായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ വായിക്കേണ്ടതാണ് രാജീവ് ചേലനാട്ട് ചെയ്ത ‍ആ തര്‍ജ്ജമ). കുറച്ച് കടല്‍ കിഴവന്മാര്‍ മാറിയാല്‍ എനിക്ക് പ്രതീക്ഷയുണ്ട്. പാലസ്തീനികളെ കൂടെ ഒലിവ് പറിക്കാനൊക്കെ പോയി സഹായിക്കുന്ന ജൂത സന്നദ്ധ സംഘത്തിലെ ആളുകളെ ഞാന്‍ കണ്ടിരുന്നു. പട്ടാളക്കാരുടെ അക്രമത്തില്‍ നിന്നും അവരെ രക്ഷപ്പെടുത്തുക എന്നതാണ് ഈ സന്നദ്ധ സേവകര്‍ ചെയ്യാറ്. ജൂതരും കൃസ്ത്യാനികളും പാലസ്തീനിക്കു വേണ്ടി ശബ്ദം ഉയര്‍ത്താന്‍ തയ്യാറാവും എന്നൊരു സ്വപ്നം! പറഞ്ഞു വന്നപ്പോ വലുതായി. പക്ഷേ ഇതൊന്നും ഇതിനു വേണ്ടി ഗവേഷണം നടത്തിയതല്ല. എന്റെ പേരിനൊരു അര്‍ത്ഥം ഇല്ലാത്തത് കൊണ്ട് പേരുകളുടെ അര്‍ത്ഥം, ഉല്പത്തി ഒക്കെ നോക്കി വയ്ക്കല്‍ ഒരു വിനോദം ആയിരുന്നു. അങ്ങനെ വന്നു പെട്ടതാണ്. രണ്ടാള് അത് ശ്രദ്ധിച്ചപ്പോള്‍ സന്തോഷം കൊണ്ട് പറഞ്ഞ് പോയതാണ്.

ഒരു മുന്തിരിവള്ളി കൂടുതല്‍ കൊടുത്തത് സ്വതന്ത്ര പാലസ്തീനിന്റെ മകള്‍ക്കാണ്. വേറൊരു കാ‍ര്യം കൂടെയുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഏറ്റവും ആദ്യം ചെയ്യേണ്ടത് ഇസ്രായേല്‍ പട്ടാളം പാലസ്തീനില്‍ നിന്നും ഒഴിഞ്ഞു പോകലാണ് എന്നാണ് എന്റെ അഭിപ്രായം. അപ്പോള്‍ പാലസ്തീനിയ്ക്കു നേരെ ഇസ്രായേല്‍ പട്ടാളത്തെ കൊണ്ടുവരുന്നത് പ്രോത്സാഹജനകമല്ല.

ഫോട്ടോകള്‍ മുന്തിരി പാടത്തെ കുറിച്ച് ഒരു ലേഖനം എഴുതാന്‍ പണ്ട് ശേഖരിച്ചിട്ടതായിരുന്നു. ഈ കമന്റ് മുന്‍പേ കണ്ടിരുന്നെങ്കില്‍ ഫോട്ടോ തീര്‍ച്ചയായും ഒഴിവാക്കിയേനെ. ആദ്യപടം ഏതു സൈറ്റില്‍ നിന്നാണെന്ന് ഓര്‍മ്മയില്ല. അത് മോശയ്ക്ക് മുന്നില്‍ വഴി തുറന്ന് കിടന്ന ചെങ്കടലിനെ ഒരു സുഹൃത്തിന്റെ ഓര്‍മ്മയില്‍ കൊണ്ടു വന്നത്രെ. അവാസാന ചിത്രം വേണ്ടായിരുന്നു എന്ന് പെരിങ്ങോടനും അത് ഇഷ്ടപ്പെട്ടു എന്ന് വേണുജിയും. ഇട്ട് പോയല്ലോ എന്നോര്‍ത്ത് രണ്ടും പടങ്ങളും ബ്ലോഗില്‍ നിന്നും മാറ്റുന്നില്ല.

എനിക്കു മനസ്സിലായിടത്തോളം പാലസ്തീന്‍ ജനതയെ കുറിച്ച് അങ്ങനെ എന്തെങ്കിലും ഒരു കോപ്ലസ്കില്‍ ഒതുക്കാനാവില്ല സതീശ്. രാജീവ് നീളമുള്ള വഴികളില്‍ പറഞ്ഞ ഉപമ ലളിതമെങ്കിലും അതനുഭവിക്കുന്ന ജനതയുടെ മാനസീകവസ്ഥ വളരെ സങ്കീര്‍ണ്ണമാണ്. വളരെ സെന്‍സേഷണല്‍ ആയ ഒരു കാര്യം ആയത് കൊണ്ട് അത്തരത്തിലൊന്നും വരാതെ നോക്കാന്‍ കഴിയുന്നതും ശ്രദ്ധിച്ചിരുന്നു ലാപുട. മുന്തിരിപാടം പൂക്കും എന്ന് തന്നെ വിശ്വസിക്കാനാണ് എനിക്കിഷ്ടം അശോക്. പ്രിയംവദ ചേച്ചി പറഞ്ഞ് അപ്പു ഒപ്പു വച്ച സംഗതി നടക്കണമെങ്കില്‍ ഞാന്‍ ഇനിയും എത്രയോ മനസ്സിലാക്കാനും വായിക്കാനും കിടക്കുന്നു. നടക്കാന്‍ സാദ്ധ്യതയില്ലാത്ത മറ്റൊരു സ്വപ്നം. നിര്‍മ്മലേടത്തി, ബിന്ദു ക്യാനഡയിലെ വസന്തത്തില്‍ നിന്നും തികച്ചൂം വ്യതസ്തം തന്നെ ഇവിടെ. പ്രതികാരത്തിനേക്കാള്‍ പരിഹാരത്തിനായി ഞാന്‍ ആഗ്രഹിക്കുന്നു മുംസി. യുദ്ധങ്ങള്‍ക്ക് അറുതി വരുത്തണേ എന്ന് എന്നും കുടുംബ പ്രാര്‍ത്ഥനയ്ക്ക് ചൊല്ലുമായിരുന്നു ശാലിനി അപ്പോള്‍ ഞാന്‍ കരുതിയിരുന്നു, ഇപ്പോള്‍ അതിന് യുദ്ധം ഒന്നും ഇല്ലല്ലോ എന്ന്. സാല്‍ജൊ, വേഴാംബല്‍ സജിത്ത് നന്ദി.
വായിച്ച എല്ലാവര്‍ക്കും നന്ദി.

6 comments:

ശോണിമ said...

:)

ഉറുമ്പ്‌ /ANT said...

:)

vimathan said...

ഡാലീ, പോസ്റ്റ് നന്നായി. അറബ് ക്രിസ്ത്യാനികളെ പറ്റി എഴുതിയത് ശ്രദ്ധ അര്‍ഹിക്കുന്ന ഒരു വിഷയമാണ്. ഫലസ്തീനിയന്‍ ചെറുത്ത്നില്പ് പ്രസ്ഥാനങളില്‍ ഫത്താ, പി എഫ് എല്‍ പി, തുടങിയവയില്‍ ഒരു കാലത്ത് ക്രിസ്ത്യന്‍ ഫലസ്തീനികള്‍ സജീവമായിരുന്നു. (ഇതിനൊരു മറുവശമാണ് ലെബനോണില്‍ ഒരുകാലത്ത് ഫലാഞിസ്റ്റ് ഭീകരതയെ പിന്തുണച്ച ലെബനീസ് ക്രിസ്ത്യാനികള്‍.) പി എഫ് എല്‍ പിയുടെ സ്ഥാപക നേതാവ് തന്നെ ജോര്‍ജ് ഹബാഷ് എന്ന ഫലസ്തീനി ക്രിസ്ത്യാനിയായിരുന്നു. ഞാന്‍ പരിചയപ്പെട്ടട്ടിട്ടുള്ള പഴയ തലമുറയില്‍ പെട്ട ഫലസ്തീനികള്‍ എല്ലാവരും തന്നെ വളരെ ആദരവോടെയാണ് ജോര്‍ജ് ഹബാഷിനെപറ്റി പറഞ്ഞിട്ടുള്ളത്. എന്നാല്‍ പിന്നീട് മേല്പറഞ്ഞ സെക്യുലര്‍ പ്രസ്ഥാനങളെ തളര്‍ത്തുന്നതിന്റെ ഭാഗമായി ഇസ്രായീല്‍ തന്നെ വളര്‍ത്തികൊണ്ട് വന്ന സുന്നി ഇസ്ലാമിക മതമൌലികവാദ പ്രസ്ഥാനങളുടെ കടന്നുവരവോടെയാവണം ഫലസ്തീനി ക്രിസ്ത്യാനികളുടെ മനസ്സിന് “ചാഞ്ചാട്ട” സ്വഭാവം വരുന്നത്. അതേപോലെ തന്നെ ഇസ്രായീല്‍ പൌരന്മാരായ, അതേ സമയം, ഫലസ്തീനി അറബ് വംശജരായ, ദുറുസികളുടെ (druze)നിലപാടുകള്‍ എന്താണ് എന്നും അറിഞ്ഞാല്‍ കൊള്ളാം.

ഇട്ടിമാളു അഗ്നിമിത്ര said...

ഡാലി.. നന്നായിരിക്കുന്നു

കുറുമാന്‍ said...

വളരെ നല്ല പോസ്റ്റ് ഡാലി.

Anonymous said...

Lucky Club Casino Site
Lucky Club Casino Online review and registration page. All you need to know about Lucky Club Casino to play on your mobile device. Register and luckyclub.live login  Rating: 4 · ‎Review by LuckyClub