Sunday, January 20, 2008

സെക്കന്റ് മദര്‍ഹുഡ്

2006,ജനുവരി
അമ്മയുടെ പൊന്നു മോള്‍ക്ക്,
കണ്ണടച്ചാല്‍ നിന്റെ മുഖമാണ് തെളിയുന്നത്. മിക്കാവാറും എല്ലാ ദിവസവും നിന്നെ സ്വപ്നം കണ്ട് ഞെട്ടി ഉണരും. ഇവിടെ നിന്റെ മുല്ല പൂത്തു. അതില്‍ നിന്നും രണ്ടെണ്ണം ഈ കത്തിന്റെ കൂടെ വയ്ക്കുന്നു. നിന്റെ മുറിയിലെ പല്ലികുട്ടന്‍ എപ്പോഴും എന്നോട് ചോദിക്കും നീ എവിടെയാണെന്ന്? നീ ഇനി എന്നാണ് വരുന്നത്? എന്നാണ് അമ്മയ്ക്കൊന്നു കാണാന്‍ പറ്റുക.നീ പോയ ശേഷം ഒന്നിനും ഒരു ഉഷാറില്ല. മിനിയ്ക്ക് ഡേറ്റ് പറഞ്ഞിരിക്കുന്നത് മാര്‍ച്ച് മാസം അവസാനമാണ്. നീ പ്രാര്‍ത്ഥിക്കണം.ഞാറാഴ്ച നിനക്ക് ഒഴിവല്ലേ ചാറ്റ് ചെയ്യാന്‍ വരുമോ?
ഉമ്മകളോടെ മോളുടെ അമ്മ.
******************

2006, ജൂണ്‍
അമ്മയുടെ പൊന്നുമോള്‍ക്ക്,
ഇന്നു നമ്മുടെ വീട്ടിലുണ്ടായ ആദ്യത്തെ ഉണ്ണിയുടെ മാമോദീസയായിരുന്നു. നീയില്ലായിരുന്ന സങ്കടം ഒഴിച്ചാല്‍ ബാക്കിയെല്ലാം സന്തോഷകരമായി തീര്‍ന്നു.അപ്പച്ചന്റെ പേര് ഉണ്ണിമോന്റെ പള്ളിയിലെ പേരായിട്ടു. ഇനി നിന്റെ മോള്‍ക്ക് വേണം എന്റെ പേരിടാന്‍. നീയെന്നാണു വരുന്നത്? നീ കണ്ണില്‍ കിടന്ന് മറിയുന്നു. ഉണ്ണിമോനുള്ളത് കൊണ്ട് നേരം പോണതറിയില്ല. ഈ ഞാറാഴ്ച മാമോദീസ കാരണം ചാറ്റില്‍ വരാന്‍ പറ്റിയില്ല. അടുത്ത ആഴ്ച നീ ചാറ്റില്‍ വരുമോ?
ഉമ്മകളോടെ മോളുടെ അമ്മ.
*******************

2007, ജനുവരി
അമ്മയുടെ പൊന്നുമോള്‍ക്ക്,
ഇവിടെ എല്ലാവര്‍ക്കും സുഖം. നിനക്കു സുഖമെന്നു കരുതുന്നു.ഉണ്ണിമോനുള്ളത് കൊണ്ട് ഒന്നിനും നേരം തികയുന്നില്ല. അവന്‍ അപ്പച്ചനോടും കൂട്ടൊക്കെയാണ്. പക്ഷേ എന്നെ കണ്ടാല്‍ പിന്നെ ഒക്കത്തു നിന്നും ഇറങ്ങില്ല. മിനി ഇടയ്ക്കൊക്കെ വഴക്കു പറയുന്നതുകൊണ്ടാണെന്ന് തോന്നുന്നു അവളേക്കാള്‍ അടുപ്പം എന്നോടാണ്. ഞാന്‍ കമ്പ്യൂട്ടറില്‍ ഇരുന്നാല്‍ ഉണ്ണിമോന് ഉടന്‍ മടിയില്‍ കയറി ഇരിക്കണം. അവനുള്ളപ്പോള്‍ സമാധാനമായി സംസാരിക്കാന്‍ കഴിയില്ല. അതുകൊണ്ട്.ഇനി കുറച്ച് നാളത്തേയ്ക്ക് ചാറ്റില്‍ വരാന്‍ പറ്റില്ല.
ഉമ്മകളോടെ മോളുടെ അമ്മ.
******************

2008, ജനുവരി
ഹലോ.. അമ്മേ ഇതെന്താണു കുറേ കാലായിട്ട് കത്തൊന്നുമില്ലല്ലോ. ഒന്നു ഫോണെങ്കിലും ചെയ്തൂടെ?
അയ്യോ. മോളെ ഞാന്‍ പറഞ്ഞിരുന്നില്ലേ. മിനി പ്രസവത്തിനു പോയെടീ. ഉണ്ണിമോന്‍ ഇവിടെണ്ട്. അവന്റെ കാര്യം ഒന്നും പറയണ്ടാ. ഒന്നിനും സമയം കിട്ടിലാ. അവന്റെ പുറകെ എപ്പോഴും നടക്കണം. വല്യേ വാശിയൊന്നുമില്ല. പക്ഷേ എപ്പോഴും ഒരാള് ശ്രദ്ധിക്കണം. ഭയങ്കര കുസൃതിയാണെടീ. അവന്റെ അപ്പനെ പോലെ തന്നെ.ഭക്ഷണം കഴിപ്പിക്കലാണു ഒരു വലിയ പണി. ഇപ്പോള്‍ പുറത്തേയ്ക്കിറങ്ങിയാല്‍ അപ്പോ അക്രീം അക്രീം എന്നും പറഞ്ഞ് ബഹളമാ.എല്ലാ വാക്കുകളുടേം ആദ്യത്തെ അക്ഷരം പറയും. പാലിനു പാ. ചിക്കുനു ചി. ബ്ലാക്കിനെ ചൊക്ലീന്നാ പറയാ. അണ്ണാന്‍ന്ന് നീട്ടി പറയും..ദേ അവനു ഫോണ്‍ വേണംന്ന് ഞാന്‍ അവന്റെ കയ്യില്‍ കൊടുക്കാട്ടാ.

15 comments:

Inji Pennu said...

ഇംഗ്ലീഷ് ടൈട്ടില്‍ എന്തിനാ?

Anonymous said...

ഒഴുകും തോറും പുഴ നിറയുന്നു :)

(വഴിയൊന്നും വരളാതെ തന്നെ)

reshma said...

ഈയമ്മയെ പോലെ സെക്കന്‍ഡ് മദര് ഹുഡ് ആഘോഷിച്ചോണ്ടിരുന്ന ഒരമ്മ കുഞ്ഞിന്റെ അച്ഛനോട് പറയുന്നത് കേട്ടു’ എന്റെ കുട്ടിയെ നിങ്ങള്‍ക്ക് തന്നില്ലേ? ഇനി നിങ്ങളുടെ കുട്ടിയെ എനിക്ക് വിട്ട് താ’.

ശ്രീ said...

കൊള്ളാം.
ഗുപ്തന്‍‌ജിയുടെ കമന്റും.
:)

ശ്രീലാല്‍ said...

:)

അതുല്യ said...

16 വയസ്സില്‍ അമ്മേനെ കെട്ടിച്ച്, അതിലുണ്ടായ ആണ്മക്കളുടെയും പെണ്മക്കളുടേയും ഒക്കെ പേരക്കുട്ടികളെ 45/50 വയസ്സില്‍ സെക്കന്റ് മദര്‍ ഹുഡ് ആര്‍മാദിയ്കാം ഡാലി. ഇപ്പോ, ഈക്കാലത്തില്‍ ഇത് വലിയ ഒരു ചോദ്യചിഹ്നമാണു. മിക്ക അമ്മമ്മാരും 60/65 ഇല്‍ ഒക്കെയാണ്‍ഉ മുത്ത്ശ്ശിയാവുന്നത്.അതോണ്ട്, വീട്ടീല്‍ ആരെങ്കിലും ജോലിക്കാരുണ്ടെങ്കില്‍ ചുമ്മ മേല്‍നോട്ടം വഹിയ്കാം എന്ന്നല്ലാണ്ടെ, സെക്കന്‍ഡ് മദര്‍ ആയി മാറാന്‍ പാട് തന്നെ ഡാലിയേ. (ആരോഗ്യമില്ലെങ്കില്‍, ആചാരമില്ല)

ഒരു “ദേശാഭിമാനി” said...

:)

കണ്ണൂരാന്‍ - KANNURAN said...

കഥ നല്ലത്, തലക്കെട്ട് ശരിയായില്ല.

Kumar Neelakandan © (Kumar NM) said...

ഇതാണ് അമ്മ. ഇതിനു ഫസ്റ്റും സെക്കന്റും ഒന്നുമില്ല. ഗുപ്തന്‍ പറഞ്ഞ വഴികളിലൂടെ പോകുമ്പോള്‍ ഒഴുകി പരക്കുന്ന പുഴ.

ഒഴുകി പോയതിനേയും ഒപ്പം ഒഴുകുന്നതിനേയും ഇനി ഒഴുമാനുള്ളതൈനേയും തന്റെ വിരിമാറിലും അടിവയറ്റിലും ഇട്ടൊഴുകുന്ന പുഴ.

പരിഭവം തുറന്നുപറയുന്ന മകളുടെ ഓരോ വാക്കിലും ഒളിഞ്ഞിരിക്കുന്നു അമ്മസ്നേഹം.

അമ്മ ഒരു അനുഗ്രഹമാണ്, അത് അനുഗ്രഹമായി തന്നെ മക്കള്‍ക്ക് കിട്ടുമ്പോള്‍.

കാലമാടന്‍ said...

ഒരു ബ്ലോഗ് തുടങ്ങി...
കാലമാടന്‍
(കമന്റ് ദുരുപയോഗം സദയം ക്ഷമിക്കുക; എല്ലാവര്‍ക്കും വേണ്ടത് പബ്ലിസിറ്റി ആണല്ലോ...)

അതുല്യ said...

കാലമാട, ദയവായി പരസ്യം ഇങ്ങനെ കോപ്പി പേസ്റ്റാക്കാല്ലെ ചെല്ല. നിങ്ങള്‍ എവിടെ കമന്റിട്ടാലും ജിമെയ്യിലില്‍ അത് അപ്പോ വരും പുതിയ മെയിലായിട്ട്. അതൊണ്ട് ഡോണ്ടോ ഡൂ ടാ ചെല്ല ഡോണ്ട് ഡൂ.
പുതിയ പോസ്റ്റ് എല്ലാരും അല്ലാണ്ടെ തന്ന്നെ, അഗ്രിഗേറ്ററില്‍ കണ്ടോളുമെന്നേ! ഡോണ്ട് വറി മാന്‍.

മൂര്‍ത്തി said...

അമ്മ പെറ്റ് മുത്തി വളര്‍ത്തണം എന്നല്ലേ?

പ്രിയംവദ-priyamvada said...

സ്നേഹമുള്ള അമ്മൂമ്മ വളര്‍ത്താന്‍ ഉണ്ണി ഭാഗ്യം ചെയ്തിരിക്കണം :(

ഉപാസന || Upasana said...

:)

സാരംഗി said...

ഇതില്‍ ദേഷ്യം വരുന്നൊരു സംഗതി എന്താന്നു വച്ചാല്‍ പണ്ട് വേണ്ടതിനും വേണ്ടാത്തതിനുമൊക്കെ നമുക്കിട്ടു പൊട്ടിച്ചുകൊണ്ടിരുന്ന മഹാനും മഹതിയും ചെറുമക്കള്‍ എന്തുചെയ്താലും (ഇങ്ങേ അറ്റം ചെടികള്‍ വേരോടെ പിഴുത് പൂവു മണക്കുക, ജനല്പ്പാളികളില്‍ പഠേന്ന് പന്തടിച്ചുപൊട്ടിക്കുക തുടങ്ങിയ കലാപരിപാടികള്‍) അതൊക്കെ എന്‍‌ജോയ് ചെയ്ത് പ്രോത്സാഹിപ്പിക്കുന്നത് കാണുമ്പോഴാണ്‌..