Tuesday, February 05, 2008

ഉത്തരവും ചോദ്യവും

"ആലീസല്ല, സിസ്റ്റര്‍ ആഗ്നസ്" എന്നത് എന്റെ ചോദ്യത്തിനുള്ള ഉത്തരമായിരുന്നു.
"ആലീസല്ലേ? രാത്രികളില്‍ മാത്രമല്ല പകലുകളിലും അപ്പനെ പേടിച്ച് തുടങ്ങിയെന്നും, മാര്‍ഗ്രറ്റിന്റെ കല്യാണത്തിനു സഹായിക്കാമെന്നുള്ള മഠത്തിന്റെ പ്രലോഭനം അതിജീവിക്കാന്‍ കഴിയുന്നില്ലെന്നതിന്നാല്‍ മഠത്തില്‍ ചേരാന്‍ തീരുമാനിച്ചെന്നും എഴുതി എനിക്കു കിട്ടിയ കത്തിന്റെ ഉടമ? നെറ്റ് എഴുതിയെടുത്താല്‍ മാത്രം മതി. സെന്റ്.ജോസഫിലെ ലെക്ചര്‍ പോസ്റ്റ് നല്‍കാമെന്ന് മദര്‍ വാക്കു പറഞ്ഞെന്ന് യു.ജി.സി പരീക്ഷയ്ക്ക് കണ്ടപ്പോള്‍ എന്നോട് പറഞ്ഞിരുന്നവള്‍? ബി.എസ്സിയ്ക്ക് കൂടെ പഠിച്ച സിന്ധുവിന്റെ കല്യാണത്തിനു കണ്ടപ്പോള്‍ വിപ്ലവകാരി യൂസഫിനെ എനിക്ക് പരിചയപ്പെടുത്തിയ എഴുത്തുകാരി? എസ്.എസ്.എല്‍.സി പുസ്തകം വാങ്ങാന്‍ വന്നപ്പോള്‍ ഈ ഓര്‍ഫനേജിനു പുറത്ത് കടക്കാന്‍ എനിക്ക് പേടിയാകുന്നെടോ എന്ന് പറഞ്ഞ് എന്നെ കെട്ടിപിടിച്ച് കരഞ്ഞവള്‍? എട്ടാം ക്ലാസ്സിലെ ക്ലാസ്സ് ലീഡറോട് ഓര്‍ഫണേജില്‍ നിന്ന് പഠിക്കുന്നവര്‍ക്കും അപ്പനും അമ്മയുമുണ്ടെന്ന് ഓര്‍ക്കണം എന്ന് പറഞ്ഞ് തള്ളിയിട്ടതിന്റെ പേരില്‍ അസംബ്ലിയ്ക്ക് വെയിലില്‍ നിര്‍ത്തപ്പെട്ടവള്‍? യു.പിയിലെ സ്കൂള്‍ കലോത്സവത്തില്‍ ഓട്ടത്തിലും ജാവലിന്‍ ത്രോയിലും ഒന്നാം സമ്മാനക്കാരി? ആറില്‍ പഠിക്കുമ്പോള്‍ നീട്ടി വളര്‍ത്തിയ നഖങ്ങള്‍ ചുമ്മരിലെ കുമ്മായത്താല്‍ തിളക്കപ്പെടുത്തുന്നതെങ്ങിനെയെന്നു പുരികം ഷേപ്പില്‍ ചീകി വയ്ക്കുന്നതെങ്ങനെയെന്നും കാണിച്ച് എന്നെ പ്രലോഭിപ്പിച്ചവള്‍? ഞാന്‍ ആദ്യമായി ആ സ്കൂളില്‍ ചേര്‍ന്ന വര്‍ഷം തൊട്ടടുത്ത പ്രേതബംഗ്ലാവിലെ അത്ഭുതലോകം കാട്ടിതന്ന അതേ ആലീസ്?! എന്നതായിരുന്നു ചോദ്യം.

കുറിപ്പ്:
ഇത് സിദ്ധന്റെ റിവേഴ്സ് ഗിയര്‍ കഥയ്ക്ക് വേണ്ടിയാണ്. അതിലുമുപരിയായി അതില്‍ പറഞ്ഞിരിക്കുന്ന ഴാക് ലകാന്‍ തിയറി പരമസത്യമാണെന്ന് തെളിയിക്കാനും കൂടിയാണ്. ഈ ബ്ലോഗില്‍ ഒരു കഥ വരുന്നത് കുമാറേട്ടന്റെ ഒരു പടത്തിനു വേണ്ടി നടത്തിയ കഥയെഴുത്ത് മത്സരത്തിനായിരുന്നു. ജീവിതത്തില്‍ ആദ്യമായി എഴുതിയ കഥയും അത് തന്നെ. ജന്തുസഹജമായ അബോധപ്രേരണയ്ക്കു മുന്‍പില്‍ നമോവാകം.
റിവേഴ്സ് ഗിയറിലെ കൂടുതല്‍ ഭാവനകള്‍
രേഷ്മ
രാജ്
സൂ
ഇഞ്ചി

10 comments:

ദിലീപ് വിശ്വനാഥ് said...

ചുമ്മാ അങ്ങനെ പറഞ്ഞുപോയ ഒരു കഥയാണെങ്കിലും എന്തോ എവിടെയോ ചുമ്മാ കൊണ്ടു.
നല്ല കഥ.

ഓ.ടോ. കുമാറിന്റെ ചിത്രത്തെ ആസ്പദമാക്കിയുള്ള കഥയും വായിച്ചു. അപാരം.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആരുടേയോ നേര്‍ക്കു വിരല്‍ ചൂണ്ടുന്ന കഥ!അതിലേറെ സത്യത്തിന് നേര്‍ക്കാഴ്ചയേക്കാള്‍ വ്യക്തതയുണ്ടെന്നു അറിയുന്നു...

simy nazareth said...

ishtappettu.

ശ്രീ said...

കൊള്ളാം.
:)

വേണു venu said...

നൊമ്പരപ്പെടുത്തുന്ന ഈ റിവേഴ്സ് ഗിയര്‍‍ ഇഷ്ടമായി.

രാജ് said...

ഡാലീന്റെ കഥയ്ക്ക് പൊടുന്നനെ പിടയുന്ന മീനിന്റെ ജീവന്‍ വച്ചു.

ശെഫി said...

റിവേഴ്സുകളൊക്കെ നൊംബരങളോ

Siji vyloppilly said...

:) പിടിച്ചിരുക്ക്‌

sree said...

profile ലും കാണുന്നു ഉത്തരത്തില്‍ നിന്ന് തിരിച്ച് പ്രയാണം. ആശയത്തിന് patent എടുത്തിട്ടില്ലല്ലൊ? എന്തെ..എന്തെ ആലീസ്സിന്റെ ഉത്തരങ്ങള്‍ക്കെല്ലാം ഒരേ ചോദ്യം? അസ്സല്‍ ഒഴുക്ക്, ഒരു മനുഷ്യായുസ്സ് ഒരു പാരഗ്രാഫില്‍..ഇഷ്ടപ്പെട്ടു!

ദൈവം said...

ചിലപ്പോള്‍ അങ്ങനെയാണ്; നൃത്തം വായ്ക്കേണ്ട കാലുകളില്‍ ചങ്ങല കിലുങ്ങുകയാകും, കൈത്തണ്ടയില്‍ വളപ്പൊട്ടുകളില്‍ നിന്നുണ്ടായ ചോര പൊടിയുന്നുണ്ടാകും...